
കോഴിക്കോട്: എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് എഴുതാനുള്ള ഇടം കൊടുക്കുന്നത് ജനാധിപത്യമാണെന്നും ഫാസിസം ഒരിക്കലും എഴുതാനുള്ള ഇടം നല്‍കുന്നില്ലെന്നും സാറാ ജോസഫ്. ജനാധിപത്യം തകര്‍ക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ മനസ്സിലാക്കേണ്ട പ്രധാനകാര്യമാണിത്. മാതൃഭൂമി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഫാസിസം എല്ലായ്‌പ്പോഴും ഭയപ്പെടുത്തുകയും വാതിലുകള്‍ അടച്ചുകളയുകയും എഴുതരുതെന്ന് വിലക്കുകയും എഴുതിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നുപറയുന്നത് ഭാവനയും സത്യവും കൂടിക്കലര്‍ന്ന ഒന്നാണ്. ഭാവന സ്വതന്ത്രമാകണം. ആ ഭാവനയുടെ വികാസത്തെ തടയുന്ന, ജനാധിപത്യം നല്‍കുന്ന ഇടത്തെ തടയുന്ന എന്തൊന്നിനെയും അനുവദിക്കാനാവില്ല. ഭാവന, സ്വപ്നം, പ്രതീക്ഷ ഇതിലൊന്നുംതന്നെ അതിരുകള്‍ വെക്കാന്‍പാടില്ല. ഭയന്നിട്ടോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാര്‍ഥലാഭത്തിനുവേണ്ടിയോ എഴുതുമ്പോള്‍ സംഭവിക്കുന്നത് എഴുത്തല്ലെന്നും സാറാ ജോസഫ് പറഞ്ഞു.
ജനാധിപത്യം വാഗ്ദാനംചെയ്യുന്ന ആ സ്ഥലത്തിരുന്നുകൊണ്ട് ഭയലേശമന്യേ എഴുതുകയെന്നുള്ളതായിരിക്കണം എഴുത്തുകാരുടെയും കര്‍ത്തവ്യം. കാരണം ഭയലേശമന്യേ ചരിത്രത്തില്‍നിന്ന് തിളങ്ങുന്ന ഒരു തലപ്പാവ് നമ്മുടെ മുന്നില്‍ വന്നുനില്‍ക്കുന്നത് സത്യത്തിന്റെയും ഭാവനയുടെയും ഒരു കരുത്തായിട്ടാണ്. സത്യത്തെ നെഞ്ചില്‍ കുത്തുന്ന ആയുധംപോലെ അനുഭവിച്ചാലുണ്ടാകുന്ന തിളക്കം ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആ തിളക്കമാണ് കവിതയുടെ തിളക്കം, അല്ലെങ്കില്‍ സൃഷ്ടിയുടെ തിളക്കം.
മാതൃഭൂമി തുടങ്ങിയത് ഒരു പത്രത്തിനുവേണ്ടിയായിരുന്നില്ല. 1923 മാര്‍ച്ച് 18-ന് മാതൃഭൂമി ജന്മംകൊള്ളുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. അധികാരത്തോട് ഏറ്റുമുട്ടിക്കൊണ്ട് സ്വാതന്ത്ര്യത്തിലേക്ക് എന്നുപറയുന്ന ചരിത്രപരമായ ഒരടിത്തറ മാതൃഭൂമിക്കുണ്ട്. ജനാധിപത്യത്തിനുവേണ്ടി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി, ഇന്ത്യന്‍ ജനതയുടെ വിമോചനത്തിനുവേണ്ടി ഒരു നൂറ്റാണ്ട് നിലകൊള്ളുകയും പൊരുതുകയും നിലപാടെടുക്കുകയും അധികാരികളോട് ഇടയുകയുംചെയ്ത പത്രമാണ് മാതൃഭൂമി.
ഈ സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യം വീണ്ടും വലിയ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റുവുമടക്കമുള്ളവര്‍ ചരിത്രത്തിന്റെ ഏതുമൂലയിലേക്കാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നത് എന്ന ഭയം ഓരോ ഇന്ത്യന്‍ പൗരന്റെ നെഞ്ചിലും അലയടിക്കുന്നു. മാതൃഭൂമിയുടെ മുന്‍ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എഴുതിയപോലെ 200 കൊല്ലം ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാര്‍ ഒരു ഇസ്‌ലാമികരാഷ്ട്രം സ്ഥാപിച്ചില്ല. ബ്രിട്ടീഷുകാര്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രം സ്ഥാപിച്ചില്ല. സ്വാതന്ത്ര്യത്തിനുശേഷം മാത്രമുണ്ടായ ഒരു സംഘടന ഹിന്ദുരാഷ്ട്രം വേണമെന്ന് വാദിക്കുന്നു.
എം.പി. വീരേന്ദ്രകുമാറിനെ ഓര്‍ക്കാതെ ഈ സന്ദര്‍ഭത്തില്‍ എനിക്ക് സംസാരിക്കാനാവില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വീരേന്ദ്രകുമാറിന്റെ ലേഖനങ്ങള്‍ വന്നതോര്‍ക്കുന്നു. അന്നൊക്കെ നമ്മള്‍ ഇതിനെതിരേ സംസാരിക്കുമ്പോള്‍ ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം ലേഖനങ്ങള്‍ അദ്ദേഹം എഴുതിയവയായിരുന്നു.
നിറ്റ ജലാറ്റിന്‍ കമ്പനി ജലചൂഷണം മാത്രമല്ല വലിയ മലിനീകരണവും നടത്തിയിരുന്നു. ശുദ്ധജലം പ്രവഹിച്ചുകൊണ്ടിരുന്ന ഒരു പ്രദേശത്തെ മുഴുവന്‍ മലിനീകരിച്ചതിനെതിരേ അവസാന സന്ധിസംഭാഷണത്തിന് വീരേന്ദ്രകുമാറിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യമുണ്ട്. ഈ വെള്ളം നിങ്ങള്‍ കുടിക്കുമോ. അവര്‍ക്ക് ഉത്തരമുണ്ടായില്ല.
മാതൃഭൂമി എന്ന ഈ മഹാസ്ഥാപനം എന്റെ എഴുത്തുജീവിതത്തെയും പൊതുജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് വളരെ കൃതജ്ഞതയോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
എന്റെ മലയാളത്തിന്റെ കറകളെല്ലാം നീക്കിക്കളഞ്ഞത്, അല്ലെങ്കില്‍ മനോഹരമായ മലയാളം, തെറ്റില്ലാത്ത മലയാളം പ്രയോഗിക്കാന്‍ എന്നെ പ്രാപ്തയാക്കിയത് മാതൃഭൂമിയുടെ വായനതന്നെയാണ്. എനിക്ക് വളരെയധികം സ്‌നേഹത്തോടുകൂടി പറയാനാകും, മലയാളിയെ ശരിയായ മലയാളം, തെറ്റുകൂടാതെ വായിക്കാനും എഴുതാനും പഠിപ്പിക്കാന്‍ പാഠ്യപദ്ധതിക്കുപുറത്ത് ഏറ്റവുംകൂടുതല്‍ സഹായിച്ചത് മാതൃഭൂമിയാണ് -സാറാ ജോസഫ് പറഞ്ഞു..
ഇന്ത്യയുടെ ശക്തി ഭാഷാവൈവിധ്യം-പ്രതിഭാറായ്
കോഴിക്കോട്: ഭാഷാവൈവിധ്യം ഇന്ത്യയുടെ ദൗര്‍ബല്യമല്ല, ശക്തിയാണെന്ന് ജ്ഞാനപീഠ ജേത്രി പ്രതിഭാറായ് പറഞ്ഞു. മാതൃഭൂമി സാഹിത്യപുരസ്‌കാരം സാറാ ജോസഫിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഭാഷകള്‍ തീര്‍ക്കുന്ന മതിലുകള്‍ക്കപ്പുറമാണ് ഇന്ത്യയെന്ന വൈകാരികസത്യം. സാഹിത്യത്തിലൂടെയാണ് ഈ ഐക്യബോധം ശക്തമാകുന്നത്. ഭാഷകളുടെ വേര്‍തിരിവുകള്‍ക്കപ്പുറം ഈ സത്യം ബോധ്യപ്പെടാന്‍ വിവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഓരോ ദേശത്തെയും കുറിച്ചുള്ള മികച്ച ധാരണയ്ക്കും കൈമാറ്റങ്ങള്‍ക്കും വിവര്‍ത്തനമാണ് മികച്ച വേദി. എന്റെ കൃതികള്‍ക്ക് മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്യപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.
മനുഷ്യത്വത്തിന്റെ ആഴമേറിയ ബോധ്യങ്ങള്‍ സാറാ ജോസഫിന്റെ എല്ലാ രചനകളിലും പ്രകടമാണ്. അവ തീകൊണ്ട് കാച്ചിയെടുത്ത്, മാനുഷികതയെക്കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങളുടെ വെളിച്ചത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. തികച്ചും ഉപരിപ്ലവമായിമാത്രം പരാമര്‍ശിക്കപ്പെട്ടിരുന്ന ജീവിതങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ഈ എഴുത്തുകാരി നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ടു.
കേരളത്തിലെത്തുമ്പോള്‍ വീട്ടിലേക്ക് വന്നുകയറുന്ന അനുഭവമാണ് എപ്പോഴും. ഇവിടെ നില്‍ക്കുമ്പോള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും വാഗ്മിയുമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുന്നു. അതോടൊപ്പം എം.ടി. വാസുദേവന്‍ നായരെയും ഓര്‍ക്കുകയാണ്. ഈ രണ്ട് മഹാന്മാരുടെയും അനുഗ്രഹാശ്ശിസുകള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചിരുന്നു.
1998-ല്‍ എം.ടി.യുടെ പത്രാധിപത്യത്തില്‍ എന്റെ നോവല്‍ 'ദ്രൗപദി' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനംചെയ്ത് ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. 'മോതിരം' എന്ന കഥയുടെ വിവര്‍ത്തനവും അച്ചടിച്ചുവന്നു. മാതൃഭൂമിയില്‍ സൃഷ്ടികള്‍ അച്ചടിച്ചുവരികയെന്നത് ഏതൊരു ഇന്ത്യന്‍ എഴുത്തുകാരുടെയും സ്വപ്നമാണ് -പ്രതിഭാറായ് പറഞ്ഞു.
Content Highlights: Mathrubhumi literary award ceremony
Published: 09 Jun 2025, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented