
കോഴിക്കോട്: മണ്ണും മനുഷ്യനും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ തലങ്ങളിലൂടെ സഞ്ചരിച്ച മാനവികതയുടെ എഴുത്തുകാരി പി. വത്സലയുടെ പുസ്തകശേഖരം ഇനി വായനക്കാര്‍ക്ക് സ്വന്തം.
'എഴുത്തുകാര്‍ മരിക്കുംമുന്പ് പ്രിയസന്തതികളായ പുസ്തകങ്ങളെ ഏതെങ്കിലും അനാഥാലയങ്ങളാകും വായനശാലകളിലേക്ക് ദാനം ചെയ്തേക്കുക' -പി. വത്സലയുടെ അപ്രകാശിത കവിതയായ 'ഒസ്യത്ത്'-ലെ വരികളെ മുന്‍നിര്‍ത്തി എഴുത്തുകാരിയുടെ ഒസ്യത്ത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഭര്‍ത്താവ് എം. അപ്പുക്കുട്ടിയും മക്കളായ അരുണ്‍ മാറോളിയും ഡോ. എം.എ. മിനിയും.
പി. വത്സലയുടെ ശേഖരത്തിലുള്ള 3000-ത്തിലധികം പുസ്തകങ്ങളാണ് വായനശാലകളിലേക്ക് നല്‍കിയത്. പി. വത്സലയുടെ വലിയൊരു ആഗ്രഹമാണ് നിറവേറ്റിയതെന്നും എടുത്തുവെച്ചാല്‍ ഈ പുസ്തകങ്ങളെല്ലാം ചീത്തയായിപ്പോകുകയേയുള്ളൂവെന്നും കുട്ടികള്‍ വായിക്കട്ടെയെന്നും എം. അപ്പുക്കുട്ടി പറഞ്ഞു.
കക്കോടി ഗ്രാമീണ വായനശാല, കാളാണ്ടിത്താഴം ദര്‍ശനം വായനശാല, പാറോപ്പടി സി.സി. മെമ്മോറിയല്‍ വായനശാല എന്നിവിടങ്ങളിലേക്കാണ് പുസ്തകങ്ങള്‍ കൈമാറിയത്.
പാറോപ്പടി സി.സി. മെമ്മോറിയല്‍ വായനശാലാ സെക്രട്ടറി എം.ടി. ശിവരാജന്, കമ്മിറ്റിയംഗം കെ.സി. വിനീത് കുമാര്‍, കക്കോടി ഗ്രാമീണ വായനശാലാ സെക്രട്ടറി ഇ. വാസുദേവന്‍, എം. സുധാകരന്, കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരിക വേദി സെക്രട്ടറി ടി.കെ. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ജസീലുദ്ദീന്‍, കമ്മിറ്റിയംഗം പി. ദീപേഷ് കുമാര്‍, എന്നിവര്‍ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
Content Highlights: P. Valsala's family donated writer's books to three libraries
Published: 15 Dec 2024, 08:22 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented