സി.എസ് നെറ്റ്‌വർക്ക് അഥവാ കോബ്ര സ്പൈ നെറ്റ്‌വർക്ക്. കടവന്ത്രയിലുള്ള സ്വകാര്യ കുറ്റാന്വേഷണ ഏജൻസി. ബിസിനസ് ഗ്രൂപ്പുകളുടെ അകത്തും പുറത്തുമുള്ള ചലനങ്ങൾ പഠിച്ച് എങ്ങനെ മുന്നേറാമെന്ന് നിർദ്ദേശിക്കുക, ബിസിനസിലെ ചാരവൃത്തികളും ചതിക്കുഴികളും കണ്ടെത്തുക, മത്സരത്തിലുള്ള കമ്പനികളെ തുടർച്ചയായി നിരീക്ഷിക്കുക, അവരുടെ നീക്കങ്ങൾക്കു തടയിടുക- കോർപ്പറേറ്റുകൾക്കാവശ്യമായ എല്ലാ സേവനങ്ങളുടെയും ദാതാക്കളാണ് കോബ്ര. പോലീസിലെയും സൈന്യത്തിലെയും റിട്ടയേർഡ് ഉദ്യേഗസ്ഥർ അടങ്ങുന്ന രാജ്യവ്യാപകമായ

To advertise here,

നെറ്റ്‌വർക്ക് അവർക്കുണ്ട്. ആധുനിക ഫൊറൻസിക്, സൈബർ സാങ്കേതികതകൾ ഉൾച്ചേർന്ന പ്രവർത്തന രീതിയാണ് മറ്റൊരു പ്രത്യേകത. അവിടെയാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

അന്വേഷണവുമായി സഹകരിച്ചാൽ ഇളവുകൾ ലഭിക്കുമെന്ന സമർ ബനഡിക്ടിന്റെ വാഗ്ദാനത്തെത്തുടർന്നാണ് അരവിന്ദിന്റെ വീടും ഓഫീസും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ നേഹ തയ്യാറായത്. അയാളെപ്പറ്റി അതിൽക്കൂടുതൽ അറിവ് അവൾക്കുണ്ടായിരുന്നില്ല. ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ചെറുഗ്രാമത്തിലാണ് അയാളുടെ തറവാടുവീട്. അപ്പോൾത്തന്നെ ആദിൽഖാൻ അവിടേക്കു തിരിച്ചു. കാടും പാഴ്ച്ചെടികളും മൂടി മുഖം മങ്ങിയ പഴയ വീടിനെ മൗനം ഗ്രസിച്ചിരുന്നു. തറയോട് പാകിയ പൂമുഖത്തേക്ക് സാമ്പ്രാണിത്തിരിയുടെ മണമെത്തുന്നു.

പുറത്തേക്കു വന്ന പ്രായമുള്ള സ്ത്രീയുടെ കണ്ണുകളിൽ മകനെക്കുറിച്ചുള്ള ഓർമ്മകൾ നരച്ചുവിളറിയിരുന്നു.

“രണ്ടുവർഷമായി... അവനെപ്പറ്റി കേട്ടിട്ടുതന്നെ. ഞാനിപ്പോ ഒറ്റത്തടിയാണ്.”

ഭക്ഷണം പാകം ചെയ്യുന്നതിന്റെ തിരക്കിനിടയിലാണ് പൂമുഖത്ത് ആരോ വന്നിട്ടുണ്ടെന്നു മനസ്സിലാക്കി അവർ വന്നത്. ഇരുകൈകളും ധരിച്ചിരുന്ന

വേഷ്ടിയിൽ തുടയ്ക്കുന്നതിനിടയിൽ അവർ പറഞ്ഞു.

“കാണുവാണേൽ പറഞ്ഞേക്ക്, ഇവിടെ പെറ്റ തള്ളയ്ക്കാരുമില്ലെന്ന്... കൃഷ്ണൻ മാത്രമേയുള്ളെന്ന്.”

അരവിന്ദിന്റേതായി സമീപകാല ഓർമ്മകൾ പങ്കുവയ്ക്കുന്ന യാതൊന്നും അവിടെയുണ്ടായിരുന്നില്ല. അവന്റെ ഫോട്ടോ പോലും ഒന്നോ രണ്ടോ മാത്രം.

അരവിന്ദിൽനിന്നും രണ്ടു വർഷത്തിന്റെ അകലമുള്ള തറവാട്ടുവീട്ടിൽനിന്നു മടങ്ങുമ്പോൾ നേഹയുടെ മൊഴിയാണ് ആദിൽഖാന് ഓർമ്മ വന്നത്. സ്വന്തം വീട്ടിൽനിന്നുപോലും അയാളെപ്പറ്റി വിവരങ്ങൾ കിട്ടാനിടയില്ലെന്ന് അവൾ സൂചിപ്പിച്ചിരുന്നു. ഒരാൾ ഇത്ര കൃത്യമായി ബന്ധങ്ങൾ വിശ്ചേദിക്കുകയും അടയാളങ്ങൾ മായ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തമായൊരു കാരണം പിന്നിലുണ്ടെന്ന് അയാളുറപ്പിച്ചു.

ഈരാറ്റുപേട്ടയിൽനിന്നു മടങ്ങി വന്നതിനു പിന്നാലെയാണ് അരവിന്ദിന്റെ ജോലിസ്ഥലത്തേക്കു പോകാൻ ആദിൽഖാൻ തീരുമാനിച്ചതും സമർ ബനഡിക്ട് ഒപ്പം ചേർന്നതും. ചില്ലുപാളികളും ചാരനിറത്തിലുള്ള മെറ്റൽ ക്ലാഡിങ്ങുമുള്ള വലിയൊരു ഫ്ളാറ്റ് സമുച്ചയത്തിന്റെ പിന്നിലെ പഴയ കെട്ടിടമായിരുന്നു അത്.

ശ്രദ്ധയാകർഷിക്കുന്ന ബോർഡുകളോ മിന്നുന്ന ലോഗോയോ ലോബിയിൽ പ്രത്യേക ബ്രാൻഡിംഗോ ഒന്നുമില്ല- പ്രവേശന കവാടത്തിനടുത്ത് ചെറിയൊരു നെയിംപ്ലേറ്റു മാത്രം.

കോബ്ര സ്പൈ നെറ്റ്‌വർക്ക്.

(പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻസ് ആന്റ്; ഇന്റലിജൻസ് കൺസൾട്ടിങ്)

ഇരുവരും അകത്തേക്കു കടന്നു. തണുത്തതും പെർഫ്യും വഹിക്കുന്നതുമായ വായുസഞ്ചാരമുള്ള മുറി. സ്ഥിരമായൊരു റിസ്പഷനിസ്റ്റില്ലെന്ന സൂചന നൽകി ഒരു ബസറും വികാരരഹിതമായി കണ്ണുചിമ്മുന്ന ക്യാമറയും ഇന്റർകോമും കാണാം. ആദിൽഖാൻ ബസർ അമർത്തി. ഒരാൾ പുറത്തുവന്ന് കാര്യങ്ങൾ തിരക്കിയ ശേഷം അവരെ അകത്തേക്കു കൂട്ടി. പുറം കാഴ്ചയിൽ കണ്ടതുപോലെയല്ല- ഉള്ളിൽ പുതുതലമുറ സംവിധാനങ്ങളായിരുന്നു. സുതാര്യമായ ഗ്ലാസ്സ് പാർട്ടിഷനുകൾ, ബയോമെട്രിക് ചാവികൾ. വർക്ക് സ്റ്റേഷനുകൾ പലതും നിശ്ശബ്ദമായിരുന്നു. അതൊരു ഓഫീസുപോലെയല്ല- അണുവിമുക്തവും സ്വകാര്യവുമായ ശസ്ത്രക്രിയാമുറി പോലെയാണ് സമർ ബനഡിക്ടിനു തോന്നിയത്.

അരവിന്ദനെക്കുറിച്ചുള്ള വിവരങ്ങൾ സെന്റർ ഇൻ ചാർജ്ജിൽനിന്നു തേടിയശേഷം അവന്റെ സഹപ്രവർത്തകരോടു പ്രത്യേകം സംസാരിക്കാനും അവർ ശ്രമിച്ചു. അരവിന്ദ് ഒരു പ്രൈവറ്റ് ഡിറ്റക്ടീവായാണ് ജോലി ചെയ്തിരുന്നത്. അവിടെനിന്ന് രാജി വച്ചിട്ട് ഒരു വർഷമാകുന്നു. ഇപ്പോൾ

എവിടെയുണ്ടെന്ന് ആർക്കും അറിയില്ല.

“നിങ്ങളുടെ കൂട്ടത്തിൽ അരവിന്ദിന്റെ ക്ലോസ് ഫ്രണ്ട് ആരാണ്?”

ആദിൽഖാൻ ചുറ്റും നിന്നവരോടായി ചോദിച്ചു.

“അങ്ങനെ പ്രത്യേകിച്ചില്ല. എല്ലാവരും ഒരു പോലെയാണ്.”

മുൻനിരയിൽ നിന്ന മെലിഞ്ഞ ചെറുപ്പക്കാരൻ പറഞ്ഞു.

അയാളുടെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി ആദിൽഖാൻ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ലാസർ.”

“ഓഫീസിനു പുറത്ത് ആരൊക്കെയാ അയാളുടെ ഫ്രണ്ട്സെന്നറിയാമോ?”

ലാസർ നിശ്ശബ്ദനായി. മറ്റുള്ളവർക്കും മറുപടി ഉണ്ടായിരുന്നില്ല.

“വർക്ക് പ്രൊഫൈലിൽപ്പെട്ട എന്തൊക്കെ അസൈൻമെന്റസാണ് അയാൾ ചെയ്തുകൊണ്ടിരുന്നത്.”

സമർ ബനഡിക്ട് പിന്നിൽ നിന്നിരുന്ന സെന്റർ ഇൻ ചാർജ്ജിനോടു ചോദിച്ചു.

ഒരു നിമിഷത്തെ സാവകാശം തേടിയ അയാൾ ലാപ്ടോപ്പിലെ ചില ഫയലുകൾ പരിശോധിച്ചുതുടങ്ങി.

“മൂന്നു ക്ലയന്റ്സിനു വേണ്ടി എൻഗേജ്ഡ് ആയിരുന്നു.”

ഒന്നൊരു വെയർഹൗസിംഗ് ശൃംഖലയിലെ ആസ്തിക്രയവിക്രയവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ്. മറ്റൊന്ന് ഷിപ്പിങ് ഇൻഷ്വറൻസ് അഴിമതി. അവയുടെ

സമയബന്ധിതമായ രേഖകൾ, കരാറിന്റെ വിശദാംശങ്ങൾ, ഭാഗികനിരീക്ഷണങ്ങൾ- എല്ലാം കോബ്രയുടെ ഡാറ്റാബേസിലുണ്ടായിരുന്നു.

പക്ഷേ, മൂന്നാമത്തെ അസൈൻമെന്റ് എക്സ്റ്റേണൽ കോൺഫ്ലിക്ട് മാപ്പിംഗ്- കോൺഫിഡൻഷ്യൽ ക്ലയന്റ് എന്ന ലേബലിലാണ് ഉണ്ടായിരുന്നത്.

അതിന്റെ ഫയലിൽ ഒന്നും തന്നെ ഇല്ലായിരുന്നു. ആ ശൂന്യത സിസ്റ്റത്തിലെ പിഴവല്ലെന്നും അൽഗരിതം വഴിയല്ലാതെ ആരോ സ്വമേധയാ നീക്കം ചെയ്തതാണെന്നും സമർ സംശയിച്ചു.

“ആരാണ് ഈ കോൺഫിഡൻഷ്യൽ ക്ലയന്റ്?”

“അത് ...”

മറ്റു ചില ഫയലുകൾ കൂടി പരിശോധിച്ച ശേഷം സെന്റർ ഇൻ ചാര്ജ്ജ് പറഞ്ഞു.

“ഒരുപക്ഷേ, അരവിന്ദിന്റെ പേഴ്സണൽ വർക്ക് ആയിരിക്കണം. അങ്ങനെ ചില ഫ്രീഡം കൊടുക്കാറുണ്ട്.”

അയാളുടെ ലാപ്ടോപ്പ്, അനുവാദം തേടാതെ അഭിമുഖം തിരിച്ചുവച്ച് കോൺഫിഡൻഷ്യൽ ക്ലയന്റിന്റെ ഫോൾഡർ സമർ തുറന്നു. അതിനുള്ളിലുള്ള

ഫോൾഡറിൽ മൂന്നാമതൊരെണ്ണം കൂടി. അതും ശൂന്യം. അതിനു ബി. സി. എന്നു ഫോൾഡർ നെയിം നൽകിയിരുന്നു. ലോജിക്കുകളുടെ

പിൻബലത്തോടെയല്ലെങ്കിലും അയാളുടെയുള്ളിൽ ഹോളോഗ്രം മുദ്ര പതിയുംപോലെ ബി. സി. യുടെ വിപുലീകരിച്ച രൂപം തെളിഞ്ഞു.

സമർ ബനഡിക്ട് സംശയപൂർവ്വം സെന്റർ ഇൻ ചാർജ്ജിനെ നോക്കി.

“ദിസ് ക്ലയന്റ് ഈസ് ബേബി ചെറിയാൻ. റൈറ്റ്? ചെറിയാൻസ് മറൈൻ പ്രോഡക്ട്സ് എംഡി ?”

“ആയിരിക്കാം.”

ആലോചനാപൂർവ്വം അയാൾ തുടർന്നു

“പക്ഷേ, ഞങ്ങളുടെ ഒഫിഷ്യൽ ക്ലയന്റ് അല്ല.”

അൽപ്പനേരം കൂടി അവിടെ തുടർന്ന ശേഷം ഇരുവരും മടങ്ങാനൊരുങ്ങി.

ലാസർ അപ്പോൾ അവരുടെ അടുത്തേക്കത്തെി.

“അരവിന്ദിന് പുറത്തും സുഹൃത്തുക്കളുണ്ട് സാർ.”

അയാളുദ്ദേശിക്കുന്നതെന്തെന്ന സംശയത്തോടെ ഇരുവരും നിന്നു.

“അവന്റെ മോഡസ് ഓപ്പറാണ്ടി അങ്ങനെയാണ് സാർ. വിവരങ്ങൾ കിട്ടേണ്ടിടത്തെല്ലാം അവന്റെ ടൂൾ ലവ് അഫയറായിരിക്കും. ആ സുഹൃത്തുക്കളൊക്കെ ഇപ്പോഴുമുണ്ട്.”

സമറിനെ നോക്കിയ ശേഷം ആദിൽഖാൻ ലാസറിനോടു പറഞ്ഞു.

“ഞങ്ങളിനിയും വരും. കിട്ടുന്ന വിവരങ്ങൾ ലാസർ കളക്ട് ചെയ്യണം."

കോബ്ര സ്പൈ നെറ്റ്‌വർക്കിൽനിന്നും അവർ നേരേ നീങ്ങിയത് ബേബി ചെറിയാന്റെ വസതിയിലേക്കാണ്. അസ്വസ്ഥമായ പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്യുമ്പോൾ ബേബി ചെറിയാൻ കരുതിയത് ജൂലിയെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നുവെന്നാണ്. എന്നാൽ, ഇത്തവണ സമറെത്തിയത് തന്നെ തേടിയാണെന്നറിഞ്ഞപ്പോൾ അയാളുടെ മനസ്സൊന്നിളകി.

സൗഹൃദത്തിൽ അയവു വന്നതുപോലെയുള്ള ഭാവഭേദം സമർ ശ്രദ്ധിച്ചു.

“സി എസ് നെറ്റ്‌വർക്കിലുണ്ടായിരുന്ന അരവിന്ദനെക്കുറിച്ചാണ് എനിക്കറിയേണ്ടത്. നിങ്ങളുടെ സ്ഥാപനത്തിനുവേണ്ടി എന്തു ജോലിയാണ് അയാൾ ചെയ്തിരുന്നത്?”

“സാധാരണ റിസ്‌ക് ഇവാല്യുവേഷൻസ് എല്ലാം ചെയ്തിരുന്നു. പിന്നെ മാർക്കറ്റ് ഇന്റലിജൻസും.”

ബേബി ചെറിയാൻ സംശയത്തോടെ് മറുപടി നൽകി.

“അയാൾ നൽകിയിരുന്ന റിപ്പോർട്ടുകൾ നിങ്ങളുടെ കൈയിലുണ്ടാവില്ലേ. അതൊന്നു കാണണം.”

“കാലാകാലങ്ങളിലുള്ളതല്ലേ സാർ... ആവശ്യമില്ലാത്തവ സൂക്ഷിക്കില്ല.”

“അതിശയം തന്നെ. നിങ്ങളും സൂക്ഷിക്കുന്നില്ല, നിങ്ങൾ ഏൽപ്പിച്ചയാളും സൂക്ഷിക്കുന്നില്ല... സീ മിസ്റ്റർ ബേബി ചെറിയാൻ, ഈ രേഖകളൊക്കെ ഡിലീറ്റ് ചെയ്യണമെങ്കിൽ അതിനൊരു കാരണമുണ്ടാവും. അല്ലേ?”

“ഇല്ല സാർ. അങ്ങനെയൊന്നുമില്ല.”

അയാൾ ധൃതിപ്പെട്ടു പറഞ്ഞു.

“ജാക്കിന്റെ മാര്യേജ് ചലഞ്ചിൽ ജൂലി പങ്കെടുത്തത് നിങ്ങൾ പറഞ്ഞിട്ടാണോ? അതോ അവളുടെ താൽപ്പര്യപ്രകാരമാണോ?”

അതുവരെ മൗനം പാലിച്ച ആദിൽഖാൻ അൽപ്പം കടുപ്പിച്ചാണ് ചോദിച്ചത്.

ജൂലിയിലേക്ക് ചോദ്യങ്ങൾ വഴിമാറിയതോടെ ബേബി ചെറിയാൻ കൂടുതൽ അസ്വസ്ഥനായി. സത്യത്തിൽ ജൂലിയ്ക്കൊപ്പം അക്കാര്യത്തിൽ അയാളും തൽപ്പരനായിരുന്നു. എമ്മ ഗ്രൂപ്പുമായുള്ള ബന്ധം ആരും കൊതിക്കും. പ്രത്യേകിച്ച്, അടുത്ത സുഹൃത്തായിരുന്ന അലക്സാണ്ടറുടെ മകൻ തന്റെ മകളെ വിവാഹം കഴിക്കണമെന്ന സ്വകാര്യ താൽപ്പര്യം ഏറെ നാളുകളായി മനസ്സിൽ കൊണ്ടുനടന്നതുമാണ്. അതു പക്ഷേ, നേരിട്ടു പറയാൻ അപകർഷതാബോധം അനുവദിച്ചില്ല. എമ്മ ഗ്രൂപ്പ് ആനയാണെങ്കിൽ അതിനു മുന്നിൽ ആടു മാത്രമാണ് താനെന്ന ചിന്തയാണ് പിന്നോട്ടടിച്ചത്.

അതിനിടയിലാണ് അങ്ങനെയൊരവസരം വന്നത്.

“പബ്ലിസിറ്റി ഒന്നും കൊടുക്കാതെ നടത്തിയ പ്രോഗ്രാമല്ലേ. അതെപ്പറ്റി നിങ്ങളെങ്ങനെ അറിഞ്ഞു?”

“പബ്ലിസിറ്റി കൊടുത്തിരുന്നില്ല. ചില സ്വകാര്യ ഗ്രൂപ്പുകളിലും ബിസിനസ് ഫ്രറ്റേണിറ്റിയിലുമൊക്കെ വിവരം എത്തിയിരുന്നു.” ഒരു നിമിഷം ആലോചിച്ചിട്ട് വീണ്ടുമയാൾ പറഞ്ഞു.

“പക്ഷേ എന്നെ ആദ്യം അതറിയിച്ചത് അരവിന്ദാണ്. അയാൾക്ക് ഫീൽഡിൽ നിന്നുകിട്ടിയ വിവരമാവണം.” ആദിൽഖാൻ മെല്ലെ സമറിനെ നോക്കി. അയാളും കണക്കുകൂട്ടലുകളിലായിരുന്നു. വളരെ സ്വാഭാവികമായാണ് ബേബി ചെറിയാൻ അതു പറയുന്നത്- അതിൽ ഏച്ചുകെട്ടലായി ഒന്നും മുഴച്ചുനിൽപ്പില്ല. നിർബന്ധിക്കാതെ തന്നെ ബേബി ചെറിയാൻ തുടർന്നു.

“ജൂലിയുടെ കാര്യത്തിൽ എനിക്കു താൽപ്പര്യമുണ്ടെന്ന് കണ്ടപ്പോൾ അരവിന്ദാണ് ബയോഡാറ്റ അയയ്ക്കാൻ പറഞ്ഞത്..”

“ബയോഡേറ്റ അയച്ചാൽ... അരവിന്ദ് എന്തെങ്കിലും ഹെൽപ്പ് ഓഫർ ചെയ്തോ?”

“അങ്ങനെ ക്ലിയറായൊന്നും പറഞ്ഞില്ല. വേണ്ടതു ചെയ്യാമെന്നു പറഞ്ഞു. റക്കമെന്റേഷനോ റഫറൻസോ ... എന്താണുദ്ദേശിച്ചതെന്ന് എനിക്കറിയില്ല.”

തിരിച്ചു മടങ്ങുമ്പോൾ, ബേബി ചെറിയാന്റെ വാക്കുകളിൽക്കൊളുത്തി ചങ്ങലക്കണ്ണികൾ ഒന്നൊന്നായി കൂട്ടിച്ചേർക്കാനാണ് സമർ ശ്രമിച്ചത്. ജൂലി മാര്യേജ് ചലഞ്ചിൽ പാർട്ടിസിപ്പന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതിനൊടുവിൽ അത്യാഹിതം നടന്നു. നേഹ രോഗബാധിതയായി മരിച്ചെന്നുവന്നു. പിന്നാലെ അരവിന്ദ് കോബ്ര സ്പൈ നെറ്റ്‌വർക്കിലെ ജോലി ഉപേക്ഷിച്ചു- അല്ലെങ്കിൽ അപ്രത്യക്ഷനായി. അസ്വാഭാവികതകൾ അനവധിയാണ്. ക്ലയന്റിന്റെ മകളെ മാര്യേജ് ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതിനുള്ള ദൗത്യം പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വർക്ക് പ്രൊഫൈലിൽ കടന്നുകൂടിയതെങ്ങനെ? ആ നിലയ്ക്ക് ജാക്കിനെയും ജൂലിയെയും അടുപ്പിച്ചത് അരവിന്ദാണ്. പല വഴിക്കു നീങ്ങിയ സമറിന്റെ ആലോചനകൾ ഒടുവിൽ കോബ്രയിലെ ജീവനക്കാരൻ ലാസറിന്റെ വാക്കുകളിലെത്തിനിന്നു.

തീരദേശ റോഡിലൂടെയായിരുന്നു അവരുടെ യാത്ര. കണ്ണെത്താ ദൂരത്തോളം കടൽക്കാഴ്ച വികസിക്കുന്ന തുറസ്സായ സ്ഥലത്തെത്തിയപ്പോൾ ആദിൽഖാനോടു കാർ നിർത്താൻ അയാളാവശ്യപ്പെട്ടു. പുറത്തിറങ്ങി സിഗർട്ടു കത്തിക്കുമ്പൊഴേക്കും ആദിൽഖാനും ഒപ്പമെത്തി.

“ഐ തിങ്ക്... അരവിന്ദിനൊരു ടാർഗറ്റുണ്ടായിരുന്നു- എമ്മ ഗ്രൂപ്പ്. അതിനവിടെ അവൻ കണ്ടെത്തിയ സോഴ്സാണ് നേഹ. അവന്റെ വെപ്പൺ... അതായിരുന്നു ആ പ്രണയം.”

അയാൾ മെല്ലെ പറഞ്ഞു.

“ബട്ട് സാർ...? ബേബി ചെറിയാനാണോ പിന്നിൽ?”

അതിനു മറുപടി പറയാതെ കടൽക്കാറ്റിലേക്ക് സമർ പുകവലയങ്ങൾ ഊതിയകറ്റിക്കൊണ്ടിരുന്നു.

“എമ്മ ഗ്രൂപ്പ് സ്പൈസസ് ഡീൽ ചെയ്യുന്നു. ബേബിയുടേത് മറൈൻ പ്രോഡക്ടാണ്. രണ്ടും തമ്മിൽ ഓവർലാപ്പ് ചെയ്യേണ്ട കാര്യമില്ലല്ലോ.”

ആദിൽ പറയുന്നതു തലകുലുക്കി കേട്ട സമർ, സിഗർട്ട് പുകഞ്ഞുതീരും വരെ അവിടെ നിന്നു. അപ്പോഴും ആദിൽ സംശയം തുടർന്നു.

“അതും നേഹയുടെ കേസുമായി എന്താണു സാർ ബന്ധം...”

“കണ്ടെത്തണം ആദിൽ... നേഹയുടെ മരണം എന്തിനു ക്രിയേറ്റു ചെയ്യണം? അതിനൊരു ബോഡി എങ്ങനെ കണ്ടെത്തി? എല്ലാം കണ്ടെത്തണം.”

ഇരുവരും വാഹനത്തിലേക്കു കയറി.

(തുടരും)