ഫാന്റസിയുടെ മഷിയുപയോഗിച്ചെഴുതിയാൽ കൂടുതൽ തെളിയുന്നതാണ് യാഥാർഥ്യം എന്ന് സേതുവിനറിയാമായിരുന്നു. തന്റെ തൊട്ടുമുൻതലമുറയിലെ എഴുത്തുകാരുടെ ‘റിയലിസം’ മടുപ്പിക്കുന്നതും പരിമിതികളുള്ളതുമാണെന്ന തിരിച്ചറിവിൽനിന്നാകണം ആധുനികതയുടെയും അസ്തിത്വവാദദാർശനികതയുടെയും കാലയളവിൽ സേതു എന്ന എഴുത്തുകാരൻമാത്രം ഈയൊരു വഴി തിരഞ്ഞെടുത്തത്.

To advertise here,

അങ്ങനെ ഫാന്റസി മുഖ്യോപാധിയാകുന്ന സേതുവിന്റെ കഥകളും ‘പാണ്ഡവപുരം’പോലൊരു നോവലും എഴുതപ്പെട്ടു. ‘പാണ്ഡവപുര’ത്തിലെന്നപോലെ സ്ത്രീയുടെ ആന്തരികലോകവും അവളുടെ കാമനാസംഘർഷങ്ങളുമായിരുന്നു ഈ എഴുത്തുകാരന്റെ പ്രധാന പരിഗണനാവിഷയങ്ങളിൽ ഒന്ന്. ‘പാണ്ഡവപുര’ത്തിലെ ദേവിയിലൂടെയും അവളുടെ ഭ്രമഭാവനകളിൽ ഉയിർക്കൊള്ളുന്ന ജാരൻ എന്ന അമേയരൂപിയായ കഥാപാത്രത്തിലൂടെയും അതിന് തികവുറ്റ നോവൽസ്വരൂപം കൈവന്നു. ദാമ്പത്യമെന്ന ഇടുക്കത്തോടും പാതിവ്രത്യമെന്ന യാന്ത്രികതയോടുമുള്ള ഒരുവളുടെ അബോധാഭിലാഷങ്ങളുടെ കലാപമായിരുന്നു അത്. പാണ്ഡവപുരം എന്ന, തികച്ചും ഭാവനാസൃഷ്ടമായ, ആഖ്യാനഭൂമികയായിരുന്നു ഈ നോവലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഒ.വി. വിജയനും എം. മുകുന്ദനുമെല്ലാം തങ്ങളുടെ പ്രകൃഷ്ടകൃതികളിൽ ഒരു പരിചിതദേശത്തെ അപരിചിതവത്കരിച്ചപ്പോൾ ഒരാന്തരികസ്ഥലരാശി എന്നു പറയാവുന്ന ഒന്നിനെ ഭാവനായാഥാർഥ്യമാക്കിത്തീർക്കുകയായിരുന്നു സേതു.

‘പാണ്ഡവപുരം’ എന്ന ആ പേരിൽത്തന്നെ ബഹുഭർത്തൃകയായ പാഞ്ചാലിയെക്കുറിച്ചുള്ള മിത്തിന്റെ പരാഗസന്നിവേശമുണ്ടായിരുന്നു. ‘ദേവി’ എന്ന പേരുമതേ, ഒരേസമയം സാമാന്യയും അസാമാന്യയുമായ ഒരുവളുടെ പേരായിത്തീരാനുള്ള അധികശേഷിയുണ്ട് അതിന്.

പിന്നെയും സേതു എഴുതിക്കൊണ്ടേയിരുന്നു. കൈമുദ്രകൾ, നിയോഗം, മറുപിറവി, ആലിയ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ നോവലുകളും ‘ദൂത്’ പോലെ ചർച്ചചെയ്യപ്പെട്ട ചെറുകഥകളും അങ്ങനെയുണ്ടായി. എഴുത്തുകാരന്റെ നാടായ ചേന്ദമംഗലത്തിന്റെ ചരിത്രഭൂതകാലത്തിൽനിന്ന് ഖനനംചെയ്തെടുത്ത നോവലുകളായിരുന്നു ‘മറുപിറവി’യും ‘ആലിയ’യും. കേരളത്തിലെ കറുത്ത ജൂതരുടെ ജീവിതങ്ങൾക്കും സ്വത്വസംഘർഷങ്ങൾക്കും അങ്ങനെ മലയാളനോവലിൽ ഒരിടം കൈവന്നു. ഘടനാപരമായി ഏറെ സവിശേഷതകളുള്ള രചനയായിരുന്നു സേതുവിന്റെ, ഏറെ പ്രകീർത്തിക്കപ്പെട്ട, ‘ദൂത്’; രണ്ടു കഥാപാത്രങ്ങൾമാത്രമുള്ള, സംഭാഷണരൂപത്തിൽ എഴുതപ്പെട്ട അനന്യസാധാരണമായ ചെറുകഥ.

സ്വന്തം ദേശത്തെ പശ്ചാത്തലമാക്കിക്കൊണ്ടെഴുതിയ ‘നനഞ്ഞ മണ്ണ്’ ആയിരുന്നു സേതുവിന്റെ ആദ്യനോവൽ. തുടർന്ന്, നോവലുകളും ചെറുകഥകളുമായി നാല്പതോളം കൃതികൾ. ബാങ്കിങ് പോലെ സാഹിത്യബാഹ്യമായ ഒരു മേഖലയിൽ ഔദ്യോഗികജീവിതം നയിച്ചതിന്റെ അനുഭവമുദ്രകൾ ഉൾക്കൊള്ളുന്ന ‘അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ’ എന്ന ആത്മകഥ. മലയാളത്തിലെ ഒരപൂർവജനുസ്സായ, രണ്ടു നോവലിസ്റ്റുകളുടെ കൂട്ടുപങ്കാളിത്തമുള്ള ഒരു നോവലിലും സേതുവിന്റെ സാന്നിധ്യമുണ്ടായിരുന്നു, പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി ചേർന്നെഴുതിയ ‘നവഗ്രഹങ്ങളുടെ തടവറ’ ആയിരുന്നു ആ നോവൽ.

‘പേടിസ്വപ്നങ്ങൾ’ എന്നായിരുന്നു സേതുവിന്റെ ഒരു ചെറുകഥയുടെ, ചെറുകഥാസമാഹാരത്തിന്റെയും, പേര്. യാഥാർഥ്യത്തിന്റെ ഖരത്വത്തിൽ സ്വപ്നസന്നിവേശംചെയ്ത് ഫാന്റസിയുടെ ദ്രവപ്രായമായ കല്പനാലോകങ്ങൾ സൃഷ്ടിച്ച എഴുത്തുകാരന്റെ ആത്മമുദ്ര പതിഞ്ഞ ഒരു ശീർഷകമായിരുന്നു അത്. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിനുപോലും കവരാനാകാത്ത ഒരു കൃതിസഞ്ചയം നമ്മോടൊപ്പമുണ്ട്. അതിന്റെ സ്രഷ്ടാവിന് ശതാഭിഷേകമംഗളങ്ങൾ.