
നൃത്തരംഗത്ത് ആറുപതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന കലാമണ്ഡലം സരസ്വതി നൃത്തം, ജീവിതം, നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
കഴിഞ്ഞ ആറുപതിറ്റാണ്ടുകാലമായി നൃത്തരംഗത്ത് സജീവമാണ് കലാമണ്ഡലം സരസ്വതി ടീച്ചര്‍. 1965-ല്‍ കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ പതിനഞ്ചാം വയസ്സുമുതല്‍ കാലുകള്‍ക്ക് വിശ്രമം നല്‍കിയിട്ടില്ല. നര്‍ത്തകിയായും അധ്യാപികയായും ഈ മേഖലയില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
നൃത്തരംഗത്ത് അറുപതാണ്ട് പിന്നിട്ടിരിക്കുന്നു എന്നത് വളരെയേറെ സന്തോഷം തരുന്നകാര്യമാണ്. എന്റെ നൃത്തവിദ്യാലയമായ നൃത്യാലയ അമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒട്ടനേകം കുട്ടികളെ ഇക്കാലയളവില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഈയവസരത്തില്‍ മനസ്സാ നമിക്കുന്നു. എന്റെ പത്താം വയസ്സിലാണ് അച്ഛന്റെ പിറകേ ഒരു പെട്ടിയും തൂക്കി ഞാന്‍ കലാമണ്ഡലത്തിലേക്ക് കയറിച്ചെന്നത്. അച്ഛനുമാത്രമായിരുന്നു ഞാന്‍ ഒരു നര്‍ത്തകിയായിത്തീരണം എന്ന നിര്‍ബന്ധമുണ്ടായിരുന്നത്. എന്റെ അമ്മയെയും സഹോദരങ്ങളെയും വിട്ട്, സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് നൃത്തം മാത്രമുള്ള ഒരിടത്ത് താമസിച്ച് പഠിക്കാന്‍ എനിക്ക് ഒട്ടുമേ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ കലാമണ്ഡലത്തില്‍ ചെന്ന് രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ ഞാന്‍ അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. താളങ്ങളും അടവുകളും സംഗീതവും സദാ നിറഞ്ഞുനില്‍ക്കുന്ന ഒരു അന്തരീക്ഷം. വിദ്യാര്‍ഥികളില്‍ വലിപ്പം കൊണ്ടും വയസ്സുകൊണ്ടും ഏറ്റവും ചെറുതായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എല്ലാവരും സ്നേഹവാത്സല്യങ്ങള്‍ വാരിക്കോരി തന്നു. കലാമണ്ഡലമാണ് എന്റെ ജീവിതത്തിന്റെ അടിത്തറ പാകിയത്. അന്നത്തെ പത്തുവയസ്സുകാരിക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറം കലാമണ്ഡലത്തിലെ ഡീന്‍ ആയി സേവനം ചെയ്യാന്‍ കഴിയുന്നുവെന്നതില്‍ അഭിമാനിക്കുന്നുമുണ്ട്.
മോഹിനിയാട്ടവും കുച്ചിപ്പുടിയും അവതരിപ്പിക്കുമെങ്കിലും ഭരതനാട്യത്തോടാണ് ടീച്ചര്‍ക്ക് പ്രത്യേക സ്നേഹം.
ഭരതനാട്യം എന്റെ ജീവനില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. എനിക്കതില്‍ പ്രധാനമായും കടപ്പാടുള്ളത് എന്റെ ഗുരു ഭാസ്‌കരറാവു മാസ്റ്ററോടാണ്. അദ്ദേഹത്തിന് ഭരതനാട്യത്തോടുണ്ടായിരുന്ന അഭിനിവേശം എനിക്ക് പറഞ്ഞുതരാനറിയില്ല. അടവുകള്‍ കൃത്യമായി ചെയ്തിരിക്കണം എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. എപ്പോഴും എന്നെ പിടിച്ച് മുമ്പില്‍ നിര്‍ത്തുമായിരുന്നു. 'സര..സ്വതി' എന്ന് ഉറക്കെ വിളിക്കുമ്പോളേക്കും ഞാന്‍ തയ്യാറായി നിന്നിരിക്കണം. സീനിയര്‍ വിദ്യാര്‍ഥികള്‍ അടവുകള്‍ ചെയ്യുമ്പോള്‍ അവരെ കണ്ടുപഠിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും മാസ്റ്റര്‍. കലാമണ്ഡലത്തില്‍ നിന്നും ഞാന്‍ പഠിച്ചിറങ്ങിയതിനുശേഷം എന്നെ കൂടുതല്‍ സഹായിച്ചതും ഭാസ്‌കര റാവു മാഷായിരുന്നു. പരിപാടികള്‍ക്കായി അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം നിരന്തരം പുതുക്കലുകള്‍ നടത്തിക്കൊണ്ടേയിരിക്കുമായിരുന്നു. അതെല്ലാം എനിക്കും പകര്‍ന്നുതന്നു. ഒരു നൃത്താധ്യാപികയാവാനുള്ള ഉത്സാഹം എനിക്ക് ലഭിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. അക്കാലത്ത് ഭരതനാട്യവും മോഹിനിയാട്ടവുമായിരുന്നു കലാമണ്ഡലത്തില്‍ പ്രധാനമായും പരിശീലിപ്പിച്ചിരുന്നത്. മോഹിനിയാട്ടവും കുച്ചിപ്പുടിയും ഞാന്‍ പിന്നീട് എനിക്കാവശ്യം വന്നപ്പോള്‍ പഠിച്ചെടുത്തതാണ്. ഭാസ്‌കരറാവു മാസ്റ്റര്‍ തന്ന അടിസ്ഥാനപാഠമാണ് ഭരതനാട്യത്തില്‍ ഞാന്‍ പിന്തുടരുന്നത്. തുടര്‍ന്ന് പഠിക്കാനും വേദികള്‍ പങ്കിടാനും എനിക്ക് പ്രചോദനം നല്‍കിയത് ഗുരു പത്മാസുബ്രഹ്‌മണ്യമായിരുന്നു. പിന്നീട് ചിത്ര വിശ്വേശ്വരന്റെയടുക്കല്‍ പഠിച്ചു. കുച്ചിപ്പുടി വെമ്പട്ടി ചിന്നസത്യം സാറിന്റെയടുക്കല്‍ പോയി പഠിച്ചു. നൃത്തം പഠിക്കാനായി ലോകത്തിന്റെ ഏതറ്റം വരെയും എന്തുയാതനകളും സഹിച്ച് പോകാന്‍ ഞാന്‍ തയ്യാറാണ്.
അന്ന് കലാമണ്ഡലത്തില്‍ എനിക്ക് സ്വന്തമായി ഒരു ചേച്ചിയുണ്ടായിരുന്നു. തിരൂര്‍ക്കാരിയായ അഞ്ജനം ചേച്ചി. അസാധ്യമായി നൃത്തം ചെയ്യും. അഞ്ജനം ചേച്ചി നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യണം എന്നതായിരുന്നു എല്ലാകുട്ടികളുടെയും ആഗ്രഹം. അവര്‍ക്കൊപ്പം എല്ലായ്പ്പോഴും ഒട്ടിപ്പറ്റി നില്‍ക്കുന്നത് എന്റെ ശീലമായിരുന്നു. കലാമണ്ഡലത്തില്‍ ഒരു പായയാണ് ഓരോരുത്തര്‍ക്കും സ്വന്തമായിട്ടുണ്ടായിരുന്നത്. രാത്രിയാവുമ്പോളേക്കും എല്ലാവരും തങ്ങള്‍ക്ക് കിടക്കാനുള്ള ഇടം പിടിച്ചിട്ടുണ്ടാവും. അവര്‍ക്കിടയിലെ തീരേ ഇളയതായ ഞാന്‍ എന്റെ പായയും പിടിച്ച് കിടക്കാന്‍ സ്ഥലത്തിനായി പരതിനടക്കും. ചുവരരിക് പറ്റി കിടക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് എന്ന തോന്നലുണ്ടാവുമായിരുന്നു. പക്ഷേ അത്താഴമൊക്കെ കഴിഞ്ഞ് ഞാനെത്തുമ്പോഴേക്കും ചുവരരികെല്ലാം നേരത്തേതന്നെ മറ്റുള്ളവര്‍ കരസ്ഥമാക്കിയിട്ടുണ്ടാവും. പായയും പിടിച്ച് ഞാന്‍ മുഖം താഴ്ത്തി നില്‍ക്കുമ്പോള്‍ അഞ്ജനം ചേച്ചി അടുത്തേക്ക് വിളിച്ച് കിടത്തും. ഒരു കുഞ്ഞുസഹോദരിയെപ്പോലെ എന്നെ കൊണ്ടുനടന്നത് അഞ്ജനം ചേച്ചിയായിരുന്നു. അവര്‍ നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യാനും അവരെ അനുകരിച്ച് നടക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചിക്ക് സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്നു. നന്നായി പാടുകയും ചെയ്യും. അഞ്ജനം ചേച്ചിയുടെ സ്വാധീനവും എന്റെ നൃത്തജീവിതത്തില്‍ വളരെയധികമുണ്ട്.

അഞ്ജനം ഇപ്പോള്‍ വലിയ നര്‍ത്തകിയാണോ?
അതാണ് ഞങ്ങളുടെ മേഖലയുടെ കുഴപ്പം. കലാമണ്ഡലത്തില്‍ എനിക്ക് മുമ്പേയും എന്നോടൊപ്പവും എനിക്കുശേഷവും പഠിച്ചിറങ്ങിയവരെല്ലാം നൃത്തത്തില്‍ ശോഭിച്ചിരുന്നുവെങ്കില്‍ ഇന്ന് സാംസ്‌കാരിക കേരളത്തില്‍ നൃത്തത്തിന്റെ പ്രാധാന്യം എത്ര മഹത്തരമാകുമായിരുന്നു! എത്രയെത്ര നര്‍ത്തകരുണ്ടാവുമായിരുന്നു. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നൃത്തം ഒരു പഠനവിഷയമായി മാറുമായിരുന്നില്ലേ. ബഹുഭൂരിപക്ഷം നൃത്തവിദ്യാര്‍ഥികളെയും പോലെ അഞ്ജനം ചേച്ചിയും നല്ല മാര്‍ക്കോടെ കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങി. വളരെ കുറച്ചുകാലം പ്രൈവറ്റായി നൃത്തപഠനം നടത്തിപ്പോന്നു. പിന്നെ വിവാഹിതയായി, കുടുംബമായി, കുട്ടികളായി, സ്വസ്ഥം ഗൃഹഭരണമായി. കലാമണ്ഡലത്തില്‍ അഞ്ജനമില്ലാതെ ഒരൊറ്റ നൃത്തപരിപാടി ആര്‍ക്കും ആലോചിക്കാന്‍ കഴിയില്ലായിരുന്നു. നാല്‍പത്തിയഞ്ച് മിനിറ്റ് നീളുന്ന നൃത്തമൊക്കെ വളരെ അനായാസം സ്റ്റേജില്‍ കളിക്കുമായിരുന്നു. ഭരതനാട്യത്തിന് അഞ്ജനം ചേച്ചിയുടെ മുഖമല്ലാതെ ആര്‍ക്കും അക്കാലത്ത് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും അഞ്ജനം ചേച്ചിയായാല്‍ മതി എന്നായിരുന്നു എന്നെപ്പോലുള്ള കുട്ടികളെല്ലാം അന്ന് ആഗ്രഹിച്ചിരുന്നത്.
അക്കാര്യത്തില്‍ ടീച്ചര്‍ ഭാഗ്യവതിയല്ലേ
ഏറെ ഭാഗ്യവതിയാണ്. നൃത്തം കൊണ്ടാണ് എന്റെ കുടുംബത്തെ ഞാന്‍ സഹായിച്ചത്. നൃത്തപഠനം കഴിഞ്ഞ് ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും അച്ഛന്‍ രോഗം കൊണ്ടും പ്രായം കൊണ്ടും അവശനായിരുന്നു. പതിനാറാം വയസ്സുമുതല്‍ ഞാന്‍ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. അച്ഛന്റെ മരണശേഷം വീട്ടിലെ ബാധ്യതകള്‍ എടുക്കപ്പേറെയുണ്ടായിരുന്നു. സഹോദരങ്ങളുടെ പഠനവും വീട്ടിലെ കാര്യങ്ങളുമെല്ലാം എന്റെയും കൂടി ഉത്തരവാദിത്തമായിരുന്നു. അതിനെല്ലാം എന്നെ സഹായിച്ചത് നൃത്തമാണ്. കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം ഞാനും കൂടുതല്‍ പഠിച്ചു. അക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ ആത്മകഥയായ 'സാരസ്വത'ത്തില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ നൃത്തമേഖല ഇപ്പോഴും കരകയറാത്ത ഒന്നാണെന്ന് തോന്നിയിട്ടുണ്ടോ?
ഉത്സവം, വാര്‍ഷികാഘോഷ ഉദ്ഘാടനം. ഇവിടെ കഴിഞ്ഞു കേരളത്തിലെ നൃത്തസാധ്യതകള്‍. നൃത്തത്തെ പൂര്‍ണമായും ഉപാസിക്കുന്നവരുടെ എണ്ണവും ഗുണവും ഗണ്യമായി കുറയാനുള്ള കാരണവും ഇതുതന്നെയാണ്. നമ്മുടെ കുട്ടികള്‍ക്ക് കായികപരിശീലനത്തിനുള്ള സമയം സ്‌കൂളുകളില്‍ അനുവദിക്കുന്നുണ്ട്. സ്പോര്‍ട്സ് ഡേ പോലെത്തന്നെ ആര്‍ട്സ് ഡേയുമുണ്ട്. പക്ഷേ കായികാധ്യാപകന്റെ പോസ്റ്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ എന്തുകൊണ്ട് നൃത്താധ്യാപകരുടെ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യുന്നില്ല? നൃത്തമത്സരങ്ങള്‍ക്കുപോകുന്ന കുട്ടികള്‍ ഭീമമായ ചെലവില്‍ എല്ലാം പുറത്തുനിന്നും തേടുകയല്ലേ ചെയ്യുന്നത്? പ്രൈവറ്റ് ക്ലാസുകള്‍ വിശ്രമമില്ലാതെ ഓടിനടന്ന് എടുത്തയാളാണ് ഞാന്‍. മാതാപിതാക്കള്‍ വഹിക്കുന്ന ഭീമമായ ചെലവ് എനിക്ക് നന്നായിട്ടറിയാം. തമിഴ്നാട് ഭരതനാട്യത്തിന് കൊടുക്കുന്ന പ്രാധാന്യമോ, ആന്ധ്ര കുച്ചിപ്പുടിക്ക് നല്‍കുന്ന പ്രാധാന്യമോ നമ്മുടെ ക്ലാസിക്കല്‍ നൃത്തരൂപമായ മോഹിനിയാട്ടത്തിന് കേരളത്തില്‍ ലഭിക്കുന്നുണ്ടോ? വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലി നേടിയെടുത്ത് വേഗം തന്നെ കുടുംബവുമായി ജീവിക്കുക എന്നതാണ് ജീവിതത്തിലെ വലിയ വിജയമായി നമ്മള്‍ കാണുന്നത്. പക്ഷേ കലയെ മഹത്തായി കാണുന്നവര്‍ ഈ സൗഭാഗ്യങ്ങളോടെല്ലാം മുഖം തിരിക്കുന്നു. ഭാവി ദുസ്സഹമായിരിക്കും എന്നറിഞ്ഞുകൊണ്ട് റിസ്‌ക് എടുക്കുന്നവര്‍ കുറവാണ്. സര്‍ക്കാറിന് കുറേയൊക്കെ ചെയ്യാന്‍ പറ്റും. നൃത്തം ഏകാഗ്രതയും ശാരീരികമായി നല്ല വ്യായാമവും തരുന്ന കലയാണ്. കുട്ടികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരു പ്രായം വരെ പഠിച്ചിരിക്കേണ്ടതുമാണ്.
കലാമണ്ഡലം കല്‍പിത സര്‍വകലാശാലയായില്ലേ? നിരവധി കലകള്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള ഇടം നമുക്കുണ്ടല്ലോ. ഡീന്‍ എന്ന നിലയില്‍ എങ്ങനെയാണ് കലാമണ്ഡലത്തെ നോക്കിക്കാണുന്നത്?
അവിടെയെത്തിപ്പെടുന്ന കുട്ടികള്‍ എത്രപേരുണ്ടാകും? ഒരു സ്ഥാപനത്തില്‍ പഠിപ്പിക്കുന്നതും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതും തമ്മില്‍ വലിയ അന്തരമില്ലേ? നൃത്തമാണ് ഇനി തന്റെ കരിയര്‍ എന്ന് തീരുമാനിച്ചുറപ്പിക്കുന്ന കുട്ടികള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവുമൊക്കെ ചെയ്യാനുള്ള സാധ്യതകള്‍ കലാമണ്ഡലം ഒരുക്കിയിട്ടുണ്ട്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. ഹൈസ്‌കൂള്‍ തലം മുതല്‍ കലാമണ്ഡലത്തില്‍ ചേരുന്ന കുട്ടികള്‍ രണ്ട് ടാസ്‌കുകള്‍ ഒരേ സമയം നേരിടേണ്ടിവരുന്നുണ്ട്. സ്‌കൂള്‍ സിലബസ്സിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല. അതോടൊപ്പം നൃത്തവും പരിശീലിക്കണം. സമയപരിധി വളരെയധികമുണ്ട്. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റുമായി ജോലി തേടുക എന്നതാണ് എല്ലാവരുടെയും ശ്രമം. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങി ഈ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു കുട്ടിയെ പത്തുകൊല്ലത്തിനിപ്പുറം കണ്ടെത്താന്‍ കഴിയുമോ എന്നത് ഞങ്ങള്‍ നേരിടുന്ന വലിയൊരു ചോദ്യമാണ്. ജോലി നേടുക എന്നത് ജനിച്ചുവീഴുമ്പോഴേ കുട്ടികളുടെ ഉള്ളില്‍ തറഞ്ഞുകിടക്കുന്ന ഒരു പ്രതിസന്ധിയായി മാറുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കലാകാര്‍ക്ക് നിരാശയില്ലാതെ ജീവിക്കാനുള്ള പദ്ധതികളൊന്നും നമ്മള്‍ ആസൂത്രണം ചെയ്തിട്ടില്ല.
കേരളത്തിലെ നൃത്ത പഠനം എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്?
പ്ലസ് ടുവരെ ഇവിടെ സൗജന്യവും സാര്‍വത്രികവുമായിട്ടുള്ള വിദ്യാഭ്യാസ പദ്ധതിയുണ്ടല്ലോ. അതില്‍ നൃത്തവും സംഗീതവുമെല്ലാം ഒരു നിര്‍ബന്ധ വിഷയമായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. പ്ലസ്ടു തലത്തില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിവയ്ക്കുപുറമേ പെര്‍ഫോമിങ് ആര്‍ട്സ് കുറച്ചധികം സ്‌കൂളുകളില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. യോഗ്യതയുള്ള അധ്യാപകര്‍ ഇവിടെ ഇഷ്ടംപോലെയുണ്ട്. അധ്യാപകനിയമനത്തിലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, പി.എസ്.സി വഴി, അവരെ നിയമിച്ചാല്‍ മതി. ഉന്നത വിദ്യാഭ്യാസം നൃത്തത്തിലും ഇതര കലകളിലും തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് കലാമണ്ഡലത്തില്‍ സൗകര്യം ധാരാളമുണ്ട്. കലാമണ്ഡലം ആ രീതിയില്‍ അക്കാദമികമായും ഭൗതികമായും ഉയര്‍ന്നുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അക്കാലത്തെ മിക്ക നര്‍ത്തകിമാരും പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങിയവരാണ്
അതൊക്കെ ഓരോരുത്തരുടെ അഭിരുചിയല്ലേ. എനിക്ക് നര്‍ത്തകി ആയാല്‍ മതി എന്ന് തീരുമാനിച്ചിരുന്നു. സിനിമ വെച്ചുനീട്ടിയ പ്രലോഭനത്തെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞത് നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതുകൊണ്ടാണ്. എന്റെ പ്രിയ അധ്യാപകന്‍ ഭാസ്‌കരറാവു മാസ്റ്റര്‍ എന്നോടും കലാമണ്ഡലം ലീലാമ്മയോടും എം.ടിയുടെ 'നിര്‍മാല്യ'ത്തില്‍ ഒരു മോഹിനിയാട്ടം അവതരിപ്പിക്കണം എന്നു പറഞ്ഞു. അത് ഞങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. സിനിമയെ അവിടെ വെച്ചുനിര്‍ത്തി. നൃത്തം മാത്രമായിരുന്നു എന്റെ മനസ്സിലുള്ളത്. ഒരുപാട് സ്റ്റേജുകളില്‍ നൃത്തമവതരിപ്പിക്കണം, പുതിയത് പഠിക്കണം, നല്ല ഡാന്‍സറാവണം...കുടുംബത്തിന് ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ കഴിയണം. അത്രയൊക്കെ മോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ.
എം.ടി നൃത്തം കാണാറുണ്ടായിരുന്നോ?
എം.ടി നല്ല ഒരു കലാസ്വാദകനാണ്. ഉള്ളിന്റെയുള്ളില്‍ ഒരു സംഗീതമുണ്ട്. സംഗീതം വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. അതുപോലെ തന്നെ സിനിമകളുടെ പശ്ചാത്തലസംഗീതം. വളരെയധികം ക്ഷമയോടെ കേട്ടിരുന്ന് തീരുമാനിക്കുന്നതാണ്. എന്റെ നൃത്തം ആസ്വദിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എഴുത്തിനെക്കുറിച്ചും നൃത്തത്തെക്കുറിച്ചുമൊന്നും ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ല. ഞാനൊരു മികച്ച വായനക്കാരിയൊന്നുമല്ല. അപ്പോള്‍പ്പിന്നെ എന്റെ നൃത്തം കണ്ടിരുന്നോ, നന്നായോ എന്നൊക്കെ ചോദിക്കാന്‍ പാടില്ലല്ലോ. വിവാഹത്തിന് മുമ്പ് ഞാന്‍ എങ്ങനെയാണോ എന്റെ കരിയറുമായി ഓടിനടന്നിരുന്നത് അത് വിവാഹശേഷവും തുടരാനായതിലും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭിച്ചതിലും എം.ടിയുടെ നിസ്വാര്‍ഥ സഹകരണമുണ്ട്.

എം.ടിയുടെ സിനിമകളില്‍ നല്ല പാട്ടുകള്‍ ധാരാളമുണ്ട്. അത് ആവിഷ്‌കാരം ചെയ്യാന്‍ നര്‍ത്തകിയായ ഭാര്യയുടെ സഹകരണം അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?
ഉണ്ടായിരുന്നോ?, ചോദിച്ചാലല്ലേ അറിയൂ. ചില സിനിമകൾക്കായി അഭിനേതാക്കളെ തേടുമ്പോള്‍ എന്നോടുകൂടി ചര്‍ച്ചചെയ്യാം എന്നുതോന്നിയത് പറഞ്ഞിട്ടുണ്ടാവും. അതിനപ്പുറം സിനിമ, എഴുത്ത്, നോവല്‍, കഥ, യാത്ര എന്നതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടിയാണ്. ഏകാന്തതയെ പ്രണയിക്കുന്ന ഒരാളാണ്. 'സൈലന്‍സ് ഈസ് മൈ മിസ്ട്രസ്' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എനിക്ക് നൃത്തം അറിയാമെന്നുകരുതി അദ്ദേഹത്തിന്റെ സിനിമകളില്‍ എന്റെ സഹായം ആവശ്യം വരുന്നില്ല. വൈശാലിയിലെ 'ഇന്ദ്രനീലിമയോളം...'എന്ന ഗാനം കേട്ടപ്പോള്‍ അത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നറിയാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ചലച്ചിത്രമായപ്പോള്‍ അത് കണ്ടു. മനോഹരം.
ഞാന്‍ ചില നൃത്താവിഷ്‌കാരങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ എം.ടി എഴുത്തുകാരനല്ലേ എന്നുകരുതി സഹായം തേടാനും പറ്റില്ല. അത്തരം സാഹചര്യങ്ങളില്‍ കൈതപ്രത്തിന്റെ സഹായമാണ് ഞാന്‍ തേടിയിട്ടുള്ളത്. പുതിയ ഒരു ചിന്ത എന്റെ മനസ്സില്‍ വരുമ്പോള്‍ എം.ടിയോട് പറഞ്ഞാല്‍ നന്നായിരുന്നു എന്ന് തോന്നുന്നത് പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അദ്ദേഹവും നിര്‍ദ്ദേശിക്കുക കൈതപ്രത്തെയാണ്. ഋതുസംഹാരത്തെ അടിസ്ഥാനമാക്കി അഷ്ടനായികയെ മോഹിനിയാട്ടത്തില്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം പറഞ്ഞത് എം.ടിയോടായിരുന്നു.
മൗനമാണ് എം.ടി എന്ന പേരിന്റെ പര്യായമായി പൊതുവേ പറയാറ്. ജീവിതം എപ്പോഴെങ്കിലും ഈ മൗനം ദുസ്സഹമാണെന്ന് തോന്നിയിരുന്നോ?
എം.ടിയെ ശല്യപ്പെടുത്താതിരിക്കുക എന്നതാണ് എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം. വിവാഹാലോചനയുമായി കുണ്ടൂപ്പറമ്പ് ശ്രീധരന്‍ മാസ്റ്റര്‍ വന്ന ദിവസമാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. എന്നോട് എല്ലാവരും പറഞ്ഞത് നന്നായി ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു. വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനമെടുക്കുമ്പോള്‍ രണ്ട് ആവശ്യങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു- എം.ടിയുടെ തറവാട്ട് ക്ഷേത്രമായ കൊടിക്കുന്നത്ത് ഭഗവതിയുടെ സമക്ഷത്തിലാവണം വിവാഹം. എം.ടിയോടൊപ്പം അദ്ദേഹത്തിന്റെ തറവാട്ടില്‍ കയറി ഏട്ടന്മാരെ വണങ്ങി അനുഗ്രഹം വാങ്ങണം. ഉച്ചത്തെ ഊണ്, സാധിക്കുമെങ്കില്‍, അവിടെ നിന്ന് കഴിക്കണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണ എനിക്കുണ്ടാവണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. കാരണം ഈ വിവാഹത്തിലെ വരുംവരായ്കകള്‍ എന്റെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം എന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു. എം.ടി ആ ആവശ്യങ്ങള്‍ അംഗീകരിച്ചു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു എം.ടിയുടെ ഏട്ടന്മാര്‍ ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് അറിയുന്നത്. എം.ടി തന്നെ വിളിച്ചുപറയുകയാണുണ്ടായത്. അവര്‍ പൂര്‍ണമായും സഹകരിച്ചു. നാലുപതിറ്റാണ്ടിനിപ്പുറം ഇന്നും ഞങ്ങളൊന്നിച്ച് സന്തോഷത്തോടെ അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് കയറിച്ചെല്ലുന്നു. എം.ടിയോടൊത്തുള്ള ജീവിതം സന്തോഷകരമാണ്.
എം.ടിയുടെ സൗഹൃദങ്ങള്‍, ബന്ധങ്ങള്‍... ഒരു അറ്റ്ലസിലെ മാപ്പുകള്‍ പോലെ വ്യാപിച്ചുകിടക്കുന്നതാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് സാധ്യമായിരുന്നോ?
എം.ടിയുടെ വലിയ ബലം ആ ബന്ധങ്ങള്‍ തന്നെയാണ്. വീടും കുടുംബവും കൂടി പങ്കുചേരേണ്ടുന്ന ബന്ധങ്ങള്‍ ഏതൊക്കെയെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. നിശ്ചയദാര്‍ഢ്യം വളരെയധികമുള്ളയാളാണ്. അദ്ദേഹത്തിന് ആരെയും തൃപ്തിപ്പെടുത്തേണ്ട ആവശ്യമില്ല. എനിക്കുമില്ല. ആവശ്യങ്ങള്‍ ഒന്നും തന്നെ അവിടെനിന്നും ശഠിച്ചുവാങ്ങേണ്ടതില്ല. എനിക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങള്‍ കൂടി എനിക്കായി കണ്ടറിഞ്ഞ് ചെയ്തുതന്നിട്ടുണ്ട്. ഒന്നും അങ്ങോട്ട് പറയേണ്ടതില്ല. അത് അദ്ദേഹത്തിന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും ബാധകമാണ്. എല്ലായ്പ്പോഴും ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ ഉറച്ച തീരുമാനം. അത് ഈ നിമിഷം വരെ തുടരുന്നു.
എം.ടിയുടെ ജീവിതത്തില്‍ പലരും വരും പോകും. അദ്ദേഹം നിരന്തരം യാത്രകള്‍ ചെയ്യും, പുസ്തകമെഴുതും, സിനിമ ചെയ്യും, വായിക്കും, പ്രസംഗിക്കും. ഇതിലൊക്കെ എനിക്കെന്തു കാര്യമാണുള്ളത്? തിരികെ കുടുംബത്തിലെത്തുമ്പോള്‍ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. മറ്റുള്ളവര്‍ക്കറിയുന്ന എം.ടിയ്ക്കൊപ്പമല്ല, എനിക്കറിയുന്ന എം.ടിയ്ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്.
എം.ടി 'നോ' പറഞ്ഞാല്‍ 'നോ' എന്നുതന്നെയാണ് എന്ന് പറയാറുണ്ട്. ടീച്ചറോട് 'നോ' പറഞ്ഞിട്ടുണ്ടോ?
എം.ടിക്ക് 'നോ' പറയേണ്ടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അര്‍ഹിക്കുന്ന ബഹുമാനം നല്‍കിക്കൊണ്ടുമാത്രമേ പരസ്പരം സംസാരിക്കുകയുള്ളൂ. ദാമ്പത്യത്തിലെ ജനാധിപത്യം പാലിക്കാറുണ്ട്. രണ്ടുപേര്‍ക്കും നോ പറയേണ്ട അവസരം ഉണ്ടായിട്ടില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞാലല്ലേ അഭിപ്രായവും അഭിപ്രായവ്യത്യാസവുമൊക്കെ ഉണ്ടാവുകയുള്ളൂ. ഇവിടെ മൗനമല്ലേ പ്രധാനം. എങ്ങനെ പറഞ്ഞാലും ആകെ രണ്ടുവാക്കല്ലേ പറയുകയുള്ളൂ. ആരോഗ്യസംബന്ധമായ ചില കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് 'നോ' പറയാറുണ്ട്. ബീഡിയാണ് അതില്‍ ഇപ്പോള്‍ എന്റെ മുഖ്യശത്രു.
എം.ടിയല്ലായിരുന്നെങ്കില്‍ വേറെയാരെങ്കിലും ജീവിതത്തിലുണ്ടാവുമായിരുന്നോ?
അങ്ങനെയെങ്ങാനും സംഭവിച്ചുപോയിരുന്നെങ്കില്‍ ഞാന്‍ അടുക്കളപ്പുറത്തായേനെ. വേറെയാരെങ്കിലും ഉണ്ടാവുമായിരുന്നോ എന്നെനിക്കു പറയാന്‍ കഴിയില്ല. ഇന്നത്തേതുപോലെ അത്ര സുതാര്യമല്ലായിരുന്നു അന്ന് ലോകവും സമൂഹവും. ഇന്നത്തെ കുട്ടികള്‍ക്ക് ജീവിതത്തിലെ സങ്കീര്‍ണതകളൊന്നും വലിയ കാര്യമേ അല്ല. അത് ഒരു കണക്കിന് നല്ലതാണ്. ഞാന്‍ എന്റെ കുടുംബത്തിന്റെ വരുമാനമാര്‍ഗമായിരുന്നു അന്ന്. അനിയത്തിയെ വിവാഹം കഴിപ്പിച്ചയ്ക്കുമ്പോഴും അനിയന്മാരെ പഠിപ്പിക്കുമ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യം എന്നാല്‍ കഴിയുന്നത് ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒരുപക്ഷേ അമ്മ സങ്കടപ്പെടാതിരിക്കാന്‍, മറ്റുള്ളവര്‍ക്ക് ബാധ്യതയാവാതിരിക്കാന്‍ സ്വന്തം സമുദായത്തിലെ ആരെയെങ്കിലുമൊക്കെ വിവാഹം കഴിച്ചെന്നിരിക്കാം. എന്റെ വേഷത്തിലോ, ഭാവത്തിലോ, രൂപത്തിലോ ആരെങ്കിലും ഒരു പുതുമ കണ്ടിട്ടുള്ളതായി എനിക്കറിയില്ല. എം.ടി തന്റെ ബാക്കിയുള്ള ജീവിതത്തിലേക്ക് നീട്ടിയ കൈ ധൈര്യപൂര്‍വം പിടിക്കാന്‍ എനിക്ക് തോന്നിയത് അതുകൊണ്ടായിരിക്കാം. അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് കൈകൂപ്പിയാണ് എന്റെ മുമ്പില്‍ നില്‍ക്കുന്നത്. അവരോട് തിരികെ ബഹുമാനത്തോടെ കൈകൂപ്പുന്നു.
Content Highlights: Kalamandalam Saraswathy, M.T Vasudevan Nair, Shabitha, Mathrubhumi, Saraswatham
Published: 22 Oct 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented