വി. കെ. എന്‍ മറവിയിലേക്കു പോയാലല്ലേ ഓര്‍ക്കേണ്ടതുള്ളൂ എന്ന വികടശൈലിയില്‍ തന്നെ പറഞ്ഞുതുടങ്ങാം. വി. കെ. എന്നു മാത്രമായ ചില(പല) സ്വാതന്ത്ര്യങ്ങളാണ് വി.കെ.എന്റെ ഏറ്റവും വലിയ സവിശേഷത. അതു വായനക്കാരും അംഗീകരിച്ചിട്ടുണ്ട്. ഈ അപാരമായ സ്വാതന്ത്ര്യം വി. കെ. എന്‍ തന്റെ സാഹിത്യത്തിലൂടെ സൃഷ്ടിച്ചു. എഴുത്തിലും പറച്ചിലിലും വി. കെ. എന്‍ ആ സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തിലൂടെ പാറിപ്പറന്നു. വി. കെ. എന്‍ സാഹിത്യം ഇപ്പോഴും ആ സ്വാതന്ത്ര്യത്തിന്റെ  സുഖം ആവോളം അനുഭവിക്കുന്നു. 
                        
വി.കെ.എന്‍ എഴുതിയത് ധാരാളമുണ്ടെങ്കിലും അദ്ദേഹത്തെപ്പറ്റി എഴുതിയത്(വര്‍) വളരെക്കുറവാണ്. വി.കെ.എന്‍ ഹിംസിച്ചുകളയുമോ എന്ന പേടിയാകാം(?) അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാം. എന്തുതന്നെയായാലും വി.കെ.എന്നെപ്പറ്റി എഴുതിയവരില്‍ പ്രധാനി കെ. രഘുനാഥന്‍ തന്നെ. അദ്ദേഹം വി.കെ.എന്റെ ജീവചരിത്രമെഴുതിയത് മുക്തകണ്ഠം വി.കെ.എന്‍ എന്ന പേരില്‍ നമ്മുടെ മുന്നിലുണ്ട്. പലരും ആ സാഹസം വായിച്ചിട്ടുണ്ടാകും. മികച്ച ജീവചരിത്രങ്ങളിലൊന്നാണത്. എങ്കിലും 'ഇനിയും വി.കെ.എന്‍ പൂര്‍ണ്ണമായും എഴുതപ്പെട്ടിട്ടില്ല' എന്ന നിലപാടു സ്വീകരിക്കുന്നയാളാണ് കെ.രഘുനാഥന്‍. സമ്പൂര്‍ണ്ണമായ ഒരു ജീവചരിത്രം എഴുതിയിട്ടും വി.കെ.എന്‍ ബാക്കിയാകുന്നു എന്ന് രഘുനാഥന്‍ തന്റെ പുതിയ പുസ്തകമായ 'വി.കെ.എന്‍ പഞ്ചതന്ത്ര'ത്തിന്റെ ആമുഖത്തില്‍ എഴുതുന്നുണ്ട്.  'വി.കെ.എന്‍ എന്നത് ഒരു വ്യക്തിയല്ല; ഒരു മാനസികാവസ്ഥയാണ്' എന്ന് ജീവചരിത്രത്തില്‍ രഘുനാഥന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.  അങ്ങനെയെങ്കില്‍ എഴുതിയാലും എഴുതിയാലും പിന്നെയും വി.കെ.എന്‍ ബാക്കിയാകും. 
 
 വി.കെ.എന്റെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്നു രഘുനാഥന്റെ ഈ പഞ്ചതന്ത്രത്തില്‍. ഇവിടെ ഈ കഥകളുടെയെല്ലാം നായകന്‍ വി.കെ.എന്‍ ആകുന്നു; പയ്യന്‍ കഥകള്‍ പോലെ. കഥയെഴുതി കഥയെഴുതി വി. കെ.എന്‍ തന്നെ മറ്റൊരു കഥയായി മാറുകയാണ് ഈ കൃതിയില്‍. വി.കെ.എന്നെപ്പറ്റി വാമൊഴിയായും വരമൊഴിയായും പാണന്മാര്‍ പാടിനടക്കുന്ന ധാരാളം കഥകളുണ്ട്. ഇവയൊക്കെ ഉള്ളതാണോ, ഭാവനയാണോ എന്നുള്ളത് പലപ്പോഴും തര്‍ക്കവിഷയമാണെങ്കിലും അതൊന്നും അന്വേഷിക്കേണ്ടതില്ല എന്നാണ് എന്റെ തോന്നല്‍. അടിമുടി ഭാവനയായാല്‍ തന്നെ എന്ത്? അതില്‍ വി.കെ.എന്‍ ഉണ്ടല്ലോ എന്നുള്ളതാണ് പ്രധാനപ്പെട്ട സംഗതി. അങ്ങനെ അടിമുടി വി. കെ.എന്നാല്‍ നിറഞ്ഞുനില്‍ക്കുന്നു വി. കെ. എന്‍ പഞ്ചതന്ത്രം. 

To advertise here,

ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ രഘുനാഥന്‍ വി.കെ.എന്‍ സാഹിത്യത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം അദ്ദേഹത്തിന്റെ അപഥസഞ്ചാരിണിയായ ഭാഷയെയാണ്. ഈ ഭാഷയാണ്് ഒരു പക്ഷേ, പലരേക്കൊണ്ടും വി.കെ.എന്‍ വിമര്‍ശനത്തിനും ഇടയാക്കിയത്. എഴുതുന്നതില്‍ അശ്ലീലമുണ്ടല്ലോ? എന്ന ചോദ്യത്തിന് എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല എന്ന മറുപടി കൊടുക്കുമ്പോഴും വി. കെ. എന്‍ ഭാഷ ഈ അപഥസഞ്ചാരത്തിന്റെ സ്വച്ഛമായ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും അനുഭവിച്ചു. ശൈലികള്‍, പഴഞ്ചൊല്ലുകള്‍, പ്രയോഗങ്ങള്‍, വ്യാകരണത്തെ അട്ടിമറിക്കുന്ന സ്വയം കൃതമായ പ്രയോഗങ്ങള്‍, പുതിയ വാക്കുകള്‍ സൃഷ്ടിക്കല്‍... ഇങ്ങനെ തുടങ്ങി ഭാഷയുടെ ഉറച്ചുപോയ നിശ്ചലതകളെ അടിച്ചുടച്ചുകൊണ്ടാണ് വി. കെ. എന്‍ എക്കാലത്തും മുന്നോട്ടുപോയത്. അത് 'അറുപുലയാടിച്ചിയായ വി.കെ.എന്‍ സാഹിത്യത്തി'ന് അക്കാലത്തും പില്‍ക്കാലത്തും തിലകക്കുറിയായിത്തീര്‍ന്നു. ഡ്രൈവന്‍, പാടശേഖരന്‍, ദീര്‍ഘനിശ്വാസന്‍ ഇതൊക്കെ വി. കെ. എന്‍ നിഘണ്ടുവിലെ ചില സാംപിളുകള്‍ മാത്രം. 

വി.കെ.എന്‍ സാഹിത്യം പല വിജ്ഞാനങ്ങളുടെയും ഒരു ക്രോസ് സെഷന്‍ കൂടിയാണ്. വി.കെ.എന്‍ ഫലിതം സൃഷ്ടിക്കുന്നത് ബഹുവിഷയ രൂപിയായാണ്. കൃതികളില്‍ മാത്രമല്ല, ജീവിത സന്ദര്‍ഭങ്ങളിലും അത് അങ്ങനെതന്നെ. കഥയില്‍ നിന്നു വേറിട്ടോ, ജീവിതത്തില്‍ നിന്നു വേറിട്ടോ വി.കെ.എന്നില്‍ ഒന്നും തേടേണ്ടതില്ല. വി. കെ. എന്‍ പഞ്ചതന്ത്രം അത് അടിവരയിട്ടു പറയുന്നുണ്ട്. നോക്കുക: 'വ്യക്തിജീവിതം പൂര്‍ണ്ണമാവുന്നത് കേട്ടുകേള്‍വിയും അപ്രവചനീയകര്‍മ്മങ്ങളും പെരുമാറ്റവും അപഖ്യാതികളും അബദ്ധങ്ങളും പരാജയങ്ങളും നിര്‍മ്മര്യാദകളും അരാജകത്വവും കൂടിക്കലര്‍ന്നാണ്. അതെല്ലാം കഥാരൂപമാകുമ്പോള്‍ ചിലതിനൊരു ഐതിഹ്യഭാവവും വ്യക്തിജീവിതത്തിന് സാഹിത്യഭാവവും വന്നുചേരുന്നു. അത്തരമൊരു സന്ദര്‍ഭമാണ് ഇത്'- രഘുനാഥന്റെ വാക്കുകള്‍ ഈ പുസ്തകത്തി ന്റെ ജാതകക്കുറി കൂടിയാകുന്നുണ്ട്. പഞ്ചതന്ത്രത്തിലേതു പോലെ ഗുണപാഠങ്ങള്‍ ഇല്ല എന്നു സാരം. ഈ ഗുണപാഠമില്ലായ്മയാണ് വി.കെ.എന്‍ സാഹിത്യത്തിന്റെ സര്‍ഗ്ഗാത്മകത.  

വി.കെ.എന്‍ ഇല്ലായ്മയുടെ ഇരുപത്തൊന്നു വര്‍ഷങ്ങളുടെ ദുരന്തംകൂടി ഈ കൃതി ചൂണ്ടിക്കാട്ടുന്നുണ്ട്. ആമുഖത്തില്‍ രഘുനാഥനും അതു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍: 'ഫലിതത്തിന്റെ പ്രയോഗങ്ങള്‍ പലതും ശരീരാപമാനത്തിന്റെ (body shaming) പരിധിയില്‍ വരുന്ന സമൂഹപരിഷ്‌കാര വ്യവസ്ഥ നിലവില്‍ വന്നോ എന്നു ചില പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നു. പരിഹാസസിദ്ധാന്തങ്ങളുടെ ഭാവി ഒട്ടും ശോഭനമല്ല. അവര്‍ക്കിനി ഭരണഘടന എഴുതിയ ഭാഷയിലോ വേദപുസ്തക ഭാഷയിലോ സംസാരിക്കേണ്ടി വന്നേക്കാം. എന്തും അപമാനമായി വ്യാഖ്യാനിക്കപ്പെടാം. മലയാളിയെ എവിടെയും മലയാളിയാക്കി നിര്‍ത്തുന്ന ആ ഹ്യൂമര്‍സെന്‍സിന് വധശിക്ഷയേല്‍ക്കുമോ? ഫലിതം നിര്‍ദ്ദോഷമായിരിക്കണമെന്ന നിര്‍ബന്ധം അതിന്റെ സ്‌പൊണ്ടേനിറ്റി, മിന്നല്‍ നശിപ്പിക്കുന്നു. ആലോചിച്ച് തമാശ പറയേണ്ട ഗതികേട്, വൈരുദ്ധ്യം ചിന്തിച്ചു നോക്കൂ.' - രഘുനാഥന്‍ ഹ്യൂമര്‍സെന്‍സിന് വധശിക്ഷയേല്‍ക്കുമോ എന്ന ചോദ്യം ഉന്നയിക്കുന്നു. ഏറക്കുറെ അങ്ങനെ സംഭവിക്കുന്നു എന്നാണ് തോന്നുന്നത്. പൊതുവെ ഫലിതം മലയാളിയുടെ ജീവിതത്തില്‍ നിന്നും ആവിഷ്‌കാരങ്ങളില്‍ നിന്നും കൊഴിഞ്ഞു പോരുന്നതായാണ് കാണുന്നത്. സാഹിത്യവും സിനിമയും ഒക്കെത്തന്നെ ചിരിയില്‍ പിശുക്കു കാണിക്കുന്നതായിട്ടാണ് സമീപകാലത്തു വന്നിട്ടുള്ള ആഖ്യാനങ്ങള്‍ നമ്മോടു പറയുന്നത്. രാഷ്ട്രീയശരിയുടെ തീട്ടൂരങ്ങള്‍ക്കിടയില്‍ വി.കെ.എന്‍ സാഹിത്യത്തിന് കുറേക്കാലമായി ശിക്ഷ വിധിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതിനാല്‍ തന്നെ ഈ ചോദ്യത്തിന് പ്രസക്തി ഏറുന്നു. ഫലിത-നര്‍മ്മ കൃതികള്‍ ഉണ്ടായാല്‍ തന്നെ വി.കെ.എന്‍ സാഹിത്യത്തെ മറികടക്കാന്‍ അതൊന്നും പോരാതെ വരും എന്നതു മറ്റൊരു കാര്യം. 

വി.കെ.എന്നില്‍ കടുത്ത ആരാധന പൂണ്ട ധാരാളം പേരും അവരുടെ അനുഭവങ്ങളും ഈ കൃതിയില്‍ കാണാം. അതില്‍ വി.കെ.എന്‍ സാഹിത്യം മാത്രം വായിക്കുന്നവര്‍ പോലുമുണ്ട്. വി.കെ.എന്നെ വായിക്കുന്ന എല്ലാവരും ഇനി വായിക്കാനിരിക്കുന്നവരും മറ്റൊരു വി.കെ.എന്നെ പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ ഒരു കൃതി ഇനി ഉണ്ടാവുകയില്ല. വി.കെ.എന്‍ എഴുതിത്തീരാരെ തീരാതെ അങ്ങനെ തുടരട്ടെ. 

വാല്‍ക്കഷ്ണം: തിരുവില്വാമലയില്‍ നിന്നും കൂട്ടാലത്തറവാട്ടിലേക്കുള്ള വഴി നീണ്ടുകിടക്കുകയാണ്. ഓരോ വി.കെ.എന്‍ വായനക്കാരനും അവിടേക്കുള്ള വഴി, അവിടെ കണ്ട ഒരാളോട് ചോദിക്കുകയാണ്. അയാളപ്പോള്‍ വി.കെ.എന്നോ ആരാ പ്പോ ദ്? എന്നു തിരിച്ചുചോദിക്കും. നിങ്ങള്‍ നിരാശരായി മുന്നോട്ടു നടക്കുമ്പോള്‍ നിങ്ങളുടെ പിറകില്‍ നിന്ന് അയാള്‍ ചാക്യാരുടെ വികടച്ചിരി ചിരിക്കും. ഒരു വി.കെ.എന്‍ സന്ദര്‍ഭത്തില്‍പ്പെട്ടു എന്നറിയാതെ നിങ്ങളോരോരുത്തരും വി.കെ.എന്‍ കൃതികളിലേക്കു തന്നെ മടങ്ങും. ഈ പഞ്ചതന്ത്രം കഥകളിലൊന്നിലെ ബേബിരാജനെന്ന വി. കെ. എന്‍ ഉന്മാദിയെപ്പോലെ...