കോഴിക്കോട്: 2023 ഒക്ടോബര്‍ 31. കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ദിനം. യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ പ്രഖ്യാപിച്ചപ്പോള്‍ ഇവിടത്തെ സാഹിത്യ-സാംസ്‌കാരിക മേഖലയ്ക്കുള്ള കിരീടമായിയത്.

To advertise here,

ഒക്ടോബര്‍ 31-ന് രാത്രി വന്ന പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍ നാടൊന്നാകെ സ്വീകരിച്ചു. 2021 ഡിസംബറിലാണ് കോഴിക്കോട് സാഹിത്യനഗരപദവിക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കിലയുടെ സഹായത്തോടെ, സാഹിത്യനഗരശൃംഖലയിലുള്ള നഗരങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന സ്വപ്നമാണ് അന്ന് പൂവണിഞ്ഞത്. രണ്ടുവര്‍ഷമാകുമ്പോള്‍ സാഹിത്യനഗരത്തിലെ ആദ്യ അവാര്‍ഡ് കൈമാറാനൊരുങ്ങുകയാണ് കോര്‍പ്പറേഷന്‍.

ക്രിയേറ്റീവ് ഇക്കോണമി ഫെസ്റ്റ്
നവംബര്‍ മൂന്ന്, നാല് തീയതികളില്‍ നഗരത്തില്‍ ക്രിയേറ്റീവ് ഇക്കോണമി ഫെസ്റ്റ് നടത്തും. സാഹിത്യനഗര അവാര്‍ഡ് സമ്മാനിക്കലാണ് ഇതില്‍ പ്രധാനം. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സാറാജോസഫ് ഏറ്റുവാങ്ങും. ആര്‍. രാജശ്രീ, സന്തോഷ് ഏച്ചിക്കാനം, എ.ജെ. തോമസ്, ജെ. ഗോപാലകൃഷ്ണന്‍, ആദി തുടങ്ങിയവര്‍ക്കാണ് വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരം. സാഹിത്യനഗരവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ഒപ്പുവെക്കുന്ന സിഗ്‌നേച്ചര്‍ സെറിമണിയും ഫെസ്റ്റില്‍ നടക്കും.

ഒപ്പുവെച്ചുകഴിഞ്ഞാല്‍ സാഹിത്യനഗരത്തിന്റെ ലോഗോ അവര്‍ക്ക് ഉപയോഗിക്കാം. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ കലാ-സാംസ്‌കാരിക-സാമൂഹികമേഖലകള്‍ ആര്‍ക്കിടെക്ട്, ഡിസൈന്‍ രംഗം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം സെമിനാര്‍ നടത്തും. യൂത്ത് ഫോറവും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കും.

ഇനിയുമേറെ
സാഹിത്യനഗരമായശേഷം ആ ശൃംഖലയില്‍പ്പെട്ട നഗരങ്ങളുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിന് പുറമേ അവിടെ നടക്കുന്ന പരിപാടികളിലും കോഴിക്കോടിന്റെ സാന്നിധ്യം ഉറപ്പാക്കാറുണ്ട്. കോഴിക്കോട്ടെ കോലായ ചര്‍ച്ചകള്‍, സാഹിത്യത്തെരുവ്, സാഹിത്യമ്യൂസിയം, എഴുത്തുകാര്‍ക്ക് ഇവിടെവന്ന് താമസിച്ച് രചനകള്‍ നടത്താന്‍പറ്റുന്ന എഴുത്തുപുരകള്‍, കുട്ടികളുടെ സാഹിത്യപരിപാടികള്‍ തുടങ്ങിയ പദ്ധതികളെല്ലാം സാഹിത്യനഗരത്തിന്റെ പട്ടികയിലുണ്ട്.

കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മാത്രമേ സാഹിത്യനഗരപദവി നിലനിര്‍ത്താനും പറ്റൂ. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നതും നടപ്പാക്കുന്നതുമെന്ന് അധികൃതര്‍ പറഞ്ഞു.