2018-ലെ പ്രളയത്തിനുശേഷം കേരളം പണ്ടത്തെ കേരളമല്ല. അതിനുശേഷം ഉരുൾപൊട്ടലുകളെയും പ്രളയത്തെയും ഭയന്ന് കഴിയുന്ന ഒരു ദേശമായി കേരളം പരിണമിച്ചു. പശ്ചിമഘട്ടത്തോട് ചെയ്ത കടുംകൈകളാലോ, പുഴകളിൽ നിന്ന് നിരന്തരമായി മണ്ണെടുത്തതിനാലോ, നാം തന്നെ പണിത അണക്കെട്ടുകളിലെ വെള്ളത്തെ ശാസ്ത്രീയമായി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാലോ അതിതീവ്രമായ മഴയാലോ സമുദ്രത്തിൽ പെട്ടെന്ന് രൂപംകൊള്ളുന്ന ന്യൂനമർദ്ദത്താലോ അപ്രതീക്ഷിതമായി കടന്നുവരുന്ന ശക്തമായ കാറ്റിനാലോ, ഇതെല്ലാറ്റിനാലുമോ നമ്മൾ പ്രകൃതിയാൽ പന്തുതട്ടപ്പെടുന്ന ഒരു കാലമാണിത്. 2018ലെ പ്രളയത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് ചാലക്കുടി. ചാലക്കുടിയിലെ കഥാകൃത്തായ എം.ജി. ബാബു എഴുതിയ വ്യതിയാനം എന്ന കഥയുടെ അടിസ്ഥാനസ്രോതസ്സ് കേരളം നേരിടുന്ന ഈ പ്രതിസന്ധിയാണ്.

To advertise here,

സ്വന്തം പ്രദേശമായ ചാലക്കുടിയിൽ ആഴത്തിൽ വേരുകളുള്ള ഒരു എഴുത്തുകാരനാണ് എം.ജി. ബാബു. സ്വന്തം പ്രദേശത്തിലെ സ്ഥലങ്ങളും സംഭവങ്ങളും വളരെ സ്വാഭാവികമായി ആ കഥകളിൽ കടന്നുവരുന്നു. സ്വന്തം പ്രദേശത്തെ അടിമുടി ഉലച്ച പ്രളയം ആ നിലയ്ക്ക് അദ്ദേഹത്തിന്‍റെ മനസ്സിനെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. വൈയക്തികം കൂടിയായ ആ മുറിവിനെ പാരിസ്ഥിതികകാഴ്ചപ്പാടിന്‍റെ വിശാലമായ ക്യാൻവാസിൽ അദ്ദേഹം ചിത്രീകരിച്ചപ്പോൾ ഉണ്ടായ കഥകളാണ് പശ്ചിമഘട്ടം, വ്യതിയാനം മുതലായവ. വ്യതിയാനം എന്ന കഥ പ്രത്യക്ഷത്തിൽ തന്നെ ആ ദുരന്തവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥയാണ്.

ഫാൻറസിയുടെ രചനാതന്ത്രം ഉപയോഗിച്ചു കൊണ്ടാണ് ഈ വിഷയം കഥയിൽ അവതരിപ്പിക്കപ്പെടുന്നത്. തങ്കച്ചൻ വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ വീട് തങ്കച്ചനോട് സംസാരിക്കുകയാണ്. വീടു പറയുന്നത് ഇങ്ങനെ: "വീട്ടുകാരാ തങ്കച്ചാ, ഞാൻ നിങ്ങളെ വിട്ടു പോവുകയാണ്". മൊബൈൽ നോക്കുകയായിരുന്ന തങ്കച്ചൻ അതത്ര കാര്യമായി എടുത്തില്ല. മൊബൈലിൽ നിന്നുള്ള എന്തോ സന്ദേശമാണെന്ന് കരുതി അവഗണിച്ചു. പക്ഷേ പിന്നെയും വീടു പറയുകയാണ്: "വീട്ടുകാരാ, എനിക്ക് കാത്തുനിൽക്കാൻ വയ്യ. പോണം." അയാൾ അന്തിച്ചു പോവുകയാണ്. വീട് തന്നോട് ഇതിനുമുമ്പൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ. പിറുപിറുക്കുക പോലും ചെയ്തിട്ടില്ലല്ലോ എന്നയാൾ ഓർത്തുപോകുന്നു.

വീടിന്‍റെ ഈ മുന്നറിയിപ്പ് കേട്ടപ്പോൾ അയാളുടെ ഓർമ്മയിൽ ഈ വീട് പണിത കഥയും ഇപ്പോൾ താൻ ഒറ്റയ്ക്ക് അവിടെ പാർക്കുന്ന കഥയും മെല്ലെ ചുരുളഴിയുന്നു. താനും ഭാര്യയും കൂടി പലനാൾ ഭാവനയിൽ കണ്ട, സ്വപ്നസാക്ഷാത്കാരം പോലെ പണിതു തീർത്ത വീടാണിത്. തറകെട്ടാൻ സ്വർണ്ണം പണയം വെച്ചു. കുറച്ചു വിറ്റു. പിന്നെ ബാങ്ക് ലോണും വ്യക്തിപരമായ കടങ്ങളും ഒക്കെക്കൊണ്ട് താൻ പണിതുതീർത്ത വീട്. സമീപകാലത്ത് മാത്രമാണ് താൻ വീടുപണിയുടെ ബാധ്യത തീർത്തത് . ഇടത്തരക്കാരനായ ഏതു കേരളീയനും പറയാനുള്ള ഗൃഹപുരാണം തന്നെയാണിത്. ഇടത്തരക്കാരന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി വീടുണ്ടാക്കുക എന്നത്. കാരണം അയാളുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്ന ഒന്നാണ് വീട്. കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു സ്റ്റാറ്റസ് സിംബലുമാണ് വീട്. അതുകൊണ്ട് തനിക്കും കുടുംബത്തിനും പാർക്കാനുള്ള ഇടം എന്നതിനുപരി ആർഭാടങ്ങളുടെ ഒരു പ്രകടനോപാധി കൂടിയാകണം വീട് എന്ന് പലരും ആഗ്രഹിക്കുന്നു. . തന്റെ കഴിവിനപ്പുറവും ലോണെടുത്ത് ആജീവാനന്തമുള്ള ബാധ്യത തലയിലേറ്റിയാണ് മിക്കവരും വീടുപണിയുന്നത്. ഈ സാമൂഹിക യാഥാർഥ്യത്തിലേക്കും കഥ വിരൽ ചുണ്ടുന്നുണ്ട്.

ഈ കഥയിലെ തങ്കച്ചനും ഭാര്യയും ടോക്കിയോയിൽ താമസിക്കുന്ന മകളുടെ കുഞ്ഞിനെ നോക്കാൻ രണ്ടുകൊല്ലമായി ടോക്കിയോയിൽ ചെന്ന് പാർക്കുന്നു. ആ രണ്ടു കൊല്ലവും നാട്ടിലെ വീട് പൂട്ടിക്കിടന്നു. വാടകയ്ക്ക് ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും കുടുംബം വന്നാൽ കൊടുക്കണം എന്നുണ്ടായിരുന്നു . അത്രയും സൗകര്യമുള്ള വീട് ആയിരുന്നിട്ടും ആവശ്യക്കാരായി ആരും വരുന്നില്ല. ടോക്കിയോയിൽ രണ്ടുകൊല്ലം ജീവിച്ചു കഴിഞ്ഞപ്പോൾ വീട് തങ്കച്ചനെ വിളിക്കാൻ തുടങ്ങി. പേരക്കുട്ടിയുടെ കളിയും ചിരിയും ഭാര്യയെ വിദേശത്ത് തന്നെ കെട്ടിയിട്ടതായി തോന്നിയതു കൊണ്ട് അയാൾ മാത്രമാണ് നാട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുന്നത്. (ഇവിടെ സ്ത്രീയുടെയും പുരുഷന്‍റെയും സൂക്ഷ്മമായ ഒരു വ്യത്യാസം കൂടി അനാവൃതമാകുന്നുണ്ട് . മകളുടെ കുഞ്ഞിൽ മകളുടെ തന്നെ ശൈശവത്തെ പുന:സൃഷ്ടിക്കാനും ആ കുഞ്ഞിനെ ലാളിക്കുന്നതിൽ ജീവിതത്തിന്‍റെ അമൂല്യമാധുര്യം അനുഭവിക്കാനും കഴിയുന്ന സ്ത്രീയ്ക്ക് അതിലും വലുതല്ല സ്വപ്നസാഫല്യമായി കാണുന്ന വീട് പോലും) വീട് എത്രമേൽ ശാന്തവും സമാധാനപരവും ആണെന്ന് തിരിച്ചെത്തിയപ്പോൾ അയാൾ പൂർണ്ണമായും തിരിച്ചറിയുകയാണ്. അതുകൊണ്ട് ‘പോയാലെന്നു മടങ്ങിവരും’ എന്നയാൾ വീടിനോട് ചോദിച്ചു . വീട് ഒരു പൊട്ടിച്ചിരിയാണ് മറുപടിയായി നൽകിയത് . വീടു വീണ്ടും പറയുകയാണ്: "നിങ്ങൾക്കു മാത്രം യാത്ര ചെയ്താൽ മതിയോ? എനിക്കും ചുറ്റിക്കറങ്ങണം."പിന്നെ വീടിന് പറയാനുണ്ടായിരുന്നത് പിരിയുന്നതിൽ സങ്കടം ഉണ്ടെങ്കിലും പോവാതെ വയ്യ എന്നാണ് . പോകുന്നതിനു മുമ്പ് തങ്കച്ചനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വീട് നിർബന്ധിക്കുന്നു. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ പത്തു മിനിറ്റ് മാത്രം നൽകുകയും ചെയ്യുന്നു. വീടിന്‍റെ ആധാരം, മറ്റു രേഖകൾ, ബാങ്ക് പാസ്ബുക്ക് ,എടിഎം കാർഡ്, അവസാനമായി എടുത്താൽ പൊന്താത്ത ഒരുപാട് ഓർമ്മകൾ എല്ലാം എടുത്ത് അയാൾ പുറത്തിറങ്ങുന്നു. നിമിഷങ്ങൾക്കകം വീടിന്‍റെ മേൽക്കൂര ഭൂമിയുടെ നിരപ്പിന് താഴേക്ക് പോവുകയാണ്.

മുന്നറിയിപ്പ് നൽകി താമസക്കാരനെ വീട്ടിൽ നിന്നിറക്കിയശേഷം വീട് ഭൂമിയിലേക്ക് താഴ്ന്നുപോയി എന്നു പറയുന്നുവെങ്കിലും മുന്നറിയിപ്പ് നൽകി എന്നുള്ളത് മാത്രമാണ് അസംഭാവ്യമായിട്ടുള്ളത്. മറ്റെല്ലാം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപകടമായി നമ്മോടൊപ്പം ഉള്ളതുതന്നെയാണ്. മുമ്പ് കേട്ടിട്ടില്ലാത്ത എന്തൊക്കെയാണ് കുറച്ചു കാലമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്! കിണർ താണു പോയി, വീട് താണുപോയി, ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി, വീടിന്‍റെ രണ്ടുനിലകളും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയവരെ ഹെലികോപ്റ്റർ വന്നു രക്ഷിച്ചു , വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ ബോട്ടുകൾ വന്നു ദുരന്തബാധിതരെ രക്ഷിച്ചു, ഭൂമികുലുക്കം ഉണ്ടായി ഇങ്ങനെ ഇങ്ങനെ മുൻപരിചയമില്ലാത്ത പല വാർത്തകളും മലയാളികൾ വായിച്ചു. ഭൂമികുലുക്കത്തെ പേടിച്ചിട്ടുകൂടിയാണ് തങ്കച്ചൻ ടോക്കിയോയിൽ നിന്ന് വീടിന്‍റെ സ്വസ്ഥതയിലേക്ക് മടങ്ങുന്നത് എന്നത് തീക്ഷ്ണമായ ഒരു ഐറണിയാണ്.

പ്രത്യക്ഷത്തിൽ ഇതാണ് ഉള്ളടക്കമെങ്കിലും ഒരു പാരിസ്ഥിതികപ്രശ്നം മാത്രം പറയുന്ന കഥയല്ലിത്. കേരളം നേരിടുന്ന ഒരുപാട് സാമൂഹികപ്രശ്നങ്ങളും ഈ ചെറുകഥയിൽ ഉള്ളടങ്ങിയിട്ടുണ്ട്.

കേരളത്തിൽ നാൾക്കുനാൾ പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. വളരെ ചെറിയൊരു പ്രദേശമാണ് കേരളം. എന്നാൽ ജനസംഖ്യയോ വളരെയധികം. അഭ്യസ്തവിദ്യരുടെ എണ്ണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ കൂടുതൽ. ഇവർക്കൊക്കെ തങ്ങൾ ആഗ്രഹിക്കുന്ന, അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്ന, നിലവാരമുള്ള ഒരു ജോലി നൽകാൻ പറ്റിയ ഭൗതികസാഹചര്യം നമ്മുടെ നാട്ടിലില്ല.വ്യാവസായിക പുരോഗതിയിലും ഈ നാട് എത്രയോ പിന്നിലാണ്. ഈ സാഹചര്യത്തിൽ മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾക്കുവേണ്ടി അന്യരാജ്യങ്ങളിലേക്ക് ചേക്കേറാൻ കേരളീയർ നിർബന്ധിതരാകുന്നു. വിദ്യാഭ്യാസത്തിനു വേണ്ടിയാണ് യുവാക്കൾ അന്യദേശങ്ങളിലേക്ക് യാത്രയാകുന്നത്. ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസം നേടലാണ് അവരുടെ ലക്ഷ്യം . എന്നാൽ അവർ അവിടെനിന്നും ലഭിക്കുന്ന ഉയർന്ന ബിരുദങ്ങളെ അവിടെത്തന്നെ തൊഴിൽ കണ്ടെത്തി ജീവിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. കുറച്ചു കാലം മുമ്പ് വരെ ഗൾഫ് രാജ്യങ്ങളിലേക്കാണ് മലയാളികൾ തൊഴിൽ തേടി അധികവും ചെന്നിരുന്നത് . ഇന്ന് അത് യൂറോപ്യൻ രാജ്യങ്ങളിലേക്കും ആസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കുമുള്ള കുടിയേറ്റമായി മാറിയിരിക്കുന്നു. ഈ പ്രവാസികൾ കേരളത്തിലേക്ക് അയച്ച പണം കൊണ്ട് ഉണ്ടാക്കിയ മണിമാളികകൾ നമ്മുടെ ഗ്രാമങ്ങൾക്ക് പോലും നഗരമുഖം നൽകി. പണ്ട് റിട്ടയർമെൻറിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പതിവാണ് പ്രവാസികൾ സ്വീകരിച്ചിരുന്നത്. തങ്ങൾക്ക് പാർക്കാൻ വേണ്ടി അവരും മനോഹരമായ വീടുകൾ നാട്ടിൽ പണിതിട്ടിരുന്നു. വീടിന്‍റെ ആർഭാടം ഒരു സ്റ്റാറ്റസ് സിംബലായി മാറുന്നതിന് ഇത് ഒരു കാരണമായിരുന്നു. കേരളത്തിൽ അടിസ്ഥാനവർഗ്ഗത്തിൽ നിന്നുള്ള വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിലൂടെയും മറ്റും ഇടത്തരക്കാരായി പരിണമിച്ചു. ഇങ്ങനെ സാമൂഹിക പദവിയിൽ എത്തിയവർ അത് പ്രകടിപ്പിക്കാൻ കണ്ടെത്തിയ മാർഗം വലിയ വീടുകളുടെ നിർമ്മിതിയാണ് .വീട് അങ്ങനെയും അന്തസ്സിന്റെ വലിയ അടയാളമായി സ്ഥാനം നേടി . ഈ പരിണാമം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇത്രത്തോളം സംഭവിച്ചിട്ടില്ല.

ഇങ്ങനെ കേരളത്തിൽ ഉയർന്നു വന്ന വീടുകളിൽ നാം എത്രകാലം പാർക്കുന്നുണ്ട് ? നമ്മുടെ അനന്തരതലമുറ അത് വിശിഷ്ടമായ ഒരു പാരമ്പര്യസ്വത്തായി സ്വീകരിക്കുമോ? അനന്തരതലമുറ പോകട്ടെ ഈ വീടുകൾ പണിത ഈ തലമുറയിലെ ആളുകളിൽ പലരും തങ്ങൾ കുടിയേറിയ രാജ്യത്തെ പൗരത്വം സ്വീകരിച്ച് അവിടെത്തന്നെ കഴിഞ്ഞു കൂടുന്നതാണ് നാം കാണുന്നത്. അവിടെത്തന്നെ ജനിച്ചുവളർന്ന മക്കൾ ആ നാട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. മക്കൾക്ക് ഉചിതമായ ഉന്നതവിദ്യാഭ്യാസവും തൊഴിലും അവിടെ കിട്ടുന്നതിനാൽ പ്രവാസികൾ പലരും നാട്ടിലേക്ക് മടങ്ങിവരാതാകുന്നു. നമ്മുടെ നാട്ടിലെ എല്ലാ സൗകര്യങ്ങളുമുള്ള പല വീടുകളും ഫ്ലാറ്റുകളും അതോടെ ആരും ഉപയോഗിക്കാതെ പൂട്ടിക്കിടക്കുന്ന അവസ്ഥ വരുന്നു. അനന്തര തലമുറയ്ക്ക് വേണ്ടിക്കൂടിയാണെന്ന സങ്കൽപ്പത്തിൽ പണിതുണ്ടാക്കുന്ന വീടുകൾ ഈ തലമുറയിൽതന്നെ ആർക്കും വേണ്ടാതാകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത് . വാടകയ്ക്ക് പോലും തങ്ങളുടെ വീട് ഒരു കുടുംബവും ആവശ്യപ്പെട്ടില്ല, രണ്ടു കൊല്ലവും പൂട്ടിക്കിടക്കുകയാണ് ഉണ്ടായത് എന്ന് തങ്കച്ചൻ പറയുന്നതിന് ഇത്രയും സാമൂഹികാർഥങ്ങളുണ്ട്.

അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വന്ന തൊഴിലാളികളല്ലാതെ ആ വീട് ആവശ്യപ്പെട്ട് വരാൻ ആരുമുണ്ടായില്ല എന്ന് തങ്കച്ചൻ ഓർക്കുന്നതും കേരളത്തിന്‍റെ ഒരു സമകാലിക അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു . നമ്മുടെ നാട്ടിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കുടിയേറ്റം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് സമാന്തരമായി നമ്മുടെ നാട്ടിലേക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാനജോലിക്ക് ഏതു സംസ്ഥാനത്തെക്കാളും മികച്ച കൂലി നൽകുന്ന മാതൃകാസംസ്ഥാനമായി കേരളം മാറിയതിനാലാണ് ഈ ഒഴുക്ക്. അഭ്യസ്തവിദ്യരായി മാറിയ കേരളീയർ ചെയ്യാൻ മടിക്കുന്ന ശാരീരികാധ്വാനമുള്ള അടിസ്ഥാനജോലികൾ ധാരാളമുള്ളതിനാൽ ഈ തൊഴിലാളികൾക്ക് കേരളത്തിൽ സമൃദ്ധമായി ജോലി കിട്ടുന്നു. ഈ തൊഴിലാളികളുടെ മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിച്ച് മലയാളമറിയുന്ന തലമുറയായി വളർന്നുവരുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു.

കൊറോണക്കുശേഷം യാത്രാപ്രിയം കൂടി വരുന്നതിനെക്കുറിച്ചുള്ള കഥയിലെ പരാമർശവും കേരളത്തിൽ വികസിച്ചുവരുന്ന ഒരു മനോഭാവത്തെ കാണിച്ചുതരുന്നുണ്ട്. അടുത്ത വീട്ടിൽ ഉള്ളവർ പെട്ടിയുമായി കൂടെക്കൂടെ യാത്രയാകുന്നതും മടങ്ങി വരുന്നതും എവിടേക്കാണെന്ന് പോലും തങ്കച്ചന് അറിയാനാകുന്നില്ല. അയൽക്കാർ പോലും അന്യരാകുന്ന നാഗരികാവസ്ഥയിലേക്ക് നമ്മുടെ ചെറുപ്രദേശങ്ങൾ പോലും പരിണമിച്ചുകൊണ്ടിരിക്കുകയാണ് . ജീവിതത്തിന് ചലനാത്മകതയും വഴക്കവും അന്യസംസ്കാരങ്ങളോട് ആദരവും ഒക്കെ നിരന്തര യാത്രകളിൽ നിന്ന് കിട്ടുമെന്ന് നമ്മൾ പറയാറുണ്ടെങ്കിലും "അടുത്ത് നിൽക്കും അനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്ത"വരായി മനുഷ്യർ മാറുന്ന എടുത്താൽ പൊന്താത്ത ഓർമ്മകളുമായി വീട് വിട്ടിറങ്ങുന്ന തങ്കച്ചൻ അന്യം നിന്നു പോകാനിരിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ്. വീടിനും ഒരു സ്വത്വമുണ്ടെന്നും വീടുമായി തനിക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം ഉണ്ടെന്നും കരുതുന്നവർ ഇന്ന് അധികമില്ല .നമ്മുടെ നാട് എന്ന വികാരത്തെ കൈവിട്ടുകൊണ്ട് ഭദ്രമായ ജീവിതം കിട്ടുന്നിടത്തേക്ക് പോവുക എന്ന പ്രായോഗിക കാഴ്ചപ്പാടിലേക്കാണ് മലയാളി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ടോക്കിയോവിൽ സ്ഥിരതാമസമാക്കാൻ സാധ്യതയുള്ള മകൾക്ക് തങ്കച്ചൻ നാട്ടിൽ പണിത വീടിനോട് എത്രത്തോളം വൈകാരിക ബന്ധം ഉണ്ടാകാനാണ്?

സോഡിയം കുറഞ്ഞാൽ തലകറങ്ങുന്ന തങ്കച്ചൻ കുലുങ്ങുന്ന വീട്ടിൽ നിന്ന് അരക്ഷിതനായി ഇറങ്ങിപ്പോകുമ്പോൾ കേരളീയരിൽ പലരും – പ്രത്യേകിച്ചും വാർദ്ധക്യത്തിന്റെ പടിവാതിൽക്കലും വാർദ്ധക്യത്തിലും എത്തിയ പലരും തങ്കച്ചനിൽ അവരവരെ തന്നെ കാണും . ഏറ്റവും പ്രിയപ്പെട്ടവർ അകലെ അന്യരാജ്യങ്ങളിലാകുമ്പോൾ എന്തു വൈകാരികസുരക്ഷിതത്വമാണ് നാട്ടിൽ തുടരുന്ന മനുഷ്യർക്ക് ഉണ്ടാവുക? അവരവർ പണിത അവരവരുടെ സ്വപ്നസാക്ഷാത്കാരമെന്ന് അഭിമാനിക്കുന്ന വീട് ആകട്ടെ പാരിസ്ഥിതികമായ പല കാരണങ്ങളാൽ ആകെ അരക്ഷിതവുമാണ്. ഈ നിസ്സഹായതയെ നമ്മുടെ മനസ്സിൽ മുഴക്കത്തോടെ പ്രതിധ്വനിപ്പിക്കുന്നു എന്നതാണ് വ്യതിയാനം എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്. പ്രത്യക്ഷത്തിൽ ലളിതമായ ഈ കഥ വളരെയേറെ സാമൂഹികയാഥാർത്ഥ്യങ്ങളെ ഉള്ളടക്കം ചെയ്തിരിക്കുന്ന ഒന്നാണ് . തനിയ്ക്കു ചുറ്റുമുള്ള ജീവിതത്തിനു നേർക്ക് കഥാകൃത്ത് പുലർത്തുന്ന ജാഗ്രതയുടെ കൂടി സൃഷ്ടിയാണ് വ്യതിയാനം എന്ന കഥ.