2026-ലെ സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം നേടിയ ആൻ കാഴ്സന്റെ അഞ്ചു ലഘുസംഭാഷണങ്ങൾ സച്ചു തോമസ്സിന്റെ വിവർത്തനത്തിൽ...

ഡോ. ഡെയ്മന്റെ ശരീരവിച്ഛേദനപാഠത്തെക്കുറിച്ച്
ബ്രീ തെരുവീഥിയിലൂടെ നടക്കവേ വെയിലിൽനിന്ന് തണലിലേക്ക് മാറുമ്പോൾ, ആ വ്യത്യാസം വെള്ളംപോലെ തലയോട്ടിയിലൂടെ ഒലിച്ചിറങ്ങുന്നത് അനുഭവിക്കാൻ കഴിയുന്നത്ര തണുപ്പുള്ളൊരു ശൈത്യമായിരുന്നു അത്. എൽഷ്യ ഓത്യ എന്ന വേശ്യയുമായി ബ്ലാക്ക് യാൻ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ 1656-ലെ ആ പട്ടിണിത്തണുപ്പിൽ കുറച്ചുകാലം അവർ നല്ല രീതിയിൽ പുലർന്നു. എന്നാൽ തണുത്തുറഞ്ഞ ഒരു ജനുവരി ദിവസം ഒരു തുണിവ്യാപാരിയുടെ വീട് കൊള്ളയടിക്കുന്നതിനിടയിൽ ബ്ലാക്ക് യാൻ പിടിക്കപ്പെട്ടു. അവൻ ഓടി, വീണു, ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു, ഒടുവിൽ ജനുവരി ഇരുപത്തിയേഴിന് തൂക്കിലേറ്റപ്പെട്ടു. അതിനുശേഷം അവന് എന്തുസംഭവിച്ചു എന്നത് തീർച്ചയായും നിങ്ങൾക്കറിയുമായിരിക്കും: കൊടുംതണുപ്പ് കാരണം ഡോക്റ്റർ ഡെയ്മന് മൂന്ന് ദിവസത്തോളം ശാസ്ത്രത്തിന്റെ യഥാർത്ഥ കണ്ണുകളോടെ ബ്ലാക്ക് യാനെ നിരീക്ഷിക്കാൻ സാധിച്ചു. തന്റെ കാമുകക്കള്ളനെ ദാരുണമായ രീതിയിൽ ആനുപാതികങ്ങൾ സങ്കോചിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്ന റെംബ്രാന്റിന്റെ ആ ചിത്രം എൽസ്യേ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നമ്മൾ ആലോചിച്ചുപോകും; പരിശുദ്ധമായ ഉള്ളംകാലുകൾ അവന്റെ വെട്ടിത്തുറന്ന മസ്തിഷ്‌കത്തെ തൊട്ടുരുമ്മി നിൽക്കുന്നതുപോലെ തോന്നും. പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്തണമെങ്കിൽ നമ്മൾ ആഴത്തിലാഴത്തിൽ മുറിക്കണമെന്ന് തലമുടിയെന്നപോലെ മസ്തിഷ്‌കത്തെ ഇരുവശത്തേക്കും വകഞ്ഞുമാറ്റിക്കൊണ്ട് ഡോക്ടർ ഡെയ്മൻ പറയുന്നുണ്ട്. വിഷാദം അതിൽനിന്ന് പതുക്കെ അതിന്റെ വഴി കണ്ടെത്തി പുറത്തേക്ക് വരുന്നു.
അവസാനത്തെക്കുറിച്ച്
വെളിച്ചവും വെളിച്ചവിധാനവും തമ്മിലുള്ള വ്യത്യാസം എന്താണ്? റെംബ്രാന്റിന്റെ മൂന്ന് കുരിശുകൾ എന്ന പേരുള്ള ചെമ്പുതകിടിൽ തീർത്തൊരു ചിത്രമുണ്ട്. ഭൂമിയും ആകാശവും കാൽവരിയും ചേർന്ന ചിത്രം. മഴപോലൊരു നിമിഷം അവയ്ക്കുമേൽ പതിക്കുന്നു; ആ ചിത്രഫലകം പതിയെ ഇരുളുന്നു. പിന്നെയും ഇരുളുന്നു. വസ്തുക്കൾക്ക് അവയുടെ രൂപം നഷ്ടപ്പെടുന്നത് കാണാൻ റെംബ്രാന്റ് കൃത്യസമയത്ത് നമ്മെ ഉണർത്തുന്നു.
ഓർക്കിഡുകളെക്കുറിച്ച്
ജീവനോടെ കുഴിച്ചുമൂടപ്പെട്ട മനുഷ്യരായതുകൊണ്ടാണ് നാം തുരങ്കങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് നിങ്ങൾ ഉണ്ടാക്കുന്ന തുരങ്കങ്ങൾ അസാധാരണമാംവിധം ലക്ഷ്യമില്ലാത്ത, വേരറ്റ ഓർക്കിഡുകളെപ്പോലെയേ തോന്നൂ. എന്നാൽ അവയുടെ സുഗന്ധം ഒരിക്കലും മാഞ്ഞുപോകുന്നില്ല. ഏതാനും ദിവസങ്ങൾക്കുമുമ്പ് ആംഹേഴ്സ്റ്റിൽനിന്ന് ഒരു കൊച്ചുകുട്ടി ഓടിപ്പോയിരിക്കുന്നു, 1883-ലെ ഒരു കത്തിൽ എമിലി ഡിക്കിൻസൺ എഴുതി. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അവന്റെ മറുപടി വെർമോൺടിലേക്കോ ഏഷ്യയിലേക്കോ എന്നായിരുന്നു.
വായനയെക്കുറിച്ച്
വായന വെറുക്കുകയും എന്നാൽ കുടുംബത്തെ യാത്രകൾക്കു കൊണ്ടുപോകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ചില അച്ഛന്മാരുണ്ട്. യാത്രകൾ വെറുക്കുകയും എന്നാൽ വായിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ചില കുട്ടികളും. വിചിത്രമെന്നു പറയട്ടെ, ഇവർ പലപ്പോഴും ഒരേ കാറിൽ സഹയാത്രികരായിത്തീരുന്നു. മദാം ബോവറിയുടെ ഖണ്ഡികൾക്കിടയിലൂടെ റോക്കി പർവതനിരകളുടെ അതിഗംഭീരങ്ങളായ തെളിഞ്ഞുനിൽക്കുന്ന തോളുകൾ മിന്നിമറയുന്നത് ഞാൻ കണ്ടു. മേഘങ്ങളുടെ നിഴലുകൾ അവളുടെ ആ കൂറ്റൻ കൽക്കഴുത്തിലൂടെ അലസമായി സഞ്ചരിക്കുകയും സരളവൃക്ഷങ്ങൾ നിറഞ്ഞ അവളുടെ പാർശ്വഭാഗങ്ങളെ തൊട്ടറിയുകയും ചെയ്യുന്നു. അന്നുമുതൽ, പെൺശരീരത്തിൽ രോമങ്ങൾ കാണുമ്പോഴെല്ലാം ഞാനറിയാതെ ചിന്തിച്ചുപോകും: ഇലപൊഴിയുന്നതോ?
പ്രധാനവും അപ്രധാനവുമായ കാര്യങ്ങളെക്കുറിച്ച്
കാറ്റ്, തിന്മ, പോരാട്ടവീര്യമുള്ള മിടുക്കനായൊരു കുതിര, വിഭക്തിപ്രത്യയങ്ങൾ, വറ്റാത്ത സ്‌നേഹം, ജനങ്ങൾ അവരുടെ രാജാവിനെ തിരഞ്ഞെടുക്കുന്നവിധം എന്നിവയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ. അപ്രധാനകാര്യങ്ങളിൽ അഴുക്ക്, വിവിധ ദാർശനിക ചിന്താധാരകളുടെ പേരുകൾ, മനസ്സുള്ളതും ഇല്ലാത്തതും, കൃത്യമായ സമയം എന്നിവ ഉൾപ്പെടുന്നു. മൊത്തത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ് അപ്രധാനകാര്യങ്ങളേക്കാൾ കൂടുതൽ, എങ്കിലും ഇവിടെ ഞാൻ എഴുതിയതിനെക്കാൾ കൂടുതൽ അപ്രധാനമായ കാര്യങ്ങളുണ്ട്, എന്നാൽ അവയെല്ലാം എണ്ണിപ്പറയുന്നത് മനസ്സുമടുപ്പിക്കും. നിങ്ങൾ ഇത് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങളെ ഒരു ബന്ദിയാക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല; സ്വന്തം ജീവിതത്തിൽനിന്നുതന്നെ കണ്ണാടിപ്പാളികളുള്ള കമ്പിവലയാൽ വേർതിരിക്കപ്പെട്ട ഒരു ഇലക്ട്രയെപ്പോലെ.
Published: 10 Oct 2026, 05:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented