മലയാളത്തിലെ മികച്ച പുസ്തകങ്ങളെ ലോകഭാഷയ്ക്ക് വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് ഗീത കൃഷ്ണൻകുട്ടി. പത്തൊമ്പതാം വയസ്സിൽ വിവാഹത്തോടെ നിന്നുപോയ പഠനം മുപ്പത്തിയെട്ടാം വയസ്സിൽ പുനരാരംഭിച്ച് പി.ജിയും പിഎച്ച്.ഡിയും കരസ്ഥമാക്കുകയും തന്റെ മേഖല ചെറുപ്പം മുതൽക്കേ ശീലിച്ച പുസ്തകങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെട്ട് വിവർത്തനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ഗീത കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞു. ഗീതയുടെ പരിശ്രമങ്ങളെ സാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. എൺപത് കഴിഞ്ഞിട്ടും വിവർത്തനതിരക്കുകളിൽനിന്നു മാറിനിൽക്കാൻ കഴിയാത്തവണ്ണം 'ബിസി'യാണ് ഈ ജീവിതം. തന്റെ വിവർത്തനജീവിതത്തെക്കുറിച്ച് ഗീത കൃഷ്ണൻ കുട്ടി സംസാരിക്കുന്നു. 

ഗീത കൃഷ്ണൻകുട്ടി എന്ന പേരിനെ പലപ്പോഴും ഞങ്ങൾ വിശേഷിപ്പിക്കുന്നത് 'വെറ്ററൻ ട്രാൻസലേറ്റർ' എന്നാണ്. ഏറ്റവും മുതിർന്ന വിവർത്തകരിൽ ഒരാൾ. ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലാണ് താമസമെങ്കിലും മലയാളസാഹിത്യവുമായുള്ള ബന്ധം അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട് താങ്കൾ.

To advertise here,

എന്റെ അച്ഛൻ പാലക്കാട്ടുകാരനായിരുന്നു. മദ്രാസ് പ്രസിഡൻസി സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ചെങ്ങമനാടുകാരിയായിരുന്നു. എല്ലാ മൂന്നു വർഷം കൂടുമ്പോഴും അച്ഛന് സ്ഥലംമാറ്റം കിട്ടിക്കൊണ്ടേയിരിക്കും. ഞങ്ങളുടെ പഠനമെല്ലാം പലയിടങ്ങളിലായിട്ടാണ് പൂർത്തിയാക്കിയത്. ഊട്ടിയിലും കുന്നൂരിലുമെല്ലാം പഠിച്ച ശേഷം മൂന്നു വർഷം കോഴിക്കോട്ടും പഠിക്കാൻ ഭാഗ്യമുണ്ടായി. 1942-45 വരെ ഞങ്ങൾ കോഴിക്കോട് ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വന്നിട്ടില്ല. അച്ഛൻ ജില്ലാ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തെ സർക്കാർ ആശുപത്രികളുടെ നിലവാരം വളരെ മോശവും വൃത്തിഹീനവുമായിരുന്നു. സെന്റ്. ജോസഫ്‌സ് സ്‌കൂളിലാണ് എന്നെ ചേർത്തത്. സ്‌കൂൾ വിട്ടാൽ അച്ഛൻ നേരെ ആശുപത്രിയിലേക്കാണ് കൂട്ടിക്കൊണ്ടുവരിക. രാത്രി ഒമ്പതുമണിവരെ രൂക്ഷഗന്ധമുള്ള ആ കെട്ടിടത്തിൽ ഇരിക്കാൻ നിർബന്ധിതയായതോടെ ഭാവിയിൽ ആശുപത്രി സംബന്ധമായ ഒരു ജോലിയും എനിക്കുവേണ്ട എന്നു ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിവാഹം ചെയ്തത് ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുന്ന കാർഡിയോളജിസ്റ്റായിരുന്നു എന്നത് വേറെ കാര്യം. 

പത്തൊമ്പതാമത്തെ വയസ്സിലാണ് എന്റെ വിവാഹം കഴിയുന്നത്. അന്ന് ഞാൻ ഡിഗ്രി പൂർത്തിയാക്കിയിരുന്നില്ല. ഞങ്ങൾ ചെന്നൈയിലാണ് താമസിച്ചിരുന്നത്. കുട്ടികളും വീടും മറ്റു ഉത്തരവാദിത്തങ്ങളുമായി വർഷങ്ങൾ പോയ്‌ക്കൊണ്ടേയിരുന്നു. എന്റെ മുപ്പത്തിയേഴാം വയസ്സിലാണ് തുടർവിദ്യാഭ്യാസം എന്ന ഭാഗ്യത്തെ വളരെ അപ്രതീക്ഷിതമായി ഞാൻ കണ്ടുമുട്ടുന്നത്. ദ ഹിന്ദുവിൽ ഒരു പരസ്യം കാണുകയുണ്ടായി- മുപ്പത്തിയേഴ് വയസ്സ് തികഞ്ഞവർക്ക് ബി.എ. ചെയ്യാതെ എം.എ. ചെയ്യാനുള്ള അവസരം മൈസൂർ യൂണിവേഴ്‌സിറ്റി ഒരുക്കിയിരിക്കുന്നു! ഞാൻ ആ അവസരത്തെ കടന്നുപിടിച്ചു. എനിക്ക് മൂന്ന് ആൺകുട്ടികളാണ്. അവരൊക്കെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരായിരിക്കുന്നു. കുടുംബത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ച് വിഷമിക്കേണ്ടതില്ല. നേരെ പോയി എം.എ. ഇംഗ്ലീഷ് സാഹിത്യത്തിന് ചേർന്നു. വളരെ ചെറുപ്പം മുതലേ വായന എനിക്കൊപ്പമുണ്ടായിരുന്നു. ചെന്നൈയിൽ ധാരാളം നല്ല പുസ്തകങ്ങൾ കിട്ടുന്ന ഒരുപടി ലൈബ്രറികളുണ്ടായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി, കോണിമറ പബ്ലിക് ലൈബ്രറി തുടങ്ങി ധാരാളം ലൈബ്രറികളിൽ എനിക്കും ഭർത്താവിനും കുട്ടികൾക്കുമെല്ലാം വെവ്വേറെ തന്നെ കാർഡുകളുണ്ടായിരുന്നു. വീട്ടിലും ധാരാളം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വരുത്തുമായിരുന്നു. കുടുംബമൊന്നാകെ വായനയുടെ സ്വാധീനം വളരെയധികമുള്ളവരും. അതുകൊണ്ടാണ് പരിചിതമായ വിഷയം തന്നെ എം.എയ്ക്ക് എടുക്കാൻ പ്രേരിപ്പിച്ചത്. പാതിവഴിയിൽ നിർത്താൻ നിർബന്ധിതമായ എന്റെ പഠനത്തെ എം.എയിൽ നിർത്താൻ ഞാൻ തയ്യാറായില്ല. മൈസൂർ യൂണിവേഴ്‌സിറ്റിയിൽത്തന്നെ തുടർന്ന് ഡോക്ടറേറ്റും ചെയ്തു. എന്തുവായിക്കണം, എങ്ങനെ വായിക്കണം, വായിച്ചത് എങ്ങനെ ഉപയോഗപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം എനിക്ക് അവബോധമുണ്ടാകുന്നത് ഗവേഷണ പഠനത്തിലൂടെയാണ്. 

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുക എന്നാൽ കോളേജ് അധ്യാപിക ആവുക എന്നതാണല്ലോ മാമൂൽ. പക്ഷേ താങ്കൾ നേരെ നടന്നത് വിവർത്തന മേഖലയിലേക്കാണല്ലോ. വിവർത്തനത്തിലേക്ക് ആകർഷിച്ച ഘടകം എന്തായിരുന്നു.

ഗവേഷണവിഷയമായി ഞാൻ തിരഞ്ഞെടുത്തത് കംപാരറ്റീവ് ലിറ്ററേച്ചർ ആയിരുന്നു. ഡോക്ടറേറ്റ് ലഭിച്ചയുടൻ തന്നെ ഞാൻ ഫ്രഞ്ച് പഠിക്കാനാണ് തീരുമാനിച്ചത്. എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പവും ഇഷ്ടവുമുള്ള ഭാഷയാണ് ഫ്രഞ്ച്. ഫ്രഞ്ചിൽ വായിക്കണമെന്നത് എന്റെ വിലിയ അഭിലാഷങ്ങളിലൊന്നായിരുന്നു. അലയൻസ് ഫ്രാൻസെയ്‌സ്‌ എന്ന ഫ്രാങ്കോ-ഇന്ത്യൻ നോൺപ്രോഫിറ്റ് അസോസിയേഷനിലാണ് ഫ്രഞ്ച് പഠിക്കാൻ ചേർന്നത്. നിരന്തരം ഇരുന്ന് പഠിച്ചും ഹോംവർക് ചെയ്തും ഞാനാ ഭാഷ സ്വായത്തമാക്കി. മൂന്നു മാസത്തിനുള്ളിൽ സംസാരിക്കാനും വായിക്കാനും സാധിച്ചു. അവർ ഗ്രാമർ പഠിപ്പിക്കില്ല, ആദ്യം തന്നെ നേരിട്ട് വർത്തമാനം പറയാനാണ് പഠിപ്പിക്കുക. പറയാൻ തുടങ്ങിയാൽ നമുക്ക് വേഗം തന്നെ വായിക്കാനും പറ്റും. നാലു വർഷത്തെ കോഴ്‌സു കഴിഞ്ഞ് കുറച്ചുകാലം അവിടത്തെ ലൈബ്രറിയിൽ ജോലിയും ചെയ്തു. പിന്നീട് അവർ തന്നെ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. ഫ്രഞ്ച് പഠിപ്പിക്കാൻ ഒന്നു ശ്രമിക്കാമോ എന്നായിരുന്നു അവർ ചോദിച്ചത്. ഭാഷയുടെ രണ്ട് പ്രാഥമിക ഘട്ടങ്ങൾ ഞാൻ വിദ്യാർഥികളെ പഠിപ്പിച്ചു. എനിക്ക് കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമില്ല എന്ന യാഥാർഥ്യം ആ അധ്യാപനകാലയളവിൽ ഞാൻ മനസ്സിലാക്കി. ഇതേ പ്രശ്‌നം എന്റെ സ്വന്തം കുട്ടികളെ പഠിപ്പിക്കുമ്പോഴും ഞാൻ നേരിട്ടിരുന്നു. കുട്ടികളെ മാനേജ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ, ഭാഗ്യം എന്റെ കൂടെയായിരുന്നു. മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള കുറച്ചു പ്രൊഫസർമാർ സ്ഥാപനത്തെ സമീപിച്ചു. അവർക്ക് ഫ്രഞ്ച് പഠിക്കണം. അലയൻസ് ഫ്രാൻസെയ്‌സിലെ അധികൃതർ ഇക്കാര്യം എന്നോടു പറഞ്ഞു. കുറച്ചുപ്രായമായവരാണല്ലോ, നിങ്ങൾക്ക് പഠിപ്പിക്കാൻ പറ്റുമോ എന്നു നോക്കൂ എന്നായി അവർ. പേടിച്ചുപേടിച്ചാണ് ആദ്യമാദ്യം ഞാൻ ക്ലാസിൽ പോയത്. പക്ഷേ, പിന്നീട് ഞാൻ വളരെയധികം ആസ്വദിച്ച ഭാഷാധ്യാപനം ആയിരുന്നു അത്. എല്ലാവരും ഹൈലെവൽ പ്രൊഫസർമാരാണ്. ടെറിബിളി ഇന്റലിജന്റ്! ഞാൻ എക്‌സർസൈസ് കൊടുത്താൽ പിറ്റേ ദിവസം തന്നെ അവർ അതിന്റെ പെർമുട്ടേഷൻ & കോംപിനേഷൻ ചെയ്തിട്ട് കൊണ്ടുവരും. വളരെ വേഗത്തിൽ പഠിക്കാനായിരുന്നു അവരുടെ ഉത്സാഹം. എല്ലാവരും അമ്പതിനു മുകളിൽ പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണത്തിൽ കുടുംബം, വിനോദം, വായന തുടങ്ങിയ പൊതുകാര്യങ്ങൾ എപ്പോഴും സ്ഥാനം പിടിച്ചിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഏജ് വേവ് ലെങ്ത്! സാമൂഹിക പ്രശ്‌നങ്ങളും വിഷയങ്ങളും രാഷ്ട്രീയവുമൊക്കെ തുറന്നുപറയാം. അതോടുകൂടി ഈ അധ്യാപനവുമായി ഞാൻ നല്ല പൊരുത്തത്തിലായി. ഇങ്ങനെയുള്ള മുതിർന്ന വിദ്യാർഥികളുടെ ക്ലാസുകൾ ഉണ്ടെങ്കിൽ എനിക്കു തരാൻ ഞാൻ സ്ഥാപനത്തോട് അഭ്യർഥിച്ചു. താജ് ഹോട്ടൽ, ജി.ഇ.സി. തുടങ്ങിയ ഗ്രൂപ്പുകൾക്ക് ക്ലാസെടുക്കാൻ സാധിച്ചു. സത്യത്തിൽ ഫ്രഞ്ച് ഭാഷാപഠനവും അധ്യാപനവും പരോക്ഷമായി എന്നെ നയിച്ചത് വിവർത്തനം എന്ന എനിക്ക് തികച്ചും പുതുമയാർന്ന ഒരു മേഖലയിലേക്കായിരുന്നു. വിവർത്തന മേഖലയിലേക്ക് കാലെടുത്തുവെച്ചതോടെ അലയൻസിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നു പറയുന്നതാവും ഉചിതം. 

വിവർത്തനത്തിലെ ആദ്യശ്രമങ്ങളെക്കുറിച്ച് പറയാമോ

വിവർത്തനം എന്ന ദൗത്യം ആദ്യമായി എന്നെ ഏൽപിക്കുന്നത് സൂസി താരുവാണ്. രണ്ടു വോള്യങ്ങളായി 'വിമൻ റൈറ്റിങ് ഇൻ ഇന്ത്യ' എന്ന പുസ്തകം ഇറക്കാൻ സൂസി താരു തീരുമാനിച്ചിരുന്നു. അതിലേക്ക് രാജലക്ഷ്മിയുടെ ഒരു കഥയും ലളിതാംബിക അന്തർജനത്തിന്റെ കഥയും എനിക്ക് അയച്ചുതന്നു. സൂസിയ്ക്ക് മറ്റാരോ ആണ് എന്നെ റഫർ ചെയ്തത്. വ്യക്തിപരമായി എനിക്കവരെ അപ്പോൾ പരിചയമില്ല. എനിക്ക് അയച്ചുതന്ന കഥകൾ ഞാൻ വിവർത്തനം ചെയ്ത് തിരിച്ചയച്ചപ്പോൾ അവർ സന്തോഷവതിയായി. പിന്നീടൊരിക്കൽ അന്തർജനത്തിന്റെ കഥകൾ വിവർത്തനം ചെയ്തുകൊടുക്കാമോ എന്നവർ ചോദിച്ചു. വിവർത്തനത്തിൽ എനിക്കത്ര മുൻപരിചയമൊന്നുമില്ല എന്നു ഞാൻ പറഞ്ഞപ്പോൾ എഡിറ്റിങ്, പ്രൂഫിങ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം അവർ കൂടെയിരുന്നുകൊള്ളാം എന്നവർ വാക്കുതന്നു. അതാണ് എന്റെ ആദ്യത്തെ വിവർത്തനപുസ്തകം. 'Cast Me Out If You Will' എന്ന തലക്കെട്ടോടുകൂടിയാണ് ആ പുസ്തകം ഇറങ്ങിയത്. അന്തർജനത്തിന്റെ 'കുറ്റസമ്മതം' എന്ന കൃതിയിലെ ഒരു വാചകമായിരുന്നു അത്. കൊൽക്കത്തയിലുള്ള Stree എന്ന പ്രസാധകരും യു.എസ്സിലെ ഫെമിനിസ്റ്റ് പ്രസ്സും ഈ പുസ്തകം പ്രസിദ്ധീകരിച്ചു. വെസ്റ്റ് ലാൻഡ് പബ്ലിക്കേഷനുവേണ്ടി ആ കഥകൾ ഞാൻ വീണ്ടും വിവർത്തനം ചെയ്യുകയാണിപ്പോൾ.

 

സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി പുരസ്‌കാരം സ്വീകരിക്കുന്നു

 

വീണ്ടും വിവർത്തനം ചെയ്യുമ്പോൾ എന്ത് നേട്ടമാണ് ഉണ്ടാവുന്നത്? പുസ്തകം ഒരിക്കൽ പുറത്തിറങ്ങിയാൽ പിന്നീട് അതിൽ പണിയെടുക്കുന്നതിൽ എന്താണ് കാര്യം

ഒരു കൃതി വിവർത്തനം ചെയ്ത് കുറച്ച് കാലം കഴിഞ്ഞിട്ടാണല്ലോ നമ്മൾ വീണ്ടും ആ കൃതി തന്നെ ഒന്നുകൂടി വിവർത്തനം ചെയ്യാനായി എടുക്കുന്നത്. അപ്പോഴേക്കും ആദ്യം ചെയ്തുവെച്ച കാലത്തുനിന്നു നമ്മുടെ ധാരണയും കാഴ്ചപ്പാടുമൊക്കെ തീർത്തും മാറിയിട്ടുണ്ടാകും. ചില പ്രയോഗങ്ങൾ, വാക്കുകൾ തുടങ്ങിയവ എങ്ങനെയാണ് ഇംഗ്ലീഷിൽ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് തന്നെ വ്യക്തമായ ധാരണ വന്നുചേർന്നിട്ടുണ്ടാവും. ഒരേ കൃതി തന്നെ രണ്ടാമതായി വിവർത്തനം ചെയ്യുമ്പോഴാണ് ആദ്യം ചെയ്തത് പൂർണമായും ശരിയായില്ല എന്ന് നമുക്ക് തോന്നുക. അതെല്ലാം തിരുത്തിയെഴുതാനുള്ള ഒരവസരം കൂടിയാണ് ഒരേ കൃതിയുടെ രണ്ടാം വിവർത്തനം. ആദ്യവിവർത്തനത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ചിലപ്പോൾ വന്നേക്കാം. പുതിയ വിവർത്തനത്തിന് കുറച്ചുകൂടി സ്‌ട്രെങ്ത്ത് ലഭിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഓരോ വിവർത്തനവും ഓരോ പഠനമാണ്. അതുകൊണ്ടുതന്നെ ഞാൻ ആദ്യം ചെയ്ത വിവർത്തനം ഒന്നുകൂടി ചെയ്യണം എന്ന് ആര് ആവശ്യപ്പെട്ടാലും എനിക്ക് വളരെ സന്തോഷമാണ് തോന്നാറ്. കൃതിയെ ഒന്നുകൂടി പുതുക്കി, ആളുകൾക്ക് മനസ്സിലാകത്തക്കവണ്ണം വിശദമാക്കി അവതരിപ്പിക്കാൻ കഴിയും. വിവർത്തനം എന്നത് തുടർച്ചയായ പദ്ധതിയാണ്. ഓരോ തവണ സമീപിക്കുമ്പോഴും നമ്മൾ പുതിയതോരോന്നും പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ വർക്ക് ചെയ്യുമ്പോഴും എഴുത്തുകാരുടെ ശൈലിയും വൈകാരികതയും ഭാഷയുമെല്ലാം നമ്മൾ കൂടി സ്വായത്തമാക്കുകയാണ്. അങ്ങനെ വിവർത്തനം ചെയ്യുമ്പോൾ കൂടുതൽ സംതൃപ്തിയാണ് ലഭിക്കുന്നത്. 

ട്രാൻസലേഷൻ, ട്രാൻസ്‌ക്രിയേഷൻ തുടങ്ങിയ വകഭേദങ്ങളെക്കുറിച്ച്...

ട്രാൻസലേറ്റ് ചെയ്യാതെ ട്രാൻസ്‌ക്രിയേറ്റ് ചെയ്യാൻ പറ്റില്ല. ഒരു സാധനത്തിന്റെ സത്ത് നമ്മുടെ കൈയിൽ കിട്ടിയതിനു ശേഷം മാത്രമേ അതിന്റെ രൂപം മാറ്റാൻ കഴിയുകയുള്ളൂ. എം.ടിയെ നമ്മൾ വായിക്കുമ്പോൾ വിചാരിക്കും വളരെ ലളിതമാണെന്ന്. പക്ഷേ, ഭാഗികമായി നാടൻ ഭാഷ ഉപയോഗിക്കുന്നതുകൊണ്ടും ഭാഗികമായി 'deceptively simple' ആയ പ്രയോഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും ഇംഗ്ലീഷിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ വായിച്ചു മനസ്സിലാക്കിയതല്ല യഥാർഥത്തിൽ ഈ വാക്കുകൾ ഉൾക്കൊള്ളുന്ന അർഥം എന്ന ആശയക്കുഴപ്പത്തിൽ നമ്മൾ ചെന്നുചാടും. അതോടെ നമ്മൾ ബുദ്ധിമുട്ട് അനുഭവിക്കുകയായി. അത്തരം സന്ദർഭങ്ങളിൽ ട്രാൻസ്‌ക്രിയേഷൻ ആവശ്യമായി വരും. പക്ഷേ, ആദ്യം വിവർത്തനം സാധ്യമായാലേ പിന്നീട് അതിൽ ക്രിയേറ്റീവായ നരേഷൻ കൊണ്ടുവരാൻ പറ്റുകയുള്ളൂ. 

ഗീത കൃഷ്ണൻ കുട്ടി എന്നാൽ എം.ടി വാസുദേവൻ നായരുടെ വിവർത്തക എന്നുകൂടി ബ്രാൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എം.ടിയുടെ കൃതികളധികവും വിവർത്തനം ചെയ്തത് താങ്കളാണല്ലോ

വിവാഹശേഷവും പുസ്തകം തന്നെയായിരുന്നു എനിക്കേറ്റവും അടുപ്പമുള്ള സംഗതി. എന്റെ വായനയെക്കുറിച്ചറിയാവുന്ന തൃശൂരിലുള്ള എന്റെയൊരു സുഹൃത്ത് കുറേ മലയാളം പുസ്തകങ്ങൾ എനിക്കയച്ചുതന്നു. ചെന്നൈയിൽ അക്കാലത്ത് മലയാളം പുസ്തകങ്ങൾ അങ്ങനെ എളുപ്പത്തിൽ കിട്ടില്ല. എം.ടിയുടെ 'കാലം' എന്ന നോവൽ ആ കൂട്ടത്തിലുണ്ടായിരുന്നു. അതു വായിച്ചപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഞാൻ വിവർത്തനം ചെയ്ത് വികാസ് പബ്ലിക്കേഷൻ ഹൗസിന് അയച്ചുകൊടുത്തു. ഒരു കൃതി വിവർത്തനം ചെയ്യുമ്പോൾ പാലിക്കേണ്ടതായിട്ടുള്ള ഫോർമാലിറ്റികളൊന്നും അറിയാതെയാണ് ഞാൻ 'കാലം' വിവർത്തനം ചെയ്ത് അയക്കുന്നത്. ഇങ്ങനെയൊരു പ്രവൃത്തി ഞാൻ ചെയ്തിട്ടുണ്ടെന്ന് എം.ടി. പോലും അറിയുന്നില്ല. ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല അക്കാലത്ത്. വികാസ് പബ്ലിക്കേഷൻസ് അത് പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ചതിൽ എനിക്ക് വളരെ സന്തോഷമായി. എന്നാൽ വർഷം മൂന്നു കഴിഞ്ഞിട്ടും പുസ്തകം പുറത്തുവരുന്നില്ല. നാലാമത്തെ കൊല്ലത്തിലേക്ക് കടന്നപ്പോൾ എനിക്കൊരു പാർസൽ വന്നു. അലക്ഷ്യമായി കൈകാര്യം ചെയ്തതിനാൽ പേപ്പറുകൾ കീറി നാശമായ നിലയിൽ എന്റെ 'കാലം' അവർ തിരിച്ചയച്ചിരിക്കുകയാണ്. This is a too long  novel we cannot publish എന്ന കുറിപ്പും അതിനകത്തുണ്ടായിരുന്നു. 

എം.ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ നോവൽ വിവർത്തനം ചെയ്തു എന്നറിഞ്ഞ എന്റെ സുഹൃത്തും വിവർത്തകനുമായ വി. അബ്ദുള്ള എന്ന നന്നായി വഴക്കുപറഞ്ഞു. ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ എന്നദ്ദേഹം ചോദിച്ചപ്പോൾ എനിക്കതൊന്നും അറിയില്ലായിരുന്നു എന്നായിരുന്നു എന്റെ ഉത്തരം. അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കണ്ടേ എന്നദ്ദേഹം തിരിച്ചുചോദിച്ചു. ഞങ്ങളുടെ സൗഹൃദം അത്രയും സുതാര്യമായിരുന്നതിനാൽ എന്നെ വിമർശിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനിടയിൽ എം.ടിയെ ഞാൻ പരിചയപ്പെട്ടിരുന്നു. അബ്ദുള്ളയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ നേരെ പോയി എം.ടിയോട് ഇക്കാര്യം പറഞ്ഞു. നാലു വർഷം മുമ്പേ 'കാലം' അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ വിവർത്തനം ചെയ്തുവെച്ചതും പബ്ലിഷർ റിജക്ട് ചെയ്തതുമായ കാര്യങ്ങൾ അദ്ദേഹം നിശബ്ദമായി കേട്ട് ഇരുന്നു. 

എന്നെ എം.ടി. കേൾക്കാനുള്ള മറ്റൊരു കാരണം കൂടിയുണ്ട്. എം.ടിയുടെ 'കാലം' ആണ് ഞാൻ ആദ്യം വിവർത്തനം ചെയ്തതെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചുവന്നത് ഷെർലക് എന്ന കഥയാണ്. നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ വിവർത്തനം അദ്ദേഹം കണ്ടിട്ടുണ്ട്. ഷെർലക് വിവർത്തനം ചെയ്യാൻ വളരെ പേടിച്ചുപേടിച്ചായിരുന്നു അദ്ദേഹത്തോട് സമ്മതം ചോദിച്ചത്. ഒരിടവേളയ്ക്കു ശേഷം എഴുതിയ കഥ എന്ന നിലയിലും പ്രമേയപരമായിട്ടുള്ള വ്യത്യസ്തതകൊണ്ടും മലയാളത്തിൽ അച്ചടിച്ചുവന്നപ്പോഴേ 'ഷെർലക്' വളരെയധികം ശ്രദ്ധ നേടിയിരുന്നു. കഥ വായിച്ചയുടൻ തന്നെ അദ്ദേഹത്തോട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ അനുമതി തേടി. അക്കാലത്തൊക്കെ ദ ഹിന്ദുവിന്റെ സൺഡേ സപ്ലിമെന്റിൽ കഥകൾ കൊടുക്കുമായിരുന്നു. സെന്റർ പേജിൽ വിശാലമായിത്തന്നെ 'ഷെർലക്ക്' ഇംഗ്ലീഷിൽ അച്ചടിച്ചുവന്നു. അദ്ദേഹം ഒ.കെ പറയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. പിന്നീട് ഞങ്ങൾ പരിചയപ്പെട്ടു. എനിക്ക് ധൈര്യമായി. അങ്ങനെയിരിക്കേ ഓറിയന്റ് ലോങ്‌മെൻ, ഇപ്പോഴത്തെ ഓറിയന്റ് ബ്ലാക്‌സ്വാൻ, ഒരു പുസ്തകം വിവർത്തനം ചെയ്യാനായി അനുമതി ചോദിച്ച് എം.ടിക്ക് കത്തെഴുതി. എം.ടി. അവർക്ക് മറുപടി എഴുതി: ''ഒരാളുടെ കൈവശം എന്റെ പ്രധാനപ്പെട്ട ഒരു കൃതിയുടെ വിവർത്തനമുണ്ട്. കൂടുതൽ വിശദമായി കാര്യങ്ങൾ അറിയിക്കാം.'' എം.ടി. എനിക്കും കത്തെഴുതി: ''ഓറിയന്റ് ലോങ്‌മെൻ ഒരു കൃതി അന്വേഷിക്കുന്നു ഗീതയുടെ കൈവശം വിവർത്തനം ഉള്ളകാര്യം അവരെ അറിയിച്ചിട്ടുണ്ട്. അത് എങ്ങനെയെങ്കിലും പുറത്തുവരട്ടെ''. അതുവരെ എം.ടിയുടെ നോവൽ വിവർത്തനം ചെയ്ത് വന്നിട്ടില്ലായിരുന്നു. ഞാൻ പ്രസാധകർക്കും എം.ടിക്കും മറുപടി എഴുതി: ''നാലഞ്ച് കൊല്ലം മുമ്പ് വിവർത്തനം ചെയ്ത കൃതിയാണ്. വിവർത്തനകലയെക്കുറിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട ബോധം എനിക്കിപ്പോൾ വന്നുചേർന്നതിനാൽ ഈ കൃതി വീണ്ടും വിവർത്തനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. കുറച്ചുസമയം കൂടി അനുവദിച്ചുതരണം.'' അത് അവർ അംഗീകരിച്ചു. നിശ്ചിത സമയം മനസ്സിൽ പാലിച്ചുകൊണ്ട് 'കാലം' വീണ്ടും വിവർത്തനം ചെയ്ത് ഞാനവർക്ക് അയച്ചുകൊടുത്തു. അത് അച്ചടിച്ചുവന്നു. 

എഴുത്തുകാരൻ-വിവർത്തക എന്ന കോംപിനേഷൻ എം.ടിയുമായി സൂക്ഷിക്കാൻ ഇന്നുവരെ സാധിച്ചു. അദ്ദേഹം 'നോ' പറയില്ല എന്ന ധൈര്യം പിന്നീട് പല കൃതികളും വിവർത്തനം ചെയ്യാൻ സഹായകമായി. ആദ്യമാദ്യം ഞാൻ സംശയങ്ങളൊന്നും ചോദിക്കില്ലായിരുന്നു. കുറച്ചുകൂടി സ്വാതന്ത്ര്യം വന്നുചേർന്നപ്പോൾ പുസ്തകത്തിലെ സംശയങ്ങളും പ്രയോഗങ്ങളുമൊക്കെ ഞാൻ അദ്ദേഹത്തോട് നേരിട്ടു വിളിച്ചുചോദിക്കാൻ തുടങ്ങി. 'നാലുകെട്ട്' വിവർത്തനം ചെയ്യുമ്പോൾ ഞാൻ തുഞ്ചൻപറമ്പിൽ പോയി. പകിടകളി കണ്ടിട്ടുണ്ടോ എന്നദ്ദേഹം ചോദിച്ചു. കണ്ടിട്ടില്ല, കേട്ടു പരിചയമേയുള്ളൂ എന്നറിയിച്ചപ്പോൾ ഒരു കാർ വിട്ടുതന്ന് എന്നെ കൂടല്ലൂർക്ക് അയച്ചു. അവിടെ അദ്ദേഹം ഒരു പകിടകളി ഏർപ്പാടാക്കി. ഞാനവിടെപ്പോയി പകിടകളി നേരിട്ടുകണ്ടു. ആ അനുഭവം വിവർത്തനം ചെയ്യുമ്പോൾ എന്നെ ഏറെ സഹായിച്ചു. എനിക്ക് ആത്മവിശ്വാസവും കൂടി. നമുക്ക് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ നമുക്ക് പരിചിതമാണെങ്കിൽ  വിവർത്തനം എളുപ്പമാണ്.

എം.ടിയുടെ കൃതികൾ വിവർത്തനം ചെയ്യുക എന്നത് എളുപ്പമായിരുന്നോ

The greatest enemy in translating MT is simplicity of the Language not the complications. കാരണം അത്രയും സിംപിളാവുമ്പോൾ ഇതെങ്ങനെയാണ് വേറൊരു ഭാഷയിൽ പറയുക എന്ന ധർമസങ്കടം എനിക്ക് എപ്പോഴുമുണ്ടാവാറുണ്ട്. എം.ടിയുടെ കൃതികൾ ഞാൻ വൃത്തിയായി വിവർത്തനം ചെയ്തു എന്നു പറയാൻ ഇന്നും എനിക്ക് ആത്മവിശ്വാസമില്ല. എന്റെ കഴിവിന്റെ പരമാവധി നന്നാക്കിചെയ്തിട്ടുണ്ട് എന്നേ പറയാനാവൂ. വളരെ കാവ്യാത്മകമായ ചെറിയ ചെറിയ വാചകങ്ങൾ. എല്ലാ ഇമോഷനും ആ ചെറിയ വാചകങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടാവും. അത് വിവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. 

എം.ടി. വാസുദേവൻ നായർ

 

'രണ്ടാമൂഴ'ത്തിന്റെ വിവർത്തനത്തെക്കുറിച്ച്...

'രണ്ടാമൂഴം' ഏറ്റവും വലിയൊരു ടാസ്‌ക് തന്നെയായിരുന്നു. അതിന്റെ സെറ്റിങ് നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ മാറിക്കൊണ്ടിരിക്കും. കാട്, കൊട്ടാരം, യുദ്ധം... തുടങ്ങി ഒന്നിൽനിന്നു മറ്റൊന്നിലേക്ക് പോകും തിരികെ വരും അടുത്ത ഒന്നിലേക്ക് പോകും...ശ്രദ്ധിച്ചു പിന്തുടർന്നില്ലെങ്കിൽ പരിശ്രമം പാഴായിപ്പോകും. നാലുകെട്ട്, കാലം തുടങ്ങിയ നോവലുകളെല്ലാം തനി നാട്ടിലാണല്ലോ. നാടൻപ്രയോഗങ്ങൾ, അവരുടെ സംസാരം, ചിന്തകൾ തുടങ്ങിയവയെല്ലാം വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന മാതിരി എളുപ്പമായിട്ട് തോന്നും. വിവർത്തനം ചെയ്യാനിരിക്കുമ്പോൾ പെട്ടെന്ന് കനം കൂടും. ആ ലാളിത്യം താനേ അപ്രത്യക്ഷമാകും. പിടികിട്ടാൻ വിഷമമാണ്. പക്ഷേ, 'രണ്ടാമൂഴം' ഒരു വെല്ലുവിളി തന്നെയായിരുന്നു. എം.ടി. തന്നെ സ്ഥിരം ഭാഷയിൽനിന്നു മാറിയാണ് സഞ്ചരിച്ചത്. അപ്പോൾ വിവർത്തനഭാഷയുടെ ചാലഞ്ച് ഓർത്തുനോക്കൂ. എം.ടിയുടെ ഭാഷ നമ്മൾ എഴുതിക്കഴിഞ്ഞാലും കിട്ടി എന്നു തോന്നുകയേ ഇല്ല. ആ ഭാഷയുടെ പോക്കും ചിന്തയുടെ പോക്കും തമ്മിൽ വ്യത്യാസമുണ്ട്. അതാണ് അദ്ദേഹത്തിന്റെ വിജയവും.

ആനന്ദ്, സക്കറിയ, ലളിതാംബിക അന്തർജനം തുടങ്ങിയവരുടെയൊക്കെ വിവർത്തകകൂടിയാണ് താങ്കൾ

ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ്' ആണ് ആദ്യം വിവർത്തനം ചെയ്തത്. 'ഗോവർധന്റെ യാത്രകൾ' ഞാൻ ഏറെ ആസ്വദിച്ച് വിവർത്തനം ചെയ്ത കൃതിയാണ്. വളരെ ബുദ്ധിമുട്ടേറിയ ഒരു വിവർത്തനമായിരുന്നു അത്. ഒരു വാചകം ഒരു പാരഗ്രാഫായിരിക്കും. ചരിത്രപരമായ ഒരുപാട് വ്യാഖ്യാനങ്ങൾ അതിലുണ്ടാവും. പൊളിറ്റിക്കൽ അല്യൂഷൻസ് ധാരാളം ശ്രദ്ധിക്കാനുണ്ടാവും. ഒരു വാചകം വിവർത്തനം ചെയ്‌തെടുക്കണമെങ്കിൽ പലപല വഴികളിൽക്കൂടി നമ്മൾ സഞ്ചരിച്ചിരിക്കണം. പക്ഷേ, അത് വളരെ വ്യത്യസ്തമായ ഒരു വെല്ലുവിളിയായിട്ടാണ് ഞാൻ കണ്ടത്. ആനന്ദിനെ മുഴുവനായും വിവർത്തനം ചെയ്തുകഴിഞ്ഞാൽ അതിന്റെ സാരം പിടിച്ചെടുക്കാൻ കഴിഞ്ഞു എന്നു നമുക്ക് ആശ്വസിക്കാം. 

ആനന്ദ്‌

 

ഭാസ്‌കരപട്ടേലറും ഞാനും, സക്കറിയയുടെ ചെറുകഥകൾ തുടങ്ങിയവയെല്ലാം വിവർത്തനം ചെയ്തിട്ടുണ്ട്. ഞാൻ വളരെയധികം ആസ്വദിച്ചുചെയ്ത വിവർത്തനങ്ങളിലൊന്നാണ് സക്കറിയയുടേത്. അദ്ദേഹം ഏഷ്യാനെറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ വിവർത്തനം. വൈകുന്നേരങ്ങളിൽ അദ്ദേഹം വീട്ടിൽ വരും. എന്റെ രണ്ട് എഡിറ്റർമാരും ആ സമയത്ത് എത്തിച്ചേരുമായിരുന്നു. വിവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും. സക്കറിയയുടെ കൃതികൾ മറ്റൊരു തരത്തിൽ വളരെ വിഷമം പിടിച്ചതാണ്. വായിക്കുമ്പോൾ വിവർത്തനം എളുപ്പമാണെന്ന് തോന്നും. പക്ഷേ, വളരെ സറ്റയറിക്കലായിരിക്കും. സക്കറിയയുമായി ആരോഗ്യകരമായ വാക്തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പക്ഷേ, പിന്നീട് ഞങ്ങളുടെ വാദത്തോട് അദ്ദേഹം സമ്മതപ്പെടുകയായിരുന്നു പതിവ്. 

സക്കറിയ

 

വിവർത്തനത്തിലൂടെ പുതിയ പദങ്ങളെ പരിചയപ്പെടുത്താറുണ്ടോ

അത് പലപ്പോഴും സാധ്യമല്ല, മറിച്ച് മൂലകൃതിയിലെ പദത്തിന്റെ സത്ത് എങ്ങനെയെങ്കിലും പിടിച്ചെടുക്കുക എന്നതാണ് മുന്നിലുള്ള പോംവഴി. മൂലകൃതിലെ ചെറിയ വാചകങ്ങൾ തർജമ ചെയ്തുവരുമ്പോൾ ഇരട്ടിക്കുന്നത് സ്വാഭാവികമാണ്. അതിന് കാരണങ്ങൾ പലതാണ്. ഒന്ന് ഭാഷയുടെ സ്വഭാവം. ഉദാഹരണത്തിന് ഓണം എന്നെഴുതിയാൽ ഉടനെ തൊട്ടടുത്തായി ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നെഴുതും. ഏകാദശി, സ്മാർത്തവിചാരം എന്നൊക്കെ ടെക്സ്റ്റിൽ ഉണ്ടെങ്കിൽ വളരെ വിസ്തരിച്ചുതന്നെ അർഥം തെളിയിക്കേണ്ടി വരും. കാരണം പ്രസാധകർക്ക് ആർക്കും തന്നെ ഫുട്‌നോട്ട് ഇഷ്ടമല്ല. വായനക്കാർക്ക് അത് തടസ്സമാണെന്നാണ് ഇവർ പറയുക. ഓരോ വാക്കിന്റെയും ഫുട്‌നോട്ട് നോക്കി പോവുക എന്നത് വായനയെ തടസ്സപ്പെടുത്തും. കഴിയുന്നതും ടെക്‌സ്റ്റിൽ തന്നെ വിശദമാക്കാനാണ് പബ്ലിഷർ പറയുക. വിവർത്തനം ചെയ്യുമ്പോൾ എഴുത്തുകാരൻ കൃതിക്കുകൊടുത്ത ലാളിത്യം ഒരു പക്ഷേ കൈവിട്ട് പോയേക്കാം. അങ്ങനെ സംഭവിക്കുന്നത് വിവർത്തകർക്കറിയാം. പക്ഷേ, നിവൃത്തിയില്ല. 

'ഗോവർദ്ധന്റെ യാത്രകൾ' വിവർത്തനത്തിന് ക്രോസ് വേഡ് പുരസ്‌കാരം ലഭിച്ചപ്പോൾ

 

വിവർത്തനം ചെയ്ത കൃതികൾ ഇപ്പോൾ വായിക്കുമ്പോൾ എന്തുതോന്നുന്നു

എല്ലാ കൃതികളും വീണ്ടും നന്നായി വിവർത്തനം ചെയ്യാൻ തോന്നിയിട്ടുണ്ട്. ഒരു പുസ്തകം വിവർത്തനം ചെയ്ത് പുറത്തുവന്നാൽ കുറച്ചുദിവസത്തേക്ക് അതിനെ ഞാൻ തൊടാറില്ല. എനിക്ക് പേടിയാണ് അതിന്റെ ന്യൂനതകളെക്കുറിച്ചാലോചിക്കുമ്പോൾ. ഒരു മാസം കഴിഞ്ഞ് തുറന്നുനോക്കുമ്പോൾ തോന്നും അയ്യോ ഇങ്ങനെയല്ലായിരുന്നു വേണ്ടത് എന്ന്. ഒരു വിവർത്തനകൃതിയും ഇന്നേവരെ എനിക്കൊരു സംതൃപ്തി തന്നിട്ടേയില്ല. 

എഴുത്തുകാർ വ്യക്തിപരമായി സമീപിക്കാറുണ്ടായിരുന്നോ

ഉണ്ടാവാറുണ്ട്. ചിലപ്പോൾ എഴുത്തുകാർ ആവശ്യപ്പെടാറുണ്ട്, മറ്റു ചിലപ്പോൾ പ്രസാധകരും. വിവർത്തനം ഒരു പ്രൊഫഷനാണെങ്കിലും സർഗാത്മകമായൊരു പ്രവൃത്തിയാണ്. ചില കൃതികൾ വായിച്ചുകഴിയുമ്പോൾ നമുക്ക് ആ കൃതി ഏറ്റെടുക്കണം എന്ന് തോന്നാറുണ്ട്. അപ്പോൾ എഴുത്തുകാരെ അങ്ങോട്ട് വിളിച്ച് സമ്മതം ചോദിക്കും. സക്കറിയയുടെ ആർക്കറിയാം എന്ന കഥ വായിച്ചപ്പോൾ എനിക്കത് വിവർത്തനം ചെയ്യണമെന്ന് തോന്നി ഞാനദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് അനുവാദം ചോദിക്കുകയായിരുന്നു. 

മറ്റ് വിവർത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു

പരമാവധി നോക്കാറുണ്ട്. സമയമാണ് വലിയൊരു പരിമിതി. അതുപോലെ പരമാവധി മലയാളം കൃതികൾ വായിക്കുകയും നല്ലതെല്ലാം വിവർത്തനം ചെയ്യണമെന്നുമുണ്ട്. പക്ഷേ എല്ലാംകൂടി നടക്കുന്നില്ല. മുമ്പത്തെപ്പോലെ ഓടിനടക്കാൻ പറ്റാതായി. പ്രായത്തിന്റേതായ മെല്ലെപ്പോക്ക് എന്റെ ദിനചര്യയുടെ ഭാഗമായിരിക്കുന്നു. മുമ്പത്തേതുപോലുള്ള ആർത്തിപിടിച്ച വായന ഇപ്പോഴില്ല. എന്നാലും വായന മുടക്കാറില്ല. 

എഴുത്തുകാർ- വിവർത്തകർ തമ്മിൽ നല്ലൊരു റാപ്പോ സൂക്ഷിച്ചില്ലെങ്കിൽ കൃതി പാളിപ്പോവില്ലേ

ഏതു കൃതി വിവർത്തനം ചെയ്താലും ആദ്യം ചെയ്യുന്നത് അതിന്റെ പ്രിന്റൗട്ട് എടുത്ത് എഴുത്തുകാർക്ക് അയച്ചുകൊടുക്കുക എന്നതാണ്. അവരുടെ വായന കഴിഞ്ഞ ശേഷം ഒന്നിച്ചിരുന്ന് ഓരോ പേജും കറക്ട് ചെയ്തുപോകുകയാണ് പതിവ്. ചില ഏരിയകളിൽ എഴുത്തുകാർക്ക് അഭിപ്രായം പറയാനുണ്ടാവും, ചിലത് കൂടുതൽ മെച്ചപ്പെടുത്താനുണ്ടാവും. ഒന്നിച്ചിരുന്ന് വായിക്കുന്നത് രണ്ടു പേർക്കും ഗുണം ചെയ്യും. എം.ടിയുടെ കൃതികളിൽ എനിക്കധികവും സംശയങ്ങളാണുണ്ടാവാറ്. അത് അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയാണ് പതിവ്. ചില വാചകങ്ങൾ വായിക്കുമ്പോൾ എന്താണ് എഴുത്തുകാർ ഉദ്ദേശിച്ചതെന്ന് നമുക്ക് ഒറ്റനോട്ടത്തിൽ പിടികിട്ടി എന്നുവരില്ല. ആന്തരാർഥങ്ങൾ ധാരാളം കാണാം എം.ടിയുടെ കൃതികളിൽ. കൂടെയിരിക്കുമ്പോൾ അദ്ദേഹം അതെല്ലാം വിശദമായി പറഞ്ഞുതരും. എം.ടി. മാത്രമല്ല, ഇതുവരെ സഹകരിച്ച എല്ലാ എഴുത്തുകാരും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്. 

എഴുത്തുകാർക്ക് ധാരാളം കൂട്ടായ്മകൾ ഉണ്ട്, സാഹിത്യോത്സവങ്ങളുണ്ട്, വിവർത്തകരും ഇങ്ങനെയൊക്കെ സമ്മേളിക്കാറില്ലേ

അക്കാദമിക് കോൺക്ലേവുകൾക്കും മീറ്റിങ്ങുകൾക്കുമൊക്കെ പോകുമ്പോഴൊക്കെ മറ്റ് വിവർത്തകരെയൊക്കെ കാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കൃതിയെക്കുറിച്ച് പരസ്പരം സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. വിവർത്തനത്തിലെ പുതിയ ട്രെൻഡുകളെക്കുറിച്ചുള്ള ചർച്ചകൾ വളരെ രസകരമായിരുന്നു. പുതിയ എഴുത്തുകാരെ നിരീക്ഷിക്കുന്നതുപോലെത്തന്നെയാണ് പുതിയ വിവർത്തകരെ നിരീക്ഷിക്കുന്നതും. ഇപ്പോൾ പക്ഷേ ഞാൻ തുടർച്ചയായി സെമിനാറുകൾ അറ്റൻഡ് ചെയ്യാറില്ല. യാത്രകൾ ബുദ്ധിമുട്ടായിത്തുടങ്ങി. പക്ഷേ, ഒരു കൃതി കാണുമ്പോൾ ഉത്സാഹം വീണ്ടും വന്നു മദിക്കും. 

വിവർത്തനത്തിൽ മാത്രമല്ല, സിനിമയിലും കൈവെച്ചിട്ടുണ്ട് താങ്കൾ. സിനിമകൾക്ക് സബ്‌ടെറ്റിൽ കൊടുക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നല്ലോ

വളരെ അപ്രതീക്ഷിതമായിട്ടാണ് ആ മേഖലയിൽ എത്തിച്ചേർന്നത്. ഇന്നത്തെ കാലത്താണ് സിനിമകളിൽ സബ്‌ടൈറ്റിൽ വ്യാപകമായത്. പണ്ടൊന്നും സബ്‌ടൈറ്റിലുകൾ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. പൂനെയിൽ നിന്നാണ് സബ്‌ടൈറ്റിലിങ് പഠിച്ചത്. പൂനെ ഫിലിം ആർക്കൈവ്‌സ് ഡയറക്ടർ ആയിരുന്ന പി.കെ. നായർ ആയിരുന്നു സഹായങ്ങൾ ചെയ്തുതന്നിരുന്നത്. ഗായത്രി ചാറ്റർജിയായിരുന്നു സബ്‌ടൈറ്റിലിങ്ങിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നത്. പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത  'നീലക്കുയിൽ', അരവിന്ദന്റെ 'കുമ്മാട്ടി' എന്നീ ചിത്രങ്ങൾക്ക് സബ്‌ടൈറ്റിൽ നൽകിയാണ് പരിശീലിച്ചത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് സംവിധായകൻ ശ്യാമപ്രസാദ് 'അഗ്നിസാക്ഷി'ക്ക് സബ്‌ടൈറ്റിൽ കൊടുക്കാമോ എന്ന ആവശ്യവുമായി വരുന്നത്. ലളിതാംബിക അന്തർജനത്തോടുള്ള ഇഷ്ടം ആ പ്രൊജക്ട് ഏറ്റെടുക്കാൻ സഹായകമായി. പിന്നീട് ഒട്ടേറെ സംവിധായകരുമായി സഹകരിച്ചു. വിവർത്തനത്തിൽനിന്നു തികച്ചും വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമാണ് സബ്‌ടെറ്റിൽ കൊടുക്കുന്ന ജോലി. സംഭാഷണത്തിന്റെ സാരാംശം വളരെ ചുരുക്കി പറയണം, സ്‌ക്രീനിൽ സംഭാഷണം നടക്കുന്ന അതേ സമയപരിധിക്കുള്ളിൽ അർഥം ഒട്ടും ചോർന്നുപോകാതെ ഇംഗ്ലീഷിലേക്ക് വാക്കുകളെ ചുരുക്കണം. ഇമോഷൻസ് ചോർന്നുപോകാൻ പാടില്ല. വെറും രണ്ട് വരികൾക്കുള്ള സ്ഥലപരിമിതിയാണുള്ളത്. അത് കൃത്യമായി ഫ്രെയിമിനകത്ത് വന്നിരിക്കണം. ഞങ്ങളുടെയൊക്കെ കാലത്ത് ഇന്നത്തേതുപോലുള്ള സാങ്കേതിക വിദ്യകളൊന്നും വികസിച്ചിട്ടില്ല. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയിൽ പോയിരുന്ന് സ്‌ക്രീനിൽ ഓരോ ഫ്രെയിമും നോക്കിയിട്ട് അതിന്റെ സമയപരിധി നമുക്ക് ടെക്‌നീഷ്യൻ പറഞ്ഞുതരും. ഒരോ ഫ്രെയിമിലെയും ഒരോ സംഭാഷണത്തിലെയും സമയം നമ്മൾ കുറിച്ചുവെക്കണം. പിന്നീട് സബ്‌ടൈറ്റിലിങ് ചെയ്യുമ്പോൾ ആ സമയവുമായി ഒത്തുപോകുന്ന തരത്തിൽ വാക്കുകളെ കുറുക്കിക്കൊണ്ടുവരണം. ഇപ്പോൾപ്പിന്നെ ലേസർ ടെക്‌നോളജിയൊക്കെ വന്നല്ലോ. നമ്മൾ എത്രയെഴുതിയാലും ലേസർ കൊണ്ട് അവരതിനെ ശരിയാക്കിയെടുക്കും. അന്നൊക്കെ ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും എണ്ണിയെണ്ണിയൊപ്പിച്ചാണ് ചെയ്തിരുന്നത്. മഹാ മെനക്കട്ട പണിയായിരുന്നു. ചിലർ തിരക്കഥ തരും, ചിലർ കാസറ്റിൽ ശബ്ദരേഖ മാത്രം അയച്ചുതരും. അഞ്ചു ദിവസത്തിനുള്ളിൽ ജോലി ചെയ്തുതീർക്കുകയും വേണം. വളരെ ചാലഞ്ചിങ് എന്നതുപോലെത്തന്നെ ഞാൻ നന്നായി ആസ്വദിച്ചു ചെയ്ത ജോലികൂടിയായിരുന്നു അത്. 

ഇപ്പോൾ സബ് ടൈറ്റിലിങ് അത്ര പ്രയാസമുള്ള കാര്യമല്ല. അതുതന്നെയാണ് എന്റെ ഭയവും. ഗൂഗിൾ ട്രാൻസ്‌ലേഷനെ ആളുകൾ വല്ലാതെ ആശ്രയിക്കുന്നതു കാണുമ്പോൾ എനിക്ക് ആശങ്കയുണ്ട്. വിവർത്തന മേഖലയെയും ഇത് ഭാവിയിൽ പ്രതിസന്ധിയിലാക്കിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാനമായും ഫോക്കസ് ചെയ്തിരിക്കുന്ന മേഖലയിൽ വിവർത്തനവും ഉൾപ്പെടുന്നുണ്ട്. നൈസർഗികമായ വിവർത്തനം ഇനിയുള്ള തലമുറയ്ക്ക് നഷ്ടമാകുമോ എന്നു ഞാൻ ഭയക്കുന്നു. ടെക്‌നോളജി അളവിലും കൂടുതൽ നമ്മുടെ ജീവിതത്തിൽ ഇടപെട്ടാൽ അത് ഭീഷണി തന്നെയാണ്.