പി.ജി.യുടെ തിരുവനന്തപുരത്തെ പെരുന്താന്നി മുളക്കൽ വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന ലൈബ്രറിയിൽ മകൾ ആർ.പാർവതീദേവി
തിരുവനന്തപുരം : മാർക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ പി.ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങൾ വായനക്കാർക്കായി നൽകാൻ കുടുംബാംഗങ്ങളുടെ തീരുമാനം. പി.ജി.യുടെ തിരുവനന്തപുരത്തെ പെരുന്താന്നി മുളക്കൽ വീട്ടിലാണ് 17500 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്.
പുസ്തകങ്ങൾക്കു പുറമേ പി.ജി.യുടെ സ്വകാര്യ ശേഖരത്തിലുള്ള മലയാളത്തിലെയും ഇംഗ്ളീഷിലെയും ആനുകാലികങ്ങളുടെ ശേഖരവും ഇവിടെ വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ കോപ്പിയെടുക്കാനും പകർത്തിയെഴുതാനും അവസരമൊരുക്കും. ഇംഗ്ളീഷ്, മലയാളം പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറിയുടെ നടത്തിപ്പിനായി ലൈബ്രേറിയനെയും നിയമിക്കും.
20-ാം നൂറ്റാണ്ടിൽ ലോകത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ വായനക്കാർക്കു ലഭ്യമാകുന്ന പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്. ഗവേഷണ വിദ്യാർഥികൾക്ക് റഫറൻസിനായി ഇവ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർഥികൾക്കും ഈ ഗ്രന്ഥശേഖരം എപ്പോഴും ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും പ്രവർത്തനം.
വേദങ്ങളും ഉപനിഷത്തുകളും മുതൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ഗ്രാംഷിയുടെയും മുഴുവൻ പുസ്തകങ്ങളും ശേഖരത്തിലുണ്ട്. 18-ാം നൂറ്റാണ്ടുമുതലുള്ള കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. അപൂർവ കൈയെഴുത്തുപ്രതികളും ആധുനിക വൈജ്ഞാനിക ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും ശേഖരത്തിലുണ്ട്.
അസുഖബാധിതനാകുന്നതുവരെ പുതിയ പുസ്തകങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്നതിൽ പി.ഗോവിന്ദപ്പിള്ള ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സി.പി.എം. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പി.ജി. സംസ്‌കൃതി കേന്ദ്രമാണ് റഫറൻസ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.ജി. സംസ്‌കൃതികേന്ദ്രത്തിനായി തയ്യാറാക്കുന്ന വെബ്‌സൈറ്റിലും പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും.
പി.ഗോവിന്ദപ്പിള്ളയുടെ പത്താം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ജി. സംസ്‌കൃതികേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്ടർ ആനാവൂർ നാഗപ്പൻ, മന്ത്രി വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., മുൻ സ്പീക്കർ എം.വിജയകുമാർ, ടി.എൻ.സീമ, കെ.സി.വിക്രമൻ, പി.ഗോവിന്ദപ്പിള്ളയുടെ മക്കളായ എം.ജി.രാധാകൃഷ്ണൻ, ആർ.പാർവതീദേവി എന്നിവർ പങ്കെടുത്തു. സംവിധാനങ്ങൾ ഒരുക്കി ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് പിന്നീടായിരിക്കും.
Content Highlights: Library opened in P. Govinda Pillai's house with his book collection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..