ഒളപ്പമണ്ണ മന, ദേശമംഗലം മന, അക്കിത്തം മന, നാലപ്പാട്ട് തറവാട് തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരകാലപ്രതിഷ്ഠ നേടിയ വീട്ടകങ്ങള്‍ വളരെ കുറച്ചുമാത്രമേയുള്ളൂ. മലയാളഭാഷയും എഴുത്തും സാഹിത്യവും ഈ തറവാടുകളെ ദേശാന്തരങ്ങള്‍ കടന്നുള്ള പ്രശസ്തിയിലേക്കാണ് നയിച്ചത്. നാലപ്പാട്ട് നാരായണ മേനോന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി... നാലപ്പാട്ട് തറവാട് തലമുറകള്‍ക്ക് കൈമാറ്റം ചെയ്തത് മലയാള ഭാഷയും സാഹിത്യവുമാണ്. നാലപ്പാട്ടെ സാഹിത്യത്തിന്റെ അമരക്കാരന്‍ നാലപ്പാട്ട് നാരായണമേനോന്റെ ഓര്‍മകള്‍ സമ്പന്നമാക്കുന്ന മാസം കൂടിയാണ് ഒക്ടോബര്‍. അദ്ദേഹം ജനനവും മരണവും സംഭവിച്ചത് ഒക്ടോബര്‍ മാസത്തിലാണ്. നാലപ്പാട്ട് നാരായണമേനോനെക്കുറിച്ച് സുലോചന നാലപ്പാട്ട് സംസാരിക്കുന്നു.
നാലപ്പാട്ട് നാരായണ മേനോന്‍, അനന്തരവള്‍ ബാലാമണിയമ്മ, അവരുടെ മകള്‍ മാധവിക്കുട്ടി... മലയാള സാഹിത്യം തലമുറകളെ വാര്‍ത്തെടുക്കാന്‍ കാലത്തിന് നല്‍കിയ മൂശയായിരുന്നു നാലപ്പാട്ട് തറവാട്. ഓര്‍ക്കുന്നുണ്ടോ നാലപ്പാട്ടെ ആ സാഹിത്യകാലം?
കല്‍ക്കട്ടയില്‍നിന്നു ഞങ്ങള്‍ വെക്കേഷന് നാലപ്പാട്ടേയ്ക്കു വരുമ്പോളാണ് അമ്മാവനുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിക്കുക. എന്റെ അച്ഛന്‍ വി.എം. നായര്‍ കല്‍ക്കട്ടയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലപ്പാട്ട് നാരായണ മേനോന്‍ എന്ന പേര് അച്ചടിപ്രസിദ്ധീകരണങ്ങളിലൊക്കെ വരുന്നത് കാണുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് വലിയ അതിശയമായിരുന്നു. ആ അമ്മാവനാണല്ലോ ഞങ്ങളുടെ വീട്ടില്‍ ഇരിക്കുന്നത് എന്ന ഭാവമായിരുന്നു ഞങ്ങള്‍ക്ക്. വലുതായപ്പോഴാണ് നാലപ്പാട്ട് നാരായണമേനോന്‍ എന്ന പ്രതിഭയുടെ വലിപ്പം എനിക്ക് മനസ്സിലായത്. കവി, ദാര്‍ശനികന്‍, വിവര്‍ത്തകന്‍ തുടങ്ങി ഒരു കാലത്തെ മലയാള സാഹിത്യം ആഴ്ചയിലൊരിക്കലെങ്കിലും എത്തിനോക്കുന്ന തറവാടായി മാറി നാലപ്പാട്ട്. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ധാരാളം പറയാനുണ്ട്. എന്റെ അമ്മ ബാലാമണിയമ്മയുടെ അമ്മമ്മയ്ക്ക് രണ്ട് പെണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അമ്മുക്കുട്ടിയമ്മയും മാധവിയമ്മയും. അമ്മുക്കുട്ടിയമ്മയെ വിവാഹം കഴിച്ചയച്ചെങ്കിലും അവര്‍ തിരികെ നാലപ്പാട്ടേയ്ക്കു തന്നെ വന്നു. മാധവിയമ്മയെ വിവാഹം ചെയ്തത് ആമയൂര്‍ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി എന്ന ആളായിരുന്നു. അതാണ് നാലപ്പാട്ട് നാരായണ മേനോന്റെ അച്ഛന്‍. പുരുഷോത്തമന്‍ നമ്പൂതിരി നാലപ്പാട്ട് വന്ന് സംബന്ധമായതാണ്. പിന്നീട് അദ്ദേഹം നാലപ്പാട്ടേക്ക് വന്നില്ല. മാധവിയമ്മയെ രണ്ടാമതൊരാള്‍കൂടി വിവാഹം കഴിച്ചു. അതാണ് കാട്ടുമാടം നമ്പൂതിരി. വലിയ താന്ത്രികനും മാന്ത്രികനുമൊക്കെയായിരുന്നു കാട്ടുമാടം. അദ്ദേഹമാണ് നാലപ്പാട്ട് നാരായണ മേനോനെ വളര്‍ത്തിയത്. അമ്മാവനെ അദ്ദേഹം തന്ത്രം പഠിപ്പിച്ചു. അമ്മാവന്‍ തന്റെ ഗുരുവായി കണ്ട് അദ്ദേഹത്തിന് ദീക്ഷ നല്‍കിയ കഥയൊക്കെ മുത്തശ്ശിമാര്‍ പറയുമായിരുന്നു.
അമ്മുക്കുട്ടിയമ്മയ്ക്ക് ഒരു മകള്‍- കൊച്ചുകുട്ടിയമ്മ. കൊച്ചുകുട്ടിയമ്മയെ വിവാഹം കഴിച്ചത് കുഞ്ഞുണ്ണി തമ്പുരാന്‍ എന്നയാളായിരുന്നു. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടായി- ബാലാമണിയമ്മയും അമ്മിണിയമ്മയും. കുഞ്ഞുണ്ണി തമ്പുരാന്‍ തന്റെ നാല്‍പത്തിയെട്ടാം വയസ്സില്‍ നാലപ്പാട്ട് കിടന്നാണ് അന്തരിക്കുന്നത്. അക്കാലത്ത് അത് പതിവില്ലാത്തതാണ്. കൊച്ചുകുട്ടിയമ്മയും കുഞ്ഞുണ്ണി തമ്പുരാനും വലിയ സ്‌നേഹത്തിലായിരുന്നു. അദ്ദേഹം അന്തരിച്ച് പത്തു മാസം കഴിഞ്ഞപ്പോഴാണ് ആമിയോപ്പു ജനിക്കുന്നത്. തന്റെ ഭര്‍ത്താവ് പുനര്‍ജനിച്ചതാണെന്ന് കൊച്ചുവമ്മമ്മ വിശ്വസിച്ചു. ആമിയോപ്പുവിനോട് എല്ലാവരേക്കാളും ഒരുപടി അധികം സ്‌നേഹം കൊച്ചുവമ്മമ്മയ്ക്കുണ്ടായിരുന്നു.

നാലപ്പാട്ടെ ഫാമിലി ട്രീ കൂടുതല്‍ പറഞ്ഞാല്‍ സങ്കീര്‍ണമാകും. നമ്മള്‍ പറഞ്ഞുവന്നത് നാരായണമേനോനെക്കുറിച്ചാണ്. നാരായണമേനോന്‍ നാലപ്പാട്ട് കുടുംബത്തിലെ ഏക ആണ്‍തരിയായി വളര്‍ന്നു. അദ്ദേഹം സംസ്‌കൃതഭാഷയില്‍ പരിജ്ഞാനം നേടി, ധാരാളം വായിച്ചു, എഴുതി, വിവര്‍ത്തനങ്ങള്‍ ചെയ്തു, പ്രശസ്തനായി. അക്കാലത്തെ എല്ലാ എഴുത്തുകാരും നിരൂപകരും പത്രാധിപരും നാലപ്പാട്ടേയ്ക്ക് വന്നുപോയുമിരുന്നു. 'നാലപ്പാട്ട് എന്നുപറയുമ്പോള്‍ മൂന്നു മുത്തശ്ശിമാരും വലിയമ്മാവനും മഹാത്മാഗാന്ധിയുമാണ് ഓര്‍മ വരിക' എന്ന് ആമിയോപ്പു തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
മഹാത്മാഗാന്ധിയായിരുന്നു അമ്മാവന് എല്ലാം. അദ്ദേഹത്തെ അനുസരിച്ചുകൊണ്ട് ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്ന ശീലം അമ്മാവനുണ്ടായിരുന്നു. ബാലാമണിയമ്മയും മുത്തശ്ശിമാരുമെല്ലാം ചര്‍ക്കയില്‍ നൂല് നൂല്‍ക്കുമായിരുന്നു. നൂല് നൂല്‍ക്കു മാത്രമല്ല, തൃശൂര്‍ പോയി അത് വില്‍ക്കുകയും വേണം. നാലപ്പാട്ടുകാര്‍ വലിയ ജന്മികളൊക്കെയാണ്. ധാരാളം നിലമൊക്കെയുണ്ട്. പക്ഷേ, അമ്മാവന് അതിലൊന്നും ശ്രദ്ധിക്കാന്‍ കഴിയില്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എഴുത്തും വായനയുമായിരുന്നു ഗൗരവമുള്ളത്. നാലാപ്പാട്ടെ കാര്യസ്ഥന്‍ നിലമെല്ലാം നോക്കിനടത്തി ആദായം അമ്മാവനെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്.
അമ്മാവന്റെ ചിരി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു. മനസ്സ് തുറന്ന് ചിരിക്കുമ്പോള്‍ അത് വലിയ ഉച്ചത്തിലായിരിക്കും. അതിഥി സത്ക്കാരപ്രിയനായിരുന്നു അമ്മാവന്‍. എന്നും വിരുന്നുകാര്‍ വരും അമ്മാവനെ കാണാന്‍. നാലപ്പാട്ടുള്ള ഭക്ഷണവും കൊടുത്ത് തറവാട്ടില്‍ത്തന്നെ ഉറങ്ങിയെന്നും വരും അവര്‍. അമ്മാവന് അതായിരുന്നു ഇഷ്ടം. അത്രയും സമയം കൂടി സാഹിത്യചര്‍ച്ചകള്‍ നടത്താമല്ലോ. ഇന്നത്തെ പോലെ റോഡുവികസനമൊന്നും എത്തിനോക്കിയിട്ടില്ല. മൈലുകളോളം നടന്നാണ് വരിക. അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ക്ക് ഏത് സമയവും കടന്നുവരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എം.ആര്‍.ബി., ജോസഫ് മുണ്ടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരൊക്കെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അമ്മാവന് കഥകളിയില്‍ വലിയ കമ്പമുണ്ടായിരുന്നു. കഥകളി മാത്രമല്ല, ഓട്ടംതുള്ളല്‍ അങ്ങനെയുള്ളതെല്ലാം എല്ലാ വര്‍ഷവും നാലപ്പാട്ട് വെച്ച് അമ്മാവന്‍ നടത്തുമായിരുന്നു. കാണാന്‍ കുറേപ്പേരുണ്ടാകും. ആമിയോപ്പുവിന്റെ കല്യാണത്തിന് ഒരു രാത്രിമുഴുവന്‍ കഥകളിയായിരുന്നു.
ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു-
നീരില്‍പ്പിടിച്ചൊരു കോട്ട കെട്ടി;
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ:
പ്രപഞ്ചമേ, നിയ്യിതുതന്നെയെന്നും!
കടല്‍പ്പുറത്തെപ്പൊടിമണ്ണടിച്ചു-
കൂട്ടുന്നു; തട്ടിക്കളയുന്നതിനൊപ്പം:
സനാതനം മാരുതനീശ്വരന്റെ
സര്‍ഗക്രമം കണ്ടുകുറിക്കയാമോ? മലയാള സാഹിത്യത്തിലെ ഏറ്റവും മഹത്തായ വിലാപകാവ്യം നാലപ്പാട്ട് നാരായണ മേനോന്റെ 'കണ്ണുനീര്‍ത്തുള്ളി'യാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും അടര്‍ന്നുവീണ ആ കണ്ണുനീര്‍ത്തുള്ളിയെക്കുറിച്ചുള്ള അകത്തളത്തിലെ സംസാരങ്ങള്‍ക്ക് സുലോചന നാലപ്പാട്ട് സാക്ഷിയായിരുന്നോ?
'കണ്ണുനീര്‍ത്തുള്ളി' മലയാളത്തിലെ കനപ്പെട്ട ഒരു കാവ്യം തന്നെയാണ്. അതിന്റെ പിന്നാമ്പുറക്കഥകള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നുതുമാണ്. നാലപ്പാട്ടെ പറമ്പിന്റെ അതിര്‍വേലി കഴിഞ്ഞാല്‍ അടുത്തത് ആമിയോപ്പുവിന്റെ ഭര്‍ത്താവായ ദാസേട്ടന്റെ തറവാടായ അമ്പാഴത്തേലായിരുന്നു. നാരായണ മേനോന് അമ്പാഴത്തേലുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. അത് ആമിയോപ്പു ദാസേട്ടനെ വിവാഹം കഴിക്കുന്നതിനും മുമ്പേയുള്ള കഥയാണ്. മാധവദാസിന്റെ അമ്മയ്ക്ക് ഒരു ചേച്ചിയുണ്ടായിരുന്നു. മാധവിയമ്മ എന്നായിരുന്നു അവരുടെ പേര്. നാരായണ മേനോനും മാധവിയമ്മയും വളരെ ചെറുപ്പം തൊട്ടേ കളിച്ചുവളര്‍ന്നവരാണ്. നാരായണ മേനോന്‍ അവരുമായി പ്രണയത്തിലായി. മാധവിയമ്മയെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂവെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. നാലപ്പാട്ടുകാര്‍ക്ക് ആ ബന്ധത്തിന് സമ്മതമുണ്ടായിരുന്നില്ല. അമ്പാഴത്തേലുകാര്‍ നാലപ്പാട്ടുകാരേക്കാളും ധനം കൊണ്ട് മികച്ചുനില്‍ക്കുന്നവരാണ്. മാധവിയമ്മയ്ക്ക് നാരായണമേനോനെക്കാളും രണ്ട് വയസ്സ് കൂടുതലായിരുന്നു. അതാണ് വിവാഹത്തിന് വിലങ്ങുതടിയായി നിന്നത്. എന്തു സംഭവിച്ചാലും മാധവിയമ്മയെത്തന്നെയേ വിവാഹം കഴിക്കുകയുള്ളൂവെന്ന് നാരായണമേനോന്‍ ഉറച്ചുനിന്നതോടെ അദ്ദേഹത്തിന്റെ അമ്മയും ചെറിയമ്മയും ബന്ധുക്കളുമെല്ലാം അയഞ്ഞു. അങ്ങനെ വിവാഹം കഴിഞ്ഞു. പത്തു മാസം കഴിഞ്ഞപ്പോള്‍ മാധവിയമ്മ പ്രസവിച്ചു. ആ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിച്ചു. അക്കാലത്തൊക്കെ വീട്ടില്‍നിന്നാണ് പ്രസവമെടുക്കുക. വയറ്റാട്ടിയും അറിയാവുന്ന സ്ത്രീകളും സഹായിക്കുകയാണ് പതിവ്. പക്ഷേ രണ്ടു ജീവനുകളും ഒന്നിനുപിറകെ ഒന്നായി നഷ്ടപ്പെട്ടു. മാധവിയമ്മ ആദ്യം മരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞും. നാരായണ മേനോന്‍ ആ സംഭവത്തോടെ പാടേ തകര്‍ന്നുപോയി. 'കണ്ണുനീര്‍ത്തുള്ളി' ആ സംഭവത്തെത്തുടര്‍ന്ന് എഴുതിയതാണ്.
അമ്മാവന്‍ പിന്നീട് സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എഴുത്തും വായനയും തന്നെയായിരുന്നു പ്രധാന ജോലി. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍, എഡ്വിന്‍ ആര്‍നോള്‍ഡിന്റെ പൗരസ്ത്യദീപം (ദ ലൈറ്റ് ഓഫ് ഏഷ്യ), രതിസാമ്രാജ്യം തുടങ്ങിയ പുസ്തകങ്ങളുടെ രചനയില്‍ മുഴുകുമ്പോള്‍ തന്റെ വ്യക്തിജീവിതത്തിലെ ദുഃഖങ്ങള്‍ നാലപ്പാട്ട് നാരായണമേനോന്‍ അതിജീവിച്ചിട്ടുണ്ടാകാം.
നാലപ്പാട്ട് രണ്ട് ബാലാമണിമാരുണ്ടായിരുന്നല്ലോ?
ഭാര്യ മരണപ്പെട്ട് പതിനാറ് വര്‍ഷക്കാലം നാരായണ മേനോന്‍ ഏകാന്തജീവിതം തുടര്‍ന്നു. ജീവിതത്തില്‍ ഒരു തുണ വേണ്ടതിനെക്കുറിച്ച് അദ്ദേഹത്തെ വളരെ അടുത്തറിയാവുന്ന സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ ഒരു വിവാഹം ആവാം എന്നദ്ദേഹം സമ്മതം മൂളി. അപ്പോഴാണ് അദ്ദേഹത്തിനെ വളരെക്കാലമായി മനസ്സില്‍ ആരാധിച്ചുനടക്കുന്ന ഒരു പെണ്‍കുട്ടിയെപ്പറ്റി നാട്ടിലെ സുഹൃത്തുക്കളിലൊരാള്‍ പറയുന്നത്. അങ്ങനെയൊരു സ്ത്രീയോ, താനറിഞ്ഞതേയില്ലല്ലോ എന്ന് അമ്മാവന്‍ അത്ഭുതപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടിയെ സുഹൃത്തുതന്നെ പരിചയപ്പെടുത്തി. അമ്മാവന്റെ മരിച്ചുപോയ പത്‌നി മാധവിയമ്മയുടെ ഏറ്റവും ഇളയ അനിയത്തി ബാലാമണി! അമ്മാവന്‍ ആ സ്‌നേഹത്തിന്റെ കഥകേട്ട് അമ്പരന്നു. അമ്മാവന്‍ കാണാന്‍ നല്ല സുന്ദരനും എഴുത്തും വായനയും ഉള്ളയാളും പ്രസിദ്ധനുമാണല്ലോ. ആ നിലയ്ക്ക് ധാരാളം സ്ത്രീകള്‍ക്ക് അദ്ദേഹത്തോട് ആരാധനയുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുടെ നിശബ്ദപ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നാരായണ മേനോന് ജീവിതത്തെക്കുറിച്ച് വീണ്ടും പ്രതീക്ഷയുണ്ടായി. വൈകാതെ തന്നെ ബാലാമണിയെ വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെയാണ് നാലപ്പാട്ട് രണ്ട് ബാലാമണിമാരുണ്ടാവുന്നത്. അവര്‍ വളരെ സ്‌നേഹസമ്പന്നയും വായന ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. നാരായണമേനോനുമായി നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. സന്തോഷകരമായ ഒരു ജീവിതം അമ്മാവന് മരണം വരെ അവര്‍ നല്‍കി.
രതിസാമ്രാജ്യം, ആര്‍ഷജ്ഞാനം എന്നീ കൃതികള്‍ എഴുതിയത് ഒരേയാള്‍ തന്നെയോ എന്ന അതിശയം നാലപ്പാട്ട് നാരായണമേനോന്റെ സര്‍ഗശേഷിയുമായി ചേര്‍ത്തുപറയാറുണ്ടല്ലോ
രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഗ്രന്ഥങ്ങളാണ് രതിസാമ്രാജ്യവും ആര്‍ഷജ്ഞാനവും. ആര്‍ഷജ്ഞാനം ആത്മീയതയുടെ അങ്ങേയറ്റമാണ്. ബ്രഹ്‌മനാണ് അതില്‍ കേന്ദ്രമായി നില്‍ക്കുന്നത്. ഭാരതത്തിലെ ഋഷിമാരുടെ ആര്‍ഷമായ ജ്ഞാനമാണ് അതില്‍ പറയുന്നത്. നാലപ്പാട്ട് തറവാട് ജീവിതത്തിലേക്ക് പകര്‍ന്നുതന്ന ഒരുപാട് നല്ല ഗുണങ്ങള്‍ ഉണ്ട്. ആരെയും എപ്പോഴും സ്വീകരിക്കാനുള്ള മനസ്സുണ്ടാവുക. ആരുടെയും സ്ഥാനമാനങ്ങള്‍ നോക്കാതെ പെരുമാറുക. ജാതിയോ, മതമോ ആളുകളുമായുള്ള ബന്ധത്തിന് വിലങ്ങാവാതിരിക്കുക...
നാലപ്പാട്ടെ ഒരു മുറിയില്‍ മൂന്നുഭാഗത്തും ചില്ലലമാരകളാണ്. അതില്‍ നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. ആ കാലത്ത് പൊതുവേ ലഭിക്കാത്ത എല്ലാത്തരം പുസ്തകങ്ങളും അമ്മാവന്‍ എത്ര പണം മുടക്കിയും വാങ്ങിവെക്കുമായിരുന്നു. വിശ്വസാഹിത്യത്തില്‍ പുറത്തിറങ്ങുന്ന എല്ലാ കൃതികളും അമ്മാവന്റെ അടുത്തെത്തിയിരിക്കും. ആളുകള്‍ തീര്‍ഥാടനത്തിനെന്നപോലെ അറിവു തേടുന്ന കാലമാണ്. വരുന്ന ആളുകള്‍ക്കെല്ലാം പറയാനുണ്ടാവുക പുതിയ പുസ്തകത്തെക്കുറിച്ചും എഴുത്തിലും സാഹിത്യത്തിലും സംഭവിച്ച നേരിയ ചലനങ്ങളെക്കുറിച്ചു പോലുമായിരിക്കും. അത്രയ്ക്ക് കണിശതയോടെ സാഹിത്യത്തെ നിരീക്ഷിച്ച ഒരു തലമുറയാണ് അമ്മാവന്റേത്.
ആര്‍ഷജ്ഞാനം എഴുതിയ നാലപ്പാട്ട് നാരായണമേനോന്റെ സ്വാധീനം ബാലാമണിയമ്മയിലും രതിസാമ്രാജ്യം എഴുതിയ വല്യമ്മാവന്റെ സ്വാധീനം മാധവിക്കുട്ടിയിലും കാണാം.
നാരായണമേനോനില്‍ നിന്നാണോ നാലപ്പാട്ടെ സാഹിത്യതലമുറയുടെ ഉദ്ഭവം?
നമുക്കെല്ലാം അറിയാവുന്നത് നാലപ്പാട്ട് നാരായണ മേനോന്റെ സാഹിത്യപരിശ്രമങ്ങളും വിജയവുമാണ്. നാരായണ മേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മ, ഞങ്ങളുടെ അമ്മമ്മ, അവസാനകാലത്ത് പക്ഷാഘാതം വന്ന് മൂന്നാലുമാസം കിടപ്പുതന്നെയായിരുന്നു. കൊച്ചുകുട്ടിയമ്മമ്മ മരിച്ചപ്പോള്‍ അവരുടെ മുറിയില്‍ നിന്നും ഒരു എഴുത്തുപെട്ടി കിട്ടുകയുണ്ടായി. പേന വെക്കാനും പേപ്പര്‍ വെക്കാനും എഴുതാന്‍ സൗകര്യമുള്ളതുമായ മൂന്നാല് അറകളോടുകൂടിയ ഒരു പെട്ടി. ആ പെട്ടി തുറന്നപ്പോള്‍ അമ്മമ്മ എഴുതിയിട്ടുള്ള ഒരു കവിത ഞങ്ങള്‍ക്കുകിട്ടി.
മധുമഥന ഭവാന്‍തന്‍ മായയാമിപ്രപഞ്ചം
മധുരതര, മിതെന്നും കൈവിടാന്‍ വയ്യയെന്നും
വ്യഥയൊടു മനതാരില്‍ ഭീതയായീടുമെന്നില്‍
സുധസമമൊഴുകട്ടെ ജ്ഞാനദിവ്യപ്രഭാവം
അമ്മമ്മയുടെ എഴുത്ത് വളരെ സ്വകാര്യമായിരുന്നിരിക്കണം. കാലപ്പഴക്കം കൊണ്ട് തീരേ മഞ്ഞച്ചപോയ പഴയൊരു കടലാസില്‍ പെന്‍സില്‍ കൊണ്ടാണ് എഴുതിയിരിക്കുന്നത്. അന്നൊക്കെ പെന്‍സില്‍ കൊണ്ടാണ് എഴുതുന്നത്. അക്ഷരങ്ങള്‍ നാലപ്പാട്ട് തറവാടിനു കിട്ടിയ അനുഗ്രഹമാണ്. അമ്മാവനെ കാണാന്‍ വരുന്നവരുടെ സാഹിത്യചര്‍ച്ചകള്‍ കേള്‍ക്കാനായി നാലപ്പാട്ടെ സ്ത്രീകളും വന്നുനില്‍ക്കുമായിരുന്നു. ബാലാമണിയമ്മയ്ക്കും മാധവിക്കുട്ടിക്കും എഴുതാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും നാരായണ മേനോന്‍ ഒരു പ്രചോദനമായി നിന്നിരുന്നു എന്നതില്‍ സംശയമില്ല.
നാലപ്പാട്ടുകാര്‍ അതിസമ്പന്നരായിരുന്നില്ലേ?

നാലപ്പാട്ടെ ആളുകള്‍ക്ക് എഴുത്തും വായനയുമല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. സ്വത്തുക്കളൊന്നും അവരുടെ ചിന്തയിലോ പ്രവൃത്തിയിലോ കടന്നുവരാത്ത വിഷയമാണ്. ധനത്തിലോ ആഡംബരത്തിലോ ഒരു കമ്പവുമില്ലാത്തവര്‍. അമ്മാവന് കൃഷിയിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒരു കാര്യസ്ഥനുണ്ടായിരുന്നു. അയാള്‍ക്കായിരുന്നു കഷ്ടപ്പാട് മുഴുവന്‍. നാലപ്പാട് കടംവന്ന് മുടിഞ്ഞുപോയ തറവാടാണ്. അമ്മയെ വിവാഹം കഴിച്ചതിനുശേഷം തറവാടിന്റെ മുഴുവന്‍ കടവും വീട്ടിത്തീര്‍ത്തത് വി.എം. നായരാണ്. കവിത എഴുതുന്ന ഒരു കുട്ടി നാലാപ്പാട്ട് ഉണ്ട് എന്നു കേട്ടറിഞ്ഞാണ് വി.എം. നായര്‍ ബാലാമണിയമ്മയെ കാണാന്‍ ചെല്ലുന്നത്. ബാലാമണിയമ്മയ്ക്ക് ചെറുപ്പം മുതലേ അപസ്മാരമുള്ളതാണ്. വയ്യാത്ത കുട്ടിയെ ഇഷ്ടമായില്ലെങ്കില്‍ അനിയത്തിയെ വി.എം. നായര്‍ക്ക് കല്യാണം കഴിച്ചുകൊടുക്കാനും നാലാപ്പാട്ടുകാര്‍ തയ്യാറായിരുന്നു. അദ്ദേഹത്തിന് ബാലാമണിയമ്മയെയാണ് ഇഷ്ടമായത് എന്നൊക്കെയാണ് കഥ.
നാലപ്പാട്ടെ പടിഞ്ഞാറെ പറമ്പില്‍ എന്റെ അച്ഛന്‍ കുറച്ച് സ്ഥലം വാങ്ങി ഒരു വീട് പണിതു- സര്‍വോദയ. നാലപ്പാട്ട് തറവാട് കടം വന്ന് ക്ഷയിച്ചപ്പോള്‍ അച്ഛന്‍ പണം കൊടുത്ത് വാങ്ങിച്ചതാണ്. തറവാട് ആമിയോപ്പുവിനാണ് കൊടുത്തത്. അങ്ങനെയാണ് ആമിയോപ്പുവിന്റെ വിഹിതമായി അത് മാറിയത്. സര്‍വോദയ എനിക്കും തന്നു. പെണ്‍കുട്ടികള്‍ക്കാണ് അന്ന് വീടും തറവാടുമൊക്കെ കൊടുക്കുക. ഞങ്ങള്‍ക്കു കിട്ടിയ വിഹിതം വില്‍ക്കുകയാണ് ചെയ്തത്.
വീടിനോട് വൈകാരികമായ അടുപ്പമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ലേ?
അങ്ങനെയാന്നും ആര്‍ക്കുമില്ലായിരുന്നു. ആമിയോപ്പു മതം മാറിയപ്പോള്‍ ഞങ്ങളാരെങ്കിലും എന്തെങ്കിലും പറഞ്ഞോ? നാട്ടുകാര്‍ക്കായിരുന്നല്ലോ പ്രയാസം. ബാലാമണിയമ്മയ്ക്ക് ഭൗതികസ്വത്തുക്കളോടും സമ്പത്തിനോടുമൊന്നും ഒരു തരത്തിലുള്ള വൈകാരിക അടുപ്പവുമില്ലായിരുന്നു. ആമിയോപ്പുവിന്റെ സ്വത്ത് ആമിയോപ്പുവിന് ഇഷ്ടംപോലെ ചെയ്യാം. എന്റെ സ്വത്ത് എനിക്ക് തോന്നിയതുപോലെയും. സര്‍വോദയ ഞാന്‍ വില്‍ക്കുകയാണ് ചെയ്തത്. തറവാടും പാമ്പിന്‍കാവുമെല്ലാം ആമിയോപ്പു അക്കാദമിക്ക് സംഭാവന ചെയ്തു. തറവാട്ടില്‍ കിടന്നു യാത്രയാവണം എന്നൊന്നും ചിന്തിക്കുന്ന ആളേയല്ലായിരുന്നു ബാലാമണിയമ്മ. എവിടെയായാലും സമാധാനത്തോടെ ഇരിക്കണമെന്നേയുള്ളൂ. അമ്മാവന്റെ കാലത്ത് കുറേപ്പേര്‍ നാലപ്പാട്ടുണ്ടായിരുന്നു. പിന്നീടുള്ള തലമുറ അങ്ങനെയല്ലല്ലോ. ആളുകള്‍ കുറയുമ്പോള്‍ എന്തിനാണ് വലിയ വീട്?

പക്ഷേ, മലയാള സാഹിത്യത്തില്‍ എക്കാലവും നാലപ്പാട്ട് തറവാട് അനശ്വരമായ ഒന്നാണ്
നാലപ്പാട്ട് ഉണ്ടായിരുന്ന ധനം വിദ്യാധനമായിരുന്നു. പുതിയതായി ഇറങ്ങുന്ന പുസ്തകം സ്വന്തമാക്കണം എന്നതൊഴിച്ചാല്‍ ആര്‍ഭാടം ഒന്നുമില്ല. എഴുതി പണമുണ്ടാക്കാം എന്നു കരുതിയിട്ടുമില്ല. ഒരു ജന്മം മുഴുവനായും എഴുതുക, വായിക്കുക, ജ്ഞാനം സമ്പാദിക്കുക, കല ആസ്വദിക്കുക...അതായിരുന്നു നാലപ്പാട്ട് നാരായണ മേനോന്‍. വ്യക്തിവ്യസനങ്ങളെ അദ്ദേഹം അതിജീവിച്ചത് എഴുത്തിലൂടെയാണ്. അമ്മാവന് അതിജീവിക്കാന്‍ കഴിയാതെ പോയത് പ്രമേഹത്തെയായിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്നു അമ്മാവന്‍. ഡയബറ്റിസിന് അന്ന് ഇന്‍സുലിന്‍ മാത്രമേ ചികിത്സയായിട്ടുണ്ടായിരുന്നുള്ളൂ. അവസാനനാളുകളില്‍ അതികഠിനമായ വേദനയനുഭവിച്ചു. എങ്കിലും വായന മുടക്കിയിരുന്നില്ല. ആര്‍ഷജ്ഞാനം എഴുതുന്ന കാലത്ത് അമ്മാവന്‍ പലപ്പോഴും അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു. അക്കാലത്തൊക്കെ അമ്മാവന്‍ പറയുന്നത് കേട്ടെഴുതാന്‍ എന്റെ അമ്മ അടുത്തുതന്നെ ഇരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുറേ കേട്ടെഴുതി സഹായിക്കുമായിരുന്നു. ആര്‍ക്കാണോ ഒഴിവുള്ളത് അവരാണ് അമ്മാവനെ കേട്ടെഴുതാനിരിക്കുക. 1954 ഒക്ടോബര്‍ മുപ്പത്തിയൊന്നിന്, അറുപത്തിയേഴാം വയസ്സില്‍ അദ്ദേഹം ഓര്‍മയായി. ഒരു നോക്കുകാണാന്‍ മാത്രം നിയോഗമുള്ളതുപോലെ ജനിച്ചയുടന്‍ യാത്രയായ കുഞ്ഞും പ്രസവത്തോടെ മരിച്ചുപോയ പത്‌നിയും ഒരു കണ്ണീര്‍ത്തുള്ളിയായി ആ മനസ്സിലും ജീവിതത്തിലും എക്കാലവും ഉറഞ്ഞുകിടന്നിരുന്നു.
Content Highlights: Sulochana Nalapat, Nalapattu NarayanaMenon, Mathrubhumi, Shabitha
Published: 10 Oct 2023, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented