'എഴുത്തുകാരാ, വികലഭാവനകളില്‍ ചവിട്ടിമെതിക്കുവാന്‍ ഇവിടെ ഇനി പെണ്ണുങ്ങളില്ല!'- എസ്.ശാരദക്കുട്ടി 


എസ്. ശാരദക്കുട്ടി

ആണിനു മാത്രമേ എഴുതാനുള്ള ബുദ്ധിയുള്ളൂ, പെണ്ണിനുള്ളത് സെക്‌സും സൗന്ദര്യവും മാത്രം എത്ര വിചിത്രമാണിവരുടെ തോന്നലുകള്‍.. എഴുതുന്ന പെണ്ണിന് മേല്‍ ഈ വാള്‍ സദാ തൂങ്ങിക്കിടപ്പുണ്ട്.

എസ്. ശാരദക്കുട്ടി, ടി. പത്മനാഭൻ

സ്ത്രീകള്‍ അശ്ലീലമെഴുതിയാല്‍ എളുപ്പം വിറ്റഴിക്കപ്പെടുമെന്ന ടി.പത്മനാഭന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് എസ്.ശാരദക്കുട്ടി എഴുതുന്നു.

ടി. പത്മനാഭന്‍ സ്ത്രീകളുടെ, പ്രത്യേകിച്ച് കന്യാസ്ത്രീകളുടെ എഴുത്തിനെ അപഹസിച്ചു കൊണ്ടു നടത്തിയ പ്രസ്താവന എഴുത്തുകാരികള്‍ ആദ്യമായി നേരിടുന്ന ഒന്നല്ല. സാഹിത്യബാഹ്യമായി മലയാളി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും എഴുതുന്ന സ്ത്രീ ഇന്നും ഇങ്ങനെ അപഹസിക്കപ്പെടുന്നു. അടുക്കളക്കാരീ, നിനക്കും സാഹിത്യമോ എന്നൊരു പുച്ഛത്തെക്കുറിച്ച് ഗീത ഹിരണ്യന്‍ മുന്‍പെഴുതിയിട്ടുണ്ട്.

തലമുറകളായി സമൂഹത്തിന്റെ അടിത്തട്ടു മുതല്‍ മേല്‍ത്തട്ടു വരെയും ബോധാബോധങ്ങളിലാകെയും പറ്റിപ്പിടിച്ചു കിടക്കുന്ന ആ ലിംഗാധികാര ബോധമാണ് സാംസ്‌കാരികപ്രവര്‍ത്തകരെയും ഭരിക്കുന്നത്. എം.മുകുന്ദനും ഒരിക്കല്‍ പറഞ്ഞിരുന്നു സുന്ദരികളായ സ്ത്രീകളെഴുതിയാല്‍ വേഗം അംഗീകരിക്കപ്പെടും എന്ന്.

പെണ്ണുങ്ങളെഴുതുന്ന കവിതകള്‍ പ്രസിദ്ധീകരിച്ചുകിട്ടാനായി അവര്‍ പ്രസാധകരെയും പത്രാധിപന്മാരേയും വശത്താക്കുന്ന വിധത്തില്‍ മെസേജുകളയക്കുന്നതിനെക്കുറിച്ച് ഈ അടുത്ത കാലത്താണ് ഒരു കവി പെണ്‍കവികള്‍ നിറഞ്ഞ സദസ്സില്‍ സംസാരിച്ചത്. താനെഴുതുന്നതെല്ലാം മറ്റേതോ ബുദ്ധിയുള്ള ആണ്‍സുഹൃത്തുക്കള്‍ എഴുതിക്കൊടുക്കുന്നതാണെന്ന ആക്ഷേപത്തെ നേരിടുന്ന എഴുത്തുകാരികളെയും എനിക്കറിയാം. വാക്കാണ് എഴുത്തുകാരനെ ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ വാക്കു തന്നെയാണ് എഴുത്തുകാരിയെയും ശുപാര്‍ശ ചെയ്യുന്നത്

ആണിനു മാത്രമേ എഴുതാനുള്ള ബുദ്ധിയുള്ളൂ, പെണ്ണിനുള്ളത് സെക്‌സും സൗന്ദര്യവും മാത്രം എത്ര വിചിത്രമാണിവരുടെ തോന്നലുകള്‍.. എഴുതുന്ന പെണ്ണിന് മേല്‍ ഈ വാള്‍ സദാ തൂങ്ങിക്കിടപ്പുണ്ട്. സാഫോ മുതല്‍ ഏറ്റവും പുതിയ എഴുത്തുകാരികള്‍വരെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത്തരം അപവാദങ്ങള്‍ക്കു ഇരയായിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന്റെയും ആത്മാവിന്റെയും കത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ അനുഗ്രഹം ലഭിച്ച സ്ത്രീകള്‍, നല്ല വെളിച്ചവും സമാധാനവും ഉള്ള അന്തരീക്ഷം സ്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെയും ഔദാര്യത്തിനായി കാത്തുനിന്ന് ഒരു സ്ത്രീക്കും ഒരിടത്തും എത്തിച്ചേരാന്‍ കഴിയില്ല.

അധികാരത്തിന്റെ ഭാഷ എത്ര വലിയ അശ്ലീലമാണ് എന്ന് പെണ്ണിനോളം അറിയുന്നവര്‍ ഭൂമിയില്‍ ഉണ്ടാവില്ല. ഇത്രകാലം കൊണ്ട് എഴുത്തില്‍ തങ്ങളാര്‍ജ്ജിച്ചാസ്വദിക്കുന്ന അധികാരങ്ങളിലേക്ക് വളരെ വേഗത്തിലടുക്കുന്ന സ്ത്രീകളെ ഇവര്‍ വല്ലാതെ ഭയക്കുന്നുണ്ട്. അതാണ് ഭാഷയില്‍ ഇത്രമാത്രം അശ്ലീലം കലരുന്നത്. താനിന്നു വരെ ഒരൊറ്റക്കഥയില്‍ പോലും അശ്ലീലമെഴുതിയിട്ടില്ല എന്ന് പത്മനാഭന്‍ വീമ്പു പറയുന്നതുകേട്ടു. എന്തിനെഴുതണം...! താന്‍ പറഞ്ഞത് അശ്ലീലമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരാള്‍ ഒറ്റയടിക്ക് റദ്ദാക്കിക്കളഞ്ഞത് തനിശ്ശുദ്ധമെന്ന് താന്‍ തന്നെ വീമ്പിളക്കിയ ആ 'സാംസ്‌കാരിക' ജീവിതത്തെ ഒന്നാകെയാണ്.

ടി. പത്മനാഭന്‍ പ്രതിച്ഛായയുടെ മതിലിനു പിന്നില്‍ ഒളിച്ചുനിന്നുകൊണ്ട് തന്റെയുള്ളിലെ മാലിന്യങ്ങള്‍ മുഴുവന്‍ മറ്റെഴുത്തുകാരികളുടെ പുറത്തേക്ക് കുടഞ്ഞിടുകയാണ്. വലിയ ബുദ്ധിമുട്ടായിരിക്കുന്നു കേരളത്തില്‍ സ്ത്രീകള്‍ക്ക് സാംസ്‌കാരിക ഇടപെടലുകള്‍ നടത്താന്‍. അങ്ങേയറ്റം മലിനമായ ഒരു ആണ്‍ബോധത്തോട് നിരന്തരം പോരടിക്കുവാനാണ് അവള്‍ക്ക് തന്റെ ഊര്‍ജ്ജം ഏറെയും ചെലവഴിക്കേണ്ടി വരുന്നത്. എല്ലാ അര്‍ഥത്തിലും പെണ്ണിന് എഴുത്ത് പോരാട്ടം തന്നെയാണ്. നിങ്ങള്‍ ഒരു കത്തി എന്റെ നെഞ്ചില്‍ കുത്തിയിറക്കിയാല്‍, ഞാന്‍ ഒരായിരം വാക്കുകള്‍ നിങ്ങളില്‍ ആഴ്ത്തിയിറക്കും എന്ന് തെളിയിക്കുകയാണ്, സ്വന്തം എഴുത്തുകളിലൂടെ പുതിയകാലത്ത് സ്ത്രീകള്‍. പ്രിയപ്പെട്ടതായിരുന്ന എഴുത്തുകാരാ, നിങ്ങളുടെ വികലഭാവനകളില്‍ ചവിട്ടിമെതിക്കുവാന്‍ ഇവിടെ ഇനി പെണ്ണുങ്ങളില്ല. നിങ്ങളുടെ സങ്കുചിതബോധം വലിച്ചെറിയുന്ന കല്ലുകള്‍ക്ക് പൊങ്ങി വരാന്‍ വയ്യാത്തത്ര ഉയരത്തിലാണ് സ്ത്രീകള്‍ അവരുടെ ലോകം പണിയുന്നത്.

ഈ ആണുങ്ങള്‍ക്ക് തങ്ങളുടെ ഉള്ളിലെ മാലിന്യം തന്നെയാണ് പൊട്ടി ഒലിച്ച് ചുറ്റും പരക്കുന്നതെന്ന് ഇനി എത്ര നൂറ്റാണ്ടു കൂടി കഴിഞ്ഞാലാണ് മനസ്സിലാവുക? അവര്‍ സ്വന്തം സര്‍ഗ്ഗാത്മകതക്കു സംഭവിച്ചുപോയ ഇടിവുകളെ നോക്കിയല്ല, സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ നോക്കിയാണ് എപ്പോഴും പരിഹസിക്കുക.

യഥാര്‍ഥത്തില്‍ പുല്ലിംഗങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അതിജീവിതകള്‍ എഴുത്തുകാരികള്‍ തന്നെയാണ്. അവര്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ആവശ്യവുമാണ്. ഇത്തരത്തില്‍ ഹീനമായ സ്ത്രീവിരുദ്ധത സംസാരിക്കുന്നതിലൂടെയല്ലാതെ ഇനിയിപ്പോള്‍ തന്റെ എഴുത്തുകൊണ്ടൊന്നും ഇവിടെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് തോന്നുന്ന എഴുത്തുകാരോട് സഹതാപം മാത്രമേയുള്ളൂ. നിങ്ങളെ രക്ഷിക്കാനുള്ള ശേഷി, നിങ്ങള്‍ക്കു ചുറ്റും കാലങ്ങളായി മൂഢാരാധനയുടെ പത്മവ്യൂഹം സൃഷ്ടിച്ചു നില്‍ക്കുന്നവര്‍ക്കു പോലും ഇല്ലെന്നറിയുക. നിങ്ങളൊക്കെ കൂടി ചേര്‍ന്ന് സാഹിത്യത്തെയും സംസ്‌കാരത്തെയും ഒരധികാരക്രമത്തിന്റെ പരിധിയില്‍ നിര്‍ത്തിയിരുന്ന കാലം കഴിഞ്ഞു. സ്വന്തം എഴുത്തിലൂടെ സ്ത്രീകള്‍ ധീരമായി അവരെ പുതുക്കിക്കൊണ്ടിരിക്കുകയാണ്.

Content Highlights: T. Padmanabhan, S.Saradakutty, Women Writers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented