കുരിശുമരണം

To advertise here,

ഏറെക്കഴിഞ്ഞ്
ഞങ്ങള്‍ കുരിശ് കുത്തനെ ഉയര്‍ത്തി.

ഞാനെന്റെ കുന്തംകൊണ്ട്
അവന്റെ വാരിയെല്ലില്‍ കുത്തി.
അവന്‍ മൂത്രമൊഴിച്ചുപോയി.
ഞാനും റോമാക്കാരും പിന്‍വാങ്ങി.

അവന്റെ വലത്തേ വാരിക്കിട്ടാണ് ഞാന്‍ കുത്തിയത്. 
അങ്ങനെ റോമിനോടുള്ള കടമ നിറവേറ്റിയശേഷം 
ഞാന്‍ അവിടംവിട്ടുപോയി.

എത്രനേരം ഞാനുറങ്ങിയെന്നറിയില്ല. 
ഗാഢവിശ്രമത്തിനു ശേഷം
ഞാന്‍ ഉണര്‍ന്നെണീറ്റപ്പോള്‍ കേട്ടു,
അവനും അതുപോലെ ഉയിര്‍ത്തെണീറ്റെന്ന്! 

ഇല്ല. അവന്‍ മൃതനായി.തീര്‍ച്ച.
എന്റെ കുന്തക്കുത്തില്‍
അവന്‍ ഒന്നു ഞരങ്ങിയതുപോലുമില്ല.

പിന്നീട് അവരെന്നോടു പറഞ്ഞു,
അവന്‍ പരിഷ്‌കരണവാദിയായ 
ഒരു തത്വജ്ഞാനിയായിരുന്നെന്ന്.
പണം പലിശയ്ക്കുകൊടുക്കുന്ന
യഹൂദനായിരുന്നില്ലെന്ന്.

അവര്‍ അവരുടെ ബാറബാസിനെ രക്ഷിച്ചതില്‍ ഒരത്ഭുതവുമില്ല.

പാലസ്തീനിലെ യുക്തിവാദികളെയും വിപ്ലവകാരികളെയും 
റോമാക്കാര്‍ എന്നും കുരിശിലേറ്റിപ്പോന്നു.
അതൊരു പാരമ്പര്യമാണ്.

(ഗാഗുല്‍ത്താമല ഇപ്പോഴും പാലസ്തീനില്‍ത്തന്നെയാണല്ലൊ) 

കുരിശുമരണം എന്ന കവിത ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.