ബേബി ചെറിയാന്റെ വാക്കുകളിൽ അപൂർണ്ണതയുണ്ട്. അതിനിട വരുത്തുന്നത് പിടികൊടുക്കാതെ വഴുതുന്ന കഠിനമായ കള്ളങ്ങളാവണമെന്നില്ല- നന്നായി പരിശീലിച്ച പ്രസംഗം പോലെ ചാതുര്യത്തോടെ വിന്യസിച്ച സത്യങ്ങളുമാവാം. പക്ഷേ, അന്തിമമായി അത് കള്ളംപോലെ വഴി തെറ്റിച്ചാലോ? വൈകിയ രാത്രിയിൽ, ഫ്ലാറ്റിലെ ഏകാന്തതയിൽ, സ്‌കോച്ച് വിസ്‌കിയുടെ നേർത്ത വീര്യത്തിൽ സമർ ബനഡിക്ടിന്റെ മനസ്സ് ബേബി ചെറിയാനെ വലം വച്ചു. കൈകൾ നനയാതെ മീൻപിടിക്കുന്നയാളാണ് ബേബി ചെറിയാനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാര്യേജ് ചലഞ്ചിനെപ്പറ്റി ആദ്യം അറിഞ്ഞത് അരവിന്ദിലൂടെയാണെന്ന് അയാൾ പറയുന്നു. ജൂലിയുടെ പങ്കാളിത്തത്തിന് പിന്തുണയൊരുക്കുകയോ ക്രമീകരണം നടത്തുകയോ ചെയ്തത് അരവിന്ദാണ്. അതിനർത്ഥം അയാൾ അണിയറയിലിരുന്ന് അരവിന്ദിനെ ഉപയോഗിച്ച് ആട്ടം നടത്തിയെന്നാണ്. അയാളുടെ വ്യക്തിപരമായ കാര്യങ്ങളിൽപ്പോലും ഇടപെടാൻ അരവിന്ദിന് സ്വാതന്ത്ര്യമുണ്ടായിരുന്നെന്നു വ്യക്തം. എന്നിട്ടും കോബ്ര സ്പൈ നെറ്റ്‌വർക്കിന്റെ ആർക്കൈവ്സിലോ, റെക്കോർഡുകളിലോ ബേബി ചെറിയാനുമായി ബന്ധപ്പെട്ട രേഖകളൊന്നും ഉണ്ടാവാതിരുന്നത് അസ്വാഭാവികമാണ്. അരവിന്ദ് സ്വകാര്യമായി ചെയ്ത ജോലിയായിരിക്കുമെന്ന് അനുമാനിച്ച്, അതിന്റെ ഗൗരവം കുറച്ചു കാണാനാണ് കോബ്രയുടെ സെന്റർ ഇൻ ചാർജ്ജും ശ്രമിച്ചത്. വാസ്തവത്തിൽ സംഭവിച്ചിട്ടുണ്ടാവുക മറ്റൊന്നാണ്- സ്ഥാപനത്തിൽനിന്നു രാജി വച്ചപ്പോഴോ അതിനു മുൻപോ അത്തരം ഫയലുകൾ അരവിന്ദ് പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, അതിനു പിന്നിൽ ഗൂഢലക്ഷ്യം ഉറപ്പാണ്. ബേബി ചെറിയാന്റെ മൊഴിയിൽ കൂടുതൽ സാധൂകരണം ആവശ്യമുണ്ടെന്ന് സമറിനു തോന്നി. ലഭിച്ച വിവരങ്ങൾ പ്രഹേളികയായി ചിതറിക്കിടക്കുന്നു. അവയെ ചേരുംപടി ചേർക്കണം. അതിന് സമീപിക്കാനാവുന്നത് എമ്മ ഫെർണാണ്ടസിനെയാണ്.

To advertise here,

‘വിവരങ്ങൾ കിട്ടേണ്ടിടത്തെല്ലാം അവന്റെ ടൂൾ ലവ് അഫയറായിരിക്കും’ | ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ 13

അവസാനമായി എമ്മയെ കണ്ടത് പത്തുദിവസം മുൻപാണ്- നേഹയുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച അരവിന്ദിന്റെ ഫോട്ടോ തിരിച്ചറിയാനുള്ള ശ്രമങ്ങൾക്കിടയിൽ. നേഹ ഗോവയിൽ താമസിച്ചിരുന്നതും കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധനകൾ നടന്നതും അവർക്കറിയാം. മറ്റു വിവരങ്ങളൊന്നും സമർ പങ്കുവച്ചിട്ടില്ല. അവൾ ജീവനോടെയുണ്ടെന്നോ ദുബായിയിൽനിന്ന് അവളെ കസ്റ്റഡിയിലെടുത്തെന്നോ, കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ പോലീസിന്റെ നിരീക്ഷണത്തിലാണെന്നോ എമ്മയെന്നല്ല, അന്വേഷണസംഘത്തിന്റെ കോർ ഗ്രൂപ്പിനു പുറത്തുള്ള ആരും അറിഞ്ഞിട്ടില്ല. അടുത്ത ദിവസം രാവിലെ, സമർ ഔദ്യോഗിക കൃത്യങ്ങളിലേക്കു കടക്കുന്നതിനു മുന്നോടിയായി എമ്മ ഫെർണാണ്ടസിനെ ഫോൺ ചെയ്തു.

എന്നാൽ, അവിചാരിതമായി കോൾ എത്തിയത് ഹോസ്പിറ്റൽ കിടക്കയിലേക്കാണ്. മൈനർ കാർഡിയാക് ട്രബിളോടെ എമ്മയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.

ഈ അവസ്ഥയിൽ കേസന്വേഷണത്തിന്റെ കാര്യങ്ങൾ സംസാരിക്കുന്നത് ഉചിതമല്ലെന്നു കരുതി, അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സമർ പിൻവാങ്ങാനൊരുങ്ങി. എമ്മ അതു തടഞ്ഞു.

“നോ പ്രോബ്ലം ബോയ്. ഞാനിപ്പോൾ പത്രങ്ങൾ വായിക്കുന്നു, ടിവി കാണുന്നു... കുട്ടിക്കു പറയാനുള്ളത് അതിലും വലിയ വാർത്തയായിരിക്കുമെന്ന് എനിക്കു നിശ്ചയമുണ്ട്.”

അവരുടെ ശബ്ദം പരിക്ഷീണമെങ്കിലും ജിജ്ഞാസ നിറഞ്ഞതായിരുന്നു.

“ആന്റി റെസ്റ്റെടുക്കൂ. രണ്ടു ദിവസം കഴിഞ്ഞ് നേരിൽ കാണാം.”

എമ്മ ഫെർണാണ്ടസ് ഉള്ളാലെ ചിരിച്ചു.

“ഞാൻ ബലഹീനനായപ്പോൾ ഞാൻ ശക്തനാകുന്നു. അങ്ങനെയല്ലേ കുട്ടീ അപ്പോസ്തലൻ പൗലോസിന്റെ വചനം.”

ഒരു തുടർച്ചയെന്നോണം അവർ അതു മനസ്സിൽ ആവർത്തിച്ചുരുവിട്ടു. എന്റെ ശേഷി കുറയുമ്പോൾ, കഴിവു പോരാതെ വരുമ്പോൾ, വേദനയും ബുദ്ധിമുട്ടും ദു:ഖവുമെല്ലാം ഒന്നൊന്നായി എത്തിച്ചേരുമ്പോൾ ദൈവത്തിന്റെ ശക്തി അതിനിടയിൽ പ്രവർത്തിക്കുന്നു. ഇന്നുവരെ ബൈബിൾ വചനമെന്ന നിലയിൽ സിദ്ധാന്തമെന്നു കരുതിയിരുന്നവ രോഗക്കിടക്കയിൽ അർത്ഥസമ്പുഷ്ടമാകുന്നത് തിരിച്ചറിയുകയായിരുന്നു. ദൗർബല്യം പരാജയമല്ല- ദൈവം മനുഷ്യനെ ഉപയോഗപ്പെടുത്താൻ തെരഞ്ഞെടുക്കുന്ന നിർമലമായ അവസ്ഥയാണ്. എമ്മ ദീർഘനിശ്വാസത്തോടെ വീണ്ടും സമറിനോടു പറഞ്ഞു.

“ദൈവം നൽകുന്ന ഓരോ ശ്വാസവും ഓരോ ഉത്തരവാദിത്വങ്ങളല്ലേ, സമർ.”

കാതിലലച്ച ബൈബിൾ വചനങ്ങൾക്കു മറുപടിയെന്നോണം ചെറുചിരിയോടെ സമർ കാര്യത്തിലേക്കു കടന്നു.

“ബേബി ചെറിയാനെപ്പറ്റി ആന്റിയുടെ അഭിപ്രായം എന്താണ്?”

“ഏതു തരത്തിൽ?” അവർ സംശയാലുവായി.

“എല്ലാ തരത്തിലും. ബിസിനസ്മാൻ, വ്യക്തി...”

“പതിറ്റാണ്ടുകളായി പരസ്പരം അറിയുന്ന ആളുകളാണ് ഞങ്ങളൊക്കെ. അലക്സാണ്ടറുടെ ക്ലോസ് ഫ്രണ്ടായിരുന്നു. ബേസിക്കലി, ഹി ഈസ് ആൻ ഓൾഡ് സ്‌കൂൾ ബിസിനസ്മാൻ. കൺസർവേറ്റീവ്. എല്ലാക്കാര്യത്തിലും ഒരു സ്റ്റെപ്പു പിന്നിലേക്കു മാറിനിൽക്കും. അത്ര തന്നെ. അല്ലാതെന്താ?”

“എമ്മ ഗ്രൂപ്പിനു ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും ഇന്റർഫെറൻസ് അയാളുടെ ഭാഗത്തുനിന്ന്...?”

“നോ സമർ... വാട്ടീസ് ദി മാറ്റർ?”

സമർ അതിന് മറുപടി പറഞ്ഞില്ല- പകരം കഥാതന്തുവിലേക്ക് എമ്മയെ കൂടുതൽ അടുപ്പിക്കുന്ന മറ്റൊരു ചോദ്യത്തിലേക്കു നീങ്ങി.

“ആന്റീ ... ആ മാര്യേജ് ചലഞ്ചില്ലേ... അതിൽ ജൂലി പാർട്ടിസിപ്പന്റായത് എങ്ങനെയാണ്?”

“ജൂലിയോ?” നിമിഷനേരത്തെ മൗനത്തിനുശേഷം ഫോണിൽ എമ്മയുടെ ശബ്ദം ഉയർന്നു.

“പാർട്ടിസിപ്പന്റ്സിനെ ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ അഞ്ചാമതായാണ് ജൂലിയെ ഫിക്സ് ചെയ്തത്. പല ഓപ്ഷൻസുമുണ്ടായിരുന്നു. ജൂലിയുടെ പേരു റക്കമെന്റ് ചെയ്തത് നേഹയാണ്.”

“പല ഓപ്ഷൻസും ഉണ്ടായിരുന്നെന്നു പറഞ്ഞല്ലോ. അതെല്ലാം മാറ്റിവച്ച് ജൂലിയെത്തന്നെ മതിയെന്നു തീരുമാനിച്ചത് എന്തുകൊണ്ടാണ്?”

“ജൂലിക്ക് സ്വഭാവഗുണമുണ്ട്. അടക്കവും ഒതുക്കവുമുണ്ട്. വിദ്യാഭ്യാസം, പെരുമാറ്റം, കുടുംബപശ്ചാത്തലം... എല്ലാമുണ്ട്. ആ നിലയ്ക്ക് ആപ്റ്റായ പാർ്ട്ടിസിപ്പന്റാണ് അവളെന്ന് എനിക്കും തോന്നി.”

യുക്തിപൂർവ്വം വിഷയങ്ങളിലിടപെടുന്നയാളാണ് നേഹയെന്ന് പലപ്പോഴായി എമ്മ പറഞ്ഞിട്ടുള്ളത് സമർ ബനഡിക്ട് ഓർത്തു. എമ്മയുടെ കുടുംബവുമായി ബേബി ചെറിയാന് അടുപ്പമുണ്ടെന്ന് പറയുമ്പോഴും, നേഹയെ സംബന്ധിച്ചിടത്തോളം ജൂലി അപരിചിതയാണ്. അങ്ങനെയൊരാളെ നിർദ്ദേശിക്കാൻ ജൂലി മുൻകൈയെടുത്തെങ്കിൽ, പിന്നിൽ അരവിന്ദ് അല്ലാതെ മറ്റാരുമാവില്ല. ഫോൺ സംഭാഷണം അവസാനിപ്പിക്കുമ്പോൾ ഒരു അനുമാനത്തിലേക്കെത്തുവാൻ സമർ നിർബന്ധിതനായി.

എമ്മയുടെ മാത്രമല്ല, ജാക്കിന്റെയും പിന്നിൽ നിശ്ശബ്ദമതിലായിരുന്ന നേഹയെ ഉപകരണമാക്കാൻ അരവിന്ദിനു കഴിഞ്ഞെങ്കിൽ... ഒന്നുകിൽ അവൾ പൂർണ്ണബോധ്യത്തോടെ അതിനു വഴങ്ങിയിരിക്കും. അല്ലെങ്കിൽ കാര്യമറിയാതെ ചതിയിൽ വീണിട്ടുണ്ടാവും. എമ്മയുടെ കുടുംബത്തിന്റെ സ്വകാര്യ വിഷയമായ മാര്യേജ് ചലഞ്ചിൽ, സ്വന്തമായി തീരുമാനങ്ങളെടുക്കാനും ജൂലിയെ ഷോർട്ട്ലിസ്റ്റ് ചെയ്യാനുമെല്ലാം തക്ക അഭിഗമ്യത നേഹയ്ക്കുണ്ടയിരുന്നു. ആ സാധ്യത ഉപയോഗപ്പെടുത്താൻ അരവിന്ദ് ശ്രമിച്ചിട്ടുണ്ടാവണം.

അങ്ങനെ വരുമ്പോൾ ജൂലിയും അസ്വാഭാവികതകളിൽനിന്ന് വിമുക്തയല്ല. പുറമേ പ്രകടമായിരുന്നതു മാത്രമാണോ ഇതിൽ അവളുടെ റോൾ? ഇത്രത്തോളം താൽപ്പര്യമെടുത്ത് അരവിന്ദും ബേബി ചെറിയാനും മാര്യേജ് ചലഞ്ചിലേക്ക് ജൂലിയെ അയച്ചത് കേവലം നിഷ്‌കളങ്കമല്ലെന്നു വന്നാലോ?

ചെറുപ്രായത്തിൽത്തന്നെ മുടി കൊഴിഞ്ഞു തുടങ്ങിയ ശിരസ്സു തലോടി സമർ കസേരയിൽ പിന്നാക്കം ചാരി ഇരുന്നു.

ഹോസ്പിറ്റൽ റൂമിന്റെ സ്വകാര്യതയിൽ എമ്മയും അപ്പോൾ കടുത്ത ആലോചനകളിലായിരുന്നു. ക്ഷീണം തെല്ലൊന്നു കുറഞ്ഞ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങുകയാണ്. അതിനിടയിലാണ് കുഴഞ്ഞുമറിയുന്ന ചിന്തകൾ തലനീട്ടുന്നത്. സമറിന്റെ അന്വേഷണം ബേബി ചെറിയാനിലേക്ക് നീളുന്നുണ്ടെങ്കിൽ, അസാധാരണമായി എന്തോ അതിലുണ്ട്. അയാൾക്കു കുറവുകളുണ്ടായേക്കാം- എന്നുകരുതി എന്തെങ്കിലും കുറ്റം ചെയ്തതായി കരുതാൻ ന്യായമില്ല. മറുവശത്ത്, നേഹയുടെ തിരോധാനത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. അതേസമയം, സമറിന്റെ അന്വേഷണങ്ങൾ മാര്യേജ് ചലഞ്ചിലേക്കും എമ്മ ഗ്രൂപ്പിലേക്കും നീങ്ങുകയാണ്. എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിനെ ദ്രോഹിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടാവുമോ?- അതൊരു വലിയ ചോദ്യമായി അവശേഷിച്ചു.

സ്വന്തം ചിന്തകളെ നിരാകരിക്കാൻ ശ്രമിച്ച് എമ്മ ഫെർണാണ്ടസ് കണ്ണടച്ചു കിടന്നു. ഈ സമയം അന്ന ഡോർ തുറന്ന് റൂമിലേക്കു പ്രവേശിച്ചു.

“ഫിലിപ്പ് പുറത്തു വെയ്ററ് ചെയ്യുന്നു.  അത്യാവശ്യമുണ്ടെന്നാണ് പറയുന്നത്.” വിസിറ്റേഴ്സിനെ പൂർണ്ണമായും ഒഴിവാക്കിയിരുന്നതാണ്.

ഔദ്യോഗിക കാര്യത്തിനാണെങ്കിലും അങ്ങനെതന്നെ. ഡോക്ടർ നിർദ്ദേശിച്ചതുകൂടാതെ എമ്മയ്ക്കും തോന്നിയിരുന്നു- തിരക്കുകളിൽനിന്ന് കുറച്ചു ദിവസത്തേക്ക്  ഒഴിഞ്ഞുനിൽക്കണമെന്ന്.

മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യങ്ങളായിരുന്നു ഫിലിപ്പ് മാത്യുവിനുണ്ടായിരുന്നത്. ഇതിനകം എമ്മ ഗ്രൂപ്പിന്റെ മൈനർ സ്റ്റേക്ക് ഹോൾഡറായി മാറിയ മെറിസോണിന്, ഒരുകൂട്ടം ഔദ്യോഗിക രേഖകളിൽ ഉടനടി അനുമതി ലഭിക്കേണ്ടിയിരുന്നു. റഗുലേറ്ററി അപ്ഡേറ്റിന് എമ്മയുടെ ഒപ്പ് വൈകിക്കാനാവില്ലെന്ന് ഫോണിൽ അയാൾ മുമ്പുതന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ, അടുത്ത ദിവസങ്ങളിൽ ഓഫീസിലെത്തുമ്പോൾ ഒപ്പിടാമെന്ന നിലപാടിലായിരുന്നു എമ്മ. അടിയന്തിരസാഹചര്യം ഉണ്ടായതോടെയാണ് ഫിലിപ്പ് നേരിട്ട് ഹോസ്പിറ്റലിലെത്തിയത്.

“യെസ്... അയാളോടു വരാൻ പറയു.”

എമ്മ മനസ്സില്ലാമനസ്സോടെ അന്നയോടു പറഞ്ഞു.

അടുത്ത നിമിഷം, തോളിൽ കറുത്ത ലെതർ ബാഗും തൂക്കി ഫിലിപ്പ് മാത്യു റൂമിലേക്കു കയറി. അയാൾ ആവശ്യം ആവർത്തിക്കാനൊരുങ്ങി. എമ്മ കയ്യുയർത്തി വിലക്കി.

“പ്ലീസ്. കം റ്റു ദി പോയന്റ്.”

എമ്മയുടെ സമീപത്തേക്ക് അയാൾ അൽപ്പം നീങ്ങിനിന്നു.

“മാഡം. യു. എ. ഇ. സൈഡിൽ നിന്നുള്ള ലൈസൻസിങ് ഫോർമാലിറ്റിയാണ്. പുതുക്കിയ ഓപ്പറേഷണൽ കോഡിന്റെ കാര്യത്തിൽ നമ്മുടെ ക്ലിയറൻസുകൾ ഇപ്പോൾത്തന്നെ വൈകിയിട്ടുണ്ട്. ഞാൻ എല്ലാം പ്രോപ്പറായി ഫിൽ ചെയ്തിട്ടുണ്ട്. മാഡം സൈൻ ചെയ്താൽ ഇന്നു തന്നെ പ്രോസസ് ചെയ്യാം.”

അയാൾ ലെതർ ബാഗ് തുറക്കുന്നതിനിടെ തളർന്നതെങ്കിലും ഉറച്ച നോട്ടത്തോടെ എമ്മ ചോദിച്ചു.

“ഫിലിപ്പ് നന്നായി ക്രോസ് ചെക്കു ചെയ്തതാണല്ലോ. ഇനി ഞാൻ വായിക്കേണ്ടതില്ലല്ലോ?”

“എല്ലാം പെർഫക്ട് ആണ്, മാഡം.”

“എവിടെയാണ് സൈൻ ചെയ്യേണ്ടത് ? അതു കാണിക്കൂ.”

ഒപ്പിടുന്നതിനുവേണ്ടി മാർക്കു ചെയ്ത സ്ഥലങ്ങൾ ഫിലിപ്പ് ധൃതിയിൽ ചൂണ്ടിക്കാണിച്ചു. മറ്റൊന്നും നോക്കാതെ എമ്മ അത് ഒപ്പിട്ടുനൽകി. ആ നിമിഷം അവളുടെ മനസ്സിലേക്കോടിയെത്തിയത് നേഹയാണ്. അവളിപ്പോഴുണ്ടായിരുന്നെങ്കിൽ- രേഖകൾ എമ്മയുടെ കൈകളിലെത്തും മുമ്പ് നന്നായി പഠിച്ചിട്ടുണ്ടാവും. ക്ലോസുകളെല്ലാം മനപ്പാഠമാക്കിയിരിക്കും. പ്രോട്ടോക്കോളിൽനിന്നുള്ള വ്യതിയാനങ്ങൾ വിലയിരുത്തി, മുൻകാലത്തെ ഫയലിംഗുകളുമായി ക്രോസ് റഫറൻസ് ചെയ്ത ശേഷം എമ്മയ്ക്ക് വിശദമായ ചിത്രം നൽകിയിട്ടുണ്ടാവും. അതിനുശേഷമേ ഒപ്പിടേണ്ടതായി വരികയുള്ളൂ. നേഹ ഒരു അരിപ്പ പോലെയായിരുന്നു- ആ അരിപ്പയുടെ കണ്ണികളെ വെട്ടിച്ച് ഒന്നും അങ്ങനെ കടന്നുപോയിരുന്നില്ല.

ഫിലിപ്പ് മാത്യു രേഖകളുമായി മടങ്ങവേ, എമ്മ ദീർഘനിശ്വാസമുതിർത്തു. അകാരണമായ ആശങ്ക ചൂഴ്ന്നുകൂടുന്നതായി അവർക്കു തോന്നിത്തുടങ്ങി. സമർ എന്തെങ്കിലും കണ്ടെത്തിയിരിക്കുമോ- വീണ്ടും ചിന്ത ആ വഴിക്കു നീങ്ങി.

(തുടരും)