തിരുവനന്തപുരം: ജീവിത കാന്‍വാസില്‍ ആയുസ്സ് അവസാന നിറക്കൂട്ടുകള്‍ ചേര്‍ത്തുതുടങ്ങിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്റെ സൃഷ്ടിയുടെ ശേഷിപ്പുകള്‍ ജന്മനാടിന് സംഭാവന ചെയ്യാനായിരുന്നു എ. രാമചന്ദ്രന്റെ തീരുമാനം. ശില്പിയുടെ കൃത്യത ആ തീരുമാനം നടപ്പാക്കുന്നതിലും അദ്ദേഹം പുലര്‍ത്തി. കലാസൃഷ്ടികള്‍ വിലയിരുത്തുന്ന ആധികാരിക വ്യക്തികളെക്കൊണ്ട് തന്റെപക്കല്‍ ബാക്കിയുള്ള ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും അദ്ദേഹം മൂല്യം കണക്കാക്കിച്ചു. മോഹവിലയുടെ ധാരാളിത്തം അതില്‍ ഉള്‍ച്ചേരരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അടിസ്ഥാനവില കണക്കാക്കിയാല്‍ത്തന്നെ 45 കോടി രൂപ വരുമെന്നായിരുന്നു അവരുടെ തീര്‍പ്പ്.
കേരളത്തിനായി ഇത് സൗജന്യമായി സംഭാവനചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചു. ചിരകാല സുഹൃത്ത് എം.എ.ബേബി വശം ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് എത്തിച്ചു. മുഖ്യമന്ത്രി തുടര്‍നിര്‍ദേശം നല്‍കിയതനുസരിച്ച് സാംസ്‌കാരികവകുപ്പ് അവ ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍, ചിത്രങ്ങളുടെയും ശില്പങ്ങളുടെയും സംരക്ഷണം, പ്രദര്‍ശനം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഇനിയും ഉണ്ടാകാനുണ്ട്.
മികച്ച അധ്യാപകനായിരുന്ന അദ്ദേഹം കേരളത്തിലെ ചിത്രകാരന്മാര്‍ക്ക് എന്നും സഹായമായിരുന്നു. ആരോടും ശത്രുതയില്ല, സ്നേഹം ചിത്രകലയോട് മാത്രം - അദ്ദേഹവുമായി ബന്ധമുള്ളവരുടെ ഓര്‍മ ഇങ്ങനെയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് എം.എ. പാസായ അദ്ദേഹം ചിത്രരചന പഠിക്കാന്‍ പലയിടത്തും പോയി. ബംഗാളില്‍ ബിനോദ് ബിഹാരി മുഖര്‍ജി എന്ന വലിയ കലാകാരന്റെ കീഴിലാണ് ചിത്രകലയും ശില്പകലയും അഭ്യസിച്ചത്. ജാമിയ മിലിയയില്‍ പ്രൊഫസറായപ്പോള്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനും പഠനത്തിനും അദ്ദേഹം സഹായിയായിരുന്നു.
1980-ല്‍ വിദ്യാര്‍ഥിസമരം മൂലം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. ഈയിടെ അന്തരിച്ച എ. പൊറിഞ്ചുക്കുട്ടിയായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. കോളേജില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അതിന്റെ അമരക്കാരന്‍ എ.രാമചന്ദ്രനായിരുന്നു. പിന്നീട് കേരളത്തിലെ കാമ്പസുകളില്‍ ചിത്രരചന കടന്നുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി ചിത്രകാരനായ കാട്ടൂര്‍ നാരായണപിള്ള ഓര്‍മിക്കുന്നു.
കുട്ടിക്കാലം മുതലേ വരയിലും സംഗീതത്തിലും ശില്പത്തിലും വലിയ താത്പര്യമായിരുന്നു എ. രാമചന്ദ്രന്. ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാള്‍ ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. 'സമ്മാനപ്പെട്ടി' എന്നപേരില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു പ്രസാധകര്‍ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പുസ്തകപ്പെട്ടി ഇറക്കിയിരുന്നു. അതില്‍ പുസ്തകങ്ങളുടെ കവറിലും ഉള്‍ത്താളുകളിലുമൊക്കെ വരച്ചിരുന്നത് എ.രാമചന്ദ്രനും അരവിന്ദനും ചേര്‍ന്നായിരുന്നു. തിരുെനല്ലൂര്‍ കരുണാകരന്റെ കവിതകളും ഗാനങ്ങളും സംഗീതം നല്‍കി ഓള്‍ ഇന്ത്യ റേഡിയോയില്‍ അവതരിപ്പിച്ചിരുന്നു. 'താരകങ്ങള്‍ ഉറങ്ങുന്ന രാത്രിയില്‍.. പാതിരാപ്പൂ വിരിയുന്ന വേളയില്‍' എന്ന് തുടങ്ങുന്ന ഒരു പാട്ട് ആകാശവാണിയില്‍ പാടി. ഹിന്ദി സംഗീതത്തിലും രാമചന്ദ്രന് അപാരമായ അറിവുണ്ടായിരുന്നു. സ്വാതി തിരുനാളിന്റെ കീര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ ശൈലിയില്‍ പാടുമായിരുന്നു. രാജാ രവിവര്‍മയുടെ പെയിന്റിങ്ങുകളുടെ വിപുലമായ ഒരു പ്രദര്‍ശനം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ആയിരുന്നു അന്നത്തെ പ്രദര്‍ശനം ഉദ്ഘാടനംചെയ്തത്.
കേരള സര്‍വകലാശാല എ. രാമചന്ദ്രനെ ഡീന്‍ ആയി നിയമിച്ചിരുന്നു. പക്ഷേ, തുടര്‍ന്നില്ല. ടാഗോറുമായി അടുപ്പമുണ്ടായിരുന്ന ചൈനാക്കാരനായ െപ്രാഫസറുടെ മകളെയാണ് രാമചന്ദ്രന്‍ വിവാഹംചെയ്തത്. അവര്‍ക്ക് ചമേലി എന്നുപേരിട്ടതും ശാന്തിനികേതനില്‍വെച്ചാണ്. എന്തുകൊണ്ട് ഡല്‍ഹിയില്‍ സ്ഥിരതാമസമായി എന്ന ചോദ്യത്തിന് ഡല്‍ഹി കലയ്ക്കു വിലയും നിലയും അന്തരീക്ഷവുമുള്ള നഗരമാണ് എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
Content Highlights: A. Ramachandran, Painting works, Government takeover
Published: 11 Feb 2024, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented