തിരുവനന്തപുരം: ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...' ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. 'ഓ...' പ്രണയം അത്രയും ശുദ്ധമായും ഉദാത്തമായും ചെറുവാക്കുകളിൽ കുറിച്ചിട്ട വൈക്കം സുൽത്താൻ. 'എൻ അന്തരാത്മാവിനുള്ളിലെ തീയിൽ വെച്ചിന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ..'എന്നെഴുതിയ വയലാർ. അങ്ങനെ ഒരിക്കലും അണയാത്ത വാക്കുകൾ കൊളുത്തിവെച്ചു കടന്നുപോയ ഏഴ് മഹാരഥൻമാർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴിന്റെ പടവ് കയറുക അവരുടെ ഓർമ്മകളുടെ വിരൽത്തുമ്പ് പിടിച്ചുകൊണ്ട്്. അക്ഷരോത്സവ വേദിയായ കനക്കുന്നിൽ മാതൃഭൂമി ബുക്സ് സ്റ്റാൾ തുറക്കുക മലയാളത്തിന്റെ പ്രിയപ്പെട്ട ഏഴ് എഴുത്തുകാരുടെ മക്കൾ ചേർന്ന് തിരിതെളിയിച്ചുകൊണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് മാതൃഭൂമി പുസ്തക കലവറ കനകക്കുന്നിൽ തുറക്കുക.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രവർമ്മ, ഒ.എൻ.വി. കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി, സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി, എം. കൃഷ്ണൻ നായരുടെ മകൾ രാധ, കാക്കനാടന്റെ മകൾ രാധാ കാക്കനാടൻ, എം.കെ. സാനുമാഷിന്റെ മകൾ രേഖ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തുക. അവർ ഏഴുപേരും തങ്ങളുടെ അച്ഛനമ്മമാരുടെ ഏറ്റവും ഇ്ഷ്ടപ്പെട്ട കൃതികളിലെ ഭാഗങ്ങൾ വേദിയിൽ വായിക്കും. തുടർന്ന് അവർ ഏഴുതിരികൾ കൊളുത്തുന്നതോടെ കനകക്കുന്നിൽ മാതൃഭൂമി ബുക്ക് സ്റ്റാൾ തുറക്കും.
അക്ഷരങ്ങളും പുത്തൻ ചിന്തകളുമായി കുന്നുകയറിവരുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്ക് സ്വാഗതംചെയ്യലാകും വ്യാഴാഴ്ചയിലെ സായാഹ്നം. 29 മുതൽ ജനുവരി ഒന്നുവരെയാണ് അക്ഷരോത്സവം. ഏഴാം പതിപ്പിന് മുന്നോടിയായി കേരളത്തിലെ ഏഴ് പ്രമുഖരായ മുതിർന്ന എഴുത്തുകാരെ മാതൃഭൂമി വസതികളിലെത്തി ആദരിച്ചിരുന്നു.
വൈവിധ്യങ്ങളും ലക്ഷങ്ങൾ കടക്കുന്ന പുസ്തക ബാഹുല്യവുമായാണ് പുസ്തകോത്സവം കനകക്കുന്ന് കൊട്ടാരവളപ്പിൽ വായനത്തിരക്കിന്റെ ഇടമൊരുക്കുക. ഉദ്ഘാടന ദിവസമായ 22-ന് പുസ്തകങ്ങൾക്ക് 15 ശതമാനം വിലക്കിഴിവുമുണ്ട്. അക്ഷരോത്സവത്തിന്റെ ഭാഗമാകാനുള്ള പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാനും പുസ്തകോത്സവ വേദിയിൽ അവസവരമുണ്ട്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗായകൻ കല്ലറ ഗോപൻ നയിക്കുന്ന 'വായലാർ ഗാനസന്ധ്യ' അരങ്ങേറും. വയലാർ ശരത്ചന്ദ്രവർമ്മ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Content Highlights: Experience the Mathrubhumi International Literary Festival at Kanakakkunnu. Children of renowned authors inaugurate the book stall. Get 15% off on books on opening day!, mbifl2026 ka fest
Published: 21 Jan 2026, 02:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented