കോഴിക്കോട്: വിഖ്യാതസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സമഗ്രസംഭാവനകൾ ഉൾപ്പെടുത്തി കേന്ദ്ര സാഹിത്യ അക്കാദമി 'റീഡർ' പുറത്തിറക്കുന്നു. ഈ വർഷംതന്നെ ഗ്രന്ഥം പുറത്തിറക്കാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ. ശ്രീനിവാസറാവു 'മാതൃഭൂമി'യോടു പറഞ്ഞു.

To advertise here,

എം.ടി.യുടെ തിരഞ്ഞെടുത്ത 15 കഥകൾ, തിരഞ്ഞെടുത്ത നോവലുകളുടെ ഓരോ അധ്യായങ്ങൾ, ചലച്ചിത്ര തിരക്കഥ, സംഭാഷണങ്ങൾ, അഭിമുഖം എന്നിവയുൾപ്പെട്ടതാണ് റീഡർ. മലയാളത്തിലിറങ്ങിയ കഥകൾ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ഉപയോഗിച്ചിട്ടുള്ളത്.

എം.ടി.യുമായി എൻ.ഇ. സുധീർ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 600-ലധികം പേജുള്ളതാണ് റീഡർ.

2020-ൽ മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി റീഡർ തയ്യാറാക്കുന്നത്. ആദ്യമായാണ് ഒരു മലയാളസാഹിത്യകാരന് അക്കാദമി റീഡർ തയ്യാറാക്കുന്നത്.

ഈ റീഡറിലേക്കുള്ള ചില ഉള്ളടക്കങ്ങൾ പരിഭാഷപ്പെടുത്തിയതും ഗ്രന്ഥത്തിന്റെ ആമുഖം തയ്യാറാക്കിയതും ജയകുമാർതന്നെയാണ്. ആമുഖംകൂടി പൂർത്തിയാകുന്നതോടെ ഗ്രന്ഥം അച്ചടിക്ക് സജ്ജമാകുമെന്ന് ഡോ. കെ. ജയകുമാർ മാതൃഭൂമിയോടു പറഞ്ഞു.

നേരത്തേ പ്രസിദ്ധീകരിച്ച കൃതികളായതിനാൽ അവയുടെ പ്രസാധകരുടെ അനുമതി ലഭിക്കുന്നതിള്ള കാലതാമസമാണ് പുസ്തകമിറങ്ങാൻ വൈകുന്നതിന് ഇടയാക്കിയത്.