
ഷാര്‍ജ: 'ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ സമൂഹത്തില്‍നിന്നുള്ള പാഠവും ഉള്‍ക്കൊള്ളണം. ആരും അനായാസം മുന്നേറിയിട്ടില്ല. തോറ്റ് പഠിച്ചവരാണേറെയും'. കവിയും തനത് നാടകവേദിയുടെ ആചാര്യനുമായ കാവാലം നാരായണപ്പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാറിന്റെ വാക്കുകളാണിത്. അഭിനന്ദനംമാത്രം കാത്തുകഴിയരുത്, വിമര്‍ശനവും കേള്‍ക്കണം. പുകഴ്ത്തലുകള്‍ക്കപ്പുറം ഇകഴ്ത്തലുകള്‍ ഉള്‍ക്കൊള്ളണമെന്നും ശ്രീകുമാര്‍ ഓര്‍മിപ്പിക്കുന്നു.
ഷാര്‍ജയില്‍ 'മല്‍ക്ക'യുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതാണ് കാവാലം ശ്രീകുമാര്‍. 'സിനിമാപാട്ട് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിട്ടില്ല. ശാസ്ത്രീയസംഗീതവും കവിതയും നാടന്‍പാട്ടുമെല്ലാമാണ് ഏറെയിഷ്ടം. സിനിമയിലവസരം കിട്ടാന്‍ ആരെയും വിളിക്കാറുമില്ല. അങ്ങിനെ തുനിഞ്ഞിറങ്ങിയിരുന്നെങ്കില്‍ സിനിമാപാട്ടുകാരന്‍ മാത്രമായി മാറുമായിരുന്നു'- കാവാലം ശ്രീകുമാര്‍ പറഞ്ഞു.
അച്ഛന്‍കാവാലം കൊണ്ടുനടന്ന തനത് നാടക സംസ്‌കാരവും നാടന്‍പാട്ടും കവിതയുമെല്ലാമുണ്ട്. അതൊന്നും പാതിവഴിയില്‍ ഇറക്കിവെക്കാനുള്ളതല്ല. അച്ഛനില്ലെങ്കിലും അച്ഛന്റെ കലാസൃഷ്ടികള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രീകുമാര്‍ പറയുന്നു. കാവാലം നാരായണപ്പണിക്കരുടെ ഉജ്ജ്വല നാടകാവിഷ്‌കാരങ്ങള്‍ക്ക് ഇപ്പോഴും ഒട്ടേറെ ആരാധകരുണ്ട്. കേരളത്തിലും പുറത്തുമായി വേദികള്‍ ലഭിക്കുന്നുമുണ്ട്. കോവിഡില്‍ കലകള്‍ക്ക് മൊത്തത്തില്‍ സംഭവിച്ച ഇടിവ് മാത്രമാണ് കാവാലംനാടകങ്ങള്‍ക്കും സംഭവിച്ചിട്ടുള്ളതെന്ന് ശ്രീകുമാര്‍ വ്യക്തമാക്കി.
പുതിയകാലത്ത് സിനിമകളില്‍ പാട്ടുകള്‍ അത്യാവശ്യമല്ലെന്ന് പറയാം. അതുകൊണ്ടു നല്ലപാട്ടുകളും കുറവാണ്. എന്നാല്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുവെന്ന് കാവാലം ശ്രീകുമാര്‍ പറഞ്ഞു. പുതിയ ഗായകര്‍ എളുപ്പം പ്രസിദ്ധരാകാനാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ഗ്ലാമര്‍ലോകം വെടിഞ്ഞ് യഥാര്‍ഥ കലയുടെ സ്ഥാനം തേടേണ്ട സമയമാണിത്. സിനിമാപാട്ടിനേക്കാള്‍ സമാന്തരസംഗീതമാണ് കൂടുതലിഷ്ടം. ഗാനമേളകളിലും സിനിമകളിലും പാടുമ്പോള്‍ കൂടുതല്‍പണം കിട്ടുമെന്നതും പുതിയ പാട്ടുകാരെ ആകര്‍ഷിക്കപ്പെടുന്നു.
നല്ല മലയാളകവിതകള്‍ നിരന്തരം പിറവികൊള്ളുന്നുണ്ട്. അവ തിരഞ്ഞെടുത്ത് നാട്ടുസംഗീതം ഇഴചേര്‍ത്ത് അവതരിപ്പിക്കാന്‍ സാധിച്ചാല്‍ വലിയ വിജയമായിരിക്കും. പ്രവാസി മലയാളികള്‍ അത്തരം സംഗീതമൊരുക്കുന്നവരാണ്. പ്രവാസികള്‍ നല്ല കലാസ്വാദകരുമാണ്, ഓരോ സന്ദര്‍ശനവും മലയാളികളുടെ ആസ്വാദനത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നുവെന്ന് ശ്രീകുമാര്‍ പറഞ്ഞു. മലയാളത്തില്‍ നിരവധി പുതിയ കവികളുണ്ട്, അവരുടെ കവിതകളെല്ലാം പുതിയരീതിയില്‍ വേദികളിലവതരിപ്പിക്കാന്‍ സാധിക്കണം, അതിനുള്ള ശ്രമങ്ങളും ഉണ്ടാവണമെന്നാണ് ആഗ്രഹം. പണ്ടുകാലത്തെപോലെ കവിയരങ്ങുകളില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ സ്വയം പ്രമോട്ട് ചെയ്യണം., എങ്കിലേ നാലാളുകള്‍ അറിയൂ എന്ന അവസ്ഥയാണ്'. എഴുത്തുകാരുടെ നിവൃത്തികേടുകൊണ്ടാണിതെന്ന് കാവാലം പറഞ്ഞു. കലകൊണ്ട് ജീവിക്കാന്‍ സാധിക്കുന്ന കാലമല്ലിത്, പാട്ടുപാടിയിട്ടല്ല, ആകാശവാണിയില്‍ ജോലിയുള്ളതുകൊണ്ടാണ് മാന്യമായി ജീവിക്കാന്‍ സാധിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ആണെങ്കിലും ശാസ്ത്രീയസംഗീതം പഠിക്കാന്‍ നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്. സ്വയം ബോധ്യപ്പെട്ട സംഗീതവഴികളിലൂടെ യാത്രചെയ്യാന്‍ പുതിയകുട്ടികള്‍ക്ക് സാധിക്കണമെന്ന് കാവാലം ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു. സംഗീതത്തെ ആത്മാര്‍ഥമായി സമീപിക്കണം. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അനിഷ്ടം സ്വാഭാവികം, എന്നാല്‍ നന്മയ്ക്കുവേണ്ടിയാണ് മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതെന്നും തിരിച്ചറിയണം. തെറ്റില്‍നിന്നും എളുപ്പം ശരിയിലെത്താമെന്നും കാവാലം ശ്രീകുമാര്‍ പുതിയ പാട്ടുകാരെ ഓര്‍മിപ്പിച്ചു.
ആകാശവാണിയില്‍ 23 വര്‍ഷം ജോലിചെയ്തശേഷം സ്വയം വിരമിക്കുകയായിരുന്നു. 2007 - മുതല്‍ മുഴുവന്‍ സമയവും സംഗീതത്തിലാണ്. ഭാര്യ: ലക്ഷ്മി ശ്രീകുമാര്‍, മക്കള്‍: കൃഷ്ണനാരായണന്‍, ഗൗരി ശ്രീകുമാര്‍.
Content Highlights: Kavalam Sreekumar, Kavalam Narayana Panicker, Mathrubhumi
Published: 14 Dec 2022, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented