മലയാളത്തിന് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച നിർമാതാവാണ് പി.വി. ഗംഗാധരൻ. സിനിമയുടെ കഥയിൽമാത്രം മൂല്യം കണ്ടെത്തിയ, ലാഭനഷ്ടക്കണക്കുകൾക്ക് മാനം കൽപിക്കാതിരുന്ന, അടിമുടി  കലാസ്‌നേഹിയായിരുന്നു അദ്ദേഹം. കുടുംബസിനിമകൾക്ക് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നൽകുന്ന മിനിമം ഗ്യാരണ്ടിയായിരുന്നു ഒരുകാലത്ത് ഇറങ്ങിയിരുന്ന സിനിമകളെ കാണാതെതന്നെ വിലയിരുത്താൻ ആസ്വാദകരെ പ്രേരിപ്പിച്ചിരുന്നത്. വാണിജ്യവിജയത്തേക്കാൾ കലാമൂല്യം ഉറപ്പുനൽകുന്ന സിനിമകളുടെ അമരക്കാരനായിരുന്ന പി.വി. ഗംഗാധരൻ എന്ന പി.വി.ജി ഓർമയായിട്ട് മൂന്നുവർഷം. അദ്ദേഹവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സത്യൻ അന്തിക്കാട് സംസാരിക്കുന്നു.

To advertise here,

പലരും ചോദിക്കാറുണ്ട് കോഴിക്കോട്ടേക്ക് ഇപ്പോൾ പതിവുപോലെ കാണാറില്ലല്ലോ എന്ന്. പി.വി.ജി. ഇല്ലാത്ത കോഴിക്കോട് ഇപ്പോൾ മറ്റു നഗരങ്ങളെപ്പോലെ ഒരു നഗരം മാത്രമാണെനിക്ക്. ധാരാളം സുഹൃത്തുക്കൾ ഇപ്പോഴും കോഴിക്കോട് ഉണ്ട്. പക്ഷേ പി.വി. ഗംഗാധരനായിരുന്നു അവിടത്തെ ഏറ്റവും വലിയ ആകർഷണം. സ്‌നേഹംകൊണ്ടും സൗഹൃദംകൊണ്ടും പെരുമാറ്റംകൊണ്ടും കോഴിക്കോടിനെ ചേർത്തുനിർത്തുന്ന വ്യക്തിത്വം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി എന്നും നന്മകൾ എന്ന സിനിമ ചെയ്തപ്പോൾ തുടങ്ങിയ ബന്ധമാണ് അദ്ദേഹവുമായിട്ട്. എന്റെ ഏറ്റവും നല്ല സിനിമകൾ അദ്ദേഹം നിർമിച്ചതാണ്. തൂവൽക്കൊട്ടാരം, കൊച്ചുകൊച്ചു സന്തോഷങ്ങൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ... എല്ലാം എനിക്കേറെ ജനപ്രീതി നേടിത്തന്ന ചിത്രങ്ങൾ.

സംവിധായകൻ- നിർമാതാവ് എന്ന രീതിയിലല്ല ഞങ്ങൾ പരസ്പരം കണ്ടിരുന്നത്. അദ്ദേഹം എന്റെ സ്വന്തം ചേട്ടനും ഞാൻ അനിയനുമായിരുന്നു. വ്യാപാരബന്ധങ്ങളൊന്നും ഞങ്ങൾക്കിടയിൽ പ്രസക്തമല്ലായിരുന്നു.

പല നിലയിലും പി.വി.ജി. ഒരു പാഠപുസ്തകമാണ്. മലയാളത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാതാവായി ഇരിക്കുമ്പോഴും, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായി ഇരിക്കുമ്പോഴും താൻ ഏറ്റവും ചെറിയ ഒരാളാണ് എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചിരുന്നത്. ഏറ്റവും ചെറിയ സ്ഥാനത്ത് ജോലി ചെയ്യുന്നവരെയും തോളിൽ കൈയിട്ട് ചേർത്തുപിടിക്കും. ഗംഗേട്ടന്റെ സ്‌നേഹവാത്സല്യങ്ങൾ അനുഭവിക്കാത്ത ആരും ആ പരിചിതവലയത്തിലില്ല എന്നെനിക്ക് തോന്നാറുണ്ട്.

ശ്രീനിവാസൻ അസുഖബാധിതനായി ഇരിക്കുമ്പോൾ പതിവായി ഞാൻ അദ്ദേഹത്തെ കാണാൻ പോകാറുണ്ടായിരുന്നു. എന്നും പി.വി.ജിയെപ്പറ്റിയുള്ള ഓർമകൾ ഞങ്ങൾ പങ്കുവെക്കുമായിരുന്നു. പി.വി.ജിയെപ്പറ്റി പറഞ്ഞുപറഞ്ഞ് ശ്രീനിയുടെ കണ്ണുകൾ അറിയാതെ നനയും. ഞാനപ്പോൾ മനഃപൂർവം വിഷയം മാറ്റുകയായിരുന്നു പതിവ്.

ഇപ്പോഴും കോഴിക്കോട് ഏതെങ്കിലും ഹോട്ടലുകളിൽ താമസിക്കുമ്പോൾ വാതിലിൽ ആരോ മൂന്നുവട്ടം തട്ടുന്നതായി എനിക്കുതോന്നാറുണ്ട്. അത് ഞങ്ങളുടെ ഒരു സിഗ്നലായിരുന്നു. മുറി അടച്ചിരുന്ന് എഴുതുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ കോളിങ്‌ബെൽ അടിച്ചാൽ ഞാൻ തുറക്കാറില്ല. പി.വി.ജിക്ക് മാത്രമുള്ള ഒരു കോഡായിരുന്നു മൂന്നുവട്ടം വാതിലിനു തട്ടൽ. ഇപ്പോൾ പലപ്പോഴും ആ ശബ്ദം കേട്ട് ഞാൻ വാതിൽ തുറക്കാറുണ്ട്. പക്ഷേ, ആരെയും കാണാറില്ല. മറ്റെവിടെയോ ഇരുന്ന് പി.വി.ജി. കാണുന്നുണ്ടാകാം. കണ്ടുചിരിക്കുന്നുണ്ടാവാം. ഇനി അങ്ങനെ ഒരാളില്ല. ആ സത്യം ഉൾക്കൊള്ളാൻ ഞാനിപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.