
കോഴിക്കോട്: പുസ്തകങ്ങളോടുള്ള പ്രിയം കാരണം ചെറിയ മോഷണങ്ങള്‍ ചിലര്‍ നടത്തിയെന്നു വരാം. അത്തരമൊരു പുസ്തകമോഷണത്തിന് ലോകശ്രദ്ധ ലഭിച്ചിരിക്കുകയാണിപ്പോള്‍. ഒന്‍പതാംക്ലാസില്‍ പഠിക്കവെ ബുക്സ്റ്റാളില്‍നിന്നും 'ഹാരി പോര്‍ട്ടര്‍ ദി ഡെത്ത്‌ലി ഹാലോസ്' മോഷ്ടിച്ച് വായിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ പുസ്തകം കടയുടമയെ തിരിച്ചേല്‍പ്പിക്കാന്‍ പോവുകയുംചെയ്ത മൂവാറ്റുപുഴക്കാരന്‍ റീസ് തോമസിന്റെ അനുഭവം വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ.കെ. റൗളിങ് വായിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു.
എഴുത്തുകാരനും സഹസംവിധായകനുമായ റീസ് തോമസിന്റെ അഭിമുഖം വായിച്ചാണ് എഴുത്തുകാരി സംഭവമറിയുന്നത്. 'പുസ്തകം മോഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തിയെന്നുവരാം. ആരും പുസ്തകം മോഷ്ടിക്കരുത്. അത് മോശമാണ്. എന്തായാലും ഇതെനിക്ക് ഇഷ്ടപ്പട്ടു' എന്നാണ് ദ ഹിന്ദുവിലുള്ള റീസിന്റെ അഭിമുഖം പങ്കുവെച്ചുകൊണ്ട് ജെ.കെ. റൗളിങ് എക്‌സില്‍ കുറിച്ചിരിച്ചത്.
തൃക്കളത്തൂര്‍ കൈതമറ്റത്തില്‍ വീട്ടിലെ റീസ് തോമസ് മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്‌സ്റ്റാളില്‍ ചെന്ന് തന്റെ തെറ്റുതിരുത്തിയിട്ട് അധികമൊന്നുമായിട്ടില്ല. മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് പുസ്തകമോഷണം നടന്നത്. അത് 2007-ല്‍ ഇറങ്ങിയ 'ഹാരി പോര്‍ട്ടര്‍ ദി ഡെത്ത്‌ലി ഹാലോസ്' ആയിരുന്നു. ആ പുസ്തകമോ അതിന്റെ വിലയോ വാങ്ങണമെന്ന് കടയുടമ ദേവദാസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം റീസില്‍നിന്ന് പുസ്തകം വാങ്ങിയശേഷം തിരിച്ച് സമ്മാനിക്കുകയാണ് ചെയ്തത്.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്ത ഒരു പ്രവൃത്തിയെപ്പറ്റി ഇന്ന് ലോകംമുഴുവന്‍ അറിഞ്ഞിരിക്കുന്നു. ഏറ്റവും പ്രധാനമായി 'അവര്‍' അതറിഞ്ഞിരിക്കുന്നു. ഇത് വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി എഴുത്തുകാരി ജെ.കെ. റൗളിങ് ആണ്. അവര്‍ അത് വായിച്ച് സന്തോഷവതിയാണ് എന്നെഴുതിയ വരികള്‍ കണ്ണീരോടെ എനിക്കിപ്പോള്‍ വായിക്കാം. അവരുടെ ജീവിതവും പുസ്തകങ്ങളുമെല്ലാം ഞാന്‍ വായിച്ചു. ആ ആരാധന അവസാനം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു'- റീസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
ക്ഷമാപണത്തോടെ പുസ്തകം തിരിച്ചുനല്‍കാനെത്തിയപ്പോള്‍ റീസിന്റെ പുസ്തകമായ '90സ് കിഡ്' ഇതേ ബുക്സ്റ്റാളിന്റെ അലമാരയിലിരിക്കുന്നുണ്ടായിരുന്നു.
മലയാള സാഹിത്യത്തില്‍ ബിരുദധാരിയാണ് റീസ്. മുമ്പ് 'ആല്‍ക്കമിസ്റ്റ്' വായിച്ച് പൗലോ കൊയ്‌ലോക്കയച്ച കത്തിന് മറുപടി കിട്ടുകയും അദ്ദേഹം ട്വിറ്ററില്‍ അത് ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: J.K. Rowling tweets Rees Thomas's experience
Published: 11 Jul 2024, 01:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented