ആദ്യരാത്രി ജ്യോതി (ആണ്ജ്യോതിയാണു വിവക്ഷ.) ആകെ എരിപൊരിയിലായിരുന്നു. കാരണം മറ്റൊന്നുമല്ല. ടിയാന് ഒരു 'അനാഘ്രാതകുസുമന്' ആയിരുന്നുവെന്നാണ് രേഖകള്‍ കാണിക്കുന്നത്. അതിന്റേതായ പകപ്പ് അവനുണ്ടായിരുന്നു. ഒരു വിറ. ജ്യോതിക്കാകട്ടെ (പെണ്ജ്യോതിയാണിവിടെ വിവക്ഷ. വിവരണത്തിന്റെ ലാളിത്യത്തിലേക്കായി ജ്യോതിലക്ഷ്മിയെ ഇനി മുതല്‍ ലക്ഷ്മി എന്നു വിളിക്കാം) അങ്ങനെയൊരു പരിഭ്രമം ഒന്നും കണ്ടില്ല.
മണിയറയില്‍ കയറുന്നതിനും അത്താഴത്തിനുമിടയിലുള്ള ചെറിയ ഇടവേളയില്‍ ലക്ഷ്മി അമ്മായിഅപ്പന്റെ 'ആക്രമണ'ത്തിനിരയായിരുന്നു. അപ്പോഴേ ആശാനു മരുമോളെ ഫ്രീയായി കിട്ടിയുള്ളൂ എന്നു സാരം.
ചിന്താവിഷ്ടയായ സീതയിലെ എത്ര ശ്ലോകങ്ങള്‍ ഉണ്ട് സീതയുടെ ചിന്ത അല്ലാത്തതായി എന്നതിലായിരുന്നു ആരംഭം. അതായത് തേഡ് പേഴ്സണ്‍ നരേറ്റീവില്‍ എത്ര ശ്ലോകങ്ങള്‍? അതിനു മരുമകള്‍ ഉത്തരം പറഞ്ഞത് ഒരു പീയെച്ഛ്ഡീക്കാരിക്ക് ചേരുംവിധമായിരുന്നുവെന്നും രേഖകളില്‍ കാണുന്നു:
'അതായത് അച്ഛാ. ഈ ചോദ്യത്തിനു രണ്ടു രീതിയില്‍ ഉത്തരം പറയാം. അതിനുമുമ്പ് ഒന്ന്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുമ്പോള് അതാര് ചോദിച്ച ചോദ്യമാണ് എന്നൊരു രാഷ്ട്രീയവും അതിലുണ്ട്. പരീക്ഷയ്ക്കു വരുന്ന ചോദ്യപേപ്പറിലെ ചോദ്യമാണെങ്കില്‍ അതിലൊരുതരം നിഷ്പക്ഷത അല്ലെങ്കില്‍ നിഷ്ക്രിയത ഉണ്ടെന്നു പറയേണ്ടിവരും. ഇതിപ്പോള്‍ അങ്ങനെയല്ല. അച്ഛന് പുതിയ മരുമകളോടു കല്യാണദിവസം രാത്രി ചോദിക്കുകയാണ്. അതും തൊട്ടുമുന്നില്‍നിന്ന്. ചോദ്യകര്‍ത്താവിന്റെ രൂപം, ഭാവം, ടോണ്‍ അഥവാ ധ്വനി, സ്വരസംക്രമം അഥവാ മോഡുലേഷന് ഇതൊക്കെ പരിഗണിച്ച് ഉത്തരം പറയാം എന്നു ഗുണമുണ്ട്, ചോദ്യപ്പേപ്പറില്‍ അതില്ല. ഇവിടെ ഉത്തരം നേരിട്ടുള്ള ക്രയവിക്രിയമാണ്. ഇന്‍സ്റ്റന്റ് അഥവാ തത്ക്ഷണം. പരീക്ഷയില്‍ അതല്ല. എഴുത്തും പറച്ചിലും തമ്മിലുള്ള ദ്വന്ദ്വം... അച്ഛനറിയാമല്ലോ... ഇല്ലേ? ഞാന്‍ വിശദമാക്കാം...'
'കടുവയെ പിടിച്ച കിടുവ' എന്നൊരു ഇമോജി മുഖത്തേക്കിട്ടു ആശാന്.
പെട്ടന്നങ്ങോട്ടുവന്ന അമ്മ ഭര്‍ത്താവിനെ വേണ്ടാംവണ്ണം ശാസിച്ചു. മണിയറയിലേക്കു പോകാന്‍ വെമ്പിനില്ക്കുന്ന മരുമകളെ ഇമ്മാതിരി ക്രൂരകൃത്യത്തിനു വിധേയനാക്കുന്ന താങ്കള്‍ ഒരു തന്തയാണോടോ എന്നായിരുന്നു അമ്മയുടെ മുഖത്തെ ഇമോജി!
തന്നെ രക്ഷിച്ച അമ്മായിഅമ്മയെ നന്ദിപൂര്‍വ്വം കടാക്ഷിച്ചു നവമരുമകള്. അതേസമയം അറിയാതെയാണെങ്കിലും രക്ഷിച്ചത് 'തന്റെ സ്വന്തം ഭര്ത്തൃനെ ആണെടോ ഭാര്യേ' എന്ന ഇമോജിയുടെ മേലെ ബ്ലിങ്കസ്യയുടെ ബ്ലാങ്കറ്റിട്ടു ആശാന്.
കല്യാണനാളിലെ അവസാന ചടങ്ങ്, മണിയറയിലേക്കു പോകുന്ന നവവധുവിനെ നോക്കിനിന്നു വാ പൊത്തി ചിരിക്കുക എന്നതാണല്ലോ? സദ്യാബാക്കി അത്താഴമാക്കാന്‍ വന്ന ബന്ധുക്കളും അയല്‍ക്കാരുമടങ്ങുന്ന സമൂഹത്തിന്റെ പരിച്ഛേദം കൃത്യമായി അതു ചെയ്യാന്‍ തയ്യാറായി കൂട്ടംകൂടി നിന്നു. ഒരു ചില്ലുമൊന്ത പാല് നീട്ടി, ചെല്ലു മോളേ അവന് കാത്തിരിക്കുകയായിരിക്കും എന്നു പറഞ്ഞ അമ്മയോടു 'പാലോ? ഹെന്തിന്? എന്താമ്മേ ഇത് സില്മയോ?' എന്ന മൊഴിയോടെ മൊന്ത അമ്മയെ തിരിച്ചേല്പ്പിക്കുന്ന ലക്ഷ്മിയെ കണ്ട് പരിച്ഛേദങ്ങള്‍ പൊത്തിയ ചിരിയില്‍നിന്നു വാ റിലീസാക്കി. പകരം 'ഇവള് വെളവ് തന്നെ കേട്ടാ' എന്ന അദ്ഭുതം ഇട്ടു.
തത്സമയം മണിയറയിലോ?
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ താന്‍ വിവസ്ത്രനാക്കപ്പെടുമോ? വാദത്തിനുവേണ്ടി അങ്ങനെയാക്കപ്പെടും എന്നുതന്നെ വെക്കുക. ആ സമയം ലൈറ്റുണ്ടാകുമോ? വെളിച്ചമുണ്ടെങ്കില്‍ അതു മോശം അല്ലേ? ഇന്നലെ വരെ അന്യയായിരുന്ന ഒരുവള്‍ തന്നെ അടപടലം കാണില്ലേ? അത് അഭികാമ്യമോ? ഓര്‍ക്കുന്തോറും ഇതുവരെ തന്നെ ഭരിക്കാന്‍ അനുവദിച്ചിട്ടില്ലാത്ത 'ആധി' എന്നൊരു സാധനത്തിനു മുന്നില്‍ ആദ്യമായ് ജ്യോതി കീഴടങ്ങി. സര്‍വ്വാംഗം ഒരു... ഒരു... ഇത്.
അവന് സഹിക്കവയ്യാതെ എണീറ്റു. ജനാലയ്ക്കല്‍ പോയി അകലെ ചക്രാവാളത്തിലേക്കു നോക്കിനിന്ന് പ്രേംനസീര്‍ കളിക്കണോ എന്നു ചിന്തിച്ചു. പിന്നെ അതിലെ ക്ലീഷേത്വം ഓര്‍ത്തു വേണ്ടെന്നു വച്ചു. ഫാനിലേക്കു നോക്കിക്കിടന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടാന്‍ പോകുന്ന തന്റെ അനാഘ്രാത സ്റ്റാറ്റസ് ഓര്‍ത്ത് കുണ്ഠിതപ്പെട്ടുകൊണ്ടേയിരുന്നു. അല്ല കിടന്നു.
പരിച്ഛേദങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറിനുള്ളിലൂടെ ലക്ഷ്മി സ്റ്റെയര്‍കേസ് കേറി, മുറിവാതില്‍ തള്ളിത്തുറന്നതപ്പോഴാണ്. വാതിലടച്ച് കുറ്റിയിട്ട് അതില്‍ ചാരി, കണ്ണടച്ചുനിന്നു മൂന്നുനാലുതവണ ഊഹ് ഊഹ് എന്ന് വായില്‍ക്കൂടി ദീര്‍ഘനിശ്വാസം വിടുമ്പോള്‍ അവളുടെ മാറിടം ഉയര്‍ന്നു താഴുന്നത് ആധിക്കിടയിലും അവന് ശ്രദ്ധിച്ചു. ഹോ! രണ്ടു പോര്‍മുനകള്‍... ഛി! അശ്ലീലം എന്നവന് അവനെത്തന്നെ ശാസിച്ചു! ദീര്ഘനിശ്വാസാനന്തരം അയാളെയവള്‍ കൂര്‍പ്പിച്ച് നോക്കി. എഹ്! തന്റെ ആണ്‍നോട്ടം ഇവള് കണ്ടുപിടിച്ചോ എന്നവന് ഭയന്നു!
'എടോ, പോലീസുകാരാ, തന്റെ അച്ഛന് ഓക്കേ അല്ലേ,' അവള് ചോദിച്ചു.
ജ്യോതിക്കു സമാധാനമായി! ആകെ അങ്ങ് റിലാക്സ്ഡ് ആയി. ബെഡില്‍ ആവേശത്താല്‍ ഒന്നു തല്ലി അവന്.
'ഹ ഹ ഹ! അല്ല. ഓക്കേ അല്ല! കിട്ടി അല്ലേ? എന്തായിരുന്നു ടോപ്പിക്? ചണ്ഡാലഭിഷുകി? ലീല?'
ലക്ഷ്മി സങ്കടമോഡില് പറഞ്ഞു: 'സീത ആയിരുന്നു.'
'സാരമില്ല ലക്ഷ്മീ. ഇതു ചെറുത്. ഇനി മോള്‍ക്കു ശീലമായിക്കൊള്ളും. ഈ വീണപൂവില്‍ ജനിച്ച ഞങ്ങളാരും മലയാളം ഐച്ഛികം എടുക്കാത്തതില്‍ അച്ഛനുള്ള കുണ്ഠിതം തീര്‍ന്നു. നീ മലയാള ഗവേഷക ആണെന്നറിഞ്ഞപ്പോ.'
'ഓഹോ, എല്ലാം അറിഞ്ഞോണ്ടാര്ന്ന് അല്ലേ? വഞ്ചകാ. പക്ഷേ, ഞാനും വിട്ടില്ല. ഗവേഷകരോടാണോ കളി...'
ഡോറില്‍ ചാരിനിന്നുകൊണ്ടുതന്നെ ലക്ഷ്മി സംഗതികള്‍ വിവരിച്ചു.
ബെഡ്ഡില്‍ കിടന്നുകൊണ്ടുതന്നെ ജ്യോതി അച്ഛനെ ഒരരുക്കാക്കിയ കഥ കേട്ടു വയര്‍ പൊത്തിച്ചിരിച്ചു.
'പക്ഷേങ്കി മമ സഖീ, രക്ഷപ്പെട്ടു എന്നു വിചാരിക്കേണ്ട. രാഘവനാശാന് വിടില്ല. നാളെ പുലരുംമുമ്പ് ഇങ്ങോട്ടു കേറിവരാതിരുന്നാല് മതിയായിരുന്നു! ഉത്തരം പറയാതെ വിടൂല്ല!'
ലക്ഷ്മി വാതിലില്‍ ചാരിയുള്ള ആ നില്‍പ്പില്‍ത്തന്നെ ഒരു ഡീല്‍ ആവശ്യപ്പെട്ടു.
'പോലീസുകാരാ... ഞാന്‍ ഒരു പി.എസ്.സി. ലിസ്റ്റില്‍ കയറും വരെ...'
'കയറും വരെ.'
'പോലീസുകാരന് പടിഞ്ഞാറെക്കോട്ടയില്‍ ബസ്സിറങ്ങണം...നടുവിലാല്‍ എത്താന്‍ നില്‍ക്കരുത്...'
'അഥവാ തിരക്കില്‍ പെട്ട് ചാടിയിറങ്ങാന്‍ പറ്റിയില്ലേല്‍?'
'എങ്കില്‍ തൊപ്പിയിടണം. ഡീല്‍?'
ഉയര്ത്തിയനിലയില് കാണപ്പെട്ട രണ്ട് തന്തവിരല് മുദ്രകളാല്‍ അവര്‍ കരാര്‍ ഒപ്പിട്ടു.
പരിഭ്രമവിമുക്തനായ ജ്യോതി കിടന്നുകൊണ്ട് രണ്ടു കൈയും നീട്ടി ബാ എന്ന് പറഞ്ഞതേ അവന് ഓര്‍മ്മയുള്ളൂ...
വാതിക്കല്‍നിന്ന് ഒറ്റക്കുതിക്ക് അവന്റെ നെഞ്ചില്‍ ഹൊറിസോണ്ടല്‍ ലാന്‍ഡിങ് നടത്തി ലക്ഷ്മി. പൗലോ കൊയ്ലോ തിയറി വര്‍ക്കായി, 'കൃത്യം നേരത്തു കരന്റ് പോയി'.
ജ്യോതിയുടെ പ്രവചനം ശരിയായിരുന്നു. രാവിലെ എണീറ്റ് പല്ലു തേച്ച് മുടി മുകളിലേക്കു മുനിക്കെട്ട് കെട്ടി ആലസ്യവതിയായി 'പ്രാണനാഥന് എനിക്കു നല്കിയ പ്രണയാനന്ദരസത്തെ...' മൂളി കോണിപ്പടികളിറങ്ങിയ അവള്‍ക്കു മുന്നില്‍ കാത്തുനിന്നെന്നപോലെ അമ്മാനച്ഛന്.
'അല്ലാ... മോളു പറഞ്ഞില്ല. ചിന്താവിഷ്ടയായ സീതയിലെ എത്ര ശ്ലോകങ്ങള്‍ ഉണ്ട് സീതയുടെ ചിന്ത അല്ലാത്തതായി?'
താന്‍ എന്നന്നേക്കുമായി കുടുങ്ങിക്കഴിഞ്ഞു എന്ന് അവള്‍ക്കു മനസ്സിലായി. കുമാരനാശാനെ കമ്പോടുകമ്പ് വായിച്ചറിയാതെ ഇനി ഈ വീട്ടില്‍ രക്ഷയില്ലാ! ഇതിന്റെ പേരില്‍ കാന്തനേയുംകൊണ്ടു മറ്റൊരു വീട്ടിലേക്കു താമസം മാറ്റേണ്ടി വരുമല്ലോ, മഹാകാവ്യങ്ങളെഴുതാതെ മഹാകവിയായ എന്റെ കുമാരനാശാനേ! താന്‍ കെണിയിലകപ്പെട്ടിരിക്കുന്നു. ബുദ്ധി ഉപയോഗിക്കേണ്ടിയിരിക്കുന്നു. അമ്മയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ലക്ഷ്മി ഉറക്കെ വിളിച്ചു: 'അമ്മേ...'(അമ്മേ ദേ ഈ അച്ഛന് എന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു ആ വിളിയുടെ ടോണും മോഡുലേഷനും അഥവാ ധ്വനിയും സ്വരസംക്രമവും!) ദോശമാവ് തുറന്നിളക്കുകയായിരുന്നു അമ്മ. കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചാന്‍ വരുമ്പോള്‍ കോപിഷ്ടയായ് പറന്നുകൊത്തുന്ന തള്ളക്കോഴിപോലെ അമ്മ ഒരൊറ്റക്കുതിക്ക് ഹാളിലെത്തി.
ഈ സമയം അച്ഛനെ മറികടന്ന് അടുക്കളഭാഗത്തേക്ക് നടക്കുകയായിരുന്നു ലക്ഷ്മി. ഒഹ്! ഒരു മുനികുമാരിയെപ്പോലെ സുന്ദരിയായിരിക്കുന്നു തന്റെ മരുമകള്‍. കടഞ്ഞെടുത്ത ദേഹം! മുഖത്തിന് എന്തൊരു കാന്തിയും തേജസ്സും! തന്റെ ഏകമകന് ഭാഗ്യവാന്. അമ്മ ദോശത്തവി കൊണ്ടു സന്തോഷത്താല്‍ മൂക്കത്ത് വിരല്‍, അല്ല തവി വെച്ചുനില്ക്കുമ്പോള് അതാ മരുമകള്‍ തിരിഞ്ഞുനിന്ന് അമ്മാനച്ഛനോട് പറയുന്നു: 'അച്ഛാ... സീതയിലെ ശ്ലോകങ്ങള്‍ സീതയുടേതല്ലച്ഛാ...അതൊക്കെ ആശാന്റേതാണ്. ഹി ഈസ് ദ ഫസ്റ്റ് ഫെമിനിസ്റ്റ് ഓഫ് മലയാളം.'
ഈ ചരിത്ര ആഖ്യായികയില്‍ ചിലതെല്ലാം വിട്ടുകളയേണ്ടി വരും. അതുകൊണ്ടുതന്നെ ചരിത്ര ആഖ്യായിക എന്ന് ഈ ഗ്രന്ഥത്തെ വിളിക്കുന്നതും ഉചിതമല്ല. ജ്യോത്യായനം എന്നു മുമ്പു സൂചിപ്പിച്ചിരുന്നല്ലോ. ആ സൂചനാസമയത്ത് ഇതും രാമായണംപോലെ ഒരു സംഗതിയായിരുന്നു. അതായത് രാമന് ജനിക്കാനുണ്ടായ കാരണം മുതല്‍ രാവണവിജയം നേടും വരെയുള്ള കഥ. എന്നാല്‍ രാമായണം ശരിക്കും സീതായനം അല്ലേ? അല്ലേ എന്ന് ചോദിച്ചാല്‍ ആണ്. അതുകൊണ്ടുതന്നെ ജ്യോത്യായനം എന്നു മുമ്പ് രേഖപ്പെടുത്തുംസമയം അതിലൊരു ആണ്സംഗതി ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടിവരുന്നു. ഇപ്പോളിതു പരിഹരിക്കപ്പെട്ടിരിക്കുന്നു. രണ്ടു ജ്യോതിമാരുടെ കഥയാണിത്.
ജ്യോതിലക്ഷ്മിയുടെ വീട്ടുകാര്‍ ഇവിടെ നിര്ണ്ണായകമാകേണ്ടതാണ്. പക്ഷേ, ആയില്ല. കാരണമുണ്ട്.
അമ്മ ഉമാദേവി. തമ്പുരാട്ടി എന്നാണു ഇനീഷ്യല്‍ വരേണ്ടതെങ്കിലും കുറച്ചു പുരോഗമനം ഉള്ള അച്ഛനമമ്മാരായതിനാല് ഉമാദേവി എസ്. വര്‍മ്മ എന്നായിരുന്നത്രേ ഔദ്യോഗിക നാമം. അവരുടെ ഭര്‍ത്താവ് ആന്റണി. ആന്റണി തമ്പുരാനും വര്‍മ്മയും ഒന്നും അല്ല എന്നു പ്രസ്താവിക്കേണ്ടതില്ലല്ലോ. ജ്യോതിലക്ഷ്മിയും രണ്ട് അനുജന്മാരുമാണു സന്താനങ്ങള്‍. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഈ ആന്റണി അല്ല ജ്യോതിലക്ഷ്മിയുടെ പിതാവ്. നിലവിലുള്ള അമ്മയുടെ ഭര്‍ത്താവ് ഇവളുടെ പിതാവല്ല!
ആന്റണിയെ അവള് ഒന്നും വിളിക്കാറില്ല. അഥവാ പരാമര്‍ശിക്കേണ്ടതായ സന്ദര്‍ഭങ്ങളില്‍ അയാള്‍, ഇദ്ദേഹം എന്നോ ഒക്കെ ആകും ജ്യോതിലക്ഷ്മി ഉപയോഗിച്ച് കണ്ടുവന്നിട്ടുള്ളത്.
ലക്ഷ്മിയുടെ അമ്മയും അച്ഛനും കല്യാണം കഴിച്ചതോടെ അമ്മ കോവിലകം എന്ന് വിളിക്കപ്പെട്ടിരുന്ന സാധാരണവീട്ടില്‍നിന്ന് പുറത്തായി. സിമ്പിള്‍ ജാതി തിങ്സ്. അവര്‍ ഹാപ്പിയായി ജീവിച്ചുവരികയായിരുന്നു. പക്ഷേ, നീണ്ടുനിന്നില്ല.
ലക്ഷ്മിയുടെ അച്ഛന് പോയി. ആക്സിഡന്റ്. അതേ സ്കൂട്ടറിലുണ്ടായിരുന്ന അമ്മയും അവളും പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയുണ്ടായി.
അച്ഛനില്ലായ്മ എന്ന ദുരന്തത്തെക്കാള്‍ ആ പത്തുവയസ്സുകാരിയെ തകര്‍ത്തുകളഞ്ഞത് ആറുമാസം കഴിഞ്ഞപ്പോഴേക്കും അമ്മ പുനര്‍വിവാഹം ചെയ്തതാണ്. അച്ഛന്റെ ഉത്തമസ്നേഹിതനും അവള്‍ക്കേറ്റവും പ്രിയപ്പെട്ടവനുമായ ആന്റണി അങ്കിള്‍ അമ്മയുടെ ഭര്‍ത്താവായി വന്നു എന്നത് ഇന്നീ 26 വയസ്സിലും അവള്ക്കുള്ക്കൊള്ളാനായിട്ടില്ല.
അമ്മ അന്നു വീണ നിലയില്ലാക്കയം അവള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. രക്ഷകര്‍ത്താക്കള്‍ ഇല്ലാത്തവളാണെന്ന ബോദ്ധ്യത്തില്‍ അവള് വളര്‍ന്നു. രണ്ട് അര്‍ദ്ധ അനിയന്മാരുണ്ട്. അവരോടു സ്നേഹവുമുണ്ട്. എങ്കിലും ആ വീട്ടില്‍ ഒരു അവള് സ്വയം പ്രഖ്യാപിത ഒറ്റയാന്തുരുത്തായ് വളര്‍ന്നു. തനിയെ പഠിച്ചു. ജെ.ആര്.എഫോടെ മലയാളം പിഎച്ച്.ഡി. ഇപ്പോള്‍ അവസാനഘട്ടത്തില്‍.
ഇതുകൊണ്ടെന്തുണ്ടായെന്നാല്, രണ്ട് ജ്യോതിമാരുടേയും വിവാഹം ശബ്ദരഹിതമായ് നടന്നു. സ്പെഷല്‍ മാര്യേജ് ആക്ട്. ഒരു ചെറിയ സദ്യ ഇവിടെ. തീര്‍ന്നു. ലക്ഷ്മിയുടെ അമ്മയും ആന്റണിയും രണ്ടനിയന്മാരും അതിഥികളെപ്പോലെ വന്നുപോയി. അവള്ക്കതുപോലും ആവശ്യമില്ലായിരുന്നു!
ലക്ഷ്മി പിന്നീട് സ്വന്തം വീട്ടില്‍ വര്‍ഷത്തില്‍ രണ്ടുതവണയേ പോകാറുള്ളൂ. അതും ഒറ്റയ്ക്ക്. ജ്യോതിയെ കൂടെ വരാന്‍ സമ്മതിക്കില്ല. അനുജന്മാരുടെ പിറന്നാള്‍ ദിനങ്ങളിലാണത്. സമ്മാനവും കൊണ്ട്. അതും മാക്സിമം അമ്മയും ഭര്‍ത്താവും ഇല്ലാത്തപ്പോഴാകാന് ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍ ഉമാദേവിയും ആന്റണിയും ജ്യോതിയെ കാണാന്‍ ചെന്നിരുന്നു ഒറ്റയ്ക്ക്. ലക്ഷ്മിയുടെ അച്ഛന്റെ വക ഉണ്ടായിരുന്ന വലിയൊരു തുക
(ആക്സിഡന്റ് ക്ലെയിം, വര്‍ഷങ്ങള്‍ ബാങ്കില്ക്കിടന്ന് പെരുകിയത്) അവളുടെ പേരില്‍ നിക്ഷേപിച്ചതിന്റെ രേഖകള്‍ അവനു കൈമാറാന്‍! ആ കടലാസുകള്‍ കൈയില്‍ കൊടുത്തപ്പോള്‍ ലക്ഷ്മി അതീവ നിസ്സംഗതയോടെ വാങ്ങി അലമാരയില്‍ വെച്ചു. അവള് ഒന്നും പറഞ്ഞുമില്ല, ജ്യോതി ഒന്നും ചോദിച്ചുമില്ല.
ലക്ഷ്മി അമ്മയോടും ആന്റണിയോടും കാണിക്കുന്നത് വലിയ ക്രൂരതയാണ് എന്നാണ് ജ്യോതിയുടെയും ഐശ്വര്യയുടെയും കാഴ്ചപ്പാട്. പക്ഷേ, അത് അവളോടു പറയാന്‍, ആ വിഷയം അവതരിപ്പിക്കാന്‍ പോലും ലക്ഷ്മി സമ്മതിക്കാറില്ല, അവസരമുണ്ടാക്കാറില്ല!
ഉമാദേവിയും ആന്റണിയും ജ്യോതിയുടെ അഭിപ്രായത്തില്‍ നല്ല മനുഷ്യരും അതീവമാന്യരും ആയിരുന്നു.
Content Highlights: kv manikantan novel excerpts WEshasham mathrubhumi books
Published: 09 Aug 2024, 11:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented