“മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണൻ നടന്നുവരുന്നതു കാണുമ്പോൾ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവൻ അജീർണമാണെന്ന് നിങ്ങൾ ധരിക്കരുത്. ഇതു മുഴുവൻ അറിവിന്റെയും ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്”-സുകുമാർ അഴീക്കോട് പറഞ്ഞു.

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും വിശദമാക്കുന്ന പുസ്തകമാണ് ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
വാഗ്മിയും ധിഷണാശാലിയുമായ സുകുമാർ അഴീക്കോട് ഒരിക്കൽ ഉണ്ണികൃഷ്ണനുമായി ഒരു ചടങ്ങിൽ വേദി പങ്കിട്ട് സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: 'മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണൻ നടന്നുവരുന്നതു കാണുമ്പോൾ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവൻ അജീർണമാണെന്ന് നിങ്ങൾ ധരിക്കരുത്. ഇതു മുഴുവൻ അറിവിന്റെയും ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡൽഹിയിൽ സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണൻ.'
ആയിടെ ഒരു ഇംഗ്ലീഷ് മാസികയിൽ ഉണ്ണികൃഷ്ണന്റെ ഡൽഹിയിലെ വായനമുറിയിലെ പുസ്തകങ്ങളെക്കുറിച്ച് ഒരു ലേഖനമുണ്ടായിരുന്നു. അതിനെ പരാമർശിച്ചാണ് സുകുമാർ അഴീക്കോട് അന്ന് പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. നിരവധി വിദേശയാത്രകൾ നടത്തിയിട്ടുള്ള ഉണ്ണികൃഷ്ണൻ തിരിച്ചുവരുമ്പോൾ കാർട്ടണുകളിലായി സാധനങ്ങൾ കൊണ്ടുവരും. ഒരിക്കൽ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഡൽഹിയിലെ വീട്ടിൽ കോഴിക്കോട്ടുനിന്നു പോയ ചില രാഷ്ട്രീയസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ വന്നിറങ്ങിയ വാഹനത്തിനു പിറകിലായി മറ്റൊരു വാഹനത്തിൽനിന്ന് പത്തോളം കാർട്ടൺ പെട്ടികൾ പുറത്തിറക്കി. യൂറോപ്യൻ യാത്രയിൽ അവിടുന്ന് വാങ്ങിച്ച വീട്ടുപകരണങ്ങളോ മറ്റു സാധനങ്ങളോ ആവും കൊണ്ടുവന്നതെന്നാണ് ഇവർ ധരിച്ചത്. പിന്നീട് പെട്ടി തുറന്നപ്പോഴാണ് അറിയുന്നത് ഇതിൽ നിറയെ പുസ്തകങ്ങളാണ്.
ഓരോ രാജ്യത്തു പോവുമ്പോഴും അവിടുത്തെ അറിയപ്പെടുന്ന പുസ്തകശാലകളിൽ ചെന്ന് ദീർഘനേരം സമയം ചെലവഴിക്കുന്നതിൽ ഉണ്ണികൃഷ്ണൻ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. പാർലമെന്റ് അംഗമായിരുന്ന കാലത്ത് വലിയ സൗകര്യമുള്ള വീടായിരുന്നതിനാൽ അവിടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. എം.പി. അല്ലാതായതിനുശേഷം വീടൊഴിയേണ്ടിവന്നപ്പോൾ ഉണ്ണികൃഷ്ണൻ ഏറ്റവുമധികം പ്രയാസപ്പെട്ടത്, നിധിപോലെ കൊണ്ടുനടന്ന ഈ പുസ്തകങ്ങളെ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ്. വാടകവീട്ടിലേക്ക് താമസം മാറ്റിയപ്പോൾ, വീട്ടിലെ പകുതിയിലേറെ പുസ്തകങ്ങൾ ഡൽഹിയിൽ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റേണ്ടിവന്നു. ഒടുവിൽ പത്തു വലിയ ലോറികളിലായി പുസ്തകങ്ങൾ മുഴുവൻ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. വിശാലമായ വീടാണെങ്കിലും പന്നിയങ്കരയിലെ പത്മാലയത്തിൽ ഇതു സൂക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. നേരത്തേ പലപ്പോഴായി കൊണ്ടുവെച്ച പുസ്തകങ്ങൾതന്നെ പത്മാലയത്തിൽ നിറഞ്ഞിട്ടുണ്ട്. പത്മാലയത്തിനു സമീപം പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുവേണ്ടി മാത്രമായി ഒരു വീട് വാടകയ്‌ക്കെടുത്തു. നാലു മുറികളുള്ള വലിയ വീട് മുഴുവൻ പുസ്തകങ്ങൾ.
പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുവേണ്ടി മാത്രമായി ഒരു വീട് വാടകയ്‌ക്കെടുത്ത ആൾ ഒരുപക്ഷേ ഉണ്ണികൃഷ്ണൻ മാത്രമായിരിക്കും. ഈ പുസ്തകപ്രഭുവിന്റെ പുസ്തകത്തോടുള്ള സ്‌നേഹം മുമ്പ് ഉണ്ണികൃഷ്ണന്റെ സഹചാരിയായിരുന്ന അന്തരിച്ച കൊടമന വേണു പറയാറുണ്ട്. കേരളത്തിൽനിന്നുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ 1977-ൽ ഒരിക്കൽ ഡൽഹിയിൽ പോയി. യൂത്ത് കോൺഗ്രസ്സിന്റെ ദേശീയപരിപാടിയിൽ പങ്കെടുക്കാനായിരുന്നു ഇവർ എത്തിയത്. ഇവരെ ഭക്ഷണത്തിനായി ഉണ്ണികൃഷ്ണൻ വീട്ടിലേക്കു ക്ഷണിച്ചു. സംസാരത്തിനിടെ ഒരു യുവനേതാവ് ഉണ്ണികൃഷ്ണന്റെ അലമാരയിൽനിന്ന് ആയിടെ ഇറങ്ങിയ ഇംഗ്ലീഷ് ബുക്ക് എടുത്ത് കുറച്ചുനേരം വായിച്ചു. ഇറങ്ങാറായപ്പോൾ ഈ പുസ്തകം താൻ എടുത്തോട്ടെ, വായിച്ചശേഷം മടക്കിത്തരാം എന്നു പറഞ്ഞു. ചിരിച്ചുകൊണ്ട് അകത്തു പോയ ഉണ്ണികൃഷ്ണൻ മടങ്ങിവന്ന് ഈ യുവനേതാവിന് ഒരു ചെറിയ കുറിപ്പ് നീട്ടി. ഈ പുസ്തകം ഡൽഹിയിൽ കിട്ടുന്ന ബുക്സ്റ്റാളിന്റെ പേരായിരുന്നു അതിൽ എഴുതിയിരുന്നത്. ഒപ്പം പുസ്തകത്തിന്റെ അന്നത്തെ വിലയായ 150 രൂപയും. ആര് എന്തു ചോദിച്ചാലും സാധിക്കുമെങ്കിൽ കൊടുക്കാറുള്ള ഉണ്ണികൃഷ്ണന് കൈവശമുള്ള പുസ്തകം മറ്റൊരാൾക്ക് കൈമാറുകയെന്നത് വലിയ പ്രയാസമായിരുന്നുവെന്ന് കൊടമന വേണു പറയുന്നു. വർഷങ്ങളോളം വലിയ വാടക നൽകിയാണ് പുസ്തകം സൂക്ഷിക്കാൻ വീട് നിലനിർത്തിയത്.
ഡൽഹിയിൽ കാൽനൂറ്റാണ്ടുകാലത്തോളം എം.പിയായും കുറച്ചുകാലം ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായും വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഉണ്ണികൃഷ്ണൻ വ്യത്യസ്തനായൊരു രാഷ്ട്രീയനേതാവാണെന്നതിന് മറ്റു സൂചനകളൊന്നും ആവശ്യമില്ല. പലരും അധികാരവും പദവിയും ഒഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങളും വലിയ ബാങ്ക് നിക്ഷേപവുമൊക്കെയായാണ് തിരിച്ചുപോവുക. ഉണ്ണികൃഷ്ണൻ ഡൽഹിയിൽനിന്ന് നാട്ടിലേക്കു മടങ്ങുമ്പോൾ കൊണ്ടുവന്നത് പുസ്തകങ്ങളുടെ ശേഖരം മാത്രം. അവിടെയും തീരുന്നില്ല ഉണ്ണികൃഷ്ണന്റെ സവിശേഷത. അധികാരവും പദവിയും ഉള്ളപ്പോൾ പലരും ഡൽഹിയിലും തിരുവനന്തപുരത്തും വലിയ ബംഗ്ലാവും സൗകര്യവും തരപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ അവസാനകാലത്ത് (2015-ൽ) മാത്രമാണ് ഡൽഹിയിൽ പരിമിതസൗകര്യമുള്ള ഫ്‌ളാറ്റ് സ്വന്തമായി വാങ്ങിയത്.
പന്നിയങ്കരയിലെ കുടുംബസ്വത്തിലെ തന്റെ അവകാശം വിറ്റ് ലഭിച്ച തുക ഉപയോഗിച്ചാണ് ഡൽഹിയിൽ ഫ്‌ളാറ്റ് വാങ്ങിച്ചത്. ഇങ്ങനെ പലരും അറിയാത്ത പല മുഖങ്ങളുള്ള വ്യക്തിത്വംകൂടി ഉണ്ണികൃഷ്ണന് അവകാശപ്പെടാം.
കോൺഗ്രസ് എ.ഐ.സി.സി. അംഗം എന്ന പദവി മാത്രം നൽകി അരുക്കാക്കിയപ്പോഴും, കോഴിക്കോട്ടും ഡൽഹിയിലുമായി താമസം തുടർന്ന ഉണ്ണികൃഷ്ണൻ പ്രധാന രാഷ്ട്രീയസംഭവങ്ങളിൽ നിലപാടുകൾ വ്യക്തമാക്കാൻ മടിച്ചില്ല. ശബരിമലയിൽ സ്ത്രീപ്രവേശനവിഷയം വിവാദമായപ്പോൾ, കോൺഗ്രസ് ആചാരസംരക്ഷണത്തിനു പിറകെ പോയതിനെ ഉണ്ണികൃഷ്ണൻ ശക്തമായി വിമർശിച്ചു. ഗുരുവായൂർ സത്യാഗ്രഹത്തിനും വൈക്കം സത്യാഗ്രഹത്തിനും നേതൃത്വം നൽകിയ പാരമ്പര്യമുള്ള കോൺഗ്രസ് ഇതുപോലൊരു സമീപനം എടുക്കുന്നത് ശരിയല്ലെന്ന് തുറന്നുപറഞ്ഞു.
കോൺഗ്രസ് അതിന്റെ മതേതരത്വപൈതൃകം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുവേണം അധികാരത്തിൽ തിരിച്ചുവരാനും പാർട്ടിയുടെ നഷ്ടപ്പെട്ട അടിത്തറ ശക്തിപ്പെടുത്താനും ശ്രമിക്കേണ്ടത്. മതേതരത്വത്തിൽ ഉറച്ചുനിന്നതുകൊണ്ട് ചിലപ്പോൾ അടുത്ത ചില തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോറ്റേക്കാം. എങ്കിലും രാജ്യത്തെ രക്ഷിക്കാനും നിലനിർത്താനും ഈ നിലപാടിൽ ഉറച്ചുനിന്ന് മുന്നോട്ടുപോവേണ്ടത് അനിവാര്യമാണ്. അധികാരത്തിൽ തിരിച്ചുവരാനുള്ള എല്ലാ കരുത്തും കോൺഗ്രസ്സിനുണ്ട്. പക്ഷേ, അതിനുള്ള കരുക്കൾ വേണ്ടസമയത്ത് വേണ്ടവിധം ഉപയോഗിച്ചില്ല എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ നിരീക്ഷണം.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞപ്പോൾ പകരം ഇനി ആര് എന്ന് ഉത്തരമില്ലാതെ കോൺഗ്രസ് നേതാക്കളെല്ലാം രാഹുൽ പദവി തിരിച്ചേറ്റെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്: 'രാഹുൽ ഒഴിഞ്ഞുപോയതുകൊണ്ട് കോൺഗ്രസ് ഒരിക്കലും അനാഥമാവില്ല. നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ള സമർത്ഥരായ നേതാക്കൾ കോൺഗ്രസ്സിലുണ്ട്. അവരെ കണ്ടെത്തുകയെന്നതാണ് നേതൃത്വത്തിന്റെ ചുമതല.'
രാഷ്ട്രീയത്തിൽ എടുത്ത നിലപാടുകളും പറഞ്ഞ അഭിപ്രായങ്ങളും മാറ്റേണ്ടിവന്നിട്ടില്ല എന്നതാണ് തിരിഞ്ഞുനോക്കുമ്പോൾ ആത്മസംതൃപ്തി നൽകുന്നതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന് കോൺഗ്രസ്സിലേക്കു വന്നതും പിന്നീട് ഇന്ദിരാഗാന്ധിയുമായി അകന്നപ്പോൾ അവർക്കെതിരേ രാഷ്ട്രീയനിലപാടെടുത്തതുമെല്ലാം അതാതുഘട്ടങ്ങളിലെ അനിവാര്യമായ നടപടികളായിരുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഏറെ വികാരാധീനനായാണ് ഉണ്ണികൃഷ്ണൻ സംസാരിച്ചിരുന്നത്. 'ഞാൻ എന്തിന് ഇന്ദിരയുമായി അകന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഈ ചോദ്യം പലപ്പോഴും ഞാനും എന്നോടു ചോദിച്ചിട്ടുണ്ട്. ഇന്ദിരയോടൊപ്പം നിൽക്കുകയും അവരുടെ നിലപാടുകളെല്ലാം ശരിയെന്നു പറയുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ എത്രയോ ഉന്നതസ്ഥാനങ്ങളിലേക്ക് അവർ എന്നെ പരിഗണിക്കുമായിരുന്നു. ഇന്ദിരയ്‌ക്കെതിരേ പരസ്യനിലപാടെടുക്കേണ്ടിവന്നപ്പോൾ ഈ സംശയം മനസ്സിനെ അലട്ടിയിരുന്നു. ശക്തമായി വിമർശിക്കുന്നതിലൂടെ പലതും നഷ്ടപ്പെടേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. എന്തിനുവേണ്ടിയാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് മനസ്സിൽ സ്വയം കണ്ടെത്തിയ ഉത്തരമാണ് എല്ലാ സംശയങ്ങളും ദൂരീകരിച്ചത്.
സ്വസ്ഥമായി ജീവിക്കാനായിരുന്നെങ്കിൽ എന്തെങ്കിലും നല്ലൊരു ജോലിയിൽ പ്രവേശിച്ച് സമാധാനമായി കഴിയാമായിരുന്നു. സാമ്പത്തികമായി വളർച്ചനേടാമെന്ന മോഹത്തിലുമല്ല രാഷ്ട്രീയം തിരഞ്ഞെടുത്തത്. സമൂഹത്തോടും കാലഘട്ടത്തോടും നിറവേറ്റാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയപ്രവർത്തകൻ മറന്നുകൂടാ. അങ്ങനെയാണ് അടിയന്തരാവസ്ഥയെത്തുടർന്നുള്ള സാഹചര്യങ്ങൾ കടുത്ത നിലപാടുകളിലേക്കു നീങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. എനിക്കു മുന്നിൽ അന്ന് മറ്റു വഴികളുണ്ടായിരുന്നില്ല. വേണമെങ്കിൽ ഇന്ദിരാഗാന്ധിക്കൊപ്പംനിന്ന് അവരെ തെറ്റുകളിൽനിന്ന് തിരുത്തിക്കാൻ ശ്രമിക്കാമായിരുന്നു. ആ മാർഗ്ഗം സ്വീകരിക്കാനല്ല എന്നെ അന്ന് മനസ്സാക്ഷി പ്രേരിപ്പിച്ചത്. അതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല.
എന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ള ഇന്ദിരാഗാന്ധി അതിന്റെ പേരിൽ ഒരിക്കൽപ്പോലും എന്നെ കുറ്റപ്പെടുത്തിയിട്ടുമില്ല. അവരുമായുള്ള വ്യക്തിബന്ധം അവസാനംവരെ കാത്തുസൂക്ഷിക്കാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. പിന്നീട് കോൺഗ്രസ്സിലേക്കു മടങ്ങിയപ്പോൾ പലരും ചോദിച്ചു, ഇതുവേണ്ടിയിരുന്നോ എന്ന്. ബി.ജെ.പി. രാജ്യത്ത് ആപത്കരമായി വളരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സിനു മാത്രമേ ഫലപ്രദമായി അവരെ തടയിടാൻ കഴിയൂ എന്നതാണ് എന്റെ നിലപാട്. അതു പിന്നീട് ശരിയാണെന്ന് തെളിയുകയും ചെയ്തു. ആര് എന്ത് ആക്ഷേപം ഉന്നയിച്ചാലും രാജ്യത്തിന്റെ മതേതരമനസ്സ് കോൺഗ്രസ്സിനൊപ്പമാണ്' എന്ന് ഉണ്ണികൃഷ്ണൻ തുറന്നുപറയുന്നു.
Content Highlights: An exclusive excerpt from the biography of veteran political leader K.P. Unnikrishnan., Highlights his extraordinary passion for books and his massive personal library.
Published: 03 Mar 2026, 11:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented