പട്ടാമ്പി: ഉരുട്ടിയെടുത്ത് അറ്റം മുട്ടിച്ച് ‘അ’ എന്ന് എഴുതിയപ്പോഴുണ്ടായ സന്തോഷം- മലയാളത്തിനോടുള്ള സ്നേഹം മനസ്സിൽ തെളിയുന്നത് ആ അക്ഷരവെളിച്ചത്തിലാണ്. 21 വയസ്സുവരെ മലയാളം തൊട്ടു നോക്കാത്ത അഴഗിരി എന്ന തമിഴ് പയ്യന് ഓരോ അക്ഷരം എഴുതി പഠിക്കുമ്പോഴും വായിച്ചെടുക്കുമ്പോഴും ആഹ്ലാദമായിരുന്നു. തമിഴ്നാട്ടിലെ അഗസ്തീവരം വടശ്ശേരിയിൽനിന്ന് കേരളത്തിലേക്ക് ജോലിക്കെത്തുമ്പോൾ അഴഗിരി ഒരിക്കലും കരുതിയിരുന്നില്ല താനൊരു മലയാളപുസ്തകം എഴുതുമെന്ന്. പ്രചോദനമായ ഗുരുവിന് ആദരമർപ്പിച്ചുകൊണ്ട് ‘ഭദ്രദീപം’ എന്ന പേരിൽ പുസ്തകമെഴുതിയതിന്റെ അഭിമാനത്തിലാണ് ഈ മുൻ ലൈബ്രേറിയൻ. തൃപ്പൂണിത്തുറ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററാണ് 71 വയസ്സുള്ള അഴഗിരി. ഗ്രന്ഥലിപിയെപ്പറ്റി പല സ്ഥാപനങ്ങളിലും ക്ലാസും എടുക്കുന്നുണ്ട്.
ആദ്യകൃതിയായ ‘ഭദ്രദീപം’ പട്ടാമ്പിയിലെ തന്റെ ഗുരുക്കന്മാരായ പുന്നശ്ശേരി ശ്രീധരൻ നമ്പി, പുന്നശ്ശേരി നീലകണ്ഠശർമ എന്നിവരുടെ കൃതികളും അവയുടെ പഠനവുമുൾക്കൊള്ളുന്നതാണ്. കഴിഞ്ഞ വർഷം ഇത് പ്രസീദ്ധീകരിച്ചു. നാലുപുസ്തകങ്ങളുടെകൂടി രചന നടത്തിവരികയാണ്. പുന്നശ്ശേരി നീലകണ്ഠശർമ, പുത്തില്ലത്തെ ഗ്രന്ഥവരി, ജ്യോതിശാസ്ത്ര സുബോധിനി, കൊണ്ടൂർ ഗ്രന്ഥവരി എന്നീ പുസ്തകങ്ങളാണിവ.
1976-ൽ കളമശ്ശേരി ഐ.ടി.ഐ.യിൽ ഫോർത്ത് ഗ്രേഡ് ലൈബ്രേറിയനായാണ് അഴഗിരി കേരളത്തിലെത്തിയത്. “ഇപ്പോഴും തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന എനിക്ക് മലയാളത്തിൽ പുസ്തകമെഴുതാനും ക്ലാസ് എടുക്കാനും കഴിയുമെന്ന് ചിന്തിക്കാൻ പോലും അക്കാലത്ത് കഴിയുമായിരുന്നില്ല” -അഴഗിരി പറയുന്നു. 1983-ൽ പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോേളജിലെ ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയനായി. 30 വർഷം നീണ്ട കോളേജിലെ സേവനകാലത്താണ് മലയാളത്തിൽ പുസ്തകമെഴുതണമെന്ന ആഗ്രഹം മനസ്സിലെത്തിയത്. വിരമിച്ചശേഷം പട്ടാമ്പിയിലാണിപ്പോൾ താമസം. “ഇപ്പോഴും ഞാനെന്റെ മലയാളത്തെ മിനുക്കുകയാണ്. ക വർഗങ്ങളും ച വർഗങ്ങളും ള,ഴ,റ എന്നീ വ്യഞ്ജനങ്ങളുമൊക്കെ ഉച്ചരിക്കുമ്പോൾ കൂടുതൽ സ്പഷ്ടത വരുത്താൻ ശ്രമിക്കും. ഒരുപാട് വായിക്കും. ഭാഷ തിളങ്ങാൻ അതുമാത്രമാണ് വഴി” -അഴഗിരി പറയുന്നു
Content Highlights: Azhagiri, a Tamil native, learned Malayalam at age 21., Authored 'Bhadradeepam', a tribute to his gurus Punnasseri Sreedharan Nambi and Punnasseri Neelakanda Sarma.
Published: 19 Jun 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented