ഇന്ന് ശിശുദിനം. ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം . നെഹ്റു മകൾ ഇന്ദിരാഗാന്ധിക്കയച്ച കത്തുകളുടെ സമാഹാരമായ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകത്തിലെ ഭാഗങ്ങൾ .

തിരിഞ്ഞുനോക്കുമ്പോൾ
എന്റെ കത്തുകൾ വായിച്ച് നിനക്കു വല്ലാതെ മടുപ്പു തോന്നുന്നുണ്ടോ? ഇനി ചെറിയൊരു വിശ്രമമാകാം എന്നു തോന്നുന്നു. കുറേ നാളത്തേക്ക് പുതിയതായി ഒന്നും ഞാൻ നിനക്കെഴുതാൻ പോകുന്നില്ല. എന്നാൽ, ഞാൻ ഇതുവരെ എഴുതിയതിനെക്കുറിച്ച് നീ ചിന്തിച്ചുനോക്കണമെന്നുണ്ട്. ഏതാനും കത്തുകളിലൂടെ, കോടിക്കണക്കിനു കൊല്ലങ്ങളിലൂടെ നമ്മൾ അതിവേഗം കടന്നുപോയി. തുടങ്ങിയത് ഭൂമി സൂര്യനിൽനിന്നും തെറിച്ചുവീണ ഒരു തുണ്ടായിരുന്ന കാലത്തുനിന്നാണ്. അത് സൂര്യനിൽനിന്നും അടർന്നുവീണതും കാലാന്തരത്തിൽ തണുത്തുറച്ചതും നമ്മൾ കണ്ടു. അതിനുശേഷം ചന്ദ്രൻ അടർന്നുമാറി. കാലങ്ങളോളം ഭൂമിയിൽ ജീവനുള്ള ഒന്നുമുണ്ടായിരുന്നില്ല. പിന്നെ കോടാനുകോടി കൊല്ലങ്ങളിലൂടെ വളരെ സാവധാനം ജീവൻ വികസിച്ചുവന്നു. ഒരു കോടി, അതെത്രയാണെന്ന് നിനക്കൂഹിക്കാനാവുമോ? ഒരുപാടൊരുപാടു കാലമാണ്. കോടികോടി വർഷങ്ങളെ സങ്കൽപ്പിക്കുകപോലും പ്രയാസമാണ്. നിനക്കു പത്തുവയസ്സേ ആയിട്ടുള്ളൂ. ഇപ്പോഴേ നീ വളർന്നു വലുതായിക്കഴിഞ്ഞു. ഒരു മുതിർന്ന പെൺകിടാവ്! നൂറു വർഷം എന്നു പറഞ്ഞാൽ നിനക്കത് വലിയൊരു കാലയളവാണ്. അപ്പോൾപ്പിന്നെ ആയിരമായാലോ? കോടി എന്നു പറഞ്ഞാൽ 1000x1000ആണ്. നിന്റെ കുഞ്ഞിത്തലയിൽ ഇപ്പോൾ ഈ കണക്കുകളൊന്നും ശരിക്കും കയറുകയില്ല. നമ്മുടെ വിചാരം നമ്മളൊക്കെ വളരെ പ്രധാനപ്പെട്ടവരാണെന്നാണ്. നിസ്സാരസംഗതികൾപോലും നമ്മളെ ദേഷ്യംപിടിപ്പിക്കുന്നു, പരിഭ്രാന്തരാക്കുന്നു. ലോകത്തിന്റെ നീണ്ടുനീണ്ടു കിടക്കുന്ന ചരിത്രത്തിലേക്കു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ തുച്ഛമായ സംഭവങ്ങൾക്ക് എന്തു പ്രാധാന്യമാണുള്ളത്? അറ്റമില്ലാതെ പരന്നുകിടക്കുന്ന ചരിത്രകാലങ്ങൾ. നമുക്കു ശ്രദ്ധയോടെ വായിച്ചുമനസ്സിലാക്കാം. അത് നമുക്കു വലിയ ഗുണം ചെയ്യും. കാരണം, പിന്നെ നമ്മൾ നമ്മുടെ നിസ്സാരമായ ജീവിതാനുഭവങ്ങളെക്കുറിച്ചോർത്തു പരിതപിക്കില്ല.
ലോകത്തിൽ ജീവന്റെ ഒരു കണികപോലുമില്ലാതിരുന്ന ആദിമകാലത്തെക്കുറിച്ച് നമുക്കൊന്നോർത്തുനോക്കാം. പറയാനാവാത്തവിധം നീണ്ട ഒരു കാലയളവ്. പിന്നീടു വളരെ നീണ്ട കാലത്തോളം ഭൂമിയിൽ സമുദ്രജീവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയിൽ ഒരിടത്തും മനുഷ്യരുണ്ടായിരുന്നില്ല. വെടിവെക്കാനും കൊല്ലാനും മനുഷ്യരില്ലാതെ ആയിരമായിരം വർഷങ്ങളോളം മൃഗങ്ങൾ ഇവിടെ സ്വൈരമായി ജീവിച്ചു. അവസാനം മനുഷ്യനുണ്ടായപ്പോഴോ? ജീവികളിൽവെച്ച് ഏറ്റവും ചെറുതായിരുന്നു. വലിപ്പം കുറഞ്ഞ്, ദുർബ്ബലശരീരനായ ഒരു നിസ്സാരജീവി. ആയിരമായിരം കൊല്ലങ്ങളിലൂടെ അവൻ വളർന്നു. ശക്തിയും സാമർത്ഥ്യവും നേടി. ഭൂമിയിലെ എല്ലാ ജീവികളുടെയും യജമാനനായിത്തീർന്നു. മറ്റു ജീവികളൊന്നൊഴിയാതെ അവന്റെ അടിമകളും വേലക്കാരുമായി. അവൻ പറയുന്നത് അനുസരിക്കാൻ നിർബ്ബന്ധിതരായി.
പതുക്കെ നമ്മൾ നാഗരികത വളർന്നുവന്ന കാലഘട്ടത്തിലെത്തി. അതിന്റെ ആരംഭകാലം നമ്മൾ കണ്ടുകഴിഞ്ഞു. കുറേ കഴിഞ്ഞ്, പിന്നീടുള്ള കാലം നമുക്കു ചിന്തിക്കാം. ഇനി നമുക്കു സഞ്ചരിക്കാൻ കോടി കോടി വർഷങ്ങളുടെ വഴികളില്ല. നാലോ അഞ്ചോ ആയിരം വർഷം മുമ്പുള്ള കാലം. അവിടംവരെ ഈ കത്തുകളിലൂടെ നമ്മൾ വന്നെത്തിയിരിക്കുന്നു. എന്നാൽ, ആ കോടാനുകോടി കൊല്ലങ്ങളുടെ ചരിത്രത്തെക്കാൾ കൂടുതലായി ഈ നാലയ്യായിരം കൊല്ലങ്ങളുടെ ചരിത്രം നമുക്കറിയാം. കഴിഞ്ഞ ഈ നാലായിരം ആണ്ടുകൾക്കിടയിലാണ് ചരിത്രവും മനുഷ്യന്റെ പുരോഗതിയും യഥാർത്ഥത്തിൽ സംഭവിച്ചത്. നീ കുറേക്കൂടി വലുതാകുമ്പോൾ ഈ ചരിത്രത്തെക്കുറിച്ചു വിശദമായി വായിച്ചു മനസ്സിലാക്കാം. അതിനെക്കുറിച്ച് അൽപ്പം മാത്രമേ ഞാനിപ്പോൾ എഴുതുന്നുള്ളൂ; നിനക്ക് ചെറിയൊരു ധാരണ കിട്ടാൻവേണ്ടി മാത്രം. നമ്മുടെ ഈ കൊച്ചുലോകത്തിൽ മനുഷ്യനെന്തു സംഭവിച്ചുവെന്ന് കുറഞ്ഞൊന്നു മനസ്സിലാക്കാമല്ലോ!
ആര്യന്മാർ ഇന്ത്യയിലെത്തുന്നു
വളരെ വളരെ പഴയകാലത്തെക്കുറിച്ചാണ് ഇന്നുവരെയും നമ്മൾ ചർച്ച ചെയ്തത്. ഇനി മനുഷ്യർ എങ്ങനെ വളർച്ച പ്രാപിച്ചു, അവർ എന്തെല്ലാം ചെയ്തു എന്നൊക്കെ മനസ്സിലാക്കാൻ ശ്രമിക്കാം. ആ പഴയകാലത്തെ മൊത്തത്തിൽ ചരിത്രത്തിനു മുമ്പുള്ള കാലം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നുവെച്ചാൽ ആ കാലഘട്ടത്തെക്കുറിച്ച് കൃത്യമായൊരു ചരിത്രം ഇല്ല എന്നുതന്നെ. അന്നത്തെ കാര്യങ്ങൾ ഏതാണ്ടൊക്കെ ഊഹിച്ചു പറയാമെന്നുമാത്രം. ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്നത് ചരിത്രത്തിന്റെ വക്കത്താണ്.
ആദ്യം ഇന്ത്യയിൽ എന്തു സംഭവിച്ചു എന്ന് നമുക്കു നോക്കാം. ഇന്ത്യയും ഈജിപ്തിനെപ്പോലെ പണ്ടുമുതൽക്കേ നാഗരികമായ വികാസം പ്രാപിച്ചിരുന്നു എന്നു നമ്മൾ കണ്ടുകഴിഞ്ഞതാണ്. കച്ചവടത്തിൽ അഭിവൃദ്ധി കൈവരിച്ചിരുന്നു. ഇന്ത്യയിൽനിന്നും ചരക്കുകൾ കയറ്റി കപ്പലുകൾ ഈജിപ്തിലേക്കും മെസപ്പൊട്ടേമിയയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും സഞ്ചരിച്ചിരുന്നു. ആ കാലങ്ങളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ജനസമൂഹങ്ങളെ ദ്രാവിഡർ എന്നാണ് വിളിച്ചിരുന്നത്. ദക്ഷിണേന്ത്യയിൽ മദിരാശി-ചെന്നൈ-പ്രദേശത്ത് ഇന്നും നമ്മൾ കാണുന്നത് അവരുടെ പിൻഗാമികളെയാണ്.
വടക്കുനിന്നും വന്ന ആര്യന്മാർ ഈ ദ്രാവിഡരെ ആക്രമിച്ചു. അന്ന് മദ്ധ്യേഷ്യയിൽ ആര്യന്മാരുടെ വലിയൊരു കൂട്ടംതന്നെ ഉണ്ടായിരുന്നിരിക്കണം. ആവശ്യത്തിനുള്ള ആഹാരം കിട്ടാതായപ്പോൾ, അവർ പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാവാം. കുറേപ്പേർ പേർഷ്യയിലേക്കും ഗ്രീസിലേക്കും അതിനും പടിഞ്ഞാറു മാറിയുള്ള സ്ഥലങ്ങളിലേക്കും സഞ്ചരിച്ചു. വലിയൊരു സംഘം കശ്മീർഭാഗത്തെ പർവ്വതങ്ങൾ താണ്ടി ഇന്ത്യയിലേക്കും വന്നു.
ആര്യന്മാർ ശരീരശക്തിയും യുദ്ധവീര്യവുമുള്ളവരായിരുന്നു. അവർ ഇവിടെയുള്ള ദ്രാവിഡരെ പിന്നാക്കംതള്ളി. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് കടൽത്തിരകൾപോലെയാവണം ആര്യന്മാർ വന്നിട്ടുണ്ടാവുക. തുടക്കത്തിൽ ദ്രാവിഡർ അവരെ തടഞ്ഞിട്ടുണ്ടാവാം. പിന്നീട് വലിയ വലിയ കൂട്ടങ്ങൾ വീണ്ടും വീണ്ടും കടന്നുകയറിയപ്പോൾ അവരെ തടയാൻ ദ്രാവിഡർക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ദീർഘകാലം ആര്യന്മാർ വടക്കേ ഇന്ത്യയിൽ മാത്രമായി ഒതുങ്ങി. അഫ്ഗാനിസ്താനും പഞ്ചാബും അവരുടെ സങ്കേതങ്ങളായിരുന്നു. പതുക്കപ്പതുക്കെ അവർ കൂടുതൽ വ്യാപിച്ച് യുണൈറ്റഡ് പ്രോവിൻസിലും-ഇന്നത്തെ ഉത്തർപ്രദേശ്-എത്തി. നമ്മൾ ഇപ്പോൾ താമസിക്കുന്ന പ്രദേശം. അവിടെനിന്ന് അവർ പിന്നേയും തെക്കോട്ടു നീങ്ങി മദ്ധ്യേന്ത്യയിലുള്ള വിന്ധ്യാപർവ്വതനിരകൾവരെ എത്തി. ഇടതിങ്ങി വളരുന്ന കാടുകളായിരുന്നു ആ മലനിരകൾ നിറയെ. അതു താണ്ടി ഇപ്പുറത്തെത്തുക പ്രയാസമായിരുന്നു. അതുകൊണ്ടാകാം വളരെക്കാലത്തോളം ആര്യന്മാർ വിന്ധ്യാപർവ്വതനിരകളുടെ വടക്കുഭാഗത്തു മാത്രം താമസിച്ചത്. എന്നാലും കുറേപ്പേർ കാടുകളും മലകളും കടന്ന് തെക്കേ ഭാഗത്തേക്കു വന്നു. ഭൂരിഭാഗവും വടക്കേ ഇന്ത്യയിൽത്തന്നെ ഒതുങ്ങിനിന്നു. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യ പ്രധാനമായും ദ്രാവിഡപ്രദേശമായി തുടർന്നു.
ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ വരവ് രസകരമായൊരു പഠനവിഷയമാണ്. നമ്മുടെ പഴയ സംസ്കൃതഗ്രന്ഥങ്ങളിൽനിന്നും അവരെപ്പറ്റി വിശദമായി മനസ്സിലാക്കാൻ സാധിക്കും. വേദങ്ങളും മറ്റും രചിക്കപ്പെട്ടത് ആ കാലത്തായിരിക്കണം. ഋഗ്വേദമാണ് ഏറ്റവും പുരാതനമായിട്ടുള്ളത്. അന്ന് ആര്യന്മാരുടെ അധീനതയിലുണ്ടായിരുന്ന ഇന്ത്യയെപ്പറ്റി ധാരാളം വസ്തുതകൾ നമുക്കു വേദങ്ങളിൽനിന്നും ഗ്രഹിക്കാം. അങ്ങനെ ആ കാലത്തെപ്പറ്റി ഏകദേശമൊരു രൂപവും നമുക്കു ലഭിക്കും. ആര്യന്മാർ ക്രമേണ ഇന്ത്യയിൽ പലയിടത്തും വ്യാപിച്ചതെങ്ങനെയാണെന്ന് വേദങ്ങളും പുരാണങ്ങളും ഉൾപ്പെടെയുള്ള സംസ്കൃതഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. പഴയ സംസ്കൃതപുസ്തകങ്ങളെക്കുറിച്ച് നിനക്ക് അധികമൊന്നും അറിയാൻ വഴിയില്ല. വേദങ്ങൾക്കുശേഷം വളരെ കാലങ്ങൾ കഴിഞ്ഞാണ് രാമായണം എഴുതപ്പെട്ടത്. അതും കഴിഞ്ഞിട്ടാണ് മഹാഭാരതത്തിന്റെ രചന. പുരാണങ്ങളിലെ കഥകൾ പലതും നിനക്കറിയുമായിരിക്കും. വലുതാകുമ്പോൾ ഇനിയും കൂടുതൽ വായിക്കാം.
ഈ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് ആര്യന്മാർ പഞ്ചാബിലും അഫ്ഗാനിസ്താനിലുമായി കഴിയവേ അവർ ആ ഭൂവിഭാഗത്തെ ബ്രഹ്മാവർത്തം എന്ന പേരിലാണ് വിളിച്ചിരുന്നതെന്നാണ്. അന്ന് അഫ്ഗാനിസ്താൻ ഗാന്ധാരമായിരുന്നു. മഹാഭാരതത്തിലെ ഗാന്ധാരിയെ നിനക്കോർമ്മയില്ലേ? ഗാന്ധാരത്തിലെ രാജകുമാരിയായതുകൊണ്ടാണ് അവർക്ക് ആ പേരു കിട്ടിയത്. ഇന്ന് അഫ്ഗാനിസ്താൻ ഇന്ത്യയുടെ ഭാഗമല്ല. മറ്റൊരു രാജ്യമാണ്. എന്നാൽ, ആ പഴയകാലത്ത് രണ്ടും ഒരു രാജ്യമായിരുന്നു.
ആര്യന്മാർ കുറേക്കൂടി താഴേക്കിറങ്ങി ഗംഗാ-യമുന സമതലങ്ങളിലേക്ക് വന്നതോടെ ഉത്തരേന്ത്യയെ മുഴുവൻ അവർ ആര്യാവർത്തം എന്നു വിളിക്കാൻ തുടങ്ങി.
പഴയകാലത്ത് എല്ലാവരും ചെയ്തിരുന്നതുപോലെ അവർ നദീതീരങ്ങളിൽ പട്ടണങ്ങൾ പണിത് താമസം തുടങ്ങി. കാശി-ബനാറസ്-പ്രയാഗ് തുടങ്ങി എത്രയോ നഗരങ്ങൾ. എല്ലാം സ്ഥിതിചെയ്യുന്നത് നദീതീരങ്ങളിലാണ്.
ഇന്ത്യയിലേക്കു വന്ന ആര്യന്മാർ
ആര്യന്മാർ ഇന്ത്യയിലേക്കു വന്നത് അയ്യായിരമോ ആറായിരമോ വർഷങ്ങൾക്കു മുമ്പായിരിക്കണം. ഒരുപക്ഷേ, അതിനും മുമ്പേയാകാനും വഴിയുണ്ട്. എല്ലാവരും കൂടിച്ചേർന്ന് ഒരൊറ്റ സംഘമായല്ല എത്തിച്ചേർന്നത്. ഗോത്രങ്ങൾക്കു പിന്നാലെ ഗോത്രങ്ങളായി... വലിയ വലിയ ആൾക്കൂട്ടങ്ങൾ ഒന്നിനു പിറകേ ഒന്നായി. ആ വരവ് നൂറ്റാണ്ടുകളോളം തുടർന്നിട്ടുണ്ടാവണം. ആലോചിച്ചുനോക്കൂ, വലിയ യാത്രാസംഘങ്ങൾ നടന്നും കുതിരപ്പുറത്തും വീട്ടുസാമാനങ്ങൾ മൃഗങ്ങളെപ്പൂട്ടിയ വണ്ടികളിലുമായി നിറച്ച്. അതുപോലെ സാമാനങ്ങൾ മൃഗങ്ങളുടെ പുറത്തും വെച്ചുകെട്ടിയിരിക്കും. ഏതാനും ദിവസം താമസിച്ച് നാടു കണ്ടു മടങ്ങാനെത്തിയ യാത്രക്കാരായിരുന്നില്ല അവർ. ഈ നാട്ടിൽ സ്ഥിരതാമസത്തിനെത്തിയവരായിരുന്നു. പടപൊരുതാനും മരിക്കാനും തയ്യാറായിക്കൊണ്ടുള്ള വരവ്. ഞാൻ മുമ്പേ പറഞ്ഞതുപോലെ വടക്കുപടിഞ്ഞാറൻ മലനിരകൾ കടന്നാണ് ഭൂരിഭാഗവും വന്നത്. ഒരുപക്ഷേ, ചിലർ പേർഷ്യൻ ഉൾക്കടൽവഴി, കപ്പലിലും വന്നിട്ടുണ്ടാകാം. അവരുടെ ചെറുകപ്പലുകൾ സിന്ധുനദിയിലൂടെ ഏറെ ദൂരം വന്നിട്ടുണ്ടാവാം.
അന്നത്തെ ആര്യന്മാർ എങ്ങനെയുള്ളവരായിരുന്നു? അവർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽനിന്നുതന്നെ നമുക്കു വേണ്ടത്ര വിവരങ്ങൾ കിട്ടും. അവർ രചിച്ച വേദങ്ങൾ ലോകത്തിൽവെച്ചുതന്നെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥങ്ങളാണ്. ഒരുപക്ഷേ, തുടക്കത്തിൽ അവ എഴുതപ്പെട്ടിരുന്നിരിക്കില്ല. വേദങ്ങൾ മനഃപാഠമാക്കുന്ന രീതിയായിരുന്നു. കേട്ടും ചൊല്ലിയും പഠിക്കുന്നു. മറ്റുള്ളവർക്ക് ചൊല്ലിക്കൊടുക്കുന്നു. അതിമനോഹരമായ സംസ്കൃതത്തിലാണ് അവ രചിച്ചിട്ടുള്ളത്. ഭംഗിയായി പാടാനുതകുന്ന വിധം സംഗീതാത്മകം. നല്ല ഉച്ചാരണശുദ്ധിയും പദപരിചയവുമുള്ള ഒരാൾ വേദം ചൊല്ലുന്നതു കേൾക്കുന്നത് സുഖകരമായൊരനുഭവമാണ്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അതിവിശുദ്ധമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. എന്നാൽ വേദം എന്ന വാക്കിന്റെ അർത്ഥം എന്താണ്? അത് അർത്ഥമാക്കുന്നത് അറിവെന്നാണ്. വേദത്തിലുള്ളത് ആ കാലത്തെ ജ്ഞാനികൾ എന്നു വിളിക്കപ്പെടുന്ന ഋഷികൾ അല്ലെങ്കിൽ മുനിമാർ സമാഹരിച്ചുവെച്ചിട്ടുള്ള അറിവാണ്. ആ കാലത്ത് സിനിമയോ കമ്പിത്തപാലോ റെയിൽപ്പാതകളോ ഒന്നുമുണ്ടായിരുന്നില്ല. അതിനർത്ഥം അവർ വിവരമില്ലാത്തവരായിരുന്നു എന്നല്ല, പലരും കരുതുന്നത് അന്നത്തെ ഋഷിമാർ ഇന്നുള്ളവരെക്കാളൊക്കെ എത്രയോ അറിവുള്ളവരായിരുന്നു എന്നാണ്. അവർക്ക് കൂടുതൽ ബുദ്ധിയും വിവരവും ഉണ്ടായിരുന്നുവോ എന്നതല്ല വിഷയം. അവർ അദ്ഭുതകരമായ ഗ്രന്ഥങ്ങൾ രചിച്ചു എന്നതാണ്. അവ ഈ ആധുനിക കാലത്തും നമ്മൾ ആദരവോടെ വായിച്ചു പഠിക്കുന്നു. അവരുടെ മഹത്ത്വം എത്രത്തോളമായിരുന്നുവെന്ന് ഇതിൽനിന്നുതന്നെ മനസ്സിലാക്കാമല്ലോ.
മുമ്പു സൂചിപ്പിച്ചതുപോലെ തുടക്കത്തിൽ വേദങ്ങൾ എഴുതപ്പെട്ടിരുന്നില്ല. കേട്ടുപഠിച്ച്, ഓർമ്മവെച്ച് പിന്നീടുള്ളവർക്ക് കൈമാറുകയായിരുന്നു പതിവ്. അന്നത്തെ ആളുകൾക്ക് അതിശയകരമായ ഓർമ്മശക്തി ഉണ്ടായിരുന്നിരിക്കണം. നമ്മളിൽ എത്രപേർക്ക് ഒരു പുസ്തകം മുഴുവൻ കാണാപ്പാഠം പഠിച്ച് ഓർമ്മവെക്കാൻ സാധിക്കും?
വേദങ്ങൾ രചിക്കപ്പെട്ട കാലം വൈദികകാലം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏറ്റവും ആദ്യത്തേത് ഋഗ്വേദമാണ്. അതിൽ നിറയെ അവർ പാടാറുള്ള സ്തുതിഗീതങ്ങളാണ്. അവർ വളരെ മനോലാഘവം ഉള്ളവരായിരുന്നിരിക്കണം. വിഷാദവും മൗഢ്യവുമൊന്നുമില്ലാതെ എപ്പോഴും സന്തോഷമായി കഴിയുന്നവർ. സാഹസികന്മാരുമായിരുന്നിരിക്കണം. സന്തോഷത്തിന്റെ നിറവിൽ അവർ സുന്ദരമായ ഗാനങ്ങൾ രചിച്ചു. അവ മധുരമായി ആലപിച്ചു. ആ ഗാനങ്ങളിലൂടെ തങ്ങളാരാധിച്ചിരുന്ന ദൈവങ്ങളെ അവർ സ്മരിച്ചു.
തങ്ങളെക്കുറിച്ചും തങ്ങളുടെ വംശത്തെക്കുറിച്ചും ഏറെ അഭിമാനംകൊള്ളുന്നവർ, ആര്യൻ എന്ന വാക്കിന്റെ അർത്ഥംതന്നെ ശ്രേഷ്ഠൻ, മാന്യൻ, ഉയർന്നസ്ഥാനത്തുള്ള ഒരാൾ എന്നൊക്കെയാണ്. സ്വാതന്ത്ര്യത്തെ അവർ വളരെയധികം സ്നേഹിച്ചിരുന്നു. അവരുടെ പിൻഗാമികളായ ഇന്നത്തെ ഇന്ത്യക്കാരെപ്പോലെയായിരുന്നില്ല അക്കാലത്തെ ആര്യന്മാർ. ഇന്നുള്ളവർക്ക് ധൈര്യമുണ്ടോ? സ്വാതന്ത്ര്യത്തെക്കുറിച്ച് വല്ല നഷ്ടബോധവുമുണ്ടോ? നമ്മുടെ പൂർവ്വികന്മാർക്ക് അടിമത്തവും മാനഹാനിയും പൊറുക്കാനാവുമായിരുന്നില്ല. മരണമാണ് അതിലും നല്ലതെന്നാണ് അവർ കരുതിയിരുന്നത്.
ആര്യന്മാർ നല്ല യോദ്ധാക്കളായിരുന്നു. കുറച്ചൊക്കെ ശാസ്ത്രജ്ഞാനമുണ്ടായിരുന്നു. കൃഷിയെക്കുറിച്ച് വളരെയധികം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് കൃഷിസംബന്ധമായ എല്ലാം അവർ വിലപ്പെട്ടതായി കണ്ടിരുന്നു. നദികൾ അവർക്ക് സുലഭമായി വെള്ളം നൽകി. തിരിച്ച് നദികളെ അവരും സ്നേഹിച്ചു. നദികൾ അവരുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിരുന്നു. നിത്യജീവിതത്തിലും കൃഷിയിലും പശുക്കളും കാളകളും അവരെ വളരെയധികം സഹായിച്ചിരുന്നു. പശുക്കൾ അവർക്ക് ഇഷ്ടംപോലെ പാൽ നൽകി. പാൽ അവർക്ക് വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് അവർ ഇവയെ പ്രത്യേകമായി പരിപാലിച്ചു... അവയെ വാഴ്ത്തിപ്പാടി. കാലംചെന്നപ്പോൾ പശുക്കളെ ആരാധിക്കാനുള്ള യഥാർത്ഥ കാരണം ജനം മറന്നു. എന്തിന്, ഏതിന് എന്നറിയാതെ വെറുതേ പൂജിക്കാൻ തുടങ്ങി.
വംശാഭിമാനം വളരെ അധികമുള്ളവരായിരുന്നു എന്നു പറഞ്ഞല്ലോ. അതുകൊണ്ട് മറ്റു ഗോത്രങ്ങളുമായി ഇഴചേരുന്നതിൽ അവർക്കു വലിയ ശങ്കയുണ്ടായിരുന്നു. ഈ കൂടിക്കലരൽ ഒഴിവാക്കാനായി അവർ തങ്ങളുടേതായ നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ടാക്കി. ഒരാര്യനും മറ്റൊരു വംശത്തിൽനിന്നും വിവാഹം കഴിക്കാൻ പാടുള്ളതല്ല. കാലംചെന്നപ്പോൾ ഈമാതിരി ചട്ടങ്ങൾ ജാതിവ്യവസ്ഥയായി രൂപാന്തരപ്പെട്ടു. ഇന്നും അതാണല്ലോ നിലവിലുള്ളത്. ഇന്നത്തെ സമൂഹത്തിൽ അത് തീർത്തും അർത്ഥശൂന്യമായിരിക്കുന്നു. പലർക്കും മറ്റു ജാതിക്കാരെ തൊടാനും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുമൊക്കെ ഭയമാണ്. ഭാഗ്യവശാൽ ഈവക ആചാരങ്ങളൊക്കെ ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട്.
രാമായണവും മഹാഭാരതവും
വേദങ്ങൾ രചിക്കപ്പെട്ട വേദകാലത്തിനു ശേഷമുണ്ടായ കാലത്തെ ഇതിഹാസകാലം എന്നാണ് പറയുന്നത്. അതിനുള്ള കാരണം രണ്ട് ഇതിഹാസഗ്രന്ഥങ്ങൾ ആ കാലഘട്ടത്തിലുണ്ടായി എന്നുള്ളതാണ്. ഇതിഹാസമെന്നാൽ വളരെ നീണ്ട പദ്യകൃതിയാണ്. മഹാന്മാാരായ വീരനായകന്മാരുടെ കഥകളാണ് പ്രതിപാദ്യവിഷയം. ആ മഹദ്ഗ്രന്ഥങ്ങൾ ഏതാണെന്ന് നിനക്കറിയാമല്ലോ. അതെ, രാമായണവും മഹാഭാരതവും തന്നെ.
ഇതിഹാസകാലമാകുമ്പോഴേക്കും ഉത്തരേന്ത്യയിൽ മുഴുവൻ ആര്യന്മാർ വ്യാപിച്ചുകഴിഞ്ഞിരുന്നു. മാത്രമല്ല, വിന്ധ്യാപർവ്വതങ്ങൾക്കടുത്തേക്കും അവർ എത്തിയിരുന്നു. നേരത്തേ പറഞ്ഞില്ലേ, ഈ ഭൂവിഭാഗത്തെ മുഴുവൻ ‘ആര്യാവർത്തം’ എന്നാണവർ വിളിച്ചിരുന്നത്. അതായത്, ഇപ്പോഴത്തെ യുണൈറ്റഡ് പ്രോവിൻസും മദ്ധ്യദേശവും ഉൾപ്പെട്ട ഭാഗങ്ങൾ. ബംഗാളിനെ വംഗദേശമെന്നാണ് വിളിച്ചിരുന്നത്.
ഇവിടെ രസകരമായൊരു കാര്യം പറയുന്നുണ്ട്. കേൾക്കാൻ നിനക്കും കൗതുകം കാണും. ഇന്ത്യയുടെ ഭൂപടമെടുത്ത് ഹിമാലയത്തിനും വിന്ധ്യാപർവ്വതത്തിനും ഇടയിൽ കിടക്കുന്ന ആര്യാവർത്തം എവിടെയായിരുന്നു എന്നു സങ്കൽപ്പിച്ചു നോക്കിയാൽ അതിന് ഒരു ചന്ദ്രക്കലയുടെ മട്ടാണ് തോന്നുക. അതുകൊണ്ട് ആര്യാവർത്തത്തിന് ചന്ദ്രദേശം എന്നു പേരുണ്ടായിരുന്നു. ഇന്ദു എന്നാൽ ചന്ദ്രൻ എന്നാണർത്ഥം. അതുകൊണ്ട് ആര്യാവർത്തം ഇന്ദുദേശം കൂടിയാണ്.
ആര്യന്മാർക്ക് ചന്ദ്രക്കലയോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു. അമ്പിളിക്കലയുടെ ആകൃതിയിലുള്ള സ്ഥലങ്ങൾ അവർ പരിപാവനമാണെന്നു കരുതിയിരുന്നു. ബനാറസുപോലെയുള്ള പല വലിയ നഗരങ്ങൾക്കും ചന്ദ്രക്കലയുടെ ആകൃതിയാണ്. അലഹബാദുമതേ. നിനക്കറിയാമോ എന്നറിയില്ല, ഇവിടെ വരുമ്പോൾ ഗംഗയ്ക്കുമുണ്ട് ചന്ദ്രക്കലയുടെ ഒരു വളവ്.
രാമായണം രാമന്റെയും സീതയുടെയും രാമരാവണ യുദ്ധത്തിന്റെയും കഥയാണെന്ന് നിനക്കറിയാമല്ലോ. രാവണൻ ലങ്കയിലെ രാജാവായിരുന്നു. ലങ്ക ഇപ്പോഴത്തെ സിലോൺ (ശ്രീലങ്ക) ആണ്. രാമായണം ആദ്യമായി എഴുതിയത് വാല്മീകിയാണ്. പിന്നീട് പലരും പല ഭാഷകളിൽ രാമായണം രചിച്ചു. അതിൽ ഏറ്റവും പ്രസിദ്ധം തുളസീദാസിന്റേതാണ്. രാമചരിത മാനസം എന്നാണത് അറിയപ്പെടുന്നത്.
ദക്ഷിണേന്ത്യയിലെത്തിയ രാമനെ കുരങ്ങന്മാരാണ് സഹായിച്ചതെന്ന് രാമായണത്തിൽ പറയുന്നു. അവരിൽ പ്രമുഖൻ ഹനുമാൻ എന്ന വാനരവീരനായിരുന്നു. ഒരുപക്ഷേ, രാമായണം ഉത്തരേന്ത്യയിലെ ആര്യന്മാർ ദക്ഷിണേന്ത്യയിലെ ജനങ്ങൾക്കെതിരേ നടത്തിയ യുദ്ധത്തിന്റെ കഥയാവാം. ദക്ഷിണദേശത്തെ ജനനായകനായിരുന്നിരിക്കാം രാവണൻ. കുരങ്ങന്മാർ എന്നു പറയുന്നത് ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്ന കറുത്ത മനുഷ്യരെയായിരുന്നിരിക്കാം.
രാമായണത്തിൽ നിരവധി നല്ല നല്ല കഥകളുണ്ട്. അതൊന്നും ഇപ്പോൾ ഇവിടെ പറയാനാവില്ല. സമയം കിട്ടുമ്പോൾ നീതന്നെ അതൊക്കെ വായിക്കണം.
രാമായണത്തിനുശേഷം വളരെക്കാലം കഴിഞ്ഞിട്ടാണ് മഹാഭാരതം എഴുതപ്പെട്ടത്. രാമായണത്തെക്കാൾ ഏറെ വലിയൊരു ഗ്രന്ഥം. അതു നമുക്കു പറഞ്ഞുതരുന്നത് ആര്യ-ദ്രാവിഡ പോരാട്ടത്തെക്കുറിച്ചല്ല. ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചല്ല, ആര്യന്മാരും ആര്യന്മാരും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചാണ്. അതു മാത്രമല്ല അതിലുള്ളത്. മഹത്തായ പല ചിന്താധാരകളും ആശയങ്ങളും ശ്രേഷ്ഠരുടെ കഥകളുമൊക്കെ അതിൽ നമുക്കു വായിക്കാം. എന്തുകൊണ്ടും അതിശയിപ്പിക്കുന്ന ഒരു കൃതിയാണ് മഹാഭാരതം. അതിനെക്കാളൊക്കെ മഹാഭാരതത്തെ അമൂല്യമാക്കുന്നത് ‘ഭഗവദ്ഗീത’ എന്ന കാവ്യരത്നം മഹാഭാരതത്തിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നതാണ്.
ആയിരമായിരം ആണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ളതാണ് ഈ ഗ്രന്ഥങ്ങൾ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും അവ ഇപ്പോഴും അതേ പ്രഭാവത്തോടെ നമ്മുടെ ഇടയിലുണ്ട്. ഇന്ത്യയിലെ ഓരോ കുട്ടിക്കും ആ കഥകളറിയാം. ഇന്ത്യയിലെ മുതിർന്നവരെയെല്ലാം രാമായണ−മഹാഭാരതങ്ങൾ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
Content Highlights: Detailed account of Aryans migrating to India and interacting with Dravidians., Exploration of the Vedic period, creation of Vedas, and ancient Sanskrit literature., Historical context of epics like Ramayana and Mahabharata in ancient India. This are explained in a book of letters written by Jawahar Lal Nehru to his daughter , Indira Gandhi.
Published: 14 Nov 2026, 02:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented