ആറ്റം ബോംബ് വര്‍ഷിച്ചതിനുശേഷം ഓപ്പന്‍ ഹൈമർ വന്‍ സ്വത്വപ്രതിസന്ധിയനുഭവിച്ചിരുന്ന സമയത്ത് ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഹൈമറിന്റെ ജീവചരിത്രമായ 'അമേരിക്കന്‍ പ്രോമിത്യൂസ്: ദ ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് റോബര്‍ട് ഓപ്പന്‍ ഹൈമര്‍' എന്ന പുസ്തകത്തിന്റെ സഹരചയിതാവായ കയ് ബേഡ്. ഈ ഗ്രന്ഥത്തെ ആധാരമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ 'ഓപ്പന്‍ ഹെയ്മര്‍' എന്ന സിനിമ നിര്‍മിച്ചത്.
'ആറ്റംബോംബിന്റെ പിതാവായ ജൂലിയസ് റോബര്‍ട്ട് ഓപ്പന്‍ ഹൈമര്‍ 1954-ല്‍ തന്റെ ശാസ്തജീവിതത്തിലെ വളരെ നിര്‍ണായകമായ കണ്ടുപിടിത്തമായ ആറ്റം ബോംബ് കാരണം സഹപ്രവര്‍ത്തകരാലും അമേരിക്കന്‍ ശാസ്ത്രലോകത്താലും നിരന്തരം രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് നെഹ്‌റു ഹൈമറെ ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ ക്ഷണിച്ചതെന്ന് കയ് ബേഡ് ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ദേശീയതയില്‍ അനുരക്തനായിരുന്ന ഹൈമര്‍ പക്ഷേ രണ്ടാമതൊന്നാലോചിക്കാതെ തന്നെ നെഹ്‌റുവിന്റെ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു'- ഹിന്ദുസ്ഥാന്‍ ടൈംസിന് കയ് ബേഡ് അനുവദിച്ച അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍.
ഒമ്പത് വര്‍ഷക്കാലം അമേരിക്കയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായി കൊണ്ടാടപ്പെട്ട ഓപ്പന്‍ ഹൈമര്‍ പിന്നീട് തന്റെ സഹപ്രവര്‍ത്തകരുടെ സംഘം ചേര്‍ന്നുള്ള വിചാരണയ്ക്കും അപമാനത്തിനും ഇരയായതായും ജീവചരിത്രം പറയുന്നു. അദ്ദേഹത്തിന് അനുവദിക്കപ്പെട്ടിരുന്ന സുരക്ഷാസംവിധാനങ്ങള്‍ വരെ സഹശാസ്ത്രജ്ഞരുടെ നിരന്തര പ്രേരണയാല്‍ അധികാരികള്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.
ഫാസിസത്തിന്റെ ഉദയത്തെ ഹൈമര്‍ ഭയപ്പെട്ടിരുന്നു. ജൂതപാരമ്പര്യത്തില്‍ പിറക്കുകയും മതത്തെ പിന്തുടരാതെ ജീവിക്കുകയും ചെയ്ത പ്രകൃതമായിരുന്നു ഹൈമറിന്റെത്. ജര്‍മനിയില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുന്ന ജൂതന്മാരെ അദ്ദേഹം പണം നല്‍കി സഹായിക്കുന്നത് പതിവായിരുന്നു. ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞര്‍ ഹിറ്റ്ലറിന് ഒരു അണുബോംബ് നിര്‍മിച്ച് നല്‍കാന്‍ പോകുകയാണെന്നും ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറെ വിജയിക്കാന്‍ സഹായിക്കുമെന്നും അതിന്റെ പരിണിതഫലം ഭയാനകമായ ഒരു വിപത്തായിരിക്കുമെന്നും തന്‍മൂലം ലോകമെമ്പാടുമുള്ള ഫാസിസത്തിന്റെ വിജയമാകുമെന്നും ഹൈമര്‍ ഭയപ്പെട്ടു. ആറ്റംബോംബ് നിര്‍മാണം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു- കെയ് ബേഡ് അഭിമുഖത്തില്‍ പറയുന്നു.
1945 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ ഹൈമറിന്റെ മുഖത്തുണ്ടായത് പ്രതീക്ഷയുടെയും നിരാശയുടെ മിശ്രിതവികാരമായിരുന്നുവെന്ന് ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ബോംബ് വര്‍ഷിക്കപ്പെട്ടതിനുശേഷം മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ അടിയന്തരമീറ്റിങ് കൂടി മനുഷ്യരാശിയെ ഉന്മൂലനം ചെയ്യുന്ന അണുബോംബുകളുടെ ഭാവി ഉപയോഗത്തെക്കുറിച്ച് ഭയത്തോടെ ചര്‍ച്ചചെയ്തു. ജര്‍മനി തോല്‍ക്കുകയും ഹിറ്റ്‌ലര്‍ മരിക്കുകയും ചെയ്തിട്ടും ഇത്തരം ആയുധങ്ങള്‍ക്കുവേണ്ടി എന്തിനാണ് അഹോരാത്രം അധ്വാനിക്കുന്നതെന്ന് അവര്‍ ചോദ്യങ്ങളുയര്‍ത്തി. ജപ്പാന്‍കാര്‍ അടുത്തകാലത്തൊന്നും ഒരു ബോംബുനിര്‍മാണപദ്ധതിയുമായിട്ട് വരില്ലെന്നാണ് ശാസ്ത്രത്തലവന്മാരുടെ സംഘം നിഗമനത്തിലെത്തിച്ചേര്‍ന്നത്.

മഹാനായ ഡാനിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന നീല്‍സ് ബോര്‍ ഹൈമറോട് ചോദിച്ചു: ''പറയൂ, ഇതത്രയും വലുതാണോ? സകലയുദ്ധങ്ങളെയും അവസാനിപ്പിക്കാന്‍ കഴിയുന്നത്ര വലുതാണോ നിങ്ങള്‍ നിര്‍മിക്കുന്ന ഈ ഉപകരണം? ഈ യുദ്ധത്തിലെ ആയുധശക്തിയിലും വിനാശത്തിന്റെ വ്യാപ്തിയിലും നമ്മള്‍ ആശങ്ക പ്രകടിപ്പിച്ചില്ലെങ്കില്‍ രണ്ടോ മൂന്നോ യുദ്ധങ്ങള്‍ കൂടി എതിരാളികള്‍ നേരിടേണ്ടി വരും. എല്ലാവരും ആണവായുധങ്ങളാല്‍ സായുധരാവും.' 'യുദ്ധം പൂര്‍ണമായും അവസാനിച്ചിട്ടില്ല' എന്നായിരുന്നു ഹൈമര്‍ ശാസ്ത്രജ്ഞരെ ആ അവസരത്തില്‍ ഓര്‍മപ്പെടുത്തിയത് എന്ന് ബേഡ് എഴുതുന്നു.
ഹിരോഷിമയിലും നാഗസാക്കിയിലും ആയിരവും പതിനായിരവുമല്ല നിമിഷങ്ങള്‍ക്കകം ബോംബുതീയില്‍ എരിഞ്ഞുപോയത് എന്ന ഔദ്യോഗിക കണക്കുകള്‍ വന്നപ്പോള്‍ ഹൈമര്‍ അത്യന്തം വിഷമവൃത്തത്തിലകപ്പെടുകയും ഇരകളോട് അഗാധമായ സഹാനുഭൂതി അദ്ദേഹത്തിനുണ്ടാവുകയും ചെയ്തിരുന്നു. രണ്ട് ബോംബും വര്‍ഷിക്കപ്പെട്ടതിനുശേഷം വിഷാദത്തിന്റെ ഇരുട്ടറകളിലേക്ക് ഹൈമര്‍ കൂപ്പുകുത്തി. പക്ഷേ വിഷാദത്തില്‍ നിന്നും മോചിതനാവേണ്ടത് തന്റെ മാത്രം ബാധ്യതയാണെന്ന തിരിച്ചറിവില്‍ അദ്ദേഹം സാധാരണജീവിതത്തെ ആശ്രയിക്കാന്‍ പഠിക്കുകയായിരുന്നു എന്നും കയ് ബേഡ് എഴുതുന്നു.
1954 ഒക്ടോബറില്‍ ഓപ്പണ്‍ഹൈമര്‍ ആക്രമണകാരികള്‍ക്കുള്ള ആയുധങ്ങളാണെന്ന് പറഞ്ഞ് ഒരു പ്രസംഗം നടത്തിയതായി ബേര്‍ഡ് എഴുതുന്നു: ''അവ ഭീകരതയുടെ ആയുധങ്ങളാണ്, പ്രതിരോധ ആയുധങ്ങളല്ല. ഇതിനകം പരാജയപ്പെട്ട ഒരു ശത്രുവിന്റെ മേല്‍ അവ ഉപയോഗിച്ചു.''- ഹൈമര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഹിരോഷിമ സംഭവത്തിനുശേഷം ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഭരണകൂടം സൃഷ്ടിക്കണമെന്ന് നയരൂപീകരണക്കാരെ പ്രേരിപ്പിക്കാന്‍ ഹൈമര്‍ തന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചതായും ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
Content Highlights: Jawaharlal Nehru, Oppenheimer, Kaibird, Biography, American Prometheus
Published: 24 Jul 2023, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented