കല്പറ്റ: എഴുത്തിൽ യാതൊരു പൂർവപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ആളാണ് താനെന്ന് പത്മപ്രഭാ പുരസ്‌കാരം സ്വീകരിച്ച് ആർ. രാജശ്രീ പറഞ്ഞു. ആത്മവിശ്വാസം കുറവായ താൻ ആദ്യനോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഫെയ്‌സ്ബുക്കിലാണ് എഴുതിത്തുടങ്ങിയത്. മറ്റെല്ലാവരെയും പോലെ സ്ത്രീകൾക്കും പിന്തുണയുടെ ആവശ്യമുണ്ട്. അത് അവർ ജീവിക്കേണ്ട സമൂഹത്തിൽനിന്ന് കിട്ടേണ്ടതാണ്. അവർക്ക് കിട്ടാനുള്ള ധാർമികപിന്തുണ ആരാണ് കൊടുക്കുന്നതെന്നുപറയുന്ന വലിയൊരു ചോദ്യമുണ്ട്. എല്ലായ്പ്പോഴും ഇത് കുടുംബത്തിൽനിന്ന് ഉണ്ടാവണമെന്നൊന്നുമില്ല. തൊഴിലിടങ്ങളിൽനിന്ന് ഉണ്ടാവാം, സുഹൃത്തുക്കളിൽനിന്ന് ഉണ്ടാവാം. അവർ ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകം അവരെ പിന്തുണയ്ക്കും. അത്തരത്തിൽ അതൊരു സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമാകുക എന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഫെയ്‌സ്ബുക്കിൽ എഴുതിയത് എല്ലാവരും വായിച്ചിട്ടുണ്ടാവും. സ്വാഭാവികമായിട്ടും എല്ലാവരും ചിന്തിക്കുക ഇത് പുസ്തകമായാൽ വിറ്റുപോകുമോ എന്നാണ്.
പക്ഷേ, അതൊക്കെയും മറികടന്ന് 'മാതൃഭൂമി' പുസ്തകമാക്കാൻ എന്നെ സമീപിച്ചു. ഞാനൊരു നോവലിസ്റ്റാകാൻ പോവുകയാണ് എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കുന്നത് അതൊരു സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമായിരുന്നു എന്നാണ്. എന്നെ വിശ്വസിക്കുകയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകരായ 'മാതൃഭൂമി' ചെയ്തത്.
ദശരഥന്റെ തേരിൻചക്രം ഇളകിപ്പോയപ്പോൾ കൈകേയി വിരൽവെച്ച് ആ ചക്രം ശരിയാക്കി എന്ന് പറയുന്നതുപോലെ ഇളകിത്തെറിക്കുമായിരുന്ന എന്റെ ആത്മവിശ്വാസമെന്ന രഥചക്രങ്ങൾക്കിടയിലേക്കാണ് മാതൃഭൂമി അവരുടെ വിരൽവെക്കുന്നത്. അത് ഞാൻ ജീവിക്കുന്ന സമൂഹത്തിൽനിന്ന് എനിക്ക് കിട്ടിയ പിന്തുണയായിരുന്നു.
എങ്ങനെയാണ് സാഹിത്യം ഒരു സാധാരണ പ്രസ്താവനയിൽനിന്ന് വേറിട്ട് മറ്റൊന്നാകുന്നത് എന്നുപറയാൻ പലപ്പോഴും ആദരണീയനായ എം.പി. വീരേന്ദ്രകുമാർ പറഞ്ഞ അനുഭവം ഓർത്തെടുക്കാറുണ്ട്. ഇന്ത്യാ ഗേറ്റ് നിർമിച്ച ലൂട്യൻസുമായി ബന്ധപ്പെട്ടതാണത്. ലൂട്യൻസ് മകൾക്ക് അയച്ച കത്തിൽ കുതിരപ്പുറത്ത് സഞ്ചരിച്ചതിന്റെ അനുഭവം എഴുതുന്നുണ്ട്. കുതിരപ്പുറത്തു പോകവേ, ഒരാന അദ്ദേഹത്തിനു നേരേ വന്നു. അത് തുമ്പിക്കൈ നീട്ടി, പക്ഷേ, പിടികിട്ടിയില്ല. ആനയുടെ പിടിയിൽ കുതിരയുടെ വാല് മാത്രമേ കുടുങ്ങിയുള്ളൂ. വാല് പിഴുതുപോന്നു, താൻ രക്ഷപ്പെട്ടു എന്ന് അദ്ദേഹം കത്തിൽ എഴുതുന്നുണ്ട്. അവിടംകൊണ്ട് ശരിക്കും ഒരു അനുഭവവിവരണം അവസാനിപ്പിക്കാം. പക്ഷേ, ഒരു പടികൂടി കടന്നിട്ട് എം.പി. വീരേന്ദ്രകുമാർ എഴുതുന്ന ഒരു വാക്യമുണ്ട്, 'വാലുപോയ കുതിരയുടെ കഥ അറിയില്ല' എന്നാണ് ആ വാക്യം. അവിടെയാണ് പാറക്കല്ലിൽ നീർച്ചാൽപോലെ നാം സാഹിത്യത്തെ കണ്ടെത്തുക. മനുഷ്യൻ വെറും സഞ്ചാരിയല്ല, ജ്ഞാനിയായ സഞ്ചാരിയാകുന്നത് എങ്ങനെ, എങ്ങനെയാണ് സാഹിത്യത്തിന്റെ വിവിധ തലങ്ങളിലേക്കുള്ള സഞ്ചാരത്തിന് അദ്ദേഹം പ്രാപ്തനാകുന്നത് എന്ന തിരിച്ചറിവ് നൽകുന്ന ഒരൊറ്റവാക്യമാണത്. വാലുപോയ ആ കുതിരയുടെ കഥയുടെ പിന്നാലെ പോവുക എന്നുള്ളതാണ് ഒരാളെ എഴുത്തിന്റെ അധികാരിയാക്കുന്നത്. അത്തരത്തിൽ നിഷ്‌കാസിതരായവരെക്കുറിച്ച് ചിന്തിക്കുകയെന്നുള്ളതാണ് ഏതുകാലത്തും ഏതു സാമൂഹിക പരിഷ്‌കർത്താവും എഴുത്തുകാരനും ശ്രദ്ധിക്കേണ്ടത്. -രാജശ്രീ പറഞ്ഞു.
Published: 26 Sept 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented