കോഴിക്കോട്: എല്ലാതലമുറയിലെ എഴുത്തുകാരെയും സമഭാവനയോടെകണ്ട തിക്കോടിയന്റെ 107-ാം ജന്മവാര്‍ഷികം ബുധനാഴ്ച ആഘോഷങ്ങളില്ലാതെ കടന്നുപോയി.

To advertise here,

സ്‌നേഹശാസനയോടെ ഈ നഗരത്തില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു തിക്കോടിയനെന്ന് കഥാകൃത്ത് വി.ആര്‍. സുധീഷ് ഓര്‍ത്തു. മുഖ്യമായും യുവാക്കളായിരുന്നു തിക്കോടിയന്റെ സുഹൃത്തുക്കള്‍. വയസ്സന്‍മാരുടെ കൂടെനടന്നാല്‍ തനിക്ക് യുവത്വമുണ്ടാവില്ലെന്നാണ് അദ്ദേഹം പറയാറ്.

തന്റെ ഓര്‍മയ്ക്കായി റോഡോ പ്രതിമയോ ഉണ്ടാക്കരുതെന്നും അതിനുവേണ്ടി മുന്നിട്ടിറങ്ങരുതെന്നും തിക്കോടിയന്‍ കണിശമായി പറഞ്ഞിരുന്നു.

എല്ലാവരെയും അദ്ദേഹം ശ്രദ്ധിച്ചുവായിച്ചിരുന്നു. വേണ്ട നിര്‍ദേശം ശാസനയുടെ സ്വരത്തില്‍തന്നെ നല്‍കിയിരുന്നു. 'നീ എന്താണ് ഈ എഴുതിവെച്ചിരിക്കുന്നത്...നിനക്കുതന്നെ അത് ബോധ്യപ്പെടും' എന്ന് ഒച്ചയിട്ട് ഒരിക്കല്‍ എന്നോടുപറഞ്ഞിരുന്നു. തനിക്കുവേണ്ടി ജീവിക്കാത്ത ഒരാള്‍. എല്ലാവരെയും കൂട്ടിയിണക്കുന്ന ഒരാള്‍...തിക്കോടിയനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇതൊക്കെയാണ് മനസ്സില്‍വരുന്നത്.

എല്ലാമേഖലയിലും അദ്ദേഹം കൈവെച്ചിരുന്നു. 'ചുവന്നകടല്‍' എന്ന തരക്കേടില്ലാത്ത നോവലും 'പുഷ്പവൃഷ്ടി' എന്ന തരക്കേടില്ലാത്ത നാടകവും ഒരു കാലത്തിന്റെ ചരിത്രം പറയുന്ന 'അരങ്ങ്കാണാത്ത നടന്‍' എന്ന ആത്മകഥയും എഴുത്തുകാരന്‍ എന്നനിലയിലും മനുഷ്യസ്‌നേഹി എന്നനിലയിലും തിക്കോടിയനെ അടയാളപ്പെടുത്തുന്നു.

അദ്ദേഹം പ്രസംഗിക്കാന്‍ കയറിയാല്‍ അത് തീരുന്നതുവരെ ആരും എഴുന്നേല്‍ക്കില്ല. തിക്കോടിയനോടൊപ്പം നര്‍മംപങ്കിട്ട് എപ്പോഴും ഒരു കൂട്ടം കലാകാരന്മാരുണ്ടായിരുന്നു. ഞാനെന്ന ഭാവമോ തനിക്ക് എന്തുകിട്ടുമെന്ന ചിന്തയോ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് വി.ആര്‍. സുധീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ എം.ടി.യുമായി ഒരാലോചന നടത്തിയപ്പോള്‍ ആ പൂതിയങ്ങ് മനസ്സില്‍വെച്ചാല്‍മതിയെന്നാണ് തിക്കോടിയന്‍ പറഞ്ഞത്.

അടുത്തിടെ കണ്ടപ്പോള്‍ എം.ടി. പറഞ്ഞു: ''ഇവിടെ എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം പോയി. എന്തെങ്കിലും ഒരു കാര്യം ആലോചിക്കുമ്പോള്‍ പെട്ടെന്ന് വിചാരിക്കും ഇത് തിക്കോടിയനോടാണല്ലോ പറയേണ്ടത്. മനസ്സില്‍ അത് കിടന്ന് വിങ്ങുമ്പോള്‍ പറയാനുള്ള ആള് അപ്പുറത്തില്ലല്ലോ എന്നതാണ് വിഷമം''. അങ്ങനെയൊരാള്‍ പിന്നീട് ഈ നഗരത്തിലുണ്ടായിട്ടില്ലെന്നും വി.ആര്‍. സുധീഷ് പറഞ്ഞു.