പുസ്തകങ്ങളേക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഓര്‍മ്മ വരാറുള്ള ഒരു കാവ്യവരിയുണ്ട്, കൗമാരയൗവനങ്ങളിലെപ്പൊഴോ ഹൃദിസ്ഥമായ ഡെറെക് വാല്‍ക്കോട്ടിന്റെ ഒരു വരിയാണത് -'A woman smells better than a book, I remember Helen's smell'(സ്ത്രീയുടെ ഗന്ധം പുസ്തകസുഗന്ധത്തേക്കാള്‍ ഹൃദ്യതരം, ഞാന്‍ ഹെലന്റെ ഗന്ധമോര്‍മ്മിക്കുന്നു). അത് മറിച്ചുമായിക്കൂടേ എന്നായിരുന്നു എന്റെ എക്കാലത്തേയും സന്ദേഹം. സുന്ദരിയായ സ്ത്രീയുടെ ഉത്തേജകമായ ദേഹസൗരഭ്യത്തേക്കാള്‍ എത്ര ഉന്മേഷദായകമാണ് ഒരു പുസ്തത്തിന്റെ വാസന! പുസ്തകം മുകരുമ്പോള്‍ പുസ്തകാനുരാഗി മാത്രമറിയുന്ന ആ സൂക്ഷ്മസുഗന്ധം മാത്രമല്ല അത്. അതില്‍ ഉള്ളടങ്ങിയിരിക്കുന്ന സൗന്ദര്യപ്രപഞ്ചങ്ങളുടെ മുഴുവന്‍ സുഗന്ധരാജിയാണത്; എത്ര മുകര്‍ന്നാലും നുകര്‍ന്നാലും തീരാത്തത്.

To advertise here,

അതിനാല്‍ എന്റെ പുസ്തകം എന്നത് ഒരു ലോകോത്തരസുന്ദരിയോടൊത്തുള്ള, ഉദാഹരണത്തിന് ട്രോയ് യിലെ ഹെലന്‍, രതി പോലെയാണോ? ആണെന്നു പറയാനാവില്ല. കാരണം പ്രിയപുസ്തകങ്ങള്‍ ഒട്ടനവധിയാണ്. ഏറ്റവും പ്രിയപ്പെട്ടതെന്നു പറയാന്‍ ഒരു പുസ്തകമില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊരു ബഹുവചനമാണ്. അപ്രാപ്യമായതിന്റെ വശീകരിക്കുന്ന സുഗന്ധമാണ് പുസ്തകാനുരാഗം എന്ന 'ബിബ്ലിയോഫിലിയ'. ഒരു പ്രിയപുസ്തകം ഇനിയും എവിടെയോ മറഞ്ഞിരിക്കുന്നുവെന്ന തോന്നല്‍ , അഥവാ അത് ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന ഉദ്വേഗം. ഇവയിലേതെങ്കിലുമൊന്നാവും ഒരു പുസ്തകാനുരാഗിയെ ജീവിപ്പിക്കുന്നത്. അയാള്‍ മരിക്കുന്നതും ആ മധുരവിഷാദത്തോടു കൂടിയായിരിക്കും. എഴുതപ്പെട്ടവയില്‍ താന്‍ വായിക്കാതെ പോയവയും ഇനിയും എഴുതപ്പെട്ടിട്ടില്ലാത്തതിനാല്‍ തനിക്ക് എന്നേയ്ക്കുമായി നഷ്ടപ്പെട്ടവയുമായ പുസ്തകങ്ങളെക്കുറിച്ചോര്‍ത്തുള്ള അപരിഹാര്യമായ വിഷാദഘനമാണത്. നെഞ്ചിനു മീതേ, ആ മീസാന്‍കല്ലിന്റെ പുസ്തകക്കനവും പേറിയാവും അയാള്‍ ഉറങ്ങുക, തന്റെ കുഴിമാടത്തില്‍ കൂടി. അഥവാ പുസ്തകപ്രണയിയായ ഒരാള്‍ തന്റെ മരണാനന്തരവും ഉറങ്ങുന്നുണ്ടാവില്ല. പാതി വായിച്ചു നിര്‍ത്തിയ ഒരു പ്രിയപുസ്തകം പോലെ അയാള്‍ തന്റെ ജീവിതത്തെ തുടര്‍ന്നും വായിക്കുന്നുണ്ടാവും, മരണം ദുര്‍ജ്ഞേയമാക്കിത്തീര്‍ത്ത ലിപികളെ സുഗ്രഹമാക്കിയേക്കാവുന്ന ഒരു ഭൂതക്കണ്ണാടിക്കായി അയാള്‍ ഉഴലുന്നുമുണ്ടാവും.

ഇങ്ങനെയെല്ലാം എഴുതുമ്പോള്‍, ഒരു മലയാളി എന്ന നിലയില്‍, ഞാനോര്‍മ്മിക്കുന്നത് പുസ്തകത്തോടുള്ള മഹാനുരാഗത്താല്‍ മാത്രം ജീവിച്ചു മണ്‍മറഞ്ഞുപോയ ചില മലയാളികളെയാണ് - എം.കൃഷ്ണന്‍ നായരെയും വിലാസിനിയെയും പി.ഗോവിന്ദപ്പിള്ളയെയും ഗുരു നിത്യയെയും കെ.പി. അപ്പനെയും സുകുമാര്‍ അഴീക്കോടിനെയും മറ്റും. തന്റെ മൃതദേഹത്തെ ഒരു ലോഹതന്തു വഴി തന്റെ പുസ്തകപ്പുരയുമായി ബന്ധിച്ചാല്‍ അവയിലെ ചൈതന്യം, മരണാനന്തരവും, തനിക്കു ലഭ്യമാകുമെന്ന ജ്ഞാനനിര്‍ഭരമായ വിഡ്ഢിത്തം(sapient folly) ഉണ്ടായിരുന്നു ഗുരു നിത്യയ്ക്ക് എന്നു കേട്ടിട്ടുണ്ട്; കാള്‍ ക്രൗസിന്റെ 'ദ ലാസ്റ്റ് ഡെയ്‌സ് ഓഫ് മാന്‍കൈന്റ്' എന്ന പുസ്തകം കരസ്ഥമാക്കാനും വായിക്കാനുമായില്ലല്ലോ എന്ന അപാരമായ കുണ്ഠിതത്തോടെയാണ് എം. കൃഷ്ണന്‍ നായര്‍ കണ്ണടച്ചത് എന്നും. കാഴ്ച്ചശക്തി ക്ഷയിച്ചതിനാല്‍, കയ്യിലൊരു ഭൂതക്കണ്ണാടിയുമായി പുസ്തകങ്ങള്‍ക്കരികേ നില്‍ക്കുന്ന പി.ജി.യുടെ ചില ചിത്രങ്ങള്‍ കണ്ടതും ഓര്‍മ്മയുണ്ട്.

ഈയിടെ കൊല്ലത്തു ചെന്നപ്പോള്‍ കെ.പി. അപ്പന്റെ 'കാര്‍ത്തിക' എന്ന വീടിനെപ്പറ്റി അന്വേഷിച്ചു. അപ്പന്‍ സാര്‍ വായിച്ചിരുന്ന പുസ്തകങ്ങളെ ഒരു നോക്കു കാണാനായെങ്കില്‍ എന്ന കൊതിയായിരുന്നു മനസ്സില്‍. വീട് വിറ്റുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്, പുസ്തകങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട 'നീരാവില്‍' എന്ന സ്ഥലത്തുള്ള വായനശാലയ്ക്കു കൊടുത്തു എന്നും. മറ്റൊരു യാത്രയില്‍ തിരുവനന്തപുരം, ശാസ്തമംഗലത്തുള്ള എം. കൃഷ്ണന്‍ നായരുടെ 'സായികൃഷ്ണ' എന്ന വീടും തേടിപ്പോയി. വീട്ടില്‍ വായനക്കാരനായ ഗൃഹനാഥനെന്ന പോലെ പുസ്തകങ്ങളും കാണില്ല എന്നറിയാമായിരുന്നു, അത് കാക്കനാട്ടുള്ള ഒരു ലൈബ്രറിക്കാര്‍ വിലയ്ക്കു വാങ്ങി എന്ന് വായിച്ചറിഞ്ഞിരുന്നതിനാല്‍. വീട് അടഞ്ഞുകിടക്കുകയായിരുന്നു. ആള്‍പ്പാര്‍പ്പില്ല. ആരും തുറന്നു നോക്കാനില്ലാത്ത ഒരു മഹാഗ്രന്ഥം പോലെ പൊടി മൂടിയ 'സായികൃഷ്ണ'. വിജനത അതിനു കാവല്‍ നിന്നു.

വലിയ വായനക്കാരനും വായനക്കാരിയും അന്തരിക്കുമ്പോള്‍ അനാഥരാവുന്നത് അവരുടെ ബന്ധുമിത്രാദികളല്ല, പുസ്തകങ്ങളാണ്. ആ അനാഥത്വം അത്യന്തം വേദനാകരവുമാണ്. ഞാന്‍ എന്നേയ്ക്കുമായി കണ്ണടയ്ക്കുമ്പോള്‍ എന്റെ പ്രിയപുസ്തകങ്ങളേ, നിങ്ങള്‍ എന്തു ചെയ്യും?