തൃശ്ശൂര്‍: മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയവിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കഥയില്‍ ഷാഫി പൂവത്തിങ്കലും ('റഖീബിനും അത്തീതിനുമിടയിലെ നൊണകള്‍') കവിതയില്‍ ആതിരാ സദാനന്ദും ('ഘമേലവാല') ജേതാക്കള്‍. സി.വി. ഗൗരി ('കനാ കണ്ടേന്‍ തോഴി നാന്‍'), കെ. മേഘ്ന ('കണ്ടനാര്‍ കേളന്‍') എന്നിവര്‍ കഥയിലും അതുല്‍ പൂതാടി ('ഉപ്പിലമുത്തി'), എ.വി. ശ്രീവാസ് ('ഭാഷയില്ലാത്തൊരപ്പന്റെ പേച്ച്') എന്നിവര്‍ കവിതയിലും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിയാണ് ഷാഫി പൂവത്തിങ്കല്‍. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയാണ്.

To advertise here,

മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ ആതിരാ സദാനന്ദ് കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് വിഭാഗം ഗവേഷണവിദ്യാര്‍ഥിയാണ്. തിരുവനന്തപുരം വില്ലിയറ സ്വദേശി സി.വി. ഗൗരി കേരള ലോ അക്കാദമി നാലാംവര്‍ഷ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ കാരാല്‍ തെരു സ്വദേശി കെ. മേഘ്ന കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗം ഗവേഷണവിദ്യാര്‍ഥിയാണ്. കണ്ണൂര്‍ പാലയാട് സ്വദേശിയായ അതുല്‍ പൂതാടി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഗവേഷണവിദ്യാര്‍ഥിയാണ്. തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എ.വി. ശ്രീവാസ് ഇലന്തൂര്‍ സിടിഇയിലെ ബിഎഡ് വിദ്യാര്‍ഥിയാണ്.

കഥയില്‍ ആഷാമേനോന്‍, ഇ. സന്തോഷ്‌കുമാര്‍, കെ. രേഖ, കവിതയില്‍ കല്പറ്റ നാരായണന്‍, സാവിത്രി രാജീവന്‍, മോഹനകൃഷ്ണന്‍ കാലടി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സവിശേഷരീതിയിലായിരുന്നു വ്യാഴാഴ്ച സാഹിത്യ അക്കാദമിയില്‍ നടന്ന ഫലപ്രഖ്യാപനവും പുരസ്‌കാരസമര്‍പ്പണവും.

ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച 50 പേരുടെ സാന്നിധ്യത്തില്‍ മാതൃഭൂമി ഡയറക്ടര്‍ ഡിജിറ്റല്‍-ബിസിനസ് മയൂരാ ശ്രേയാംസ്‌കുമാര്‍ ജേതാക്കളെ പ്രഖ്യാപിച്ചു.

വിജയികള്‍ക്ക് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രണ്ടുവിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ അവാര്‍ഡും പ്രശസ്തിപത്രവും ശില്പവും സമ്മാനിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണം നടത്തി. കഥാകൃത്ത് കെ. രേഖ ആശംസയര്‍പ്പിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ്ചന്ദ്രന്‍, തൃശ്ശൂര്‍ റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു.