കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ഫെബ്രുവരി 21, 22  തീയതികളില്‍ അവാര്‍ഡ് സമര്‍പ്പണവും സാംസ്‌കാരികവിനിമയ കലോത്സവവും നടക്കും. 

To advertise here,

അക്കാദമിയുടെ പരമോന്നത പുരസ്‌കാരമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി വിളയില്‍ ഫസീലയ്ക്കുവേണ്ടി മകള്‍ ഫാഹിമ ഏറ്റുവാങ്ങും. ഇ.കെ.എം. പന്നൂര്‍(മാപ്പിളപ്പാട്ട് രചന), പുലാമന്തോള്‍ അബൂബക്കര്‍(മാപ്പിളപ്പാട്ട് ആലാപനം), ആദം നെടിയനാട്(ഒപ്പന), ബീരാന്‍ കോയ ഗുരുക്കള്‍(കോല്‍ക്കളി), കുഞ്ഞിസീതിക്കോയ തങ്ങള്‍(ഇതര മാപ്പിളകലകള്‍), തൃക്കുളം കൃഷ്ണന്‍കുട്ടി(സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്) എന്നിവരാണ് മറ്റു അവാര്‍ഡ് ജേതാക്കള്‍.

ബുധനാഴ്ച വൈകീട്ട് 5.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ എന്നിവര്‍ അവാര്‍ഡുകള്‍ കൈമാറും. ആദിവാസി ക്ഷേമസമിതി ജില്ലാ കലാസംഘത്തിന്റെ 'തുടി' കലാസന്ധ്യയും കലാപരിപാടികളും അവതരിപ്പിക്കും. ആദിവാസി ഗോത്ര കലാസന്ധ്യ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച വൈകീട്ട് 5.30-ന് നടക്കുന്ന 'ലക്ഷദ്വീപ് കലാസന്ധ്യ'യില്‍ കടമത്ത് ദ്വീപിലെ രാജീവ്ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് കലാസംഘം കോല്‍ക്കളി, പരിചകളി, ആട്ടം ഡാന്‍സ്, ഒപ്പനപ്പാട്ട്, ഡോലിപ്പാട്ട്, ഉലക്കമുട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. ലക്ഷദ്വീപ് കലാസന്ധ്യ ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് 'നെല്ലും' വ്യാഴാഴ്ച രണ്ടിന് 'അനാര്‍ക്കലി' സിനിമയും പ്രദര്‍ശിപ്പിക്കും.