കോഴിക്കോട്: ആർദ്രവും ശക്തവുമായ പെൺബോധ്യങ്ങൾകൊണ്ട് പരമ്പരാഗത ധാരണകളെ പൊളിച്ചുപണിത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സാറാ ജോസഫിന് നിറഞ്ഞ സഹൃദയസാന്നിധ്യത്തിൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു. പെൺസത്യങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജ്ഞാനപീഠമേറിയ ഒഡിയ എഴുത്തുകാരി പ്രതിഭാ റായിയാണ് പുരസ്‌കാരസമർപ്പണം നിർവഹിച്ചത്. മൂന്നുലക്ഷംരൂപയും പ്രശസ്തിപത്രവും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

To advertise here,

അടിച്ചമർത്തപ്പെട്ടവരുടെയും നിശ്ശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമാണ് സാറാ ജോസഫെന്ന് പ്രതിഭാറായ് അഭിപ്രായപ്പെട്ടു. സത്യം പറയാൻ ധൈര്യം കാണിച്ച അവരുടെ എഴുത്ത് ഫെമിനിസ്റ്റ് ധാരയ്ക്കുമാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിനാകെ വലിയ സംഭാവനയാണ് നൽകിയതെന്നും പ്രതിഭാ റായ് പറഞ്ഞു.

മാതൃഭൂമിയാണ് തന്നിലെ വായനക്കാരിയെയും എഴുത്തുകാരിയെയും രൂപപ്പെടുത്തിയതെന്ന് സാറാ ജോസഫ് പറഞ്ഞു. ''എന്റെ എഴുത്തിലൂടെ വെളിപ്പെട്ടതൊന്നും ഞാനല്ല എഴുതിയത്. കേരളജനതയുടെ ജീവിതാനുഭവങ്ങൾ എന്നെക്കൊണ്ട് എഴുതിച്ചതാണ്. എന്നാൽ, എഴുത്തുകാരിയെന്ന നിലയിൽ ഞാൻ തൃപ്തയല്ല. വരാനിരിക്കുന്ന എഴുത്തിലാണ് എന്റെ പ്രതീക്ഷ.'' -സാറാ ജോസഫ് പറഞ്ഞു.

ഭരണവർഗത്തിന് ഹിതകരമല്ലാത്ത സത്യങ്ങൾ തുറന്നുപറയാൻ പലരും തയ്യാറാകാത്ത കാലത്ത്, നിലപാടുകൾ സധൈര്യം ഒരു മറയുമില്ലാതെ പറയുന്നുവെന്നതാണ് സാറാ ജോസഫിനോടുള്ള ബഹുമാനമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.

സമൂഹത്തിൽ പിന്നാക്കംനിൽക്കുന്നവരുടെ ശബ്ദം കേൾപ്പിച്ച വലിയ എഴുത്തുകാരിയാണ് സാറാ ജോസഫെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വാഗതപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരായ ഇ. സന്തോഷ് കുമാർ, ആർ. രാജശ്രീ എന്നിവർ ആശംസയർപ്പിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രൻ നന്ദി പറഞ്ഞു.

സാമാന്യബോധങ്ങൾക്കെതിരായ കലാപം -ആർ. രാജശ്രീ

പരമ്പരാഗതബോധ്യങ്ങൾ അട്ടിമറിച്ചും സാമാന്യബോധങ്ങൾക്കെതിരായ കലാപങ്ങൾ സൃഷ്ടിച്ചുമാണ് സാറാ ജോസഫിന്റെ എഴുത്ത് വിവിധ ഘട്ടങ്ങൾ പിന്നിട്ടതെന്ന് എഴുത്തുകാരി ആർ. രാജശ്രീ നിരീക്ഷിച്ചു. തന്റെ പ്രതീക്ഷകൾക്കും ധാരണകൾക്കുമനുസരിച്ചല്ല പോകുന്നതെന്നു കാണുമ്പോൾ താനുണ്ടാക്കിയ ലോകത്തെ പിൻവലിക്കുന്നത്, തിരിച്ച് ആവാഹിക്കുന്നത് പരമ്പരാഗത ധാരണകൾക്കകത്തെ അമ്മത്തത്തെ പൊളിച്ചെഴുതലാണെന്നും അവർ പറഞ്ഞു.

എഴുതാനിരിക്കുന്നവർക്കുകൂടി ആദരം -സുഭാഷ് ചന്ദ്രൻ

മലയാളിയെ എഴുത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ച സാഹിത്യകാരിയാണ് സാറാ ജോസഫെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അവരെ ആദരിക്കുന്നതിലൂടെ ഭാവിയിലെഴുതാനിരിക്കുന്നവരെക്കൂടിയാണ് ബഹുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളിപുരുഷനെ മാറ്റിയ എഴുത്തുകാരി -ഇ. സന്തോഷ് കുമാർ 

കാൽനൂറ്റാണ്ടുകൊണ്ട് മലയാളി പുരുഷനെ വളരെയധികം മാറ്റിയതിൽ വലിയ പങ്കുവഹിച്ച എഴുത്തുകാരിയാണ് സാറാ ജോസഫെന്ന് എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. 

25 കൊല്ലം മുൻപ് ജീവിച്ച രീതികളെയും ബോധ്യങ്ങളെയുംകുറിച്ച് ആലോചിച്ചാൽ ഇന്ന് ലജ്ജതോന്നുന്ന രീതിയിലേക്ക് മലയാളിപുരുഷനെ അവർ മാറ്റി. -സന്തോഷ് കുമാർ പറഞ്ഞു.