
കോഴിക്കോട്: എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് സുപരിചിതനായ നടന്‍ വിനോദ് കോവൂരിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് 'വിനോദയാത്ര'. പുസ്തകം മാതൃഭൂമി ബുക്‌സിലൂടെ ഉടന്‍ വായനക്കാരിലേക്കെത്തും.
"സത്യത്തില്‍ ഞാനൊരു സാഹിത്യകാരനല്ല; അഭിനേതാവാണ്. ഇതിനു മുമ്പ് ഞാന്‍ കുട്ടികള്‍ക്കായി 'ഏകാഭിനയം' എന്ന കലോത്സവ മത്സരയിനത്തെ ആസ്പദമാക്കി രണ്ടു പുസ്തകങ്ങള്‍ എഴുതിയിരുന്നു; അഞ്ചു മിനുട്ടുകൊണ്ട് കുട്ടികള്‍ക്ക് അവതരിപ്പിക്കാനുള്ള സ്‌ക്രിപ്റ്റുകള്‍.
Also Read
ഏറെ വായിച്ചപ്പോഴാണ് എഴുതിയാലോ എന്ന തോന്നലുണ്ടായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ എഴുതിയത് സ്ഥിരമായി വായിക്കുമായിരുന്നു. ഇങ്ങനെയുള്ള അനുഭവങ്ങള്‍ എനിക്കും ധാരാളമുണ്ടെന്ന് ഓര്‍ത്തുവെച്ചു.
പിന്നീട് അത് എഴുതിവെക്കാന്‍ തുടങ്ങി. അപ്പോഴാണ് ആകസ്മികമായി മാതൃഭൂമിയില്‍നിന്നും ഒരു വിളി വന്നത്: 'കലാജീവിതത്തില്‍ ഒരുപാടു രസകരമായ അനുഭവങ്ങള്‍ ഉണ്ടാകില്ലേ. ഒന്ന് എഴുതിനോക്കൂ, നമുക്കത് മാതൃഭൂമിയുടെ ചിത്രഭൂമിയില്‍ പ്രസിദ്ധീകരിക്കാം.'
എഴുത്തുകാരനുംകൂടിയാകാനുള്ള ഒരവസരം മാതൃഭൂമി തന്നിരിക്കുകയാണ്, ഉപയോഗപ്പെടുത്താം എന്ന് മനസ്സു പറഞ്ഞു. എഴുതിയത്, 'കോവൂര്‍ ടൈംസ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കാനും തുടങ്ങി. വായനക്കാരില്‍നിന്നും നല്ല പ്രതികരണം ലഭിച്ചു. ഏറ്റവും വലിയ പ്രോത്സാഹനം തന്നത് സത്യന്‍ അന്തിക്കാടായിരുന്നു. 'വിനോദിന്റെ അനുഭവങ്ങള്‍ രസകര'മാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എഴുതാന്‍ വലിയ ഊര്‍ജമായി.
മുപ്പതു വര്‍ഷത്തെ കലാജീവിതത്തിലെ നല്ലതും ചീത്തയുമായ, അതായത് സന്തോഷിപ്പിച്ചതും സങ്കടപ്പെടുത്തിയതുമായ അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങി. അങ്ങനെ പതിനാല് അനുഭവക്കുറിപ്പുകള്‍ എഴുതിക്കഴിഞ്ഞതും കൊറോണ മഹാമാരി വന്നു. ലോകം സ്തംഭിച്ചു. 'കോവൂര്‍ ടൈംസ്' പാതിവഴിയില്‍ നിന്നു.
പിന്നെ കെട്ടകാലം കഴിഞ്ഞ് നാടും നഗരവും വീണ്ടും സജീവമായപ്പോള്‍ മാതൃഭൂമിയില്‍നിന്നും വീണ്ടും വിളി വന്നു: 'മാക്സിമം അനുഭവങ്ങള്‍ എഴുതിക്കോളൂ. നമുക്ക് അതൊരു പുസ്തകമാക്കാം.' സന്തോഷമായി, എന്റെ പേരിലും ഒരു പുസ്തകം, അതും മാതൃഭൂമിയിലൂടെ. അങ്ങനെ മുപ്പതോളം അനുഭവങ്ങള്‍ എഴുതി.
കവി കുഞ്ഞുണ്ണിമാഷോട് എനിക്ക് വലിയ കടപ്പാടുണ്ട്. അദ്ദേഹം കാരണമാണ് ഇന്ന് വിനോദ് കോവൂര്‍ എന്ന ഒരു വ്യക്തി ഉണ്ടായത്. വിനോദ് എന്ന പേരിനെ ഞാന്‍ ഏറെ സ്നേഹിക്കാന്‍ തുടങ്ങിയത് മാഷ് എന്റെ അമ്മയോടു പറഞ്ഞ വാക്കുകള്‍ കേട്ടിട്ടാണ്.
മാഷ്, എന്റെ വീട്ടില്‍ വന്ന് താമസിച്ചു യാത്രപറയുമ്പോള്‍ അമ്മ പറഞ്ഞു, 'മാഷേ, ഇവന്‍ ജോലിക്കൊന്നും ശ്രമിക്കുന്നില്ല. കലാപരിപാടീന്നും പറഞ്ഞ് നടക്കുകയാണ്. മാഷ് അവനെ ഒന്ന് ഉപദേശിക്കണം'. അപ്പോള്‍ മാഷ് പറഞ്ഞു, 'നിങ്ങള്‍ അവന് 'വിനോദ്' എന്ന പേരിട്ടതാ പ്രശ്നമായത്. വിനോദ് എന്നു പറഞ്ഞാല്‍ എന്താ, വിനോദം, വിനോദിപ്പിക്കുന്നവന്‍. അവന്‍ ആ ജോലി ഭംഗിയായി ചെയ്യുന്നുണ്ടല്ലോ. അവനെ ഒരു ജോലിക്കും നിങ്ങള്‍ നിര്‍ബന്ധിക്കണ്ട; അവന്‍ എല്ലാവരേയും വിനോദിപ്പിച്ച് നാടറിയുന്ന നടനാകും, കലാകാരനാകും, ഇതെന്റെ വാക്കാ.'
ഏകദേശം ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മാഷ് അങ്ങനെ പറഞ്ഞത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. സ്വര്‍ഗത്തിലിരിക്കുന്ന എന്റെ മാതാപിതാക്കളോട് ഇപ്പോ മാഷ് പറയുന്നുണ്ടാകാം, കണ്ടോ, നിങ്ങളുടെ മോന്‍ ഇപ്പോ എഴുത്തുകാരനുമായി എന്ന്. കുഞ്ഞുണ്ണിമാഷിനും അച്ഛനും അമ്മയ്ക്കും ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുകയാണ്. ഈ പുസ്തകത്തിന്റെ പേരും മാഷിന് ഏറെ ഇഷ്ടമായിട്ടുണ്ടാകും, 'വിനോദയാത്ര'- ആമുഖത്തില്‍ വിനോദ് കോവൂര്‍ കുറിക്കുന്നു.
'സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള വകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്ന ഗ്രന്ഥം നവരസപ്രധാനമാണ്. വൈവിധ്യവും വൈചിത്ര്യവും ഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെ പ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്. അതിപ്രശസ്തരായ സിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്'- അവതാരികയില്‍ എം.എന്‍. കാരശ്ശേരി എഴുതുന്നു.
Content Highlights: Vinod Kovoor's book 'Vinodayathra' will be released soon
Published: 06 Oct 2024, 09:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented