ചരിത്രരചന ഏതൊരു എഴുത്തുകാരനും വലിയ വെല്ലുവിളിതന്നെയാണ്. പ്രത്യേകിച്ചും ഭയപ്പാടോടെയുള്ള സ്വയം സെന്‍ഷര്‍ഷിപ്പ്. സങ്കീര്‍ണമായ വിഷയമുള്ള പുസ്തകത്തിന് നിയമപരമായ പരിശോധന നല്ല ശകുനമല്ലെന്ന് ചരിത്രകാരന്‍ മനു എസ്.പിള്ള പറയുന്നു. മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ ചരിത്ര പുസ്തകമാണ് 'ഗോഡ്‌സ്, ഗണ്‍സ് ആന്‍ഡ് മിഷനറീസ്'. ഇത് ഹിന്ദുയിസത്തത്തെക്കുറിച്ചല്ല, അതിന്റെ ഉത്ഭവത്തെക്കുറിച്ചാണ്. ഇന്നത്തെ ദൈനംദിന രാഷ്ട്രീയത്തിലേയ്ക്ക് കടക്കാത്ത ചരിത്രപുസ്തകം. ചില ധാരണകളിലെ വിടവ് നികത്താന്‍ ശ്രമിക്കുകയാണ്, അമ്മ പുഷ്പയ്ക്ക് സമര്‍പ്പിച്ച ഈ പുസ്തകത്തിലൂടെ മനു എസ്.പിള്ള. അദ്ദേഹവുമായി സംസാരിച്ചതില്‍നിന്ന്.
എഴുത്തുവഴിയില്‍ എന്തുകൊണ്ടാണ് ചരിത്രരചനയെ തിരഞ്ഞടുത്തത്.
ഞാന്‍ എന്നെ കാണുന്നത് എഴുത്തുകാരനും ചരിത്രകാരനുമായിട്ടാണ്. ഈ രണ്ടുവേഷങ്ങളും സംയോജിപ്പിക്കുന്നതിലാണ് എനിക്ക് സംതൃപ്തിയും സന്തോഷവും. ഗവേഷണം എനിക്കിഷ്ടമാണ്. ഒപ്പം നല്ല രചനയിലൂടെ ആശയങ്ങള്‍ വായനക്കാരനില്‍ എത്തിക്കുന്നതും ആസ്വദിക്കുന്നു. ശക്തമായ കഥപറച്ചിലിനും ഗവേഷണം ആവശ്യമാണ്. ഇതൊക്കെ എന്നെ ചരിത്രത്തിലേയ്ക്ക് ആകൃഷ്ടനാക്കി. ചെറുപ്പത്തില്‍ വായിച്ച, എബ്രഹാം എറാലിയുടെ പുസ്തകങ്ങളിലെ ശക്തമായ കഥപറച്ചിലും ആകര്‍ഷിച്ചു. അങ്ങനെയൊരു വിത്ത് പാകിയില്ലായിരുന്നെങ്കില്‍ വലിയ ചരിത്ര പണ്ഡിതന്മാരെപ്പറ്റി പഠിക്കില്ലായിരുന്നു. ഒരു ഫിക്ഷന്‍ എഴുതണമെന്ന് മനസിലുണ്ട്. കുറഞ്ഞത് ഒരുനോവലെങ്കിലും. വര്‍ഷങ്ങളായി മനസിലൊരു കഥ രൂപപ്പെട്ടതാണ്. പക്ഷേ, എഴുതാനായില്ല.
നിരൂപക പ്രശംസനേടിയ ദ ഐവറി ത്രോണ്‍ (ദന്തസിംഹാസനം), റിബല്‍ സുല്‍ത്താന്‍സ്,ദി കോര്‍ട്ടിസാന്‍, ദി മഹാത്മാ ആന്‍ഡ് ഇറ്റാലിയന്‍ ബ്രാഹ്‌മിണ്‍, ഫോള്‍സ് അലൈസ് തുടങ്ങിയവയ്ക്കുശേഷം ഏറ്റവും പുതിയ രചനയാണ് 'ഗോഡ്‌സ്, ഗണ്‍സ് ആന്‍ഡ് മിഷനറീസ്. ഇതില്‍പ്പറയുന്ന ഹിന്ദുയിസത്തെപ്പെറ്റി വിശദീകരിക്കാമോ.
നമ്മളിപ്പോള്‍ ജീവിക്കുന്നത് ഹിന്ദുത്വ കാലഘട്ടത്തിലാണെന്നത് യാഥാര്‍ഥ്യമാണ്. 2011-ല്‍ എം.എക്ക് എന്റെ തീസിസ് ഹിന്ദുത്വത്തെക്കുറിച്ചായിരുന്നു. ഇന്നിപ്പോള്‍ ഹിന്ദുത്വം ഏറെ ശക്തിപ്രാപിച്ചിരിക്കെ, അതിന്റെ ഉത്ഭവത്തെപ്പെറ്റി അന്വേഷിക്കാനാണ് ചരിത്രകാരന്‍ എന്നന ിലയില്‍ ഞാനാഗ്രഹിച്ചത്. പെട്ടന്നൊരു സുപ്രഭാതത്തില്‍ സവര്‍ക്കര്‍ കണ്ടുപിടിച്ചതല്ല ഹിന്ദുത്വം. ബംഗാളിലെയും മഹാരാഷ്ട്രയിലേയും പലവ്യക്തികളുടേയും മനസില്‍ (ബാലഗംഗാധര തിലകന്റെയൊക്കെ) വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ആശയം ഉടലെടുത്തിരുന്നു.
ഹിന്ദുത്വത്തോടുള്ള ഈ അഭിനിവേശം എങ്ങനെയുണ്ടായി എന്നറിയാന്‍ ആകാംക്ഷയുണ്ടായി. നമ്മള്‍ അംഗീകരിക്കാത്ത ആശയങ്ങള്‍പോലും ചരിത്ര സംഭവങ്ങളുടെയും പ്രക്രിയകളുടേയും ഉത്പന്നങ്ങളാണല്ലോ. അതു മനസിലാക്കാന്‍ ആഗ്രഹിച്ചു, ശ്രമിച്ചു. ഹിന്ദു-മുസ്ലിം കണ്ണിലൂടെയാണ് ഹിന്ദുത്വത്തെ നമ്മള്‍ സാധാരണയായി കാണാന്‍ ശ്രമിക്കാറുള്ളത്. പാശ്ചാത്യ കൊളോണിയലിസവും ക്രിസ്ത്യന്‍ മിഷനറിമാരുമായുള്ള ഹിന്ദു സമൂഹത്തിന്റെ ഏറ്റുമുട്ടലുമൊക്കെ പ്രഹേളികയുടെ പ്രധാന ഭാഗമാണ്. അതുകൊണ്ടാണ് പോര്‍ച്ചുഗീസ് കാലഘട്ടംമുതല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പരസ്പരം ഇടപഴകിയിരുന്നത് എങ്ങനെയെന്ന് ഞാന്‍ 'ഗോഡ്‌സ്, ഗണ്‍സ് ആന്‍ഡ് മിഷനറി'യില്‍ എഴുതിയത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിള്‍ ചിലപ്പോഴൊക്കെ വാക്കുതര്‍ക്കങ്ങളും വഴക്കുകളും ആശയസംഘട്ടനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതോടൊപ്പം മഹത്തായ നവീകരണങ്ങളുമുണ്ടായി. ഹിന്ദുപരിഷ്‌കര്‍ത്താക്കള്‍ പാശ്ചാത്യ ആശയങ്ങളെ സ്വീകരിക്കുകയും ഹിന്ദുത്വവത്കരിക്കുകയും ചെയ്തപ്പോള്‍ തമിഴ്‌നാട്ടിലെ യൂറോപ്യന്‍ മിഷനറിമാര്‍ സ്വയം ബ്രാഹ്‌മണവത്കരിച്ചത് ഉദാഹരണം. 19-ാം നൂറ്റാണ്ടില്‍, ഹിന്ദുസമൂഹത്തിലെ ചില വിഭാഗങ്ങള്‍ അക്രമണത്തിനിരയായപ്പോള്‍ കൂടുതല്‍ക്കൂടുതല്‍ പ്രതിരോധങ്ങളുണ്ടായി. ഈ പ്രതിരോധം ഹിന്ദുത്വത്തിന്റെ ആധുനിക നവീകരണത്തിന് വഴിയൊരുക്കി. ഒന്നുകൂടി പറയാനുണ്ട്-എന്റെ ഗോഡ്സ് ആന്‍ഡ് ഗണ്‍സ് ഹിന്ദുത്വത്തെക്കുറിച്ചല്ല, അതിന്റെ ഉത്ഭവത്തെക്കുറിച്ചാണ്. പുസ്തകം സവര്‍ക്കറില്‍ അവസാനിക്കുന്നു. ഇന്നത്തെ ദൈനംദിന രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നില്ല. ഇതൊരു ചരിത്രപുസ്തകമാണ്. നമ്മുടെ ധാരണയിലെ വിടവ് നികത്താനുള്ള ശ്രമം-അതാണാഗ്രഹിച്ചത്. സമകാലിക രാഷ്ട്രീയം പറയാന്‍ മറ്റുപുസ്തകങ്ങളുണ്ട്.
ഹിന്ദുയിസത്തിന്റെ ആധുനിക രൂപത്തിലേയ്ക്കുള്ള പരിണാമം എങ്ങനെയാണ്.
ഹിന്ദുമതം അന്നും ഇന്നും നിലനില്‍ക്കുന്നത് ഒരുകൂട്ടം ആശയങ്ങളുടെയും വിശ്വാസങ്ങളുടേയും പൊതുചട്ടക്കൂട്ടിലാണ്. പ്രീ കൊളോണിയല്‍ ഭരണകാലത്ത് പ്രതിരോധമുണ്ടായപ്പോള്‍ തങ്ങള്‍ പ്രത്യേക വിഭാഗമാണെന്ന തോന്നല്‍ ഹിന്ദുക്കളിലുണ്ടായി. (ഇതേപ്പറ്റി അക്കാദമിക് രേഖകള്‍ ലഭ്യമാണിന്ന്.) കോളനിവത്കരണവും രാഷ്ട്രീയ ചലനങ്ങളുമൊക്കെ ഇതുകൂടുതല്‍ ശക്തിപ്പെടുത്തി-സാങ്കേതിക വിദ്യയുടെയും അച്ചടിശാലകളുടെയും പത്രങ്ങളുടെയുമൊക്കെ സഹായത്തോടെ,വരവോടെ. എടുത്തു പറയേണ്ട കാര്യം ഹിന്ദുപണ്ഡിതര്‍ സ്വത്വം സംരക്ഷിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തിയെന്നതാണ്. പാശ്ചാത്യ ആശയങ്ങളും മിഷനറി തന്ത്രങ്ങള്‍പോലും പുനര്‍നിര്‍മിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍ തീകൊണ്ട് തീയണയ്ക്കല്‍. മതത്തിന്റെ മഹത്വം പുസ്തകങ്ങളാണെന്നു കരുതിയ പാശ്ചാത്യ വിമര്‍ശകര്‍ക്കുമുമ്പില്‍ അതേ നിലവാരത്തിലുള്ള പുസ്തകങ്ങള്‍ നിരത്തി. മതപരിവര്‍ത്തനത്തെ ചെറുക്കാനുമായി. 'ഹിന്ദുയിസം'എന്ന പദംതന്നെ ആദ്യം ഉപയോഗിച്ചത് മതത്തെ ഇകഴ്ത്തുന്ന ഒരു വെളളക്കാരനാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജാറാം മോഹന്‍ റായിയെപ്പോലുള്ളവര്‍ പുതിയമാനം നല്‍കി.
ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുകയായിരുന്നോ.
കൊളോണിയല്‍ കാലത്തിനുമുമ്പുതന്നെ ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഏക്‌നാഥിന്റെയും കബീറിന്റെയും രചനകളില്‍ ഈ രണ്ടു വിശാല വിഭാഗങ്ങളെക്കുറിച്ചും അവര്‍ക്കിടയിലെ പിരിമുറുക്കങ്ങളെപ്പെറ്റിയും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ശ്രദ്ധേയമായ രീതിയില്‍ ഇരുകൂട്ടരും സാംസ്‌കാരിക മേഖലയില്‍ പരസ്പരം ഇടപെട്ടിരുന്നു. ഏക്‌നാഥിന്റെ രചനയില്‍ ഹിന്ദുവും മുസ്ലിമും പരസ്പരം മതങ്ങളെ പരിഹസിക്കുന്നുണ്ട്. എന്നാല്‍, ഒരേ തരത്തിലുള്ള ഉന്നത തത്വങ്ങളെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ഒടുവില്‍ അവര്‍ തിരിച്ചറിയുന്നു-അവര്‍ കൂട്ടുകാരായി പിരിഞ്ഞു. ഇന്ന് ചില സാഹചര്യങ്ങളില്‍ ഹിന്ദു-മുസ്ലിം പിരിമുറുക്കമുണ്ട്. മറ്റു ചിലപ്പോള്‍ സ്‌നേഹത്തോടെ ജീവിക്കുകയും ചെയ്യുന്നു. പണ്ടും ഇങ്ങനെയായിരുന്നു. എന്നാല്‍, ബ്രിട്ടീഷുകാര്‍ സംഘര്‍ഷത്തെ പെരുപ്പിച്ചുകാട്ടി രാഷ്ട്രീയമായി മുതലെടുത്തു. വര്‍ഗീയ സ്പര്‍ധയുണ്ടാക്കി. ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ സഹിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. ബ്രിട്ടീഷുകാര്‍ വിഭജനമുണ്ടാക്കിയില്ലെങ്കിലും രംഗം വഷളാക്കി.
യൂറോപ്യന്‍ മിഷനറിമാരുമായുള്ള ഇടപെടലിനെക്കുറിച്ച്.
ഇന്ത്യയിലെ ആദ്യകാല യൂറോപ്യന്മാര്‍, മുന്‍വിധിയോടെയാണെത്തിയത്. അവരുടെ സാംസ്‌കാരിക പശ്ചാത്തലമാണിതിന് കാരണം. ക്രിസ്തുമതത്തിലൂടെ മാത്രമേ ദൈവത്തെ കാണാന്‍ കഴിയൂ എന്നും ഹിന്ദുമതം പോലുള്ളവ വെറും വിഗ്രഹാരാധന മാത്രമാണെന്നും അവര്‍ വിശ്വസിച്ചു. ക്ഷേത്രങ്ങള്‍ ചെകുത്താന്റെ ആരാധനാലയങ്ങളാണെന്നും വിഗ്രഹങ്ങള്‍ പിശാചുക്കളുടേതാണെന്നും കരുതി. ദൈവം എന്ന വാക്കിന്റെ പരിഭാഷയില്‍പ്പോലും അതുണ്ടായി. എന്നാല്‍ ഇത്തരം സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങളൊന്നും കൃത്യമല്ലെന്നു മിഷനറിമാര്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. അവര്‍ ഹിന്ദുമതത്തെ പഠിക്കാന്‍ തുടങ്ങി. വേദങ്ങളുടെയും ഉപനിഷത്തുകളുടേയും ഉള്ളടക്കങ്ങള്‍ ഹിന്ദു-ക്രിസ്ത്യന്‍ വിശ്വാസവും പരസ്പര ബന്ധവും കാണാന്‍ പ്രേരിപ്പിച്ചു. എന്നാലും ക്ഷേത്രാചാരങ്ങളും പൂജകളുമൊക്കെ അവരെ ആശയക്കുഴപ്പത്തിലാക്കി. മിഷനറിമാരുമായി വാദപ്രതിവാദങ്ങളുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത സമയത്ത് ഹൈന്ദവിഭാഗങ്ങള്‍ തങ്ങളുടെ ആശയം ഉയര്‍ത്തി. ദൈവത്തിലേയ്ക്കുള്ള ഏകമാര്‍ഗം ബൈബിളാണെന്ന് മിഷനറിമാര്‍ പറഞ്ഞപ്പോള്‍ ഒന്നല്ല, പലവഴികളുണ്ടെന്ന് ഹിന്ദുക്കള്‍ വാദിച്ചു. ബൈബിളും ക്രിസ്തുമതവും തീര്‍ച്ചയായും ദൈവത്തിലേക്കുള്ള ഒരു പാതയായി അംഗീകരിക്കപ്പെട്ടു; എന്നാല്‍ ഒരേയൊരു പാതയായിട്ടല്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം, തിലകന്‍ ഹിന്ദുത്വത്തെ വിവിധ തലങ്ങളിലുടെ നിര്‍വചിക്കാന്‍ ശ്രമിച്ചു. വ്യത്യസ്ത വഴികളിലൂടെ ദൈവത്തെ തേടുന്നു എന്നത് ഹിന്ദുത്വത്തിന്റെ പ്രധാന സ്വഭാവമായി.
അതേസമയം പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും തമ്മിലുള്ള മത്സരങ്ങള്‍ ഇന്ത്യയിലും നടന്നു. പ്രൊട്ടസ്റ്റന്റുകാര്‍ കത്തോലിക്കരെ ബൗദ്ധികമായി ആക്രമിച്ചു-പലപ്പോഴും 'വിഗ്രഹാരാധന' എന്ന അതേ കുറ്റം ചുമത്തി-തിരിച്ചും. ഇത്തരം കാര്യങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
പുതിയ ചരിത്ര പുസ്തകത്തിന് എത്രത്തോളം പഠനവും ഗവേഷണവും വേണ്ടിവന്നു.
എന്റെ ഒരോ പുസ്തകവും വ്യത്യസ്തമാണ്. ദന്തസിംഹാസനം (ഐവറി ത്രോണ്‍) തിരുവിതാംകൂറിന്റെ വിശദ ചരിത്രമാണ്. രാജഭരണകാലത്തെ അധികാര പോരാട്ടങ്ങള്‍, കോടതി രാഷ്ട്രീയം തുടങ്ങിയവയൊക്കെയുണ്ട് ദന്തസിംഹാസനത്തില്‍. ഇരുപതാം നൂറ്റാണ്ടിലെ ഒരുപ്രത്യേക കാലഘട്ടം 700 പേജുകളിലൂടെ അടയാളപ്പെടുത്തി. 'ഗോഡ്സ്, ഗണ്‍സ് ആന്‍ഡ് മിഷനറീസ് ' വിശാലമായ ബ്രഷ്സ്‌ട്രോക്കുകളുള്ള ഒരു വലിയ കാന്‍വാസാണ്. സൂക്ഷ്മമായ മിനിയേച്ചര്‍ പെയിന്റിങ്ങും വലിയ ഇംപ്രഷനിസ്റ്റ് ചിത്രവും തമ്മിലുള്ള വ്യത്യാസം ചിന്തിച്ചുനോക്കൂ-അതുപോലെയാണിത്. പുതിയ പുസ്തകം 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കാലത്തുതുടങ്ങി 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെയുള്ള കാലം രേഖപ്പെടുത്തുന്നു. വിശാലമായ കാലത്തെയാണ് ഉള്‍ക്കൊള്ളുന്നത്. എന്റെ ആഗ്രഹസാഫല്യമാണ് ഈ പുസ്തകം. വ്യത്യസ്തമായ ഒരുപാടുകാര്യങ്ങള്‍ തിളക്കവും സൂക്ഷ്മതയും നഷ്ടപ്പെടാതെ 350 പേജില്‍ ഒതുക്കുന്നത് വെല്ലുവിളിയായിരുന്നു.വടക്കും തെക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളുമൊക്കെ ഉള്‍ക്കൊണ്ട രചന. 2019-ല്‍ മനസിലുടക്കിയതാണിത്. നാല് അധ്യായം തൊട്ടടുത്തവര്‍ഷം തീര്‍ത്തെങ്കിലും കൂടുതല്‍ ഗവേഷണം വേണ്ടിവന്നു. അതിനായി എഴുത്ത് നിര്‍ത്തിവെച്ചു. പൂര്‍ത്തിയാക്കിയത് ഇപ്പോഴാണ്. വിജയിച്ചെന്നാണ് പ്രതീക്ഷ. ബാക്കിയൊക്കെ വായനക്കാര്‍ തീരുമാനിക്കട്ടെ.
ചരിത്ര രചനയില്‍ ഇന്നത്തെ വെല്ലുവിളിയെന്താണ്.
പാണ്ഡിത്യപരമായ അന്വേഷണ വിഷയമാണ് ചരിത്രം. എന്നാലൊരു വൈകാരിക വിഷയവും. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍, ലോകമെമ്പാടുമുള്ള ആഖ്യാനങ്ങള്‍ എന്നിവയുടെയൊക്കെ ന്യായീകരണത്തിന് ചരിത്രത്തെ ആശ്രയിക്കും. അതിനാല്‍ ചരിത്രകാരന്‍ എല്ലാത്തരം വിഭാഗങ്ങളേയും അസ്വസ്ഥമാക്കും. പേടികൊണ്ടുള്ള സെന്‍സര്‍ഷിപ്പ് ഏറ്റവും മോശമായ കാര്യമാണ്-അതാണ് വലിയ വെല്ലുവിളിയും. 'ഗോഡ്‌സി'ന്റെ കയ്യെഴുത്തുപ്രതി എഡിറ്റു ചെയ്യുന്നതിനുമുമ്പ് നിയമപരമായ പരിശോധനയ്ക്ക് നല്‍കിയിരുന്നു. ആദ്യമായാണിങ്ങനെ ചെയ്യുന്നത്. പ്രസാധകര്‍ക്കും ഭയപ്പാടുണ്ടായിരുന്നെങ്കിലും അവരെന്ന സമ്മര്‍ദത്തിലാക്കിയില്ല. അഭിഭാഷകന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. അത് നിരാകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് എഡിറ്റര്‍ പറഞ്ഞത്. അതിനാല്‍ പുസ്തകത്തിന്റെ സ്വഭാവം എനിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞു. സങ്കീര്‍ണമായ വിഷയങ്ങളുള്ള പുസ്തകം ആദ്യവായനയ്ക്ക് അഭിഭാഷകരെ ഏല്‍പ്പിക്കുന്നത് നല്ല ശകുനമല്ല.
കുട്ടിക്കാലത്തെപ്പെറ്റി
മാവേലിക്കരയാണ് നാട്. എല്ലാക്കൊല്ലവും അവിടെത്താറുണ്ട്. വളര്‍ന്നത് പുണെയിലാണ്. വായനയിലും എഴുത്തിലും എന്റെ വലിയ പ്രേരകശക്തി സഹോദരി ഇന്ദ്രാണിയാണ്. ആദ്യ പുസ്തകം സമര്‍പ്പിച്ചതും അവര്‍ക്ക്. കഠിനാധ്വാനത്തില്‍ എന്റെ മാതൃക അച്ഛന്‍ എം.എസ്.പിള്ളയാണ്. പതിനെട്ടാം വയസില്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന അച്ഛന്‍ പിന്നീട് ഉന്നത ബിരുദങ്ങളോരോന്നു നേടിക്കൊണ്ടിരുന്നു. ബി.എയില്‍ തുടങ്ങി എം.എ, എം.പി.എ, എല്‍.എല്‍.ബി, എം.ബി.എ. വരെ അതെത്തി. പലതിലും സംശയം തോന്നുമ്പോഴെല്ലാം തീര്‍ത്തുതന്നത് അമ്മ പുഷ്പയാണ്. അമ്മയും മുത്തശ്ശിയും പറഞ്ഞുതന്ന കഥകള്‍, ഗ്രാമം-അതിന്റെ ഐതിഹ്യങ്ങള്‍, ചരിത്രം എല്ലാം കേരളത്തോടുള്ള എന്റെ സ്നേഹം കൂട്ടിക്കൊണ്ടിരുന്നു.
Content Highlights: manu s pillai discusses challenges of historical writing
Published: 14 Dec 2024, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented