മായൻ : കളരിയും മായവും വശമുള്ള മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ

പുതുതലമുറ വായിക്കുന്നുണ്ടോ എന്ന ചോദ്യം പുതിയതല്ല. ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ഉത്തരത്തിലേക്ക് പോകാനാണ് എല്ലാവർക്കും താല്പര്യം. വായിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ടെന്നോ , വായിക്കുന്നുണ്ടെങ്കിൽ അതെന്താണെന്നോ അന്വേഷിക്കാൻ ആരും താല്പര്യപ്പെടാറില്ല. മുൻതലമുറ വായിച്ചാഘോഷിച്ച പലതും ജെൻ സി ക്ക് അറിയില്ലെന്ന പരിവേദനങ്ങൾക്കിടയിൽ നമ്മൾ ശ്രദ്ധിക്കപ്പെടാത്ത ഒരു വായനാ വിപ്ലവം ഇവിടെ നടക്കുന്നുണ്ട്. അതാണ് കോമിക്സ്. ഡി സി യുടെയും മാർവെല്ലിന്റെയും കോമിക്സ് കഥാപാത്രങ്ങൾ അക്ഷരങ്ങളിൽ നിന്നും അഭ്രപാളികളിൽ അത്ഭുതം തീർത്തിട്ടുണ്ട്. ജാപ്പനീസ് കൊറിയൻ കഥകൾ അനിമേകളായി പുതു തലമുറയ്ക്ക് പരിചിതരുമാണ്. എന്നാൽ മലയാളിക്ക് സ്വന്തമായൊരു കോമിക് സൂപ്പർ സ്റ്റാർ അത്ര കണ്ട് ഫലിച്ചിട്ടില്ല. ഡിങ്കനും മായാവിയുമൊക്കൊ ബാലപ്രസിദ്ധീകരണങ്ങളിലെ ചിത്ര കഥകളായി ഓർമ്മയിലുണ്ടെങ്കിലും കൗമാര-യൗവ്വനങ്ങൾക്ക് ആഘോഷിക്കാൻ പാകത്തിലൊരു സൂപ്പർ ഹീറോയുടെ വിടവ് ബാക്കിയായിരുന്നു. അവിടെക്കിതാ ഒരു മാസ്സ് എൻട്രി...മായൻ...
ആരാണ് മായൻ?
15ാം നൂറ്റാണ്ടിൽ കോഴിക്കോട് ഉണ്ടായിരുന്ന കളരി അഭ്യാസികളും മായാജാലക്കാരുമായ ഒരു സാങ്കൽപ്പിക ജനവിഭാഗത്തെയാണ് മായൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മിത്തും ചരിത്രവും ഇടകലർത്തി നോൺ ലീനിയർ രീതിയിലാണ് മായന്റെ കഥ പറഞ്ഞു പോകുന്നത്. കോഴിക്കോടുള്ള ഒരു രാജാവിന്റെ കൊട്ടാരത്തിലെ കവിയായ രാമന്റെ കാഴ്ചപ്പാടിലാണ് കഥ പറഞ്ഞു പോകുന്നത്. കൊട്ടാരത്തിലെ ഒരു തീ പിടിത്തത്തിനിടയിൽ അവിടെ കയറിപ്പറ്റുന്ന മാരി എന്ന മായനും രാമനും കഥയിൽ കൂട്ടി മുട്ടുന്നു. പിന്നെ കഥയെ അവർ ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്നു. മാരിയുടെ കൊട്ടാരത്തിലെ സാന്നിധ്യത്തിന്റെ കാരണം കഥയെ മുന്നോട്ട് നയിക്കുന്നു. പുസ്തകരൂപത്തിൽ ലക്കങ്ങളായി പുറത്തിറങ്ങിയ മായന് വലിയ ആരാധക പിന്തുണയാണ് നേടാൻ കഴിഞ്ഞത്. ഡിജിറ്റലായി ലഭ്യമല്ലാഞ്ഞിട്ടു പോലും ഈ ഡിജിറ്റൽ കാലത്ത് മായൻ നേടിയ സ്വീകാര്യത അത്ഭുതകരമാണ്.
ആരാണ് മായന്റെ പിന്നിൽ?
കാർമോണ്ട് ഇൻഫിനിറ്റി എന്ന അനിമേഷൻ സ്റ്റുഡിയോ നടത്തുന്ന അനന്തകൃഷ്ണനും വിശാഖും നേതൃത്വം നൽകുന്ന പുതിയ കാലത്തിന്റെ മായാജാലങ്ങൾ അറിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് മായൻ കോമിക്സിന്റെ പിന്നിൽ. റിജാസ് സുലൈമാൻ നിർമ്മിക്കുന്ന മായൻ കോമിക്സ് മായൻ പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് പുറത്തിറക്കുന്നത്.
മായൻ ഇത് വരെ
മായന്റെ പുസ്തകരൂപമായി ആദ്യ ലക്കം പുറത്ത് വന്നത് ഏതാണ്ട് നൂറിലധികം പേജുകളിലായിട്ടായിരുന്നു. ചിത്രങ്ങളും സംഭാഷണങ്ങളും നിറഞ്ഞ വർണ്ണാഭമായ പേജുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. തുടർന്നുള്ള ലക്കങ്ങളിൽ പേജുകളുടെ എണ്ണം കുറഞ്ഞെങ്കിലും വായനക്കാർ കൂടിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ ലക്കത്തിന്റെ വ്യത്യസ്ത പതിപ്പുകൾ ഇറങ്ങുന്നുണ്ട്. ഒരു ലക്കത്തിലെ കഥയുടെ തുടർച്ച മറ്റൊരു ലക്കത്തിൽ എന്ന രീതിയിൽ 25 ലക്കങ്ങളാണ് മായൻ ടീം ഉദ്ദേശിക്കുന്നത്.6 ആമത്തെ ലക്കമാണ് ഇനി വിപണിയിലെത്താൻ പോകുന്നത്.
മായന്റെ ഭാവി
മായൻ ഫ്രാഞ്ചൈസിയുടെ ആദ്യ അനിമേറ്റഡ് ഫീച്ചർ ഫിലിമിന്റെ ടീസർ മുംബൈയിൽ നടന്ന അനിമേഷൻ ആൻഡ് മോർ സമ്മിറ്റ് 2026-ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ജനപ്രിയ ജാപ്പനീസ് അനിമേഷൻ പ്രോജക്ടുകളുമായി പ്രവർത്തിച്ച പ്രമുഖ നിർമ്മാതാവ് തകാഹിറോ കിഷിമോട്ടോയാണ് ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയത് . റിജാസ് സുലൈമാൻ നിർമ്മിക്കുന്ന ചിത്രം 2028-ൽ തിയേറ്ററുകളിൽ എത്തും. ഇതോടെ മലയാളം കോമിക്സ്ന്റെ തലവര തെളിയുമെന്ന് കരുതാം.
Content Highlights: Mayan is a new Malayalam comic blending 15th-century Kozhikode history and myth., Created by Ananthakrishnan and Visakh from Carmont Infinity animation studio., Available in Malayalam and English across multiple issues., An animated feature film teaser was launched at the Animation and More Summit 2026, set for a 2028 theatrical release.
Published: 22 Sept 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented