തൃശ്ശൂര്‍: കവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് അനിത തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പ്' എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്‍വര്‍ അലി ചെയര്‍മാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത. കവിത്വത്തെ അലസധൂര്‍ത്തതയോടെ അഴിച്ചുവിടാതെ വിവിധ ശൈലികളുടെ നാഴികളിലും ആവനാഴികളിലും സൂക്ഷിച്ച് വേണ്ട സമയത്തുമാത്രം തൊടുക്കുന്നു ഈ കവി. സവിശേഷമായ പെണ്ണനുഭവങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ മനുഷ്യാനുഭവങ്ങളും അനുഭൂതികളും സൂക്ഷ്മമായും സ്വാഭാവികമായും കവിതയിലേക്ക് മൊഴിമാറുന്നു അനിതയുടെ രചനയില്‍. 'പുഴുവിനെയൂട്ടുംപോലെ എളുപ്പമല്ല എനിക്കെന്റെ പൂവിനെയുണര്‍ത്താന്‍' എന്ന് ഇലയുടെ ആത്മഭാഷണം അവതരിപ്പിക്കുംപോലെ, കവിതയുണര്‍ത്തലും എളുപ്പപ്പണിയല്ലെന്ന് അനിത അറിയുന്നു. അന്ധകാരനഴിയില്‍ അന്തിനേരത്ത് അസ്തമിക്കുന്ന ചുവന്ന ദൈവമായി കെ.ആര്‍. ഗൗരിയമ്മയെ ആവിഷ്‌കരിക്കുന്ന അതേ അനിത തന്നെ മുരിങ്ങ വാഴ കറിവേപ്പ് എന്നിങ്ങനെ നിസ്വസസ്യലോകത്തിന്റെ അകാല്പനിക ജൈവസത്തയെ ഉള്ളാരമുള്ള കവിതയാക്കി വാറ്റിയെടുക്കുന്നു.
സാമാന്യമായ ആസ്വാദനരുചികളില്‍ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി സ്വീകരിച്ചുകൊണ്ടും ലോകമെങ്ങുമുള്ള കവിമൊഴികളുടെ തരംഗദൈര്‍ഘ്യങ്ങളെ തന്നിലൂടെ പകര്‍ന്നാടിക്കൊണ്ടും അനിത, ഇതാണെന്നുടെ നിറപാത എന്ന് മലയാള കവിതയെ ബഹുലോകങ്ങളിലേക്ക് വിടര്‍ത്തുന്നതായും ജൂറി അഭിപ്രായപ്പെട്ടു.
2024 ഫെബ്രുവരി 29-ന് 12 മണിക്ക് പട്ടാമ്പി കവിതാ കാര്‍ണിവലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത അസമിയ കവി നിലിംകുമാര്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് അയനം ചെയര്‍മാന്‍ വിജേഷ് എടക്കുന്നി, കണ്‍വീനര്‍ പി.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
മുറ്റമടിക്കുമ്പോള്‍, അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം, വെല്‍ഷ് കവി ഷാന്‍ മെലാഞ്ജലിനൊപ്പം എഴുതിയ ത്രിഭാഷാ സമാഹാരം മറ്റൊരു വെള്ളം തുടങ്ങിയവയാണ് പുസ്തകങ്ങള്‍.
Content Highlights: Anitha Thampy, Ayanam A Ayyappan Award, Mathrubhumi
Published: 15 Feb 2024, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented