വടകര: എഴുത്തുകാരന്‍ ചിലപ്പോള്‍ വെടിയേറ്റ് വീണേക്കാമെങ്കിലും എഴുതാതിരിക്കുന്നത് ആത്മഹത്യയാണെന്ന് 2022-ലെ ബുക്കര്‍ പുരസ്‌കാരജേതാവ് ഗീതാഞ്ജലിശ്രീ.

To advertise here,

എഴുത്ത് എന്ന സര്‍ഗക്രിയ എഴുത്തുകാരനും സമൂഹത്തിനും ജീവശ്വാസംപോലെ പരമപ്രധാനമായ ഒന്നാണ്. കാലവും സമൂഹവും ഭരണകൂടവും എതിരായാലും എഴുതുക എന്ന പ്രക്രിയ നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മടപ്പള്ളി ഗവ. കോളേജ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരസേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്ന എം.ആര്‍. നാരായണക്കുറുപ്പിന്റെ സ്മരണയ്ക്കായി കോളേജില്‍ നടത്തിയ പ്രഭാഷണപരമ്പരയില്‍ 'എഴുത്തുകാരുടെ ഉത്തരവാദിത്വങ്ങള്‍' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഗീതാഞ്ജലിശ്രീ.

എഴുത്തുകാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയോടൊപ്പം സമൂഹത്തിന്റെ എഴുത്തുകാരോടുള്ള സമീപനവും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീ എന്നനിലയില്‍ വ്യക്തിപരമായി വിവേചനങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെങ്കിലും പുരുഷാധിപത്യസമൂഹത്തിന്റെ അളവുകോലുകള്‍ തന്നെയും ബാധിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

സമൂഹം എപ്പോഴും പൊടുന്നനെയുള്ള പ്രതികരണമാണ് എഴുത്തുകാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ, എഴുത്തുകാര്‍ക്ക് അങ്ങനെ പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ക്ക് ചിന്തിക്കാനും പ്രതികരിക്കാനും സമയംവേണം. പരസ്പരബഹുമാനത്തിലും സ്‌നേഹത്തിലുമധിഷ്ഠിതമാവണം സമൂഹവും എഴുത്തുകാരും തമ്മിലുള്ള ബന്ധം. സ്വതന്ത്രമായി ജീവിക്കാനും എഴുതാനും പ്രതികരിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാവുക എന്നതും പരമപ്രധാനമാണ് -അവര്‍ പറഞ്ഞു.

ഗീതാഞ്ജലിശ്രീയുടെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് മടപ്പള്ളി കോളജില്‍ നടന്നത്. വിദ്യാര്‍ഥികളുമായി അവര്‍ സംവദിച്ചു. ഡോ. കെ. അരുണ്‍ ലാല്‍ മോഡറേറ്ററായിരുന്നു.

പ്രഭാഷണപരമ്പര മുന്‍ എം.എല്‍.എ. സി.കെ. നാണു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ.കെ. ഉദയകുമാര്‍ അധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് അംഗം വി.പി. ഗോപാലകൃഷ്ണന്‍ എം.ആര്‍. നാരായണക്കുറുപ്പ് അനുസ്മരണപ്രഭാഷണം നടത്തി. എന്‍.കെ. അന്‍വര്‍, പി.എം. ഷൈനു, കോളേജ് ചെയര്‍മാന്‍ മുഹമ്മദ് സഹാഫ്, ജിതിന്‍ പി. പോള്‍, എ.എം. ശശി എന്നിവര്‍ സംസാരിച്ചു.