തിരൂര്‍: ഭാഷാപിതാവിന് ആദരമര്‍പ്പിച്ച് എഴുത്തുകാരും സാഹിത്യതത്പരരും കലാകാരന്‍മാരും തുഞ്ചന്‍പറമ്പില്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. മലയാളത്തിന്റെ അക്ഷരപുണ്യം എം.ടി. എന്ന വടവൃക്ഷത്തിന്റെ സാന്നിധ്യത്തില്‍ മൂന്നുദിവസത്തെ തുഞ്ചന്‍ ഉത്സവത്തിന് വ്യാഴാഴ്ച രാവിലെ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ തിരികൊളുത്തി.

To advertise here,

രാമായണത്തിന് തന്റേതായ ഭാഷ്യം നല്‍കുകയും മലയാളത്തിന് അടുക്കും ചിട്ടയും നല്‍കുകയുംചെയ്ത തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മേള ഉദ്ഘാടനംചെയ്യാന്‍ അവസരംകിട്ടിയത് മഹാ ബഹുമതിയാണെന്ന് പെരുമാള്‍ മുരുകന്‍ അഭിപ്രായപ്പെട്ടു. രാമായണത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ഭയമാണ്. അത് മറ്റു വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നു. അതിന് രാഷ്ട്രീയപ്പിറവിയായി രൂപമാറ്റം വരുന്നു. രാമായണം രാഷ്ട്രീയസൃഷ്ടിയല്ല, സാഹിത്യസൃഷ്ടിയാണ്. ഇതിഹാസങ്ങളെ രാഷ്ട്രീയക്കാര്‍ അവരുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അതുകഴിഞ്ഞാല്‍ വലിച്ചെറിയുന്നു.

ഏതു ഗ്രന്ഥവും രാഷ്ട്രീയമായി വായിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നിടത്താണ് പ്രശ്നം. തുളസീദാസിന്റെ രാമചരിതമാനസം ദളിതരെയും സ്ത്രീകളെയും താഴ്ത്തിക്കെട്ടുന്നതാണെന്നും ബ്രാഹ്‌മണരെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും ഒരു കൂട്ടര്‍ ആക്ഷേപിക്കുന്നു, മറ്റൊരു കൂട്ടര്‍ അതിനെ എതിര്‍ത്ത് രംഗത്തുവരുന്നു. 1940-ല്‍ കമ്പരാമായണത്തിനെതിരേ തമിഴ്നാട്ടില്‍ അണ്ണാദുരൈയും രാമസ്വാമിനായ്ക്കരും രംഗത്തെത്തി. അത് ദ്രാവിഡരെ ഇകഴ്ത്തിക്കാട്ടുന്നുവെന്നായിരുന്നു ആക്ഷേപം. തമിഴ് സാഹിത്യലോകം പക്ഷേ, അതംഗീകരിച്ചില്ല -മുരുകന്‍ പറഞ്ഞു.

ഏറെനാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഒത്തുചേരാന്‍ അവസരമുണ്ടായെതെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. മഹാമാരിയെക്കുറിച്ച് ലോകത്തിന്റെ പലഭാഗത്തുമുള്ള വിവരങ്ങള്‍ ദിവസവും കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഒരുതരം ഒളിച്ചോട്ടംപോലെ ജീവിതത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. പക്ഷേ, അതല്ല, നമുക്ക് നിലനില്‍ക്കാതെ നിവൃത്തിയില്ല, അതാണ് ആത്യന്തികമായ കടമ എന്ന നാം സ്വയം മനസ്സിലാക്കി. അതിന്റെ ഭാഗമാണീ ഒത്തുചേരല്‍. ഇത് കേവലം ഒത്തുചേരലല്ല, നമുക്ക് പലതും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള, ചില താക്കീതുകള്‍ നമുക്കുതന്നെ നല്‍കുന്ന അവസരമാണ്. കവിതയിലൂടെയായാലും കഥയിലൂടെയായാലും നമ്മള്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ് -എം.ടി. കൂട്ടിച്ചേര്‍ത്തു.

പുസ്തകോത്സവം കവി പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പുസ്തകങ്ങള്‍ക്കുവേണ്ടി ഒരു പുസ്തകതൃതീയദിനമോ അക്ഷരതൃതീയദിനമോ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഒളപ്പമണ്ണയുെട കാവ്യലോകം' എന്ന വിഷയത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തുഞ്ചന്‍ സ്മാരകപ്രഭാഷണം നിര്‍വഹിച്ചു. ഡോ. കെ. ശ്രീകുമാര്‍, കെ.എസ്. വെങ്കിടാചലം എന്നിവര്‍ സംസാരിച്ചു. സാഹിത്യക്വിസ്, കവി സമ്മേളനം തുടങ്ങിയവയും ഉണ്ടായി. കലോത്സവം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനംചെയ്തു.