തിരുവനന്തപുരം: മതം സ്വത്വത്തിന്റെ ഭാഗമാണെന്നും ഭൂരിപക്ഷാധിപത്യമുള്ളിടത്ത് ആ സ്വത്വത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ അതേ സ്വത്വം മുൻനിർത്തി സംഘടിക്കുന്നതിൽ തെറ്റില്ലെന്നും യൂത്ത്ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ നജ്മ തബ്ഷിറ. മാതൃഭൂമി അക്ഷരോത്സവത്തിൽ ‘രാഷ്ട്രീയത്തിൽ മതത്തെ എവിടെ നിർത്തും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ആ സ്വത്വം മറന്ന് രാഷ്ട്രീയം സംസാരിക്കരുത് എന്നാണ് ലീഗ് നേതാവ് കെ.എം.ഷാജി 'മതമാണ് മതമാണ് പ്രശ്നം' എന്ന പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു. 'മെജോറിറ്റേറിയനിസം ന്യൂനപക്ഷങ്ങളെ അകറ്റിനിർത്തുകയും ആക്രമിക്കുകയും അവരുടെ വീടുകളിലേക്ക് ബുൾഡസറുകൾ അയക്കുകയും ചെയ്യുമ്പോൾ അവർ മതത്തിന്റെ പേരിൽ സംഘടിക്കുന്നതിൽ തെറ്റില്ല. അവരേയും കൂടി ചേർത്തുപിടിക്കാൻ തുടങ്ങുമ്പേൾ അത്തരം സ്വത്വരാഷ്ട്രീയം ഇല്ലാതാവുമെന്നും നജ്മ പറഞ്ഞു.
എന്നാൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ അഭിപ്രായത്തിൽ ഒരൊറ്റ രാഷ്ട്രം എന്ന സ്വത്വത്തിന്റെ കീഴിലാണ് നമ്മൾ നിലകൊള്ളേണ്ടത്. ആ ചിന്ത ഓരോ പൗരനും ഉണ്ടാകുമ്പഴേ ജനാധിപത്യം വിജയിക്കൂ. മതത്തിന്റെ പേരിലുള്ള സ്വത്വബോധമല്ല വേണ്ടത്. ബി.ജെ.പി ഹിന്ദുത്വ ആശയം ഉയർത്തുന്നത് ഈ രാജ്യത്തിന്റെ സംസ്കാരം എന്ന നിലയിലാണെന്നും അനൂപ് പറയുന്നു.
എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ ഈ രണ്ട് നിലപാടുകളേയും എതിർത്തു. ആർ.എസ്.എസ് ഉണ്ടായ കാലം മുതലേ മതരാഷ്ട്രവാദമാണ് മുന്നോട്ടുവെച്ചത്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ജിന്നയും സവർക്കറുമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിക്കണം എന്ന നജ്മയുടെ നിലപാടിൽ പ്രശ്നങ്ങളുണ്ട്. അഞ്ചു നേരം നിസ്കരിക്കുന്ന സ്ഥാനാർഥി എന്ന ലേബലിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിനേയും ആർഷോ വിമർശിച്ചു.
സവർക്കറുടെ പ്രത്യയശാസ്ത്രമല്ല ബി.ജെ.പിയും ആർ.എസ്.എസും പിന്തുടരുന്നതെന്നും അതുകൊണ്ട് ഗാന്ധിവധം പോലുള്ള എല്ലാം ബി.ജെ.പിയിൽ കെട്ടിവെക്കുന്ന കാലം കഴിഞ്ഞെന്നും അനൂപ് പറഞ്ഞപ്പോൾ ആർഷോ അതിനെ പരിഹസിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാക്കുകൾ ഉപയോഗിച്ചാണ്. ഞങ്ങൾക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ലെന്നും വെൽഫയർ പാർട്ടിയുമായി മാത്രമേ ബന്ധമുള്ളൂ എന്നും വി.ഡി.സതീശൻ പറഞ്ഞതിന് സമാനമാണിതെന്ന് ആർഷോ പറഞ്ഞു.
സെക്യുലറാണ് എന്ന് പറഞ്ഞ ആർഷോ സി.പി.എം നേതാവ് എ.കെ.ബാലന്റെ വർഗീയ പരാമർശത്തിന് മറുപടി പറയുന്നില്ലെന്ന് നജ്മ ആരോപിച്ചു. സാമുദായികമായി സംഘടിക്കുന്നത് തെറ്റല്ല. ലീഗിനെ ആക്രമിക്കുമ്പോൾ മതത്തെ ആക്രമിക്കുന്നു എന്ന് തങ്ങൾ പറയാറില്ല, മതത്തെ ആക്രമിക്കുമ്പോൾ മാത്രമേ അങ്ങനെ പറയാറുള്ളൂ എന്നു നജ്മ പറഞ്ഞു.
ലീഗിനോട് സി.പി.എമ്മിനു വിയോജിപ്പ് തുടങ്ങിയത് അവരുടെ കൂടെ നിൽക്കില്ലെന്ന് മനസ്സിലായതു മുതലാണെന്ന നജ്മയുടെ ആരോപണത്തിന് ,ആ വിയോജിപ്പ് തുടങ്ങിയത് ലീഗിനെ പൊളിറ്റിക്കൽ ഇസ്ലാം നിയന്ത്രിക്കാൻ തുടങ്ങിയ കാലം മുതലാണെന്ന് ആർഷോ മറുപടി നൽകി.
അവസാനമായപ്പോഴേക്ക് സംവാദത്തിന് ചൂടു കൂടി. ജമാഅത്ത് ബന്ധം ചർച്ചക്ക് വന്നതോടെ അത് പൊട്ടിത്തെറിച്ചു. സി.പി.എം ജമാഅത്തെ ഇസ്ലാമിയോട് വോട്ട് ആവശ്യപ്പെട്ടതിന് തെളിവ് ഹാജരാക്കിയാൻ ഇപ്പോൾ ഈ പണി നിർത്തുമെന്നായി ആർഷോ. എന്നാൽ ഇപ്പോൾത്തന്നെ ആർഷോ പണി നിർത്തേണ്ടിവരുമെന്നും പിണറായി വിജയന്റെ പഴയ പ്രസംഗത്തിന്റെ വീഡിയോ തന്റെ കൈയിലുണ്ടെന്നും അനൂപ് ആന്റണി അവകാശപ്പെട്ടു. താൻ പറയുന്നത് മാത്രമാണ് സത്യമെന്ന കടുംപിടിത്തമാണ് ആർഷോക്കുള്ളതെന്ന് നജ്മയും ആരോപിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾ കൂടിയായപ്പോൾ സെഷൻ കത്തിക്കയറി. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനാണ് സെഷൻ മോഡറേറ്റ് ചെയ്തത്.
Content Highlights: Youth League leader Najma Tabshira argues minority groups have the right to organize based on religious identity when facing majoritarian oppression. Discussion on religious identity in politics.
Published: 29 Jan 2026, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented