
ഈ വർഷത്തെ മാതൃഭൂമി പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന സ്വിസ് എഴുത്തുകാരൻ യോനാസ് ലുഷാറിന്റെ പുസ്തകങ്ങളെക്കുറിച്ച്.
പിന്നിലുപേക്ഷിച്ച മറ്റൊരു ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് സ്വിസ് കഥാകാരൻ പീറ്റർ സ്റ്റം (Peter Stamm) എഴുതിയ It's Getting Dark എന്ന കഥ. 'ഓരോ ജനനവും മരണശിക്ഷ വിധിക്കലാ'ണെന്ന് കഥയിലൊരിടത്ത് പറയുന്നു. ഇരുണ്ടുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള വിധിപറച്ചിലാണ് ഈ കഥയിലെ നായികയും നടത്തുന്നത്.
ചുണ്ണാമ്പുപാറകൾ നിറഞ്ഞ മലയുടെ മുകളിൽ ദുരൂഹസാഹചര്യത്തിൽ ഒരു സ്ത്രീയെയും രണ്ടു കുട്ടികളെയും കണ്ടെന്നറിഞ്ഞ് അവരെ അന്വേഷിച്ചിറങ്ങിയതായിരുന്നു ആ പോലീസുകാരി. എന്നാൽ, സത്രത്തിലെ മദ്യശാലയിൽ കൂടിയിരുന്ന് നാട്ടുവർത്തമാനം പറയുന്നവരാരുംതന്നെ അവരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഏതായാലും പോലീസുകാരി അവരെത്തേടി മലമുകളിലേക്കു പോകുന്നു. അവളെത്തിച്ചേരുന്നത് പണ്ട് തന്റെ ബാല്യകാലം ചെലവഴിച്ച കുടിലിലായിരുന്നു.
അവിടെവെച്ചാണ് അവളുടെ സഹോദരനെ കാണാതായത്. വഴിയിൽ ആ സ്ത്രീയെ അവൾ കണ്ടുമുട്ടി. കുട്ടികളെപ്പറ്റി അവൾക്കും അറിയില്ല. പോലീസുകാരി അവളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവൾ സ്റ്റേഷനിലെ തടവറയ്ക്കകത്തു കിടന്നു.
തന്റെ ഒറ്റപ്പെട്ട ജീവിതത്തിലൊരിക്കലും കിട്ടാത്ത സമാധാനം ഏകാകിനിയായ ആ സ്ത്രീയിൽ നിന്ന് പോലീസുകാരിക്കു കിട്ടുകയാണ്. അവളുടെ കാണാതായ സഹോദരനെ കാണിച്ചുകൊടുക്കാമെന്ന് സ്ത്രീ പറയുന്നു. അവനെത്തേടി വീണ്ടും മലമുകളിലേക്കു പോകുകയാണ് അവർ. അവിടമാകെ മഞ്ഞുമൂടാൻ തുടങ്ങി.
പോലീസുകാരിക്ക് അവളുടെ കാലൊച്ചമാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. മറ്റേ സ്ത്രീ പോയിക്കഴിഞ്ഞു. അവൾ വീണ്ടും തനിച്ചായി. അത് അവളുടെമാത്രം ഒറ്റയടിപ്പാതയാണ്, അവളുടെമാത്രം വിധി, അവൾ കണ്ടെത്തേണ്ട അവളുടെമാത്രം സഹോദരൻ, മഞ്ഞു വിഴുങ്ങുന്ന അവളുടെമാത്രം കരച്ചിൽ.
സ്വന്തം വിധിയുടെ ഏകാന്തതയിലേക്ക് ഒതുങ്ങിക്കൂടുന്ന മനുഷ്യരെപ്പറ്റിയാണ് പീറ്റർ സ്റ്റം എഴുതുന്നത്. പക്ഷേ, തന്നിലേക്കുമാത്രമുള്ള മറ്റൊരു തിരിച്ചുപോക്കുണ്ട്. മനുഷ്യത്വലേശമില്ലാത്ത അത്തരമൊരു പിന്മടക്കത്തെപ്പറ്റി മറ്റൊരു സ്വിസ് എഴുത്തുകാരനും ഈ വർഷത്തെ മാതൃഭൂമി പുസ്തകോത്സവത്തിലെ അതിഥിയുമായ യോനാസ് ലുഷാർ (Jonas Luscher) തന്റെ Barbarian Spring എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ലോകത്തെ മുഴുവൻ ബാധിക്കുന്ന സാമ്പത്തികത്തകർച്ചയിലൂടെയാണ് ഈ നോവെല്ലയിലെ കഥ സഞ്ചരിക്കുന്നത്. സമ്പത്ത് നഷ്ടപ്പെടുമ്പോൾ പ്രാകൃതത്തിലേക്ക് തിരിച്ചുപോകുന്നവരെപ്പറ്റിയുള്ള കഥ.
പ്രൈസിങ് എന്നു പേരുള്ള ഏറക്കുറെ വൃദ്ധനായ ബിസിനസ് നടത്തിപ്പുകാരൻ ടുണീഷ്യയിലേക്കു നടത്തുന്ന ഒരു യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. അവിടത്തെ ആതിഥേയന്റെ മകളുടെകൂടെ അയാൾ തലസ്ഥാനത്തിനു വെളിയിലായി ഒരു മരുപ്പച്ചയിൽ പടുത്തുയർത്തിയ ആഡംബരഹോട്ടലിലേക്ക് യാത്ര ചെയ്യുന്നു. അവിടെ ഒരു വിവാഹം നടക്കുകയാണ്.
പൊങ്ങച്ചക്കാരായ ധനികരോടൊപ്പം പ്രൈസിങ്ങും മദ്യപിക്കുന്നു. പക്ഷേ, ലഹരിയിറങ്ങുമ്പോൾ ഒരു വാർത്തയറിഞ്ഞ് നടുങ്ങുകയാണ് അവർ. ബ്രിട്ടീഷ്നാണയമായ പൗണ്ടിന്റെ വില വളരെയധികം ഇടിഞ്ഞു എന്ന വാർത്ത. അതോടെ തലേദിവസംവരെ ആധുനികരായിരുന്ന അവർ കാടത്തത്തിലേക്കു തിരിച്ചുപോകുന്നു.
സമ്പത്തു നഷ്ടപ്പെടുമ്പോൾ മൂല്യങ്ങൾക്ക് വിലയില്ലാതായിത്തീരുന്ന സമൂഹത്തെ പരിഹസിക്കുകയാണ് യോനാസ് ലുഷാർ. കഥപറയുന്നയാളോട് തന്റെ അനുഭവങ്ങൾ വിവരിക്കുന്ന പ്രൈസിങ്, തുടക്കത്തിൽത്തന്നെ പറയുന്നു: ''നിങ്ങൾ തെറ്റായ ചോദ്യങ്ങളാണ് ചോദിക്കുന്നത്.'' അയാൾക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒന്നുംതന്നെ ശരിയായവയല്ല.
അല്ലെങ്കിലും ധനം നഷ്ടപ്പെടുമ്പോൾ അതോടൊപ്പം ധാർമികതയും ഇല്ലാതാവുന്നവരെക്കുറിച്ചുള്ള കഥയിൽ എന്തു ഗുണപാഠമാണുണ്ടാവുക? ലുഷാറിന്റെ കഥയിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഒട്ടകങ്ങൾക്കുള്ള മൂല്യംപോലും ഇതിലെ മനുഷ്യർക്കില്ല. ഏതു വരൾച്ചയിലും ആ മൃഗങ്ങൾ അവയുടെ ജീവിതവൃത്തി അതേപടി തുടരുന്നു. മനുഷ്യരാകട്ടെ വെറുമൊരു സാമ്പത്തികത്തകർച്ചയിൽപ്പോലും മൃഗങ്ങളെക്കാൾ അധഃപതിക്കുന്നു.
1976-ൽ സ്വിറ്റ്സർലൻഡിലെ ഷ്ലിയറെൻ പട്ടണത്തിലാണ് യോനാസ് ലുഷാർ ജനിച്ചത്. ജർമൻ ഭാഷയിലെഴുതുന്ന അദ്ദേഹത്തിന് ഹാൻസ് ഫലഡ പുരസ്‌കാരം, സ്വിസ് ബുക്ക് അവാർഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികൾ ലഭിച്ചു. കോവിഡ് ബാധിതനായി ആഴ്ചകളോളം അബോധാവസ്ഥയിൽ കഴിയേണ്ടിവന്ന ലുഷാർ, നിലവിൽ അങ്ങേയറ്റം അസമത്വം നിറഞ്ഞ മനുഷ്യന്റെ സാമൂഹികപരിതഃസ്ഥിതിയിൽ ഇത്തരം ദുരന്തങ്ങളേൽപ്പിക്കുന്ന ആഘാതത്തെപ്പറ്റി തികച്ചും വ്യാകുലനാണ്. ഇത്തരമൊരു അവസ്ഥയുടെ ചിത്രീകരണമാണ് അദ്ദേഹത്തിന്റെ Kraft എന്ന നോവൽ.
റിച്ചാർഡ് ക്രാഫ്റ്റ് എന്ന ജർമൻ അക്കാദമികപണ്ഡിതൻ 'ദൈവം എന്തിനാണ് തിന്മയെ നിലനിർത്തുന്നത്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രബന്ധമത്സരത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെ സിലിക്കൺ വാലിയിലേക്ക് പോകുന്നതാണ് നോവലിന്റെ ഇതിവൃത്തം. പ്രബന്ധവിഷയത്തിന്റെ ഗഹനതയല്ല, അതിൽ വിജയിച്ചാൽ ലഭിക്കുന്ന ഭീമമായ സമ്മാനത്തുകയാണ് അയാളെ പ്രലോഭിപ്പിക്കുന്നത്. എന്നാൽ, അമേരിക്കയിൽ, സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ മറ്റൊരുതരം കെണിയിൽ അകപ്പെടുകയാണ് അയാൾ.
നോവലിലൊരിടത്ത് റഷ്യൻ-ബ്രിട്ടീഷ് തത്ത്വചിന്തകൻ ഇസയ്യ ബെർലിന്റെ (Isaiah Berlin) ഒരു നിരീക്ഷണം എടുത്തെഴുതിയിട്ടുണ്ട്: കുറുക്കന് പല വിഷയങ്ങളിലും ജ്ഞാനമുണ്ട്; മുള്ളൻപന്നിക്കാവട്ടെ ഒരേയൊരു വലിയകാര്യമേ അറിയൂ. പല വിഷയങ്ങളിൽ പാണ്ഡിത്യമുള്ള റിച്ചാർഡ് ക്രാഫ്റ്റ്, സാങ്കേതികജ്ഞാനമെന്ന ഒരേയൊരു കാര്യം അറിയാവുന്ന സിലിക്കൺവാലിയുടെ മുന്നിൽ തകർന്നുപോകുന്നു.
'നിന്റെ മുഖം പരിചിതമാകുമ്പോഴേ എനിക്കു നിന്നെ ആലിംഗനം ചെയ്യാനാവൂ, കാരണം നിന്റെ മുഖംമൂടി അത്രമാത്രം നല്ലതാണ്' എന്ന് ഓസ്ട്രിയൻ നാടകകൃത്ത് കാൾ ക്രൗസ് (Karl Kraus) അദ്ദേഹത്തിന്റെ വിഖ്യാതമായ The Last Days of Mankind എന്ന നാടകത്തിൽ പറയുന്നുണ്ട്. മുഖമില്ലായ്മ മറച്ചുവെക്കാൻ മുഖംമൂടി ധരിക്കുന്നവരെപ്പറ്റിത്തന്നെ യോനാസ് ലുഷാറും എഴുതുന്നു.
Content Highlights: Explore Jonas Lüscher`s works, including `Barbarian Spring,` and their profound commentary on wealth, morality, and the human condition.
Published: 24 Jan 2026, 10:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented