വ്യത്യസ്ത ഘട്ടങ്ങളിലായി കേരളത്തിലും തമിഴ്‌നാട്ടിലും ജയിൽ ശിക്ഷ അനുഭവിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട് കേരളത്തിലെ വിവിധ ജയിലുകളിൽ തടവുകാരനാക്കപ്പെട്ടു. നിരവധി ലോക്കപ്പ് മർദ്ദനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ബഷീറിന്റെ തടവ് ജീവിതകാലത്ത് എറവുമധികം മർദ്ദനമേറ്റത് കോഴിക്കോട് പോലീസ് ലോക്കപ്പിൽ വെച്ചായിരുന്നു.

To advertise here,

കോഴിക്കോട് കടപ്പുറത്തു ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനായിരുന്നു അറസ്റ്റ്. മറ്റു സമരക്കാരുടെ കൂടെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ബഷീറിനെ ഭീകരമായി മർദിച്ചു, ആ മർദ്ദനത്തിന്റെ രീതി ഇതായിരുന്നു:

ആദ്യം കരണത്ത് അടിച്ചു. എന്നിട്ടു പിടലിക്ക് പിടിച്ച് കുനിച്ചുനിർത്തിക്കൊണ്ട് ഇടി തുടങ്ങി. ബഷീർ ഇടിയുടെ എണ്ണം കൊണ്ടിരുന്നു. പതിനേഴു ഇടിവരെ എണ്ണി. പിന്നെ ഓർമയില്ലാതായി, നിലത്ത് വീണു. ഉടനെ രണ്ടു പോലീസുകാർ ബഷീറിന്റെ തലയും കാലും കൈയും പിടിച്ചു. ലോക്കപ്പിലേക്ക് വലിച്ചിട്ടു. കുറെ നേരം ബോധശൂന്യനായി. പോലീസ് ഇൻസ്‌പെക്ടർ വന്നു. ബഷീറിന്റെ ബോധമില്ലാത്ത അവസ്ഥ കണ്ടപ്പോൾ സംശയത്തോടെ ചോദിച്ചു, ഒരു പോലീസുകാരൻ വേഗം ചെന്ന് ബഷീറിന്റെ മുഖത്ത് വെള്ളം തെളിച്ചു. എന്നിട്ടു പറഞ്ഞു 'നമ്പ്യാർ ചെനമ്പു തച്ച് '(പിസി 270 എന്ന പൊലീസുകാരനാണ് നമ്പ്യാർ ) ബഷീർ മെല്ലെ കണ്ണ് തുറന്നപ്പോൾ ഇൻസെപ്ക്ടർ ഒന്ന് ശക്തമായി മൂളികൊണ്ട് അവിടെ നിന്നും പോയി. ലോക്കപ്പിൽ നിന്നും കോടതിയിൽ ഹാജരാക്കിയപ്പോൾ പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തു. സബ് ജയിലിലേക്കയച്ചു. പിന്നീട് ശിക്ഷ വിധിച്ചു, മൂന്നു മാസം കഠിനതടവ്, അന്നത്തെ ജയിൽജീവിതം അസഹ്യമായിരുന്നു. കുടിക്കാൻ കൊടുത്തിരുന്ന കഞ്ഞിയിൽ നിറയെ പുഴുക്കളായിരുന്നു.

വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ഒരു രാത്രി ബഷീർ എറണാകുളം വഴി കോഴിക്കോട്ടെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനുള്ള അത്യാവേശം കൊണ്ടായിരുന്നു. സമരമുഖങ്ങൾക്കു നേത്രത്വം നൽകിയിരുന്ന ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നി നേതാക്കളുടെ നേരിട്ട് കാണാനും അവരുടെ കൂടെ സ്വാത്ര്യസമരപോരാളിയാകാനുമുള്ള ആഗ്രഹം. അങ്ങിനെയായിരുന്നു സമരപരിപാടികളിൽ സജീവമായി പങ്കെടുത്തത്.

എന്നാൽ, ഭഗത് സിങ്ങായിരുന്നു ബഷീറിന്റെ പിന്നീടുള്ള മാതൃകാനേതാവ്. ഭഗത് സിങ്ങിനോടുള്ള ആരാധന മൂത്ത് അത് പോലെ മുകളിലേക്ക് പിരിച്ചു വെച്ച മീശയും ഫെൽറ്റ് ഹാറ്റും വലിയ കോളറുള്ള വെള്ള കുപ്പായവും ധരിച്ചു കുറച്ചുകാലം അങ്ങിനെ നടന്നു. കോഴിക്കോട് ജയിലിൽ നിന്നും തടവ് ശിക്ഷ കഴിഞ്ഞു പുറത്ത് വന്ന ബഷീർ ഒരു പോലീസുകാരനെ കൊല്ലണം എന്ന തീരുമാനമെടുത്തു. അത് മറ്റാരുമല്ല, തന്നെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചു അവശനാക്കിയ പിസി 270 നമ്പ്യാരെ. അയാളെ തിരക്കി പോയപ്പോൾ ട്രാഫിക് പോലീസായി നഗരത്തിലുണ്ടെന്നറിഞ്ഞു. അങ്ങോട്ടേക്ക് പോയി. കയ്യിൽ കത്തിയുമുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ സ്വാതന്ത്ര്യ സമര ഭടന്മാരിൽ ഒരാളെ ബഷീർ കണ്ടുമുട്ടി, താനൊരു പോലീസുകാരനെ കൊല്ലാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അയാൾ ബഷീറിനെ അതിൽ നിന്നും പിന്തിരിയിപ്പിച്ചു. 

ലോക്കപ്പ്, ജയിൽ തടവ് ജീവിതം ബഷീറിനെ സ്വാതന്ത്രസമര പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജസ്വലനാക്കി. മർദനങ്ങളിലൂടെ അടിച്ചമർത്താനുള്ളതല്ല സ്വാതന്ത്ര്യാവകാശമെന്ന നിലപടിൽ എത്തിച്ചേർന്നു. കണ്ണൂർ, തിരുവനന്തപുരം ജയിലുകളിൽ വെച്ച് ബഷീർ നിരവധി നേതാക്കളെ പരിചയപ്പെടുകയും പലരും അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തിരുന്നു. കെ എ കേരളീയൻ, ടി പ്രകാശം, പി ഗംഗാധരൻ എന്നി നേതാക്കൾ കണ്ണൂർ സെൻട്രൽ ജയിലിലും ടിഎം വർഗീസ്, എംഎൻ ഗോവിന്ദൻ നായർ, പൊന്നറ ശ്രീധരൻ എന്നിവർ തിരുവനന്തപുരം ജയിലിലും സഹതടവുകാരായിരുന്നു.

തിരുവനന്തപുരം ജയിലിൽ വെച്ചായിരുന്നു പ്രേമലേഖനം എന്ന കഥ എഴുതിയത്. (മതിലുകൾ തിരുവനന്തപുരം ജയിൽ അനുഭവമാണ്. പക്ഷെ അത് കൗമുദി ബാലകൃഷ്ണന്റെ നിർബന്ധപ്രകാരം തിരുവനന്തപുരത്ത് ഹോട്ടലിൽ താമസിച്ചു കൗമുദി ഓണപതിപ്പിന് വേണ്ടി എഴുതിയതായിരുന്നു). പ്രേമലേഖനം എഴുതിയത് ജയിലിലെ ജീവപര്യന്തം തടവുകാർക്ക് വേണ്ടിയായിരുന്നു.

അതിങ്ങനെയാണ്: 
ജയിലിൽ തടവുകാരനായി ബഷീർ എത്തുംമുമ്പ് തന്നെ ഒരു എഴുത്തുകാരനാണ് ജയിൽ ശിക്ഷക്ക് വിധിച്ചു വരുന്നതെന്ന് സഹ തടവുകാരെല്ലാം അറിഞ്ഞിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരിൽ ഒരാൾ ഒരു ദിവസം ബഷീറിനോട് പറഞ്ഞു: 'രാമായണവും ബൈബിളും വായിച്ചു ഞങ്ങൾക്ക് മടുത്തു. ഒരു മനസ്സമാധാനത്തിനു വേണ്ടി സാറ് കുറെ കഥകളെഴുതിത്തരണം 'അവർ തന്നെ പേനയും കടലാസും സംഘടിപ്പിച്ചു കൊടുത്തു. ജയിൽപുള്ളികൾക്കുവേണ്ടി ബഷീർ കുറച്ചു കഥകളെഴുതി, അതിലൊന്നായിരുന്നു പ്രേമലേഖനം. അതിലെ 'ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലമായിരിക്കുന്ന കാലഘട്ടത്തെ എന്റെ സുഹൃത്ത് എങ്ങിനെ വിനിയോഗിക്കുന്നു 'എന്ന സംഭാഷണം അന്ന് ജീവപര്യന്തം തടവുകാർക്കു മുഴുവൻ ഹൃദ്യസ്ഥമായിരുന്നു. 

പ്രേമലേഖനം എന്ന കഥ തിരുവിതാംകൂറിൽ നിരോധിച്ചിരുന്നു. അതിലെ ഒരു സംഭാഷണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് പരാമര്ശിച്ചതായിരുന്നു കാരണം. കഥയിലെ നായകനായ കേശവൻ നായരും നായികയായ സാറാമ്മയും തമ്മിൽ പിറക്കാൻ പോകുന്ന മകന്റെ പേരിനെ ചൊല്ലിയുള്ള സംഭാഷണത്തിൽ ആകാശമിഠായി എന്ന പേര് പരിഗണക്കു വന്നു. അപ്പോൾ കേശവൻ നായർ ആ പേരിൽ സഖാവ് ആകാശമിഠായി എന്നാക്കാമെന്ന് ( ശ്രീജിത്ത് ആകാശ മിഠായി, മിസ്റ്റർ ആകാശ മിഠായി എന്നതും സൂചിപ്പിച്ചിരുന്നു ) പറഞ്ഞു. തന്റെ മകൻ കമ്മ്യൂണിസ്റ്റാണോ എന്ന സാറാമ്മയുടെ ചോദ്യത്തിന് കേശവൻ നായർ നൽകിയ മറുപടി, 'അവന്റെ ഇഷ്ടം, അല്ലതെന്താ 'എന്നാണ്. പ്രേമലേഖനം തിരുവിതാംകൂറിൽ നിരോധിച്ചപ്പോൾ പോലീസിന്റെ കണ്ണിൽ പെടാതെ തലയോലപ്പറമ്പിലേക്ക് പുസ്തകെട്ടു സാഹസികമായി കൊണ്ടുപോയതിന്റെ കാര്യം ബഷീറിന്റെ അനുജൻ വെളിപ്പെടുത്തിയിരുന്നു.

വിവിധ രാഷ്ട്രീയ നേതാക്കൾ എറണാകുളം ജീവിതകാലത്തു ബഷീറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. കെ ദാമോദരൻ, പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ, എൻ ശ്രീകണ്ഠൻ നായർ, ആർ സുഗതൻ, സി ഉണ്ണിരാജ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പി കൃഷ്ണപിള്ളയും കെ സി ജോർജുമായിരുന്നു. ബഷീർ കൃഷ്ണപിള്ളയെ കണ്ടു മുട്ടിയതിനെ കുറിച്ച് എഴുതിയിരുന്നു.:'ഒരൊമ്പതു കൊല്ലത്തെ അഖിലഭാരത സഞ്ചാരം കഴിഞ്ഞിട്ടാണ് ഞാൻ എറണാകുളത്ത് വന്നത്. അതിനു മുൻപ് ഒന്ന് രണ്ടു പ്രാവശ്യം ജയിലിൽ കിടന്നിട്ടുണ്ട് രണ്ടാമത്തെ ജയിൽ വാസത്തോടെ സർദാർ ഭഗത് സിങ്ങായി എന്റെ നേതാവ്. ജയിൽ വെച്ചാണോ പി കൃഷ്ണപിള്ളയുമായി പരിചയപ്പെടുന്നത്? എറണാകുളത്ത് വെച്ച് ഏതായാലും പരിചയമായി, ഞങ്ങൾ ഒരുമാതിരി സ്നേഹിതന്മാരായിരുന്നു,ഒരുമിച്ചു കാപ്പി കുടിച്ചിട്ടുണ്ട്. ഒരേ മുറിയിൽ കിടന്നുറങ്ങിയിട്ടുണ്ട്, കാര്യമായ വർത്തമാനങ്ങളും പറഞ്ഞിട്ടുണ്ട്.

കൃഷ്ണപിള്ള ആരെയും വകവെക്കുന്ന കൂട്ടത്തിലായിരുന്നില്ല. നല്ല ബുദ്ധിയും തന്റേടവുമുണ്ടായിരുന്നു.. 'ബഷീറിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു, കൃഷ്ണപിള്ളയെ പറ്റി പലരോടും പറഞ്ഞിരുന്നു. പാവം. ആത്മാർത്ഥതയുള്ള നല്ല മനുഷ്യൻ, വളരെ കഷ്ടപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടുത്തുയർത്തുന്ന വ്യക്തിത്വം '. എറണാകുളം എത്തിയാൽ ബഷീർ എവിടെയായാലും കൃഷ്ണപിള്ള കാണാൻ ചെല്ലുകയും ചിലപ്പോൾ പല കാര്യങ്ങളും സംസാരിച്ചു ബഷീറിന്റെ കൂടെ താമസിക്കുകയും ചെയ്തിരുന്നു. 

ബഷീറിന്റെ അനുജൻ അബൂബക്കർ ഒരിക്കൽ പറഞ്ഞ അനുഭവം കിളിരൂർ രാധാകൃഷ്ണൻ ബഷീർ വേറിട്ട കാഴ്ചകളിൽ എഴുതിയിട്ടുണ്ട്. ഒരു ദിവസം ബഷീറിനെ അന്വേഷിച്ചു ബഷീർസ് ബുക്സ്റ്റാളിൽ കൃഷ്ണപിള്ള വന്നു.,താഴെ ബുക്സ്റ്റാളും മുകളിൽ ബഷീർ എഴുതുകയും താമസിക്കുകയും ചെയ്യുന്ന മുറിയുമായിരുന്നു അവിടത്തേത്. വളരെ അത്യാവശ്യക്കാരല്ലാതെ മറ്റാരെയും മുകളിലേക്ക് കയറ്റരുതെന്ന് ബഷീർ താഴെ ബുക്സ്റാളിൽ ഉണ്ടായിരുന്ന അനുജൻ അബുവിനോടും പെരുന്ന തോമസിനോടും പോഞ്ഞിക്കര റാഫിയോടും കർക്കശമായി നിർദേശിച്ചിരുന്നു. എഴുതുമ്പോൾ ഏകാന്തത വേണമെന്ന നിർബന്ധം, കൃഷ്ണപിള്ള വന്നയുടനെ ബഷീറിനെ അന്വേഷിച്ചു, 'അവൻ എവിടെ'.

റാഫിയും തോമസും അബുവും അധികകാലമായില്ല അവിടെ സഹായികളായി വന്നിട്ട്, കൃഷ്ണപിള്ളയെ നേരിട്ട് കണ്ടിരുന്നില്ല. നന്നായി കേട്ടിരുന്നു വലിയ ബഹുമാനവുമായിരുന്നു. അതുകൊണ്ടു ആളെ മനസ്സിലായില്ല മാത്രവുമല്ല വന്ന ഉടൻ, അധികാര സ്വരത്തിൽ 'അവൻ എവിടെ 'എന്ന ചോദ്യം കേട്ടപ്പോൾ ആരാണിത്ര സ്വാതന്ത്ര്യത്തോടെ ബഷീറിനെ അന്വേഷിക്കുന്നുവെന്നായി. എന്തെങ്കിലുമാവട്ടെ സ്ഥിരം ശൈലിയിൽ 'ബഷീർ ഇവിടെ ഇല്ല തൃശൂരിലേക്ക് പോയി എപ്പോൾ വരുമെന്നറിയില്ല'എന്ന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു, ഇങ്ങനെ പറയാനായിരുന്നു ബഷീർ നിഷ്കർഷിച്ചത്‌. കൃഷ്ണപിള്ള അബുവിനെ നോക്കിക്കൊണ്ട് പറഞ്ഞു 'ആങ്ങ് ശരി, അവൻ വരുമ്പോൾ പറഞ്ഞേക്ക് സഖാവ് കൃഷ്ണപിള്ള വന്ന് അന്വേഷിച്ചെന്ന്'... ഇത് കേട്ടപ്പോൾ കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്ന അബുവും പെരുന്ന തോമസും പോഞ്ഞിക്കര റാഫിയും ഒന്ന് ഞെട്ടി. അവർക്കു വിശാസിക്കാൻ കഴിഞ്ഞില്ല, (കാരണം അന്ന് ഫോട്ടോ വീഡിയോ ഒന്നും അങ്ങിനെ ഉണ്ടായിരുന്നില്ലല്ലോ).

ഇതാണോ സാക്ഷാൽ പി കൃഷ്‍ണപിള്ള..!! അബുവിന് ആകെ വിഷമമായി. ഭവ്യതയോടെ പറഞ്ഞു; 'ആളറിഞ്ഞില്ല ക്ഷമിക്കണം. ഇക്കാക്ക എങ്ങും പോയിട്ടില്ല മുകളിലിരുന്ന് എഴുതുന്നുണ്ട്.. 'വേഗം അദ്ദേഹത്തെ മുകളിലേക്ക് കൂട്ടികൊണ്ടു ചെന്നു. എഴുതിക്കൊണ്ടിരുന്ന ബഷീർ സഖാവിനെ കണ്ട് ചാടി എഴുന്നേറ്റു. അദ്ദേഹത്തെ കൈപിടിച്ചു സ്വീകരിച്ചു ഒരു കസേരയിൽ ഇരുത്തി..

സംസാരിക്കുന്നതിന്നടിയിൽ ഫ്‌ളാസ്‌ക് ചൂണ്ടി കൊണ്ട് കൃഷ്‍ണപിള്ള ചോദിച്ചു, 'എടാ നിന്റെ ഫ്ലാസ്കിൽ ചായയുണ്ടോ? 'ബഷീർ ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലൊഴിച്ചു കൊടുത്തു. എന്നിട്ട് അനുജനെയും റാഫിയെയും തോമസിനെയും പരിചപ്പെടുത്തി: 'ഇവരൊക്കെ നിങ്ങളുടെ പാർട്ടിക്കാരാണ്'. കൃഷ്ണപിള്ള ചായ കുടിച്ചുകൊണ്ട് അവരെ നോക്കിപറഞ്ഞു: 'ഓഹോ എന്നിട്ടാണോ ? നീ എഴുതിക്കോ...എനിക്കൊന്ന് കിടക്കണം'-എന്ന് പറഞ്ഞു കൃഷ്‍ണപിള്ള ബഷീറിന്റെ കട്ടിലിൽ കയറിക്കിടന്നു.. 

കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എന്ന ധാരണയിൽ ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, മദ്രാസിൽ വെച്ചായിയുന്നു സംഭവം. ബഷീറിനെയും കവി പി ഭാസ്കരനെയുമായിരുന്നു അറസ്റ്റ് ചെയ്തു ജയിലിട്ടിരുന്നത്. ആ സംഭവം ഇങ്ങനെ: മലബാർ മദ്രാസ് ഗോവെർന്മെന്റിന്റെ കീഴിലായിരുന്നു. അന്ന് മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നിരോധനം ശക്തമായി വന്നു. ബിടി രണദിവെയുടെ കൽക്കത്ത തിസീസ് പ്രകാരം കമ്മ്യൂണിസ്റ്റ് പാർട്ടി കാർഷിക സാമൂഹിക സമരങ്ങളും തൊഴിലാളിവർഗ പ്രക്ഷോഭങ്ങളും നടത്തി. ഇത് മലബാറിൽ കമ്മ്യൂണിസ്റ്റ് വേട്ടയിലെത്തിച്ചു. കോഴിപ്പുറത്ത് മാധവമേനോനായിരുന്നു മദ്രാസ് ഗവണ്മെന്റിലെ ആഭ്യന്തരമന്ത്രി.

പി ഭാസ്കരന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നേരത്ത ബന്ധമുണ്ടായിരുന്നു. ഈ അടുപ്പം വെച്ച് കണ്ണൂരിൽ നിന്നും പി വി ചാത്തുനായർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവു ജീവിതകാലത്ത് ബഷീറും ഭാസ്കരനും താമസിക്കുന്ന ലോഡ്ജിൽ എത്തി. മാത്രവുമല്ല, ജയകേരളത്തിന്റെ ചില ലക്കങ്ങളിൽ മലബാറിലെ കമ്മ്യൂണിസ്റ് വേട്ടയെ അപലപിക്കുന്ന ലേഖനങ്ങളും അച്ചടിച്ച് വന്നിരുന്നു. ജയകേരളം പ്രിന്റ് ചെയ്തിരുന്ന ജനതാ പ്രസിലെ തൊഴിലാളികളും കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. രാഷ്ട്രീയ വാരിക അല്ലാതിരുന്നിട്ടും, ജയകേരളത്തിൽ മലബാറിലെ പോലീസ് മർദ്ദനത്തിന്നെതിരെ 'കണ്ണിൽ ചോരയില്ലാത്ത മർദ്ദനം' എന്ന തീപ്പൊരി ലേഖനം വന്നപ്പോൾ മദ്രാസ് പോലീസിൽ പരാതിയെത്തി.

ഈ സമയത്ത് രഹസ്യപൊലീസ് ജയകേരളം ഓഫീസിൽ എത്തിയിരുന്ന ആളുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. മലബാറിൽ നിന്നും ഒളിവിൽപോയ ആളുകൾ മദ്രാസിൽ എത്തിയെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിരീക്ഷണം. ഒരു ദിവസം രണ്ടു ലോറിയിലായി വന്ന പോലീസുകാർ പ്രസ് വളഞ്ഞു. എഡിറ്റോറിയൽ വിഭാഗത്തിലെയും പ്രസ്സിലെയും ജീവനക്കാരെ അറസ്റ്റ് ചെയ്തു, മൗണ്ട് റോഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കൂട്ടത്തിൽ ബഷീറും പി ഭാസ്കരനും പ്രിൻറർ ആൻഡ് പബ്ലിഷർ കെ പദ്മനാഭൻ നായരും പത്രാധിപർ പി രാമൻ മേനോനും (റംസ്‌കി) ഉണ്ടായിരുന്നു. മൂന്നു തടവറകളിലായി ഏകദേശം അമ്പതു ആളുകളെ അടച്ചിട്ടു. അന്നത്തെ മദ്രാസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മലയാളിയായ ആർ കെ സുകുമാരനായിരുന്നു. അദ്ദേഹം ജയകേരളത്തിലെ ഒരൊരാളെ വിളിച്ചു ചോദ്യം ചെയ്യാൻ തുടങ്ങി. ഇതെല്ലം പോലീസ് റൈറ്റർ നോട്ട് ചെയ്തു വെക്കുന്നുണ്ടായിരുന്നു. 
ബഷീറിനോട് കമ്മീഷണർ ചോദിച്ചു: 
'നിങ്ങൾ കമ്മ്യൂണിസ്റ്റാണോ ?'
ബഷീറിന്റെ മറുപടി: 'അല്ല, ഞാനൊരു എഴുത്തുകാരനാണ് 'തുടർന്ന് ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്:
'ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തിയിട്ടുണ്ട്, ഇപ്പോൾ രാഷ്ട്രീയമില്ല. ഒരു പാർട്ടിയിലും അംഗമല്ല. പക്ഷെ, നിങ്ങൾ പോലീസുകാർ കമ്മ്യൂണിസ്റ്റുകാരെ ഇങ്ങനെ മർദിച്ചു കൊല്ലുന്നതിനോട് യോജിപ്പില്ല.'
കമ്മീഷണർ: 'കമ്മ്യൂണിസ്റ്റുകാർ കൊള്ളയും കൊലയും നടത്തുന്നില്ലേ ? അതിനെ നിങ്ങൾ അനുകൂലിക്കുന്നണ്ടോ ?'
ബഷീർ: 'കമ്മ്യൂണിസ്റ്റുകാർ അക്രമം ചെയ്യുന്നുവെന്ന് നിങ്ങൾ തന്നെ തീരുമാനമെടുത്തു. സാഹിത്യകാരൻ എന്ന നിലയിൽ ഞാൻ സത്യത്തിന്റെ ഭാഗത്താണ്. സത്യം എന്താണെന്ന് എനിക്കറിയില്ല. നിങ്ങൾ അതൊക്കെ മൂടിവെക്കുന്നു. ഒരെഴുത്തുകാരനും പക്ഷംപിടിക്കാനാവില്ല. പക്ഷെ ഒരു വിഭാഗത്തെ കണ്ണടച്ച് അടിച്ചമത്തിന്നതിനോട് യോജിക്കാനാവില്ല.'
കോപാകുലനായി ബഷീർ തുടർന്നു: 'ഇവിടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ചു.ആ നിലക്ക് കമ്മ്യൂണിസ്റുകാർക്കും അഭിപ്രായസ്വാതന്ത്ര്യം വേണം. അന്യായക്കാരനായും വിധികർത്താവായും നിങ്ങൾ തന്നെ രംഗത്ത് എവിടെ സ്വാതന്ത്ര്യം?'

ജയകേരത്തിലെ അറസ്റ്റ് ചെയ്യപ്പെട്ട ജീവനക്കാർ ചോദ്യം ചെയ്യലിൽ അന്നത്തെ മദ്രാസ് സർക്കാരിന് അനുകൂലമായി പറഞ്ഞപ്പോൾ ബഷീർ സ്വന്തം അഭിപ്രായം ഭയലേശമന്യേ തുറന്നു പറഞ്ഞു. ഇതിന്റെ ഫലമായി കമ്മീഷണർ ഉറക്കെ പ്രഖ്യാപിച്ചു:
All can go except basheer and bhaskaran. (എല്ലാവരെയും വിട്ടയക്കുന്നു, ബഷീറും ഭാസ്കരനും ഒഴികെ),അന്ന് രാത്രി ബഷീറും ഭാസ്കരനും ഒഴികെ മറ്റെല്ലാവരെയും മാപ്പു വാങ്ങിച്ചു പോലീസ് വിട്ടയച്ചു, എന്നാൽ മാപ്പു പറയാത്ത അവർ രണ്ടു പേരെയും ജയിലിലടച്ചു. ബ്രിട്ടീഷ് ആധിപത്യത്തിന്നെതിരെ മാത്രമല്ല തിരുവിതാംകൂറിലെ രാജഭരണത്തിന്നെതിരെയും ബഷീർ ലേഖനങ്ങൾ തുടർച്ചയായി എഴുതിയിരുന്നു. എറണാകുളത്ത് നിന്നും പ്രസിദ്ധികരിച്ച 'ദീപം 'പാത്രത്തിൽ ഒരു ലേഖനമെഴുത: 'ഹതഭാഗ്യയായ എന്റെ നാട് 'സർ സി പിക്കെതിരെയായിരുന്നു. ആ ലേഖനം തിരുവിതാംകൂറിൽ നിരോധിച്ചു.

ബഷീർ കൊല്ലം കസബ ജയിലിൽ തടവിലാക്കപ്പെട്ടിരുന്നു. 'പട്ടത്തിന്റെ പേക്കിനാവ് 'എന്ന നാടകം എഴുതിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. സി സി പി യെകളിയാക്കാനായിരുന്നു അതെഴുതിയത്. തിരുവിതാംകൂറിൽ ഇതും നിരോധിച്ചു. ബഷീറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു, പ്രസ് പൂട്ടിച്ചു. ഉടമയെ അറസ്റ്റ് ചെയ്തു അന്ന് സെല്ലിൽ ടി എം വർഗീസ്, കുമ്പളത്ത് ശങ്കുപിള്ള എന്നിവർക്കൊപ്പമായിരുന്നു ബഷീറിനെ തടവിലിട്ടത്. തകഴിയും പട്ടത്തുവിള കരുണാകരനും ബഷീറിനെ കാണാൻ ഇവിടെ വന്നിരുന്നു, ലളിതാംബിക അന്തർജനം തടവുകാരൻ എന്ന പേരിൽ ഒരു കവിത ബഷീറിന് അയച്ചിരുന്നു.

'ഇരുളടഞ്ഞൊരാ തടവുമൂലയിൽ 

ഇരുന്നിടുന്നു നീ 
അമരഗാനമുതിർത്ത തൂലിക
അലസമൂകമായ് ശയിച്ചിടുന്നിതാ'..

കൊല്ലം ലോക്കപ്പിൽ വെച്ച് ബഷീർ രണ്ടു കഥകളെഴുയിരുന്നു, ടൈഗറും കൈവിലങ്ങും. രാഷ്ട്രീയ തടവുകാരെ മർദ്ദിച്ചു അവശരാക്കുമ്പോൾ അത് നോക്കി ഇരിക്കുന്ന പോലീസ് നായ ടൈഗറിനെ കുറിച്ചും, പിന്നെ ഒരു കോൺഗ്രസ്  നേതാവിനെ പറ്റിയുമായിരുന്നു കഥകൾ. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള കഥയാണിത്, ഒരു കോൺഗ്രസ് നേതാവ് വലിയ കമ്പനി ഉടമയായപ്പോൾ അവിടുത്തെ തൊഴിലാളികൾക്ക് അർഹമായ കൂലി നൽകിയില്ല. അവരെ ചൂഷണം ചെയ്തത് ചോദ്യം ചെയ്ത കോൺഗ്രസിന്റെ തന്നെ ട്രേഡ് യൂണിയൻ നേതാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചു. അതിനു കൂട്ട് നിന്നത് സ്വാന്ത്ര്യസമര ഭടന്മാരെ ക്രൂരമായി മർദ്ദിച്ച ഒരു പോലീസ് ഇൻസ്‌പെക്ടർ. (പോലീസ് വേഷം ധരിക്കാതിരുന്ന സന്ദർഭങ്ങളിൽ ആ പോലീസുകാരനും ഖദർ വേഷം ഇടാൻ തുടങ്ങിയിരുന്നു !). ബഷീറിനെയും ആ ട്രേഡേയുണിയൻ നേതാവിനെയും ഒരേ കൈവിലങ്ങിലായിരുന്നു ബന്ധിച്ചിരുന്നത്, ലോക്കപ്പിൽ നിന്നും. കോടതിയിലേക്ക് കൊണ്ട് പോയിരുന്നപ്പോൾ അങ്ങിനെയായിരുന്നു. അയാൾ കരഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവിന്റെ ചതിയുടെ കഥ പറഞ്ഞിരുന്നത്. ബഷീർ എഴുത്തു നിർത്തിയില്ല, ധർമരാജ്യം എന്ന പുസ്തകമിറക്കി. അതും തിരുവിതാംകൂറിൽ നിരോധിച്ചു. പൗരനാദം എന്ന വാരികയിൽ ലേഖനമെഴുതി, മൂന്നാം ലക്കമായപ്പോൾ നിരോധിച്ചു. കണ്ണൂർ കോട്ടയം പോലീസ് സ്റ്റേഷൻ ലോക്കപ്പിലും കണ്ടിയൂർ സെൻട്രൽ ജയിലിലും ബഷീർ തടവുകാരനായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി.

തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് വേട്ട അരങ്ങേറിയപ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും എത്തിയിരുന്നത് എറണാകുളത്തായിരുന്നു. അത് ഭരണാധികാരിയായിരുന്ന സർ സിപി രാമസ്വാമി അയ്യർ അറിഞ്ഞു, ഇതിനെ തുടർന്ന് കൊച്ചി ഭരണാധികാരിയെ ശക്തമായ രീതിയിൽ വിവരം അറിയിച്ചു.കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമുള്ള സ്ഥലം റൈഡ് ചെയ്തു നേതാക്കളെ അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. സ്റ്റേറ്റ് കോൺഗ്രസ്സിന് എറണാകുളത്ത് ഒരു ക്യാമ്പുണ്ടായിരുന്നു. നേതാക്കളെല്ലാം തിരുവിതാംകൂറിലെ അറസ്റ്റ് പേടിച്ചു അവിടെയായിരുന്നു താമസം, ഈ കാലത്താണ് സഖാവ് കെ സി ജോർജ് ബഷീറിന്റെ തൊട്ടടുത്ത ഒരു കെട്ടിടത്തിലെ മുറിയിൽ താമസിക്കാനെത്തിയത്, അവർ തമ്മിൽ വലിയ സൗഹൃദത്തിലായി. ബഷീറിന്റെ ഭക്ഷണം തൊട്ടുള്ള കാര്യങ്ങൾ ജോർജിന്റെ നിദ്ദേശപ്രകാരമായി, ഒരു ലോക്കൽ ഗാർഡിയനെപോലെ, അക്കാലത്ത് സർ സി പി തിരുവനന്തപുരത്ത് നിന്നും ഒരു പ്രസ്താവനയിറക്കി. എറണാകുളത്തെവിടെയോ ഒരു കമ്മ്യൂണിസ്റ്റ്ഡെൻ ഉണ്ട് ! അതായത് കമ്മ്യൂണിസ്റ്റുകാരുടെ ഒളിത്താവളം ഉണ്ടെന്ന്. ഇതേത്തുടർന്ന് എറണാകുളത്തെ പോലീസ് കമ്മ്യൂണിസ്റ്റ് വേട്ടക്കിറങ്ങി, സിഐഡിമാരെ അയച്ചു. പക്ഷേ, ആരെയും കിട്ടിയില്ല. എന്നാൽ ഒടുവിൽ അവർ സഖാവ് കെ സി ജോർജിനെ പിടികൂടി അറസ്റ്റ് ചെയ്തു.

ഈ വിവരം എറണാകുളം ലൈൻ ബോട്ടിലെ സ്രാങ്ക് ബഷീറിനോട് പറഞ്ഞു. ഇത് കേട്ടപാടെ, ജോർജിന്റെ മുറിയിലേക്കോടി ചെന്നു. പുറത്തുള്ള പൂട്ട് എങ്ങിനെയൊക്കെയോ പൊളിച്ചു അകത്തുകയറി കണ്ട പുസ്തകങ്ങളും നോട്ട് ബുക്കുകളും, എല്ലാം ജോർജിന്റെ പഴയമുണ്ടിൽ, വാരിയിട്ടു, പഴയ ഒരു കീറ ഷർട്ട്, ഒരു തോർത്ത്, കിടക്ക, ന്യൂ ഏജിന്റെ ഒരു കോപ്പി, ഇത്രേയുള്ളൂ... ഇതൊക്കെ കെട്ടിഒരു വീഞ്ഞപ്പെട്ടിയിലാക്കി തന്റെ സഹായിയായ പയ്യന്റെ തലയിൽ വെച്ച് ജോർജിന്റെ സ്നേഹിതനെ വിവരമറിയിച്ചു, ആ വീഞ്ഞ പെട്ടി അവർ രണ്ടാളും ചേർന്ന് ബഷീറിന്റെ മുറിയിലെ മച്ചും പുറത്ത് കേറ്റി വെച്ചു.

ബഷീർ ഒന്നുമറിയത്തെ പോലെ മുറിയിൽ കിടന്നുറങ്ങി..
കമ്മ്യൂണിസ്റ്റ് ഡെൻ എന്ന കഥയിൽ ബഷീർ ഈ സംഭവത്തിന്റെ ക്ലൈമാക്സ് പറഞ്ഞത് ഇങ്ങനെ:
പിറ്റേ ദിവസം രാവിലെ പത്തുമണിക്ക് ഒരു വലിയ പോലീസ് സംഘം ജോർജിന്റെ മുറി വളഞ്ഞു. വീട്ടുടമയുടെ സഹായത്തോടെ മുറി തുറന്നു.അപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളും സീൽ വെച്ച് കൊണ്ടുപോയി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ പത്രങ്ങളിൽ പ്രധാന വാർത്തയായി വന്നത് 'എറണാകുളത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഡെൻ പോലീസ് വളയുകയും ഒട്ടേറെ രഹസ്യരേഖകൾ പിടിച്ചുപറ്റുകയും ചെയ്തിരിക്കുന്നു. ഇതിലാണ് കെ സി ജോർജ് താമസിച്ചിരുന്നത്. 'അപ്പോൾ ബഷീർ താൻ താമസിക്കുന്ന വാടകമുറിയിലെ മച്ചും പുറത്ത് ഒരു വീഞ്ഞപ്പെട്ടിയിൽ വെച്ച ആക്രി സാധനങ്ങളെ കുറിച്ച് ഓർത്തു,അതാണല്ലോ പത്രങ്ങൾ നൽകിയ വാർത്തയിലെ 'രഹസ്യ രേഖകൾ '.
'കമ്മ്യൂണിസ്റ്റ് ഡെൻ 'എന്ന കഥ, അവസാനിപ്പിച്ചത് ഇങ്ങനെ: 'ഈ വാർത്ത വായിച്ചു സചിവോത്തമൻ തിരുവനന്തപുരത്ത് ഭക്തവിലാസത്തിൽ ഇരുന്നു ചിരിച്ചു കാണും: 'ഹ ഹ് ഹ ഹ് ഹാ !'

(വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രകാരനാണ് ലേഖകൻ )