തിരുവനന്തപുരം: കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില കീഴ്വഴക്കങ്ങള്‍ക്കെതിരേ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന മനുഷ്യരെ ഭ്രാന്തരായി മുദ്രകുത്തുന്നത് പതിവായെന്ന് എഴുത്തുകാരി സന്ധ്യ മേരി. സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ആളുകള്‍ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം ആളുകളാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്.

To advertise here,

തിരുവനന്തപുരം പുളിമൂട്ടിലെ മാതൃഭൂമി ബുക്‌സില്‍ സംഘടിപ്പിച്ച 'മരിയ വെറും മരിയ' പുസ്തക ചര്‍ച്ചയില്‍ ഗ്രന്ഥകാരി സന്ധ്യ മേരി സംസാരിക്കുകയായിരുന്നു. തന്റെ പുസ്തകത്തിലെ കഥാപാത്രമായ മരിയയെ സൃഷ്ടിക്കാന്‍ ഇടയാക്കിയത് ഈ ചിന്തയാണ്. ജീവിതാനുഭവങ്ങള്‍ എഴുത്തുകാരെ കാലങ്ങളായി സ്വാധീനിച്ചിട്ടുണ്ട്. അത് അവരുടെ എഴുത്തിലും പ്രതിഫലിക്കും.

വായനക്കാരുടെ കാഴ്ചപ്പാടിലല്ല സാഹിത്യകാര്‍ എഴുതേണ്ടത്, മറിച്ച് എഴുത്തുകാര്‍ക്ക് അനുയോജ്യമായി തോന്നുന്നത് പകര്‍ത്താന്‍ കഴിയുന്നതാണ് അവരുടെ വിജയമെന്ന് സന്ധ്യ മേരി അഭിപ്രായപ്പെട്ടു. നല്ല സംഭാഷണങ്ങളിലൂടെയാണ് മനുഷ്യമനസ്സില്‍ പ്രതീക്ഷയുടെ വിത്തുകള്‍ പാകുന്നത്. എന്നാല്‍, യുവതലമുറയില്‍പ്പെട്ടവര്‍ ഇത്തരം സംഭാഷണങ്ങള്‍ ശീലമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.