ബെംഗളൂരു: അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിയ കന്നഡ കഥാകാരി ബാനു മുഷ്താഖിനും അവരുടെ കഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്ത ദീപാ ഭസ്തിക്കും കര്‍ണാടകസര്‍ക്കാരിന്റെ ആദരം. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണം. ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും പത്തുലക്ഷം രൂപ വീതം സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പ്രഖ്യാപിച്ചു. ബാനുവിന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും.

To advertise here,

ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹാര്‍ട്ട് ലാംപ്' നേടിയ ബുക്കര്‍ സമ്മാനത്തിലൂടെ കന്നഡഭാഷയുടെ കീര്‍ത്തി വര്‍ധിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ലോകത്തിലെ മുഴുവന്‍ കന്നഡിഗരുടെയും അഭിമാനമാണ് ഈ പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകയായും എഴുത്തുകാരിയായും അഭിഭാഷകയായും ആക്ടിവിസ്റ്റായും പ്രവര്‍ത്തിച്ചതാണ് ബാനു മുഷ്താഖിന്റെ രചനകളുടെ ശക്തി. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരേ എഴുതാന്‍ ധൈര്യം കാണിച്ച് അവരുടെ ശബ്ദമായി മാറാന്‍ ബാനു മുഷ്താഖിന് കഴിഞ്ഞു -സിദ്ധരാമയ്യ പറഞ്ഞു.

കന്നഡ-സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ ശിവരാജ് തംഗഡഗി, സമീര്‍ അഹമ്മദ് ഖാന്‍ തുടങ്ങിയവരും സംബന്ധിച്ചു.