To advertise here,

ജൂലായ് 19-ന് അന്തരിച്ച ഇംഗ്ലീഷ് കവിയും വിവർത്തകനും നാടകപ്രവർത്തകനുമായ രവിശങ്കർ.എൻ എന്ന റാഷ് (Rash) സ്വജീവിതം അരാജകത്വത്തിന്റെ മഷി കൊണ്ടെഴുതുമ്പോഴും അങ്ങേയറ്റം സൗമ്യതയോടെയും സ്‌നേഹത്തോടെയും കൂടെയുള്ളവരോട് ഇടപെട്ടിരുന്ന മനുഷ്യനായിരുന്നു. വിശാലമായ സൗഹൃദത്തിന്റെ ഉടമ. ജീവിച്ചയിടങ്ങളിൽ മാത്രമല്ല, സോഷ്യൽമീഡിയയുടെ ആദ്യകാലത്തെ കുട്ടിയായ ഓർക്കുട്ട് മുതൽ സൈബർലോകത്തും ആഴമേറിയ ചങ്ങാത്തങ്ങൾ റാഷിനുണ്ടായി.
ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമത്തിന്റെ പേരാണ് രവിശങ്കറിന്റെ വീട്ടുപേര്: സബർമതി. എന്നാൽ ശാന്തിയുടെയും സമാധാനത്തിന്റെയും വഴിയിലായിരുന്നില്ല രവിശങ്കറിന്റെ എഴുത്തും ജീവിതവും. ഭ്രമകൽപ്പനകളും ഉന്മാദവും ഇടകലർന്ന ഭാഷയിൽ കവിതകളെഴുതി. പൗലോഫ്രയറുടെ 'മർദ്ദിതരുടെ ബോധനശാസ്ത്ര'വും ദാരിയോ ഫോയുടെ 'അരാജകവാദിയുടെ അപകടമരണ'വും മലയാളത്തിലാക്കി. ലീന മണിമേഖല, മീന കന്ദസ്വാമി തുടങ്ങിയ ഒട്ടേറെ എഴുത്താളുകളുടെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
തൃശ്ശൂർ റീജണൽ തിയേറ്ററിൽ ഹുവാൻ റുൾഫോയുടെ അതിഗംഭീരമായ നോവൽ 'പെഡ്രോ പെരാമോ' നാടകമാക്കി അവതരിപ്പിച്ചപ്പോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.
ചിറ്റൂർ കോളേജിലെ പഠനത്തിനുശേഷം ഇരുപത്തിയഞ്ചാം വയസ്സിൽ കേന്ദ്രസർക്കാർ ജീവനക്കാരനായി ഡൽഹിയിലെത്തി. അവിടെ വെച്ച് ആനന്ദ്, എം. മുകുന്ദൻ, വി.കെ.എൻ, ഒ.വി. വിജയൻ തുടങ്ങിയ വലിയ എഴുത്തുകാരുമായി സൗഹൃദമുണ്ടായി. മുപ്പത് വർഷക്കാലം ജോലി ചെയ്ത് സ്വയം വിരമിച്ചു. അവസാനമെഴുതിയ 'ദില്ലി കാ കലാകാർ ആദ്മി' എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ ഡൽഹിക്കാലം നിറഞ്ഞുനിൽക്കുന്നു. സ്വന്തമായി കവിതകൾ എഴുതിത്തുടങ്ങിയത് 10 വർഷം മുൻപ് മാത്രം. 'ആർക്കിടെക്ചർ ഓഫ് ഫ്‌ളെഷ്', 'ഇൻ ദി മിറർ ഓഫ് യുവർ ഗ്രേവ്‌സ്', 'ബുള്ളറ്റ് ട്രെയിൻ ആൻഡ് അദർ ലോഡഡ് പോയംസ്' തുടങ്ങിയ ഇംഗ്ലീഷ് കാവ്യസമാഹാരങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധനേടി. ‘Silent farewells’ എന്ന റാഷിന്റെ ഒറ്റക്കവിത വിവർത്തനം ചെയ്തത് സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടുമുൾപ്പെടെ നൂറ്റിനാൽപ്പത്തിരണ്ടിലേറെ എഴുത്തുകാർ! കവിതയുടെ പേര് പോലെ മൗനത്തിന്റെ ഭാഷയിൽ രവിശങ്കർ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു...!

Silent farewells/RaSh
'When things start leaving you
they dont say bye.
Silently, they leave in a row.
My dad did not say bye
when he died.
My mom did not say bye
when she died.
My house did not say bye
when it quietly collapsed.
My garden did not say bye
when it went under water.
Finally, my love my love
my love did not say bye
when she left
when she left.
When I left me
I left quietly
leaving no trail of good byes.
But I heard a violin from afar.'

റാഷിന്റെ സുഹൃത്തുക്കളായ എഴുത്താളുകൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകളിൽ നിന്ന്


‘എനിക്കൊപ്പം നടന്നതിന് നന്ദി...’
ലീന മണിമേഖല

 

റാഷ്,
ഇന്ന് ഞാൻ അനാഥയായി തോന്നുന്നു.
നിങ്ങൾ എന്റെ വിവർത്തകൻ മാത്രമായിരുന്നില്ല.
എന്റെ കവിതകളുടെ ശ്വാസമൊട്ടുമേ ചോരാതെ തമിഴിൽ നിന്ന് മലയാളത്തിലേക്ക് എത്തിച്ചത് നിങ്ങളായിരുന്നു. എന്റെ ഓരോ ലേഖനവും, ഓരോ ചെറുകഥയും, ഓരോ തിരക്കഥയും സിനിമയായവയും സ്വപ്നമായി ശേഷിച്ചവയും ആദ്യം വായിച്ചിരുന്നത് നിങ്ങളായിരുന്നു. ലോകം എന്റെ വാക്കുകളെ പരിചയപ്പെടുന്നതിന് മുമ്പേ അവ നിങ്ങളിൽ കൂട് കൂട്ടിയിരുന്നു.
നിങ്ങളായിരുന്നു എന്റെ ആദ്യ വായനക്കാരൻ, ഏറ്റവും സത്യസന്ധമായി കേട്ടിരുന്ന ശ്രോതാവ്, എന്റെ സർഗ്ഗാത്മക പങ്കാളി. മറ്റാരോടും പറയാനുള്ള ധൈര്യം കിട്ടുംമുമ്പ് എന്റെ കഥകൾ ഞാൻ നിങ്ങളോടായിരുന്നു പങ്കിട്ടിരുന്നത്. എന്റെ സന്തോഷങ്ങളും പരാജയങ്ങളും അസംബന്ധനിമിഷങ്ങളും നീണ്ട നിശ്ശബ്ദതകളും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങളുമായുള്ള ഓരോ സംഭാഷണവും എന്റെ ഏകാന്തതയെ ലഘൂകരിച്ചിരുന്നു.
എന്റെ എല്ലാ രൂപങ്ങളും നിങ്ങൾ അറിഞ്ഞിരുന്നു.
ഒരു വരി പിറവിയെടുക്കുമ്പോൾ…
ഒരു ദൃശ്യം മനസ്സിൽ തെളിയുമ്പോൾ…
വിഡ്ഢിത്തം നിറഞ്ഞ ഒരു ചെറിയ സംഭവം എന്നെ ചിരിപ്പിക്കുമ്പോൾ…
അല്ലെങ്കിൽ ഒരു പുതിയ കഥയുടെ ആശയം മനസ്സിൽ തെളിയുമ്പോൾ…
അറിയാതെ എന്റെ കൈ ഫോണിലേക്ക് നീളുന്നു.
പക്ഷേ ഓരോ തവണയും ഓർമ്മ എന്നെ നിശ്ശബ്ദമായി തടയുന്നു.
ഇനിയൊരു സന്ദേശവും എത്തില്ല.
വിളിച്ചാൽ മറുപടി പറയാൻ ആരുമില്ല.
എന്റെ വാക്കുകൾക്കായി, എന്റെ നിശ്ശബ്ദതകൾക്കായി, മറുവശത്ത് ക്ഷമയോടെ കാത്തിരിക്കുന്ന ആ ശബ്ദവും ഇനിയില്ല.
എന്റെ രചനകളുടെ അവസാനങ്ങളെക്കുറിച്ച് ആരാണ് ഇനിയെന്നോട് തർക്കിക്കുക?
ധീരമെന്ന് നടിക്കുന്ന ഒരു കവിതയെ തിരിച്ചറിയാൻ ആരാണ് എന്നെ സഹായിക്കുക?
ഒരു കഥാപാത്രത്തിന് ഇനിയും ഒരു അവസരം വേണമെന്ന് ആരാണ് എന്നെ ഓർമ്മിപ്പിക്കുക?
എന്റെ ഭാഷയെ മാത്രമല്ല, എന്റെ ഹൃദയത്തെയും ഇനിയാരാണ് വിവർത്തനം ചെയ്യുക?
എങ്കിലും ഒരു ആശ്വാസമുണ്ട്.
നിങ്ങൾ വിവർത്തനം ചെയ്ത ഓരോ കവിതയും, നിങ്ങൾ വളർത്തിയെടുത്ത ഓരോ കഥയും, നിങ്ങൾ സ്വന്തം ആത്മാവിന്റെ സ്പർശം നൽകി രൂപംകൊള്ളാൻ സഹായിച്ച ഓരോ സിനിമയും അവയെല്ലാം നിങ്ങളുടെ ശാന്തവും ഉദാരവുമായ ആത്മാവിനെ എന്നും വഹിച്ചുകൊണ്ടിരിക്കും.
ആരും ആവശ്യപ്പെടാതെ എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി.
കവിതയിലൂടെ... സിനിമയിലൂടെ... ജീവിതത്തിലൂടെ... എനിക്കൊപ്പം നടന്നതിന് നന്ദി.
നിങ്ങളില്ലാത്തൊരു ലോകം എങ്ങനെ സങ്കൽപ്പിക്കണമെന്ന് എനിക്കറിയില്ല.
എനിക്കൊന്ന് മാത്രമറിയാം, നിങ്ങളെ സ്‌നേഹിച്ചതുകൊണ്ട് ഞാൻ എന്നെന്നേക്കുമായി മാറിപ്പോയെന്ന്.
സമാധാനമായി വിശ്രമിക്കൂ, എന്റെ ആത്മമിത്രമേ…
എനിക്കും ഈ ലോകത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന് ഇപ്പോൾ തോന്നുന്നു.
'ഒരു ആത്മസുഹൃത്ത് ഈ ലോകം വിട്ടുപോയ ശേഷവും ജീവിച്ചിരിക്കുക'
ക്രൂരത എന്ന വാക്കിന് എനിക്ക് അറിയാവുന്ന ഏറ്റവും വലിയ അർഥം ഇതാകുന്നു..!(19.07.26)

‘സ്വന്തം സമയത്ത് മരണം വരവേറ്റ ഒരാളുടെ യാത്രയായിരുന്നോ ഇതും..!’
നബീന ദാസ്

''രവി ശങ്കർ മുറി വിട്ടുപോയിരിക്കുന്നു…
നഷ്ടങ്ങളുടെ ഈ കാലം ഇനിയും അവസാനിച്ചിട്ടില്ല. രവി ശങ്കർ എന്ന പ്രിയസുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിനെ കുറിച്ച് വിലപിക്കാൻ എനിക്ക് വാക്കുകൾ പോര. ഇതൊരു ക്രൂരമായ തമാശപോലെ തോന്നുന്നു. പലരും സ്‌നേഹത്തോടെ 'റാഷ്' എന്ന് വിളിച്ചിരുന്ന അദ്ദേഹത്തെ, വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ പങ്കുവെച്ച ഒരു സ്വകാര്യ തമാശയുടെ ഓർമ്മയായി ഞാൻ 'ഭീഷ്മ പിതാമഹൻ' എന്ന് വിളിക്കുമായിരുന്നു.

 

 

 

 

ചില വിഷയങ്ങളിൽ ഞങ്ങൾ ശക്തമായി വിയോജിച്ചിട്ടുമുണ്ട്. പക്ഷേ, ആ വിയോജിപ്പുകൾക്കെല്ലാമപ്പുറം പരസ്പരബഹുമാനം ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.
അദ്ദേഹം എന്നെ ശാസിച്ചത് ഒരേയൊരു തവണ മാത്രം. കോഴിക്കോട് മാർക്കറ്റിലൂടെ നടക്കുമ്പോൾ അവിടുത്തെ ഏറ്റവും നല്ലതായ ഹൽവ എനിക്ക് വാങ്ങിത്തരാമെന്ന് അദ്ദേഹം വാശിപിടിച്ചു. ഞാൻ പേഴ്‌സെടുക്കാൻ ശ്രമിച്ചപ്പോൾ ചെറുതായി ദേഷ്യപ്പെട്ട് പറഞ്ഞു: 'അത് ഞാൻ വാങ്ങും, നീ ഇപ്പോൾ എന്റെ നാട്ടിലാണ്!'
ജീവിതം ആഘോഷിച്ചിരുന്ന ഒരാൾ. ഒട്ടേറെ യുവ എഴുത്തുകാർക്ക് എന്നും ആശ്രയമായിരുന്ന ഒരാൾ.
യാതൊരു ആഡംബരവുമില്ലാത്ത, അഹങ്കാരത്തിന്റെ ഒരു കണികപോലുമില്ലാത്ത മനുഷ്യൻ.
അദ്ദേഹത്തിന്റെ രണ്ടുമൂന്നു പുസ്തകങ്ങളെക്കുറിച്ച് എഴുതാനും ചിലതിന് ബ്ലർബ് എഴുതാനുമുള്ള ഭാഗ്യം എനിക്കുണ്ടായി.
എന്നാൽ എന്നെ ഏറ്റവും സമ്പന്നനാക്കിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങളല്ല, ജീവിതത്തെ അദ്ദേഹം സമീപിച്ചിരുന്ന ആ നിസ്സംഗവും ലളിതവുമായ മനോഭാവമാണ്.
ഭീഷ്മ പിതാമഹാ, പുരാണങ്ങൾ പറയുന്നതുപോലെ, സ്വന്തം സമയത്ത് മരണം വരവേറ്റ ഒരാളുടെ യാത്രയായിരുന്നോ ഇതും?
എനിക്കറിയില്ല.
പക്ഷേ, ഒരിക്കൽ അതിയായ ഉറപ്പോടെ നിങ്ങൾ എന്നോട് പറഞ്ഞ വാക്കുകൾ എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്
'വിശ്വസിക്കൂ.
എന്നെക്കുറിച്ച് വിഷമിക്കേണ്ട.
വിടപറയാൻ ഞാൻ അസാധാരണമാം വിധം മിടുക്കനാണ്.' ''(19.07.26)

ഗാന്ധിയനായ ഒരു 'റാഷസൻ'!
നിരഞ്ജൻ

 

placeholder
നിരഞ്ജൻ

കേരളത്തിൽ വേണ്ടത്ര അറിയപ്പെട്ടില്ലെങ്കിലും, അത്ഭുതകരമാം വിധം വിപുലവും വിചിത്രവും വൈവിദ്ധ്യങ്ങൾ നിറഞ്ഞതുമായ സൗഹൃദവലയമായിരുന്നു ജീവിച്ച ഇടങ്ങളിലും രാജ്യാതിർത്തികളെ ലംഘിക്കുന്ന സൈബർ ലോകത്തും രവിയേട്ടന് ഉണ്ടായിരുന്നത്. അടുത്തിടപഴകിയിരുന്ന സുഹൃത്തുക്കൾക്കിടയിലെല്ലാം നിശബ്ദമെങ്കിലും ഊഷ്മളവും സ്‌നേഹനിർഭരവുമായ ഒരു സ്വാധീനം രവിയേട്ടന് ഉണ്ടായിരുന്നു. അതിന്റെ തെളിവായിരുന്നു ഇന്നലെ നാട്ടിൽ നിന്ന് വിദൂരമായ ഒരു സമയരേഖയിൽ കിടക്കുന്ന എന്റെ അറ്റ്‌ലാന്റിക് രാത്രിയിലേക്കെത്തിയ വിളികളും സന്ദേശങ്ങളും. ഫ്രാൻസ്-ഇംഗ്ലണ്ട് കളി കണ്ടുകഴിഞ്ഞ് ഉറങ്ങാൻ നേരത്താണ് ''രവിയേട്ടൻ പോയെന്നറിയുന്നു'' എന്ന് ചിറ്റൂരിലെ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ശിവകുമാർ മാഷുടെ മെസ്സേജെത്തുന്നത്. ആരോഗ്യനില ഏറെയായി ദുർബലമാണെന്നറിയാമെങ്കിലും, നീട്ടിക്കിട്ടിയ ജീവിതത്തെക്കുറിച്ച് രവിയേട്ടനു തന്നെ നല്ല ബോദ്ധ്യമുണ്ടായിരുന്നെങ്കിലും മരണവാർത്തയോടു പൊരുത്തപ്പെടാൻ സമയമെടുത്തു. ഓരോ മരണവുമാണ് നമ്മളെ ജീവിതത്തെക്കുറിച്ച് വീണ്ടുമോർമ്മിപ്പിക്കുന്നതെങ്കിൽ രവിയേട്ടന്റെ കഴിഞ്ഞ കുറേ വർഷങ്ങളിലെ ജീവിതം മരണത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു. മരണം സുഹൃത്തുക്കളെ അറിയിക്കാനെങ്കിലും എഫ്.ബിയിൽ ഒരു പോസ്റ്റിടണമല്ലോ എന്നു കരുതി ഒരു കുറിപ്പെഴുതിയിട്ടു. ഉറങ്ങാൻ തോന്നിയില്ല. കിടന്നിട്ടും ഉറക്കം വന്നതുമില്ല. രവിയേട്ടന്റെ ജീവിതത്തെക്കുറിച്ചോർത്തു.
മായികവും വർണശബളവുമായ ഭ്രമകല്പനകളാൽ ഉന്മാദം നിറഞ്ഞ ഭാഷയിൽ കവിതകളെഴുതി നിറച്ച, അത്യന്തം അരാജകമെന്ന് സുഹൃത്തുക്കളും സ്വന്തം എഴുത്തുകളും സാക്ഷ്യം പറയുന്ന ഭൂതകാലമുള്ള ഒരാളെക്കുറിച്ച് ഉണ്ടാവുന്ന സങ്കല്പങ്ങൾക്ക് വിരുദ്ധമായി, രവിയേട്ടന്റെ വീട്ടിലെത്തിയാൽ നമ്മൾ കാണുക പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന സൗമ്യനായ ഒരു മനുഷ്യനെയാണ്. ഇപ്പോൾ കല്യാണമണ്ഡപമായിത്തീർന്ന ചിറ്റൂരിലെ പഴയ നെഹ്രു തിയേറ്ററിനെതിരെയുള്ള ഹ്രസ്വമായ റോഡ് അവസാനിക്കുന്നത് 'സബർമതി' എന്ന, നീലം ചേർത്ത് വൃത്തിയായി വെള്ള പൂശിയ രവിയേട്ടന്റെ വീട്ടിലാണ്. നെഹറുവിനെതിരെയുള്ള സബർമതിയിൽ താമസിക്കുന്ന ഗാന്ധിയനായ ഒരു 'റാഷസൻ'!
ആ വീട്ടിൽ ഒരേയൊരു പുരുഷസാന്നിദ്ധ്യമായി തന്റേതായ ഒരു ഇടം റാഷ് എന്ന കലാപകാരിയായ, അത്യന്തം അരാകജകമായ ഒരു ജീവിതം നയിച്ചുപോന്നിരുന്ന മനുഷ്യൻ നിലനിർത്തിപ്പോന്നിരുന്നതെങ്ങിനെ എന്ന് അതിശയിച്ചിട്ടുണ്ട്. അതിന് നമിക്കേണ്ടത് 'ജീപ' എന്ന് സമീപകാല പോസ്റ്റുകളിലെല്ലാം രവിയേട്ടൻ പരാമർശിച്ചുപോരുന്ന ജീവിതപങ്കാളി ഗീതേച്ചിയോടാണ്. കഥ പോലെ വിചിത്രമായ അവരുടെ ദാമ്പത്യാരംഭം രവിയേട്ടൻ വിസ്തരിച്ചിട്ടുണ്ട്.
എക്‌സ് റേയിൽ തെളിഞ്ഞു കണ്ട എപ്പോഴും സൂക്ഷിച്ച വെട്ടുകത്തി നെഞ്ചിലുള്ള അമ്മയെപ്പോലെ രവിയേട്ടന്റെ സ്ത്രീകളെല്ലാം ശക്തരാണ്, നെഞ്ചുറപ്പുള്ളവരാണ്. ഗീതേച്ചിയുമതെ. വീട്ടിലെ, മകന്റെ മാത്രം ഇടത്തിലേക്ക് കയറിവരുന്ന എന്നെപ്പോലെയുള്ള അതിഥികളെ നിർമ്മമമായ ഒരു ചെറുചിരിയോടെ നോക്കിക്കണ്ടിരുന്ന രവിയേട്ടന്റെ അമ്മയുടെ മുഖം ഇപ്പോഴുമോർമ്മയിൽ. ഒരർത്ഥത്തിൽ സ്‌നേഹം കൊണ്ട് പകരം വീട്ടുകയാണ് ഗീതേച്ചി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അൻവറലിയെപ്പോലുള്ള സുഹൃത്തുക്കൾ അങ്ങനെ പരാമർശിച്ചിട്ടുമുണ്ട്. അതിനെല്ലാം നിരുപാധികം കീഴടങ്ങിയിരുന്നു രവിയേട്ടൻ.
സ്ത്രീസുഹൃത്തുക്കളുടെ നല്ല ശ്രോതാവുമായിരുന്നു. അഭ്യുദയകാംക്ഷിയും. എന്റെ പോസ്റ്റിൽ നിന്ന് മരണമറിഞ്ഞയുടനെ ആദ്യം വിളിച്ചത് ലീന മണിമേഖലയായത് യാദൃച്ഛികമല്ല. ലീനയേയും മീനാ കന്ദസ്വാമിയേയും മലയാളത്തിൽ അടയാളപ്പെടുത്തിയത് രവിയേട്ടനാണ്. നാട്ടിലേക്കുള്ള യാത്രക്കിടെ സംവിധായിക ശ്രുതി ദുബായ് എയർപോർട്ടിൽ നിന്നയച്ച വോയ്‌സ് മെസ്സേജ് കരച്ചിലിൽ കുതിർന്നിരുന്നു. എഫ് ബിയിൽ വിളിച്ചോട്ടേ എന്ന് മെസ്സേജയച്ച് യു.കെയിൽ നിന്ന് ചിഞ്ചു വിളിച്ചപ്പോഴും ശബ്ദം ഇടറിയിരുന്നു.
ദുബായിൽ നിന്ന് കുഴൂർ വിത്സണും വിവരങ്ങളറിയാൻ അയച്ച ശബ്ദസന്ദേശങ്ങളിലും ആഴമേറിയ ദു:ഖത്തിന്റെ നനവുണ്ടായിരുന്നു. രവിയേട്ടനുള്ള ഒരു ബഹുമതി ഏറ്റുവാങ്ങാൻ കൽക്കട്ടക്ക് പോയത് വിത്സനാണ്. പ്രതീക്ഷിച്ച പോലെ വിത്സൺ അവിടെ സമയത്തിനെത്തിയതുമില്ല ! ഒരു അരാജകവാദിക്ക് ലഭിക്കാവുന്ന ഏറ്റവും ഉചിതമായ ബഹുമതി ! ഒരിക്കൽ വിത്സൺ എന്റെ വീട്ടിൽ താമസിക്കാൻ വന്നതും രവിയേട്ടന്റെ വീട്ടിൽ എത്തിയ ശേഷമാണ്. അത്തരം സന്ദർശകർ പതിവായിരുന്നു. എന്റെ വീട്ടിൽ വരുന്ന പലരേയും കൊണ്ട് ഞാൻ സബർമതിയിൽ പോവും. അവിടെ ആരെങ്കിലും പൊതുസുഹൃത്തുക്കൾ എത്തിയാൽ രവിയേട്ടൻ വിളിക്കും. ഞാൻ അവിടെച്ചെന്ന് യഥാവിധം അവരെ ഏറ്റുവാങ്ങും.
പഴയ സൗഹൃദങ്ങളെ ഏറെ ഹൃദയത്തോട് സൂക്ഷിച്ച് വിടാതെ കൊണ്ടുനടന്നിരുന്നു രവിയേട്ടൻ. അവരിൽ ചിലരെല്ലാം ഞങ്ങളുടെ പൊതുസുഹൃത്തുക്കളുമായിരുന്നു. അങ്ങനെ എം.എസ്.രഘുവേട്ടനും രവിയേട്ടനും ഉൾപ്പെടുന്ന ചില യാത്രകളിൽ കൂടെപ്പോയിട്ടുണ്ട്. അധികവും മരണവീടുകളിലാണ്. ഏറ്റവും ഒടുവിൽ അങ്ങനെ പോയത് ആ സംഘത്തിലുൾപ്പെട്ട നോവലിസ്റ്റ് പി.ആർ.അരവിന്ദന്റെ (വി ടി ഭട്ടതിരിപ്പാടിന്റെ മരുമകൻ) മരണദിവസമാണ്. രഘുവേട്ടന്റെ മരണം തീർച്ചയായും രവിയേട്ടനേയും ബാധിച്ചിരുന്നു. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തും വിധം വിരുദ്ധമായ രാഷ്ട്രീയാഭിപ്രായങ്ങൾ പുലർത്തിക്കൊണ്ട് ഗാഢമായ സൗഹൃദം സൂക്ഷിച്ചിരുന്നു അവർ.
പല തരം ആരോഗ്യപ്രശ്‌നങ്ങൾ, ആരും കേൾക്കാത്ത ഗില്ലൻ ബാരി ഡിസീസ് ഉൾപ്പെടെ ലിവർ സിറോസിസിനോടൊപ്പം അലട്ടിയപ്പോഴും എഴുത്തിന്റെ യൗവനവും ഊർജവും രവിയേട്ടൻ സൂക്ഷിച്ചു. അത്ഭുതകരമായ ഒരു ഫ്രഷ്‌നസ് വൈകിത്തുടങ്ങിയ എഴുത്തിൽ നിലനിർത്തി. മരണം വരെ. അത്രയും ജീവിതം ആഘോഷിച്ചയാൾ അത്ഭുതകരമായ അച്ചടക്കം പാലിച്ചു. ഒരിക്കൽ ദില്ലി സുഹൃത്തുക്കൾ ഒന്നിച്ചു കൂടിയ ഒരു പാലക്കാടൻ സന്ധ്യയിൽ പേരിന് ഇത്തിരി വൈൻ മാത്രം നുകർന്ന് എന്റെ കൂടെ തിരിച്ചുപോന്ന രവിയേട്ടനെ ഓർക്കുന്നു. രവിയേട്ടനെ സ്‌നേഹത്തോടെയും കരുതലോടെയും കൊണ്ടുനടന്ന ഗീതേച്ചിയെ നമിക്കുന്നു.
' ജീവൻ മീശായ്' എന്ന് മീശയുടെ പഴയ വീതി വെച്ച് രവിയേട്ടനെ ഒരിക്കൽ ഞാൻ സംബോധന ചെയ്തിരുന്നു. ഇപ്പോൾ ആരോഗ്യനിഗേതനിലെ പിംഗലകേശിനിയായ മരണം രവിയേട്ടനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇരുണ്ടുനീലിച്ചുകിടക്കുന്ന ഒരു കടലിനു നടുവിലിരുന്നുകൊണ്ട് ഒരിക്കൽക്കൂടി രവിയേട്ടനോട് വിട പറയുന്നു..

ചിയേഴ്‌സ് ഡിയർ..!'' (19.07.26)

‘മാഷേ, സമാധാനമായി വിശ്രമിക്കൂ…’
മീന കന്ദസ്വാമി

റാഷ് മാഷേ, സമാധാനമായി വിശ്രമിക്കൂ…
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം. ആത്മമിത്രം. വിശ്വസ്തൻ. കവി. കവിതയുടെ അനശ്വര പ്രണയി. സത്യം പറയാൻ ഒരിക്കലും മടിക്കാത്ത മനുഷ്യൻ. അതുല്യനായ വിവർത്തകൻ.
അദ്ദേഹത്തെ പരിചയപ്പെട്ട നാൾ മുതൽ മരണത്തിന്റെ വക്കിലെത്തിച്ച അനവധി ആരോഗ്യപ്രതിസന്ധികൾ ഉണ്ടായിരുന്നു. ഓരോ തവണയും ഇതാണ് അവസാനമെന്ന് തോന്നുമായിരുന്നു. പക്ഷേ, ഓരോ തവണയും അദ്ദേഹം ജീവിതത്തിലേക്ക് തിരികെ നടന്നു വന്നു.
കേരളത്തിൽ ഞാൻ കണ്ടുമുട്ടിയ എത്രയോ ആളുകളുടെ കഥകൾ ഒടുവിൽ ചെന്നെത്തിയത് റാഷിലേക്കായിരുന്നു. അത് അത്ഭുതപ്പെടുത്തുന്ന അനുഭവമായിരുന്നു. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്ഒരാൾക്ക് എങ്ങനെ ഇത്രയധികം സുഹൃത്തുക്കൾ ഉണ്ടാകാൻ കഴിയും?
നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നാലും, എന്റെ ഓർമ്മകളിൽ നിങ്ങൾ എന്നും ജീവിക്കും.
യാത്രാമൊഴി, എന്റെ പ്രിയമിത്രമേ...(19.07.26)