കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വസതിയായ സിതാരയിലേക്ക് കയറുംമുമ്പ് പ്രതിഭാറായ് പടികള്‍ തൊട്ട് നെറുകില്‍ വെച്ചു. പതിറ്റാണ്ടുകളുടെ ഊഷ്മളബന്ധം പുതുക്കാന്‍, ഉത്സാഹത്തോടെ തന്നെ എതിരേല്‍ക്കാന്‍, എം.ടിയില്ലാത്ത വിഷമം ആ മുഖത്ത് തെളിഞ്ഞു. സ്വീകരണമുറിയിലെ എം.ടിയുടെ സ്ഥിരം ഇരിപ്പിടത്തില്‍ അദ്ദേഹത്തിനു പകരം പുസ്തകം. പ്രതിഭാറായ് ആ പുസ്തകം ഇരിക്കുന്ന കസേരയ്ക്ക് അഭിമുഖമായി ഇരുന്നു. എം.ടിയുടെ പത്‌നി കലാമണ്ഡലം സരസ്വതിയെ അരികില്‍ പിടിച്ചിരുത്തി. എം.ടി സൃഷ്ടിച്ച ശൂന്യതയില്‍ രണ്ടുപേരും അല്പനേരത്തേക്ക് മൗനത്തിലാണ്ടു. മുന്‍പിലുള്ള ടീപോയില്‍ ഇപ്പോഴും എം.ടിയെത്തേടി എത്തുന്ന ആനുകാലികങ്ങള്‍, അദ്ദേഹത്തിന്റെ തന്നെ വിവര്‍ത്തനകൃതികളുടെ പതിപ്പുകള്‍, മറ്റെഴുത്തുകാര്‍ ആശയോടെ അയക്കുന്ന സ്വന്തം കൃതികള്‍...പ്രതിഭാറായ് അതിലേക്കെല്ലാം മൗനമായി കണ്ണോടിച്ചുകൊണ്ട് പറഞ്ഞു: 'എന്റെ സഹോദരന്‍ എങ്ങും പോയിട്ടില്ല, ഇവിടെ നിങ്ങള്‍ക്കൊപ്പമുണ്ട്.' പിന്നീട് പ്രതിഭാറായി എം.ടി ഓര്‍മകള്‍ പറഞ്ഞുതുടങ്ങി: 'എം.ടിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്, പക്ഷേ സഹോദരിയാണ് എന്നുറക്കെ പറഞ്ഞത് എന്നെക്കൊണ്ടാണ്. ഒരിക്കല്‍ ഞാന്‍ തൃശൂര്‍ കമലാസുരയ്യ സ്മാരകത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ വന്നപ്പോള്‍ അദ്ദേഹം സംഘാടകരെ വിളിച്ചു, വരുന്നത് തന്റെ സഹോദരിയാണ്. അവര്‍ക്ക് ഒരു കുറവും വരുത്താന്‍ പാടില്ല, പ്രത്യേകം ശ്രദ്ധിക്കണം, കാര്യങ്ങള്‍ തന്നെ വിളിച്ചു പറയണം എന്ന് നിര്‍ദ്ദേശിച്ചു. എം.ടിയുടെ സഹോദരിക്ക് ഒരു കുറവും വരുത്താതിരിക്കാന്‍ അവര്‍ നിരന്തരം എന്നെ പരിപാലിച്ചുകൊണ്ടേയിരുന്നു. എം.ടി തങ്ങള്‍ക്ക് തന്ന നിര്‍ദ്ദേശത്തെക്കുറിച്ചും സംഘാടകര്‍ എന്നോട് പറഞ്ഞു.''

To advertise here,

കോഴിക്കോട് വന്നാല്‍ താന്‍ എം.ടിയെ സന്ദര്‍ശിക്കാതെ പോകാറില്ല എന്നു പ്രതിഭാറായ് പറഞ്ഞു. പ്രതിഭാറായ് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും എം.ടിയുടെ വളരെ അടുത്ത ആളാണ് അവരെന്ന് തന്നോട് പറയാറുണ്ടായിരുന്നുവെന്നും സരസ്വതി ടീച്ചര്‍ പറഞ്ഞു. 'തുഞ്ചന്‍ പറമ്പില്‍ പ്രതിഭാറായ് വന്നപ്പോള്‍ എം.ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നമ്മുടെ വീട്ടിലുള്ള ഒരാള്‍ തന്നെയാണ് അവര്‍. അദ്ദേഹം പറഞ്ഞതുപോലെ സ്വന്തം സഹോദരി തന്നെ. വീട്ടിലേക്ക് കയറുമ്പോള്‍ അവര്‍ പടികള്‍ തൊട്ടുതൊഴുതു. അദ്ദേഹത്തെ എത്രത്തോളം ആരാധിക്കുന്നു എന്ന് നമുക്ക് മനസ്സിലാവും.'- സരസ്വതി ടീച്ചര്‍ പറഞ്ഞു. 

വ്യക്തിപരമായി വളരെ നല്ല മനുഷ്യനായിരുന്നു എം.ടിയെന്നും വിശാലമായ വായനയും അറിവും ഉണ്ടായിരുന്നുവെന്നും പ്രതിഭാറായ് പറഞ്ഞു. 'അദ്ദേഹം ആരോടും ഈഗോ പുലര്‍ത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഇവിടെ വന്നപ്പോള്‍ മട്ടി അരികൊണ്ടുള്ള ചോറ് കഴിച്ചത് ഓര്‍ക്കുന്നു.'-പ്രതിഭാറായ് പറഞ്ഞു. അദ്ദേഹം തന്റെ ധര്‍മം നിര്‍വഹിച്ചശേഷമാണ് വിടപറഞ്ഞതെന്നും ബന്ധുക്കള്‍ സന്തോഷത്തോടെ ഇരിക്കണമെന്നും പ്രതിഭാറായ് എം.ടിയുടെ മകള്‍ അശ്വതിയോടു പറഞ്ഞു. എം.ടിയെ സന്ദര്‍ശിക്കുമ്പോളെല്ലാം ആദരസൂചകമായി ഷാള്‍ അണിയിക്കുന്ന പതിവുണ്ടായിരുന്നു പ്രതിഭാറായിക്ക്. സരസ്വതി ടീച്ചറെ ഷാള്‍ അണിയിച്ചാണ് തന്റെ സ്‌നേഹാദരങ്ങള്‍ അവര്‍ കൈമാറിയത്.