നേഡിയൻ-അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയുമായ ഇന്ത്യൻ വംശജയായ പത്മ വിശ്വനാഥൻ ഈ വർഷത്തെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടി. ബ്രസീലിയൻ എഴുത്തുകാരി അന പൗല മായയുടെ 'ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബനീത്'(On earth as it is beneath) എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് പത്മയെ ഷോർട്‌ലിസ്റ്റിൽ എത്തിച്ചത്. എഴുത്തുകാരി നടാഷ ബ്രൗൺ നോവലിസ്റ്റും കോളമിസ്റ്റുമായ നീലാഞ്ജന എസ്. റോയിയും ഉൾപ്പെടുന്ന സമിതി ആറ് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത്.

To advertise here,

മുമ്പ് മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഈ പുരസ്‌കാരം, ഇംഗ്ലീഷ് ഇതര ഭാഷയിൽ എഴുതപ്പെട്ടതും പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിനാണ് നൽകി വരുന്നത്. 1930കളിലെ ജപ്പാൻ നിയന്ത്രിത തായ്വാൻ, നാസി കാലഘട്ടത്തിലെ ജർമ്മനി, 1979-ലെ ഇറാനിയൻ വിപ്ലവം തുടങ്ങിയ ലോക ചരിത്രസംഭവങ്ങളെ കുറിച്ചാണ് ചുരുക്കപ്പട്ടികയിലുള്ള നോവലുകളിൽ മൂന്നെണ്ണം സംസാരിക്കുന്നത്.

ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിലുള്ള പുസ്തകങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണ്. ആറ് എഴുത്തുകാരികളിൽ അഞ്ചുപേരും ആറ് വിവർത്തകരിലെ നാലുപേരും സ്ത്രീകളാണ്. ഷിഡ ബസ്യാർ എഴുതിയ 'ദി നൈറ്റ്‌സ് ആർ ക്വയറ്റ് ഇൻ ടെഹ്റാൻ' (ജർമ്മൻ ഭാഷയിൽ നിന്ന് റൂത്ത് മാർട്ടിൻ വിവർത്തനം ചെയ്തത്), റെനെ കരാബാഷ് എഴുതിയ 'ഷീ ഹൂ റിമൈൻസ്' (ബൾഗേറിയൻ ഭാഷയിൽ നിന്ന് ഇസിഡോറ ഏഞ്ചൽ വിവർത്തനം ചെയ്തത്), ഡാനിയൽ കെഹ്ൽമാൻ എഴുതിയ 'ദി ഡയറക്ടർ' (ജർമ്മൻ ഭാഷയിൽ നിന്ന് റോസ് ബെഞ്ചമിൻ വിവർത്തനം ചെയ്തത്), മേരി എൻഡിയായി എഴുതിയ 'ദി വിച്ച്' (ഫ്രഞ്ച് ഭാഷയിൽ നിന്ന് ജോർദാൻ സ്റ്റമ്പ് വിവർത്തനം ചെയ്തത്). യാങ് ഷുവാങ്-സി എഴുതിയ 'തായ്വാൻ ട്രാവൽബോഗ്' (മാൻഡാരിൻ ചൈനീസ് ഭാഷയിൽ നിന്ന് ലിൻ കിംഗ് വിവർത്തനം ചെയ്തത്) എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് പുസ്തകങ്ങൾ. 

50,000 പൗണ്ട് ആണ് സമ്മാനത്തുക. പുരസ്‌കാര ജേതാവായ എഴുത്തുകാരും വിവർത്തകരും തുക തുല്യമായി വീതിക്കും. ലണ്ടനിലെ ടേറ്റ് മോഡേണിൽ മെയ് 19-ന് നടക്കുന്ന ചടങ്ങിലാണ് ബുക്കർ പ്രൈസ് പ്രഖ്യാപിക്കുക.