കൊച്ചി: വാക്കുകളില്‍ സ്‌നേഹം കൊരുത്തിട്ടായിരുന്നു ഹേംജിത്തിന്റെ മടക്കം. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയപ്പെട്ടവര്‍ ആ വാക്കുകളില്‍ കൈകോര്‍ത്ത് ഓര്‍മകളിലേക്ക് വീണ്ടും നടന്നു.

To advertise here,

ജീവിതത്തെ ആഘോഷമായി കണ്ട ഒരാളുടെ മനോഹരമായ മനസ്സാണിതെന്ന് ഹേംജിത്തിന്റെ സഹോദരി ബീന വല്‍സരാജിന്റെ ആമുഖം. ഇവിടെ യാഥാര്‍ഥ്യമാകുന്നത് ഒരു വലിയ സ്വപ്നമാണെന്ന് സഹോദരിപുത്രി ഭാവന നിധീഷ്. പതിവുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു എറണാകുളം ബി.ടി.എച്ച്. ഹോട്ടലില്‍ വ്യാഴാഴ്ച നടന്ന പുസ്തകപ്രകാശനം. വിടവാങ്ങലിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഹേംജിത്ത് ഭരതന്റെ വാക്കുകള്‍, ഓര്‍മകള്‍ 'കറി ബിസ്‌കറ്റ്' എന്ന പേരില്‍ പുസ്തകമാകുകയാണ്.

''പുസ്തകം പ്രസിദ്ധീകരിച്ച് കാണണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. മരണത്തിന് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നത് - ഹേംജിത്തിന്റെ ഭാര്യ സുഗന്ധി പറഞ്ഞു. കാന്‍സര്‍ ബാധിച്ച് 2020 ഫെബ്രുവരി 23-നാണ് ഹേംജിത്ത് മരിച്ചത്. കോവിഡ് മൂലമാണ് പുസ്തകത്തിന്റെ പ്രകാശനം വൈകിയത് - സുഗന്ധി പറഞ്ഞു.

കണ്ണൂരിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ ജോലിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസം ഫോര്‍ട്ട്കൊച്ചിയിലായിരുന്നു. കോളേജ് പഠനകാലത്ത് വന്ന അസുഖം ഹേംജിത്തിന്റെ കാലുകളെ ബാധിച്ചു. ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡില്‍ ട്രെയിനിയായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ടാറ്റാ ടെറ്റ്ലിയിലും ജോലി ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിനുശേഷമാണ്. പത്രങ്ങളില്‍ ഉള്‍പ്പെടെ ലേഖനങ്ങള്‍ എഴുതി.

രക്ഷാ സൊസൈറ്റി സെക്രട്ടറി രാഗിണി മേനോനാണ് 'കറി ബിസ്‌കറ്റ്' പ്രകാശനം ചെയ്തത്. ഭാരത് ഹോട്ടല്‍സ് എം.ഡി. ജി. ഗോപിനാഥന്‍ പുസ്തകം ഏറ്റുവാങ്ങി. ഹേംജിത്തിന്റെ ഭാര്യ സുഗന്ധി ഹേംജിത്ത്, സഹോദരങ്ങളായ രഞ്ജിത് ഭരതന്‍, ബീന വല്‍സരാജ്, അജിത് ഭരതന്‍ തുടങ്ങിയവരെല്ലാം പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഫോര്‍ട്ട്കൊച്ചിയെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളാണ് 'കറി ബിസ്‌കറ്റി'ല്‍.