കോഴിക്കോട്: വിവര്‍ത്തകര്‍ സാംസ്‌കാരികരംഗത്തെ അംബാസഡര്‍മാരാണെന്നും അവരെ അവഗണിക്കരുതെന്നും ഹിന്ദി ഭാഷാപണ്ഡിതന്‍ ഡോ. ആര്‍സു പറഞ്ഞു. ഭാഷാ സമന്വയവേദി സംഘടിപ്പിച്ച 'സാഹിത്യനഗരം-തുടര്‍കര്‍ത്തവ്യങ്ങള്‍' എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

ഭാഷകള്‍തമ്മിലുള്ള പാലമാണ് വിവര്‍ത്തനം. വിവര്‍ത്തനത്തിലെ പ്രതിഭകളെ ആദരിക്കുന്നതില്‍ കോഴിക്കോട് പിന്നിലാണ്. അനേകം ചിത്രങ്ങള്‍വെച്ചിട്ടുള്ള ടൗണ്‍ഹാളില്‍ വിവര്‍ത്തകനായി ഒരേയൊരാളുടെ മാത്രം ചിത്രമേയുള്ളൂ. അടുത്തിരിക്കെ നാം അന്യോന്യം അകലുന്നു എന്നപോലെ നാം സാഹിത്യത്തില്‍നിന്നും സാഹിത്യകാരരില്‍നിന്നും അകലുന്നു. അവരുടെ ഓര്‍മ്മകള്‍ക്കുപോലും കരുത്തും കാന്തിയും ദീപ്തിയുമുണ്ട്. കോഴിക്കോട്ടുകാരായ മൂന്നുപേര്‍ക്ക് ഭാരതീയ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന കാര്യമെങ്കിലും നാം പുതുതലമുറയിലേക്ക് പകരണം. സാഹിത്യനഗരപദവി റിലേ ഓട്ടംപോലെയാണ്. സാഹിത്യദീപശിഖ തുടര്‍ന്ന് ഏറ്റുവാങ്ങാന്‍ ആരുമില്ലെങ്കില്‍ നമുക്ക് ആ പദവി നഷ്ടപ്പെട്ടുപോകും. -ഡോ. ആര്‍സു പറഞ്ഞു.

മേയര്‍ ഡോ. എം. ബീനാഫിലിപ്പ് ഉദ്ഘാടനംചെയ്തു. കവി പി.പി. ശ്രീധരനുണ്ണി, പ്രൊഫ. ജോബ് കാട്ടൂര്‍, ഡോ. സി. രാജേന്ദ്രന്‍, കെ.ജി. രഘുനാഥ്, സി.എച്ച്. ഇബ്രാഹിംകുട്ടി, ഡോ. പി.കെ. രാധാമണി, ടി. സുമിന, ഡോ. ഒ. വാസവന്‍, പി.ഐ. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 'ഓര്‍മ്മപ്പെരുമ' എന്ന പുസ്തകം പ്രകാശനംചെയ്തു.