പിതൃബന്ധത്തെക്കുറിച്ച് പറയാന്‍ തുനിഞ്ഞാല്‍ പ്രധാനമായും അതിന്റെ വൈകാരികഭാവങ്ങളെക്കുറിച്ച് വാചാലമാകാനെ കഴിയൂ. ഞാനിവിടെ മുതിരുന്നത് സാഹിത്യത്തില്‍ പിതൃബിംബം എങ്ങനെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട് എന്നന്വേഷിക്കാനാണ്. മനുഷ്യന്‍ സാഹിത്യം കൈകാര്യം ചെയ്യാന്‍ തുനിഞ്ഞ നാളുകള്‍ മുതല്‍ നമുക്ക് ഒട്ടേറെ പിതൃ-മാതൃ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയും. പ്രശസ്ത എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്​വേയുടെ 'ഒരു തീവണ്ടിയാത്ര' എന്ന കഥയില്‍ ഒരച്ഛനും മകനുമുണ്ട്. 

To advertise here,

ജിമ്മി എന്നു പേരുള്ള മകനും അവന്റെ അച്ഛനുംകൂടി നടത്തുന്ന തീവണ്ടിയാത്രയില്‍ നടക്കുന്ന ഒരു സംഭവമായിട്ടാണ് ഹെമിംഗ്​വേ ഈ കഥ പറയുന്നത്. അവരോടൊപ്പം തീവണ്ടിയില്‍ വിലങ്ങിട്ട രണ്ടു കുറ്റവാളികളും രണ്ടു ഡിറ്റക്ടീവുകളുമുണ്ട്. ജിമ്മിയും അച്ഛനും ഈ കാഴ്ച കാണുന്നു. ട്രെയിനിലെ തീന്‍മേശയില്‍വച്ച് നടന്ന വഴക്കിനിടയില്‍ ഡിറ്റക്ടീവ് അറിയാതെ കുറ്റവാളികളിലൊരുവന്‍ മേശയില്‍നിന്നു കത്തി കൈക്കലാക്കി നിഗൂഢമായി ഒളിപ്പിക്കുന്നു. അച്ഛന്‍ ഈ സംഗതി കണ്ടുപിടിക്കുകയും ജിമ്മിയോട് രഹസ്യമായി ഇക്കാര്യം പറയുകയും ചെയ്യുന്നു. മകന്‍ അതിനെത്തുടര്‍ന്ന് കുറ്റവാളികളുടെ അടുത്ത നീക്കമെന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ ഇരിക്കുന്നു. യാത്ര തുടരുന്നതിനിടയില്‍ കക്കൂസില്‍ പോകണമെന്ന ആവശ്യമുന്നയിച്ച് കുറ്റവാളികളിലൊരാള്‍ ഡിറ്റക്ടീവിനെയും കൂട്ടി കക്കൂസില്‍ കയറുന്നു. തുടര്‍ന്ന് കക്കൂസില്‍വച്ച് നടക്കുന്ന ആക്രമണത്തില്‍ ഡിറ്റക്ടീവിനെ അപായപ്പെടുത്തി കുറ്റവാളി ജനല്‍ പൊളിച്ച് കടന്നുകളയുന്നു. പിന്നീട് കതകിനടിയിലൂടെ വരുന്ന ചോരയാണ് ജിമ്മി കാണുന്നത്. കഥയുടെ അവസാനം അച്ഛന്‍ മകനോട് പറയുന്നു. 

''രക്തം വെള്ളത്തെക്കാള്‍ കട്ടിയുള്ളതാണ്.'' 
അച്ഛനും മകനും പ്രധാനകഥാപാത്രങ്ങളാകുന്ന ലോകസാഹിത്യത്തിലെ മികച്ച മറ്റൊരു കഥയാണ് 'മൈ ഫാദര്‍ സിറ്റ്സ് ഇന്‍ ദി ഡാര്‍ക്ക്'. പ്രകാശത്തെപ്പോലും വെറുക്കുന്ന, മരണം പ്രതീക്ഷിച്ചിരിക്കുന്ന സമകാലികമനുഷ്യന്റെ പ്രതിനിധിയായി ഇക്കഥയിലെ പിതാവിനെ എഴുത്തുകാരനായ ജെറോം വെയ്ഡ്മാന്‍ അവതരിപ്പിക്കുന്നു. 

അമ്മയുടെ നിര്‍ദേശപ്രകാരം അച്ഛനെ തിരഞ്ഞുപോകുന്ന മകന്റെ അന്വേഷണമെന്ന പ്രമേയമാണ് ലോക പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോ തന്റെ 'പ്രെഡ്രോ പരാമോ' എന്ന വിഖ്യാതനോവലിലൂടെ പറയുന്നത്. മരണപ്പെട്ടവര്‍ മാത്രമുള്ള കൊമാല എന്ന ചെറുപട്ടണത്തിലെത്തിച്ചേരുന്ന കഥാനായകന്‍ തന്റെ പിതാവായ പെഡ്രോ പരാമോയെ തിരയുമ്പോള്‍ അവിടെ മരിച്ചവര്‍ മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കുന്നു. മറ്റൊരു ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന് വളരെ പ്രിയപ്പെട്ട പുസ്തകമാണ് പെഡ്രോ പരാമോ. അവിശുദ്ധ ജനനങ്ങള്‍ സംഭവിപ്പിക്കുന്ന പിതാവ് മകനെ സംബന്ധിച്ചിടത്തോളം എത്രത്തോളം നിന്ദ്യനും അതേസമയം ആരാധ്യനുമാകുന്നതെങ്ങനെയെന്ന് നോവല്‍ വിവരിക്കുന്നു. അത് നോവലിന്റെ ഒരു ഭാവം. നോവല്‍ വായന സമ്മാനിക്കുന്നത് എന്നാല്‍ കേവലമായ ഈ വൈകാരിക ബന്ധത്തിന്റെ ശ്രുതിത്തെറ്റുകള്‍ മാത്രമല്ല എന്നിടത്ത് നോവല്‍ ലോകോത്തരമായി ഭവിക്കുന്നു.

placeholder
'പെഡ്രോ പരാമോ' നോവലിന്റെ കവര്‍ പേജ്‌
'പെഡ്രോ പരാമോ' നോവലിന്റെ
കവര്‍ പേജ്‌

 1965-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ വിഖ്യാത എഴുത്തുകാരനാണ് മിഹയീല്‍ ഷോളോഹോവ്. 1905-ല്‍ റഷ്യയിലെ ആഭ്യന്തരയുദ്ധകാലത്ത് ദോന്‍ നദിക്കരയില്‍ ജനിച്ച ഷോളോഹോവിന്റെ പ്രശസ്തങ്ങളായ കൃതികളാണ് 'ദോന്‍ ശാന്തമായൊഴുകുന്നു', 'ഉഴുതുമറിച്ച കന്നിമണ്ണ്', 'അവര്‍ നാടിനുവേണ്ടി പൊരുതി'തുടങ്ങിയവ. അദ്ദേഹത്തിന്റെ ചെറുകഥകളിലൊന്നാണ് 'മേച്ചില്‍ക്കാരന്‍'. കോവിഡ് ലോകമെങ്ങും പടര്‍ന്ന് മനുഷ്യര്‍ നരകിക്കുന്ന കാലത്താണ് ഞാന്‍ ഷോളോഹോവിന്റെ കഥാസമാഹാരം വായിക്കാനെടുത്തത്. ഗ്രിഗോറി എന്ന കന്നുകാലി സൂക്ഷിപ്പുകാരന്റെ കഥയാണ് അതിലുള്ള മേച്ചില്‍ക്കാരന്‍. നഗരത്തില്‍പ്പോയി വിദ്യാഭ്യാസം ചെയ്യുവാനും ലെനിന്‍ വിഭാവന ചെയ്തതുപോലെ വിദ്യാഭ്യാസമുള്ള യുവസമൂഹം ഉണ്ടായിവരുന്നതിനും അതിയായി ആഗ്രഹിക്കുന്ന സഹോദരങ്ങളാണ് ഗ്രിഗോറിയും ദൂന്യയും. ഈ കഥയിലെ വൃദ്ധനായ അര്‍ത്യോം കന്നുകാലിപ്പറ്റത്തിന് ദീനം വരുമ്പോള്‍ പറയുന്നു: ''ഇത് മഹാമാരിയല്ലാതെ മറ്റൊന്നുമല്ല. ഈ കാലിപ്പറ്റത്തെ മുഴുവന്‍ ഇത് ബാധിക്കും.'' 

സമീപകാലത്ത് ലോകം നേരിട്ട മഹാമാരിയുടെ ഭയാനകതയെക്കുറിച്ച് വളരെ മുന്നേ സൂചന തന്ന കഥയായിട്ടും ഇതിനെ വായിക്കാം. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ മനുഷ്യരില്‍ തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരാശയം റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ - ലാന്‍സെറ്റ് കമ്മീഷന്‍ 2015- ല്‍ 'പ്ലാനട്ടറി ഹെല്‍ത്ത്' അഥവാ 'വണ്‍ ഹെല്‍ത്ത്' എന്ന പേരില്‍ അവതരിപ്പിച്ചു. 

സുസ്‌മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാം

ഇരുപത്തഞ്ച് വര്‍ഷത്തോളം നീണ്ട പഠനനിരീക്ഷണങ്ങള്‍ക്കുശേഷമാണ് നൂതന ആരോഗ്യശാസ്ത്രത്തിലെ ഈ ആശയത്തിന്റെ പിറവി. മിഹയീല്‍ ഷോളോഹോവിന്റെ കാലത്ത് കേട്ടുകേള്‍വിയില്ലാത്ത സിദ്ധാന്തമെന്ന് നമുക്കിതിനെ മനസ്സിലാക്കാം. എഴുത്തുകാരന്‍ എപ്പോഴും കാലത്തിനുമുന്നേ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 

മലയാളത്തില്‍ അച്ഛനെക്കുറിച്ച് ഒട്ടേറെപ്പേര്‍ എഴുതിയിട്ടുണ്ടെങ്കിലും വെള്ളായിയപ്പന്റെയും മകന്റെയും ആത്മബന്ധം സഹൃദയന്റെ ഹൃദയാഴങ്ങളെ തൊടുംവിധം ഒ.വി. വിജയന്‍ ആവിഷ്‌കരിച്ചിട്ടുള്ള 'കടല്‍ത്തീരത്ത്' വേറിട്ടുനില്‍ക്കുന്നു. അച്ഛന്റെയും മകന്റെയും അടുപ്പത്തെക്കുറിച്ചും അതിലെ കാണാദുഃഖങ്ങളെക്കുറിച്ചും കാണാവുന്ന പാരസ്പര്യത്തെക്കുറിച്ചും ഏറെ ആഴത്തില്‍ പറഞ്ഞിട്ടുള്ളതും ഒ.വി. വിജയന്‍ തന്നെ. 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ നോവുന്ന അച്ഛനും നോവുന്ന മകനും വായനക്കാരന്റെ കൂടി നോവായി നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'ഇതിഹാസത്തിന്റെ ഇതിഹാസ'മെന്ന പേരില്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ എഴുത്തുപശ്ചാത്തലത്തെക്കുറിച്ച് എഴുതുമ്പോള്‍ ഒ.വി. വിജയന്‍ രേഖപ്പെടുത്തുന്നു. 

''വഴിയമ്പലത്തിലേക്ക് ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കട്ടെ. തിരിഞ്ഞുനോക്കുമ്പോള്‍ ഒരിത്തിരിവട്ടത്തില്‍ ആ മുഖം തെളിയുന്നു, പൊന്‍മോതിരംകൊണ്ട് എന്റെ നാവില്‍ ഹരിശ്രീ എഴുതിയ വൃദ്ധഗുരുവിന്റെ കരുണാമയമായ മുഖം. അച്ഛനും അമ്മയ്ക്കും അയാളുടെ പേര് ഓര്‍മയിരുന്നിരിക്കണം.'' 

ഒ.വി. വിജയന്‍ ആദ്യഗുരുനാഥനെക്കുറിച്ചാണ് ഓര്‍മിക്കാന്‍ ശ്രമിക്കുന്നതെങ്കിലും അതില്‍ തിടംവച്ച് നില്‍ക്കുന്നത് അച്ഛന്റെയും അമ്മയുടെയും ഓര്‍മകള്‍ തന്നെയാണ്. അച്ഛനില്‍നിന്നും അമ്മ ഒരിക്കലും അന്യമാവുന്നില്ല. അമ്മയില്‍നിന്നും മക്കളും. ഈ ത്രിത്വം നല്‍കുന്ന ജ്ഞാനമാണ് പാരമ്പര്യത്തിലേക്കും ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും ഒരാളെ നയിക്കുന്നത്. ഇതരകലകളില്‍ വ്യാപരിക്കുന്നവരെക്കാള്‍ കൂടുതലായി എഴുത്തുകാരില്‍ ഈ ഓര്‍മകള്‍ കനംവച്ചു നില്‍ക്കുന്നു. സംഗീതത്തിലോ ചിത്രകലയിലോ അഭിനയത്തിലോ മറ്റ് കലകളിലോ തെളിഞ്ഞുവരാത്തവിധം എഴുത്തില്‍ അച്ഛനും അമ്മയും ലോകത്തെവിടെയും എല്ലായ്പ്പോഴും പ്രകടസാന്നിദ്ധ്യമാകുന്നു. 

''തല്ലിപ്പഠിപ്പിക്കുക എന്ന സങ്കല്‍പത്തില്‍ തല്ല് പാരായണം പോലെയോ ഗുരുദക്ഷിണ പോലെയോ സാത്വികമായ ഒരു ചടങ്ങുമാത്രം. ആ കുട്ടി പഠിപ്പിന്റെ പടവുകള്‍ കയറിയതായി എനിക്കറിവില്ല. എന്നാല്‍ നിത്യവും ആവര്‍ത്തിച്ച ആ പ്രഹരയജ്ഞത്തിലൂടെ പ്രാകൃതമായ ഒരു ഗുരുപരമ്പരയുടെ തുടര്‍ച്ചയെ സമര്‍ത്ഥിച്ചതില്‍ ആ അച്ഛന്റെ മനസ്സ് കുളിര്‍ത്തിരിക്കണം.'' 

ഇതിഹാസത്തിന്റെ ഇതിഹാസത്തിന്റെ ആദ്യഭാഗങ്ങളില്‍ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയിലേക്ക് താന്‍ കടക്കും മുമ്പ് ജീവിച്ച 1950 -ന് മുമ്പുള്ള ജീവിതത്തിലേക്കും മാതാപിതാക്കളിലേക്കും ആദ്യകാല ഗുരുക്കന്മാരെ സംബന്ധിച്ച ഓര്‍മകളിലേക്കുമാണ് ഒ.വി. വിജയന്‍ കടന്നുചെല്ലുന്നത്. അത് കൃതിയെ വായിക്കാനും എഴുത്തുകാരനെ അറിയാനും ഏറെ സഹായിക്കുന്നു. 

''എന്നാല്‍ മറ്റൊരു പാരായണമുറയില്‍ മുഴുകാന്‍ അച്ഛന്‍ എന്നെ സഹായിച്ചു. പൊലീസുകാരനും ശുദ്ധമതിയുമായിരുന്ന അച്ഛന്‍ എന്റെ സംവേദനശേഷിയെ ഏതെങ്കിലും പ്രത്യേക താരയിലൂടെ തിരിച്ചുവിടാന്‍ നടത്തിയ ശ്രമമല്ലായിരുന്നു അത്. ആ യാദൃച്ഛികതയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നേ പറയാനാവൂ. ഗുരുകാരുണ്യം.'' 

തന്നെ ചൂഴ്ന്ന പ്രകൃതിക്കുമേല്‍ മായാബിംബങ്ങളുടെ മഹാമണ്ഡലമായി കഥകളെ ആവാഹിക്കുന്നതിനും പ്രകൃതിയും കഥകളുടെ ഭ്രാന്തിയുമായി തന്റെ സാക്ഷരത്വത്തെ ഉറപ്പിക്കുന്നതിനും എഴുത്തുകാരന്‍ ആശ്രയിക്കുന്നത് പിതൃകാലസ്മരണകളുടെ സമൃദ്ധിയെയാണ്. ഈ പിതൃബോധം അഥവാ നഷ്ടം ഒ.വി. വിജയന്റെ രചനാലോകത്തെ എക്കാലത്തും ആവേശിച്ചിട്ടുണ്ട്. ഒരു കഥാവിവരണത്തിലെ ബിംബങ്ങള്‍ എവിടെ നിന്ന് കണ്ടെടുത്തുവെന്ന് അന്വേഷിക്കുന്ന ഗവേഷകന്‍ തിരയേണ്ടത് സമാനകൃതികളിലല്ലെന്നും കാഥികന്റെ ആത്മകഥയിലാണെന്നും ഒ.വി. വിജയന്‍ കുറിക്കുന്നു. 

placeholder
ഒ.വി വിജയന്‍/ ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
'ഖസാക്കിന്റെ ഇതിഹാസം' നോവലിന്റെ കവര്‍ പേജ്‌, ഒ.വി. വിജയന്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

പ്രയാണത്തിന്റെ കഥയെന്നതുപോലെ ഇതിഹാസം ജനിതകമായ യാത്രാവിരഹങ്ങളുടെ കൂടി കഥയാണ് എന്ന് ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ രേഖപ്പെടുത്തുന്ന എഴുത്തുകാരന്‍, പിതൃസാന്നിധ്യത്തില്‍നിന്നും രവിക്ക് മോചനമില്ല എന്നുകൂടി ഊന്നിപ്പറയുന്നു. അച്ഛന്‍ രവിക്കെഴുതിയ കത്ത് രവിയെ വീണ്ടും വീണ്ടും അലട്ടുന്നു. 
''എനിക്ക് സുഖക്കേട് അധികമൊന്നുമില്ല, മകനേ.. എന്തിനായി ദുഃഖിക്കുന്നു എന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ.. എല്ലാ സായംസന്ധ്യകളും ദുഃഖമാണ്.'' 

ഖസാക്കില്‍നിന്നും അവസാനയാത്ര തിരിക്കുമ്പോള്‍ രവി വീണ്ടും പിതൃസാന്നിധ്യമറിയുന്നു. 
''പൂട്ടിയടച്ച വാതിലില്‍ രവി ഇത്തിരിനേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി. സായാഹ്നയാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്.''

യക്ഷിക്കഥകള്‍കൊണ്ട് തന്റെ കുട്ടിക്കാലത്തെ നിറച്ച പിതാവിനുള്ള ശ്രദ്ധാഞ്ജലിയാണ് ഒ.വി. വിജയന്റെ ഈ വാക്കുകള്‍. 
ഒരെഴുത്തുകാരനാകുമെന്ന് ജനിച്ചുവീണ ദിവസം തന്നെ പിതാവിന്റെ പ്രവചനം കേട്ടുവളര്‍ന്ന കുട്ടിയുടെ കഥ പറയുന്ന മികച്ച നോവലാണ് ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ അനീസ് സലീമിന്റെ 'ദി സ്മാള്‍ ടൗണ്‍ സീ'. 

എഴുത്തുകാരനായിരുന്ന പിതാവിന്റെ പുസ്തകം തിരിച്ചയച്ച ലിറ്ററി ഏജന്റായ ജയിംസ് അണ്‍വിനിന് സ്വന്തം ജീവിതം കത്തുകളിലൂടെ എഴുതി അറിയിക്കുകയാണ് മകന്‍. പേരില്ലാത്ത കടലോരദേശത്തിലൂടെയും പേരില്ലാത്ത ഏതാനും കഥാപാത്രങ്ങളിലൂടെയും വളരുന്ന നോവല്‍ നമ്മെ ജീവിതമെന്തെന്ന് കാണിച്ചുതരുന്നു. പിതാവിന്റെയും പുത്രന്റെയും സവിശേഷമായ ബന്ധവും അതിന്റെ സാമുഹ്യതലങ്ങളും അടരുകള്‍ വിടര്‍ത്തി കാണിച്ചു തരുന്ന കൃതി കൂടിയാണിത്. പതിമൂന്നുകാരനായ കുട്ടി കാണുന്ന ലോകം മുതിര്‍ന്നുപോയവര്‍ക്ക് കാണാന്‍ കഴിയാതെ പോയ ലോകമാണ്. അമേരിക്കന്‍ എഴുത്തുകാരനായ ജെ.ഡി. സാലിഞ്ജറുടെ 'ദി ക്യാച്ചര്‍ ഇന്‍ ദ റൈ' എന്ന നോവലിനെയും ഇ.എം. ഫോസ്റ്ററുടെ 'ഏ പാസേജ് ടു ഇന്ത്യ' എന്ന നോവലിനെയും ഓര്‍മിപ്പിക്കുന്ന മികച്ച രചനയെന്ന് വായനാലോകം വാഴ്ത്തിയ ഈ കൃതി പിതാവിനെ സ്നേഹിക്കുന്ന ഏതൊരു കുട്ടിക്കും ഒരു നിധിയായിരിക്കും. 

വിസ്മരിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് ഒരു സെമിത്തേരി എന്ന ആശയമാണ് എന്നെ ഈ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചതെന്ന് എം.ടി. വാസുദേവന്‍ നായര്‍ വിലയിരുത്തിയിട്ടുള്ള പുസ്തകമാണ് 'ഷാഡോ ഓഫ് ദി വിന്‍ഡ്'. 1964 -ല്‍ സ്പെയിനിലെ ബാഴ്​സലോണയില്‍ ജനിച്ച സ്പാനീഷ് നോവലിസ്റ്റ് 2001 -ല്‍ എഴുതിയ നോവലാണ് കാറ്റിന്റെ നിഴല്‍. ബാഴ്​സലോണയിലെ പഴയ പുസ്തകങ്ങളുടെ നിഗൂഢമായ ശ്മശാനത്തില്‍നിന്നും അച്ഛനൊപ്പം വന്ന പത്തുവയസ്സുകാരനായ ഡാനിയേല്‍ സെംപയര്‍ വായിക്കാനെടുക്കുന്ന പുസ്തകമാണ് ജൂലിയന്‍ കറക്സിന്റെ ദി ഷാഡോ ഓഫ് ദി വിന്റ്. 

''ഒരു വായനശാല ഇല്ലാതാകുമ്പോള്‍, ഒരു പുസ്തകക്കട അടച്ചുപൂട്ടുമ്പോള്‍, ഏതെങ്കിലും ഒരു പുസ്തകം മറവിയിലേക്ക് തള്ളിമാറ്റപ്പെടുമ്പോള്‍, ഈ സ്ഥലത്തെക്കുറിച്ച് അറിയാവുന്ന ഞങ്ങളില്‍ ചിലര്‍ ആ പുസ്തകങ്ങളെല്ലാം എങ്ങനെയെങ്കിലും ഇവിടെ എത്തിക്കുന്നു. അതായത് വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ ശവപ്പറമ്പിലേക്ക്.'' 
നോവലില്‍ ഡാനിയേലിനോട് അവന്റെ അച്ഛന്‍ പറയുന്നതാണിത്. ഷാഡോ ഓഫ് ദി വിന്‍ഡിലെ സുപ്രധാനമായ കഥാപാത്രമാണ് മഴയുള്ള രാത്രിയില്‍ ഡാനിയേലിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഫെര്‍മിന്‍ റോമേരോ ഡി ടോറെസ്. ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ട്. അതിങ്ങനെയാണ്. 

''നല്ലൊരു അച്ഛനാവാന്‍ വേണ്ട യോഗ്യത എനിക്കുണ്ടോ..? മനസ്സും ബുദ്ധിയും പ്രാണനുമുള്ള ഒരച്ഛന്‍. മകന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിയണം. അവനെ അര്‍ഹിക്കുന്ന ആദരവോടെ കാണാന്‍ കഴിയണം. സ്വന്തം കുറ്റങ്ങളും കുറവുകളും മകനില്‍ കെട്ടിവയ്ക്കുന്ന ഒരച്ഛനാവരുത്. ഒരു കുഞ്ഞിന് അച്ഛനെന്ന നിലയില്‍ സ്നേഹമുണ്ടായിരിക്കും. എന്നാല്‍ ഒരു വ്യക്തി എന്ന നിലയിലും അവന് സ്വന്തം അച്ഛനോട് മതിപ്പ് തോന്നണം.''

പിതൃ-പുത്രബന്ധത്തിന്റെ തുടര്‍ച്ച മനോഹരമായി സൃഷ്ടിച്ചുകൊണ്ടാണ് കാര്‍ലോസ് ലൂയിസ് സാഫോണിന്റെ നോവല്‍ സമാപിക്കുന്നതും. 1945 -ല്‍ ബാര്‍സിലോണയിലെ തെരുവുകളിലൂടെ പത്ത് വയസ്സ് പ്രായമുള്ള ഡാനിയേലിനെയും കൂട്ടി അവന്റെ അച്ഛന്‍ നടക്കുന്നിടത്ത് നോവലാരംഭിക്കുന്നു. 1966 -ല്‍ പത്ത് വയസ്സുള്ള ജൂലിയന്‍ എന്ന മകന്റെ കൈയും പിടിച്ച് ബാര്‍സിലോണയുടെ തെരുവുകളിലൂടെ ഡാനിയേല്‍ നടക്കുന്നിടത്ത് നോവല്‍ സമാപിക്കുന്നു. 

സാഹിത്യത്തെയും കലയെയും പരിശോധിക്കുമ്പോള്‍ ഒരുകാര്യം ആഴത്തില്‍ മനസ്സിലാകും. മനുഷ്യാനുഭവങ്ങളില്‍ പ്രകാശം വീഴ്ത്തുന്നതുതന്നെയാണ് കലാപ്രവര്‍ത്തനം. ആ പ്രകാശം അനുവാചകന്റെ മനസ്സിലേക്ക് പ്രസരിക്കുമ്പോള്‍ വസ്തുക്കളെയും വസ്തുതകളെയും അവയുടെ ഉണ്‍മയില്‍ത്തന്നെ കാണാന്‍ കഴിയും. അതുണ്ടാക്കുന്ന ഉന്മേഷം വായനക്കാരനെ പുതിയൊരാളാക്കിമാറ്റും.

എന്‍.എന്‍. പിള്ളയുടെ പ്രശസ്തമായ നാടകങ്ങളിലൊന്നാണ് 'മൗലികാവകാശം'. ഒന്‍പത് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പടനിലത്ത് പാപ്പന്‍ നാട്ടിലേക്ക് വരുന്നു. അയാള്‍ക്ക് ഭാര്യ മറിയാമ്മയും നാല് മക്കളുമുണ്ട്. മൂത്തമകനായ മാത്തുക്കുട്ടി മോട്ടോര്‍ മെക്കാനിക്കും മറ്റ് മൂന്ന് മക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ്. രണ്ടാമത്തെവള്‍ മോളി. മൂന്നാമന്‍ ജോണി, നാലാമത് അന്നക്കുട്ടി. സ്‌കൂളിലെ ഇരുചേരികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജോണിയും അന്നക്കുട്ടിയും. സ്‌കൂളില്‍ നിന്നും വീട്ടിലെത്തുന്ന ജോണിയും അന്നക്കുട്ടിയും പടനിലത്ത് പാപ്പന്‍ എന്ന പിതാവിന്റെ മുന്നില്‍ നിത്യവും വാക്പയറ്റ് നടത്തുന്നു. അത്ഭുതാദരങ്ങളോടെ ഈ വീര്യം കണ്ടുനില്‍ക്കേണ്ടി വരികയാണ് പിതാവിന്. സത്യന്‍ അന്തിക്കാട് ഒരുക്കി ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച 'സന്ദേശം' എന്ന സിനിമയുടെ പ്രമേയവുമായി അടുത്ത ബന്ധം തോന്നിപ്പിക്കുന്ന 'മൗലികാവകാശം' എന്ന നാടകം 'സന്ദേശ'ത്തിന് മുമ്പ് എഴുതപ്പെട്ടതാണ്. സന്ദേശത്തിലെപ്പോലെ എന്‍.എന്‍. പിള്ളയുടെ നാടകത്തിലും കാഴ്ചക്കാരനായും മധ്യസ്ഥനായും നിസ്സഹായനായും ഒടുക്കം മക്കളുടെ പോരാട്ടത്തിനിടയില്‍ ദുര്‍ബലനായും പരിണമിക്കുന്ന കഥാപാത്രമാണ് പാപ്പന്റേത്. 

ടി. പത്മനാഭന്‍ എഴുതിയ പ്രശസ്ത കഥയായ 'ഭോലാറാ'മില്‍ റിസര്‍വോയറിലെ ഗേറ്റ് കാവല്‍ക്കാരനായ ഭോലാറാം എന്ന ദലിത് വൃദ്ധന്റെ കഥയാണ് വിവരിക്കുന്നത്. ഭോലാറാമിന് ഭാര്യയെ നഷ്ടമാകുന്നതോടെ ഏകനായി മാറിയ മകന്‍ മാത്രമാകുന്നു അയാളുടെ ലോകം. പിതാവിന്റെ മുന്നോട്ടുള്ള ജീവിതമെന്നത് ഈ മകനുവേണ്ടിയാകുന്നു. മറ്റുള്ളവരുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് അമ്മ നഷ്ടപ്പെട്ട കുട്ടിയെ ഭോലാറാം പഠിപ്പിക്കാനയക്കുന്നു. അതിനെത്തുടര്‍ന്ന് മറ്റ് സമുദായാംഗങ്ങള്‍ ഭോലാറാമിനെ കുറ്റപ്പെടുത്തുന്നു. സമൂഹത്തിന്റെ ദുഷ്പ്രചരണങ്ങളും ഒറ്റപ്പെടുത്തലുകളും കുട്ടിയെ സമൂഹത്തില്‍ ഏകാകിയാക്കുന്നു. 

ഒരുനാള്‍ കുട്ടി കനാലിലെ വെള്ളത്തില്‍ മുങ്ങിമരിക്കുന്നു. മകന്റെ അകാലത്തിലുള്ള വിയോഗശേഷം ദുഃഖിച്ചു ജീവിക്കുന്ന ഭോലാറാമിന്റെ ജീവിതാന്ത്യമാണ് കഥ. ദലിത് അവസ്ഥകള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുമുമ്പേ രചിക്കപ്പെട്ട കഥയാണ് ഭോലാറാം. ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവ്, മകന്‍ നഷ്ടപ്പെട്ട പിതാവ്, ലോകത്തിനുമുന്നില്‍ മകന്റെ ഉന്നമനത്തിനായി ഇറങ്ങിത്തിരിച്ചിട്ട് അപഹാസ്യനാകേണ്ടിവരുന്ന പിതാവ്... ഇങ്ങനെ പലനിലകളില്‍ കോര്‍ത്തെടുക്കപ്പെട്ടിട്ടുള്ള ഭോലാറാം എന്ന കഥ, പിതാവിന്റെയും പുത്രന്റെയും അനിഷേധ്യമായ ബന്ധത്തിന്റെ ആഴം കാണിച്ചുതരുന്നു. 

അമ്മയുടെ കാലശേഷം വീട് സ്വര്‍ഗമായി നിലനിര്‍ത്താന്‍ പാടുപെടുന്ന അച്ഛന്റെ വ്യഥ 'അച്ഛന്‍' എന്ന കഥയില്‍ വായിക്കാം. ഭാര്യ മരിച്ചിട്ടും ഏകമകള്‍ക്കുവേണ്ടി പുനര്‍വിവാഹം ചെയ്യാതിരിക്കുന്ന അച്ഛന്‍ മകളുടെ ഭാവിയിലൂടെ തന്റെ ഉത്തരവാദിത്തം പൂര്‍ണമാക്കി ലോകത്തുനിന്നും മടങ്ങാനാഗ്രഹിക്കുന്നു. മകളെയും മരുമകനെയും കരുതലോടെ സംരക്ഷിക്കുന്ന അച്ഛന്‍ ഭാവിയിലേക്ക് സദാ നോക്കിയിരിക്കുന്നു. ഭാര്യാപിതാവിന്റെ കരുതലുള്ള ഉപദേശം മനസ്സാ സ്വീകരിക്കുന്ന മരുമകനിലൂടെ മകളുടെ സ്വച്ഛന്ദമായ ഭാവി അച്ഛന്‍ ഉറപ്പുവരുത്തുന്നു. ചേതോഹരമായ കഥയാണ് ടി. പത്മനാഭന്റെ അച്ഛന്‍. 

രോഗം മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന കഷ്ടതയാണ്. രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചുതുടങ്ങുന്നതോടെ മനുഷ്യന്റെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും മൂര്‍ത്തത കൈവരുന്നു. ദാമ്പത്യമെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിലും പങ്കാളികളിലൊരാളുടെ രോഗം സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഇത് സാഹിത്യത്തില്‍ ആഴമേറിയ പ്രമേയമായി ഭവിക്കാറുമുണ്ട്. ലോകമെങ്ങും. 

ടി. പത്മനാഭന്റെ 'വീട് നഷ്ടപ്പെട്ടവര്‍' എന്ന കഥയിലും രോഗിണിയായ ഭാര്യയെ അവഗണിക്കുകയും അതുവഴി മക്കളുടെ സന്തോഷം തല്ലിക്കെടുത്തിക്കളയുകയും ചെയ്യുന്ന ഭര്‍ത്താവിനെ / അച്ഛനെ കാണാം. കഥയിലെ ഭര്‍ത്താവ്/അച്ഛന്‍ വല്ലാത്തൊരു ക്രൂരനാണെന്ന സൂചന എങ്ങുമില്ല. എങ്കിലും അയാള്‍ ദുഃഖിതനാണ്. അയാള്‍ക്ക് മക്കളെ സ്നേഹിക്കണമെന്നുണ്ട്. എന്നാല്‍ വീട്ടില്‍ മനോരോഗിയായി കഴിയുന്ന ഉന്മേഷമില്ലാത്ത ഭാര്യ അയാളെ ഉത്തരവാദിത്തത്തില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റുന്നു. അതില്‍ തീര്‍ച്ചയായും ഭാര്യ/അമ്മ വേദനിക്കുന്നുണ്ട്. ആ വേദന പക്ഷേ അവരുടെ രോഗവുമായി കലര്‍ന്നുപോകുന്നതിനാല്‍ അത് പുറത്തേക്ക് വലിയൊരളവില്‍ പടരുന്നില്ല. എന്നാല്‍ ഭര്‍ത്താവ് എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും കഥയിലെ 'അച്ഛന്‍' അനുഭവിക്കുന്ന വേദന പുറത്തേക്കും അകത്തേക്കും വശങ്ങളിലേക്കും പടരുന്നതാണ്. അതാണ് മക്കളെ ദൈന്യത്തിലാക്കുന്നതും. 

സുനന്ദയുടെ അച്ഛന്‍ വൃദ്ധനാണ്. ഒരുകാലത്ത് നല്ലനിലയില്‍, നല്ല ഉദ്യോഗത്തില്‍, പേരും പെരുമയുമായി ജീവിച്ച ആളാണ്. സുനന്ദയുടെ അമ്മയും ഒരുകാലത്ത് പൊട്ടിച്ചിരിച്ച് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നഗരത്തിരക്കുകളില്‍ ഉല്ലാസത്തോടെ ജീവിച്ചിരുന്നവരാണ്. ഇപ്പോള്‍ വാര്‍ദ്ധക്യവും നിരാലംബതയും നിരാശകളും നഷ്ടബോധങ്ങളും ഇരുവരെയും ഓരോ തുരുത്തിലാക്കിയിരിക്കുന്നു. അതിനിടയില്‍ അച്ഛന് മറവിരോഗം കൂടി ബാധിച്ചു. അതോടെ അച്ഛനും അമ്മയ്ക്കും ഇടയില്‍ തപിക്കുന്ന കാലുകള്‍ വലിച്ച് അങ്ങുമിങ്ങും ഓടുന്ന മകളായി സുനന്ദ. 'സുനന്ദയുടെ അച്ഛന്‍' എന്ന കഥയിലെ അച്ഛന്‍ ഇങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

placeholder
ചിത്രീകരണം: മദനന്‍
ചിത്രീകരണം: മദനന്‍

''സുനന്ദ ധൃതിയില്‍ നടന്നു. ഉച്ചയായതുകൊണ്ട് വഴിയില്‍ ആളുകള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. വെയിലിന്റെ ചൂട് ഗണ്യമാക്കാതെ അവള്‍ നടന്നു. ഉള്ളില്‍ അച്ഛനുണ്ടായിരുന്നു.'' 
ജീവശാസ്ത്രപരമായി അച്ഛനല്ലാതിരിക്കെത്തന്നെ അച്ഛന്റെ ദുഃഖം ആവോളം അനുഭവിക്കുന്ന പുരുഷകഥാപാത്രങ്ങളെ ടി. പത്മനാഭന്റെ കഥാലോകത്ത് പലദിക്കിലും കാണാം. അത് മനുഷ്യരെയും ഭേദിച്ച് മൃഗങ്ങളിലേക്കും പക്ഷികളിലേക്കും കടന്നുചെന്ന് മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്റെ കാണാപ്പുറങ്ങള്‍ കൂടി ഉറപ്പിക്കുന്നു. 

ഇങ്ങനെ ബന്ധത്താല്‍ ദൃഢമാക്കപ്പെട്ട വേറൊരു അച്ഛനും മലയാളകഥാസാഹിത്യത്തിലുണ്ട്. അത് എം. സുകുമാരന്‍ എഴുതിയ 'പിതൃതര്‍പ്പണം' എന്ന നീണ്ട കഥയിലാണ്. രാഷ്ട്രീയവിശ്വാസങ്ങളും പ്രസ്ഥാനത്തോടുള്ള സമര്‍പ്പണവും പിന്നീട് പ്രസ്ഥാനത്തിലും കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും സംഭവിച്ച ശൈഥില്യങ്ങളും പിതൃതര്‍പ്പണത്തിലെ പിതാവിനെ ആത്മഹത്യയിലേക്ക് നയിക്കുന്നു. 

മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയുടെ 'അച്ഛന് ഒരു മകന്‍' എന്ന കഥയില്‍ അച്ഛനെ വിവരിക്കുന്നത് ഇങ്ങനെയാണ്. 
''അത്ഭുതം തോന്നി. അച്ഛന് എങ്ങനെയാണ് ഇത്ര കൃത്യമായി പറഞ്ഞുതരാന്‍ കഴിയുന്നത്. ഓഫീസര്‍ പറയുന്ന വാക്കുകളും കാട്ടുന്ന അഭിനയവും അച്ഛന്‍ വിശദീകരിച്ചു തന്നത് കിറുകൃത്യം.'' 

ഇതുവരെ പരിചയപ്പെടുത്തിയ കൃതികളിലെ അച്ഛന്മാരില്‍നിന്നും വ്യത്യസ്തനാണ് 'അച്ഛന് ഒരു മകന്‍' എന്ന കഥയിലെ അച്ഛന്‍. അയാള്‍ മകന് ഉപദേശിച്ചു കൊടുക്കുന്നത് നല്ല കാര്യങ്ങളല്ലെന്നത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. പക്ഷേ വ്യവസ്ഥിതി കാര്യമായി ദുഷിച്ചുകഴിഞ്ഞ ഒരു സമൂഹത്തില്‍ കാര്യപ്രാപ്തിയോടെ നിലനില്‍ക്കേണ്ടതെങ്ങനെയെന്ന് ജീവിതപരിചയമുള്ള അച്ഛന്‍ ഉപദേശിച്ചുകൊടുക്കുകയാണ്. ഒന്നാലോചിച്ചാല്‍ ഇതുതന്നെയല്ലേ എല്ലാ പിതാക്കന്മാരും മക്കളോട് ചെയ്യുന്നത്. ചിലര്‍ നല്ലതാവാന്‍ വഴി കാണിക്കുന്നു. മറ്റുചിലര്‍ പിഴച്ചുപോകാതിരിക്കാനും. ഇനി ചിലര്‍ സാമര്‍ത്ഥ്യത്തോടെ മുന്നേറുന്നതിനുള്ള വഴികളും. ജോലിയിലും സമൂഹത്തിലും ഉദ്യോഗവൃന്ദത്തിലും കൈക്കൂലി വാങ്ങിയും നയം നോക്കിയും രാഷ്ട്രീയം നോക്കിയും എങ്ങനെ സ്വന്തം ചുവടുറപ്പിക്കാം എന്ന് മകന് ഉപദേശം കൊടുക്കുന്ന അച്ഛന്‍ അപരിചിതനല്ല ആര്‍ക്കും. കഥ മനുഷ്യജീവിതത്തിന്റെ കണ്ണാടി തന്നെയാകുന്നു. 

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ തന്നെ പ്രശസ്തമായ 'മൂന്നാമതൊരാള്‍' എന്ന കഥയിലെ അച്ഛന്‍ ഈ കഥയിലെ അച്ഛന്റെ വിപരീതദിശയില്‍ ചരിക്കുന്നയാളാണ്. അത് മനുഷ്യവംശത്തെ നിലനിര്‍ത്തുന്ന സ്ത്രീയിലേക്കും ദാമ്പത്യത്തിന്റെ ഇഴ മുറുകിയ ബന്ധത്തിലേക്കും അതിന്റെ നഷ്ടങ്ങളിലേക്കും കടന്നുചെല്ലുന്നു. ഇവിടെ അച്ഛനും മകനും മാത്രമേയുള്ളൂ പ്രത്യക്ഷത്തില്‍. എന്നാല്‍ അദൃശ്യ സ്ഥിരസാന്നിധ്യമായി അമ്മ കഥയിലുടനീളം അച്ഛന്റെ ഓര്‍മകളിലൂടെ നനുത്ത് നിറയുന്നു. 
''ഇരിങ്ങാലക്കുടയില്‍നിന്ന് അവസാനത്തെ ബസേ തരപ്പെട്ടുള്ളൂ. അതുകൊണ്ട് ആലിന്‍ ചോട്ടില്‍ ബസിറങ്ങുമ്പോഴേക്കും അന്തി കരുവാളിച്ചുകഴിഞ്ഞിരുന്നു. 
തണുത്ത് വിറങ്ങലിച്ചുപോയ ഇരുട്ട് വീണു കിടക്കുന്ന വഴി. 
ഉണ്ണീ, കാലുയര്‍ത്തിവച്ച് നടക്കണേ.. ഇല്ലെങ്കില്‍ എരടി പൊട്ടും. 
ഞാനവനെ എന്നോട് ചേര്‍ത്തുപിടിച്ച് നടന്നു. ആകാശത്തിന്റെ കണ്ണുപോലും ഇരുട്ടുകെട്ടിയിരിക്കുന്നു. 
അച്ഛാ, ഒരു ചൂട്ട് വാങ്ങായിരുന്നു.'' 

ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. അമ്മയില്ലാത്ത കുട്ടിയെയും കൂട്ടി ഇരുട്ടത്ത് നടക്കുന്ന അച്ഛന്റെ ചിത്രമാണിത്. വല്ലാത്തൊരു വിങ്ങലും ഏകാന്തതയും ഒറ്റപ്പെടലും ദുഃഖവും അച്ഛന്റെ ഓരോ ചുവടുവയ്പ്പിലുമുണ്ട്. അത് ഇണയുടെ നഷ്ടത്തിലേക്കും അതിലൂടെ സംഭവിക്കുന്ന ജീവിതത്തിന്റെ വ്യര്‍ത്ഥതയിലേക്കും ആ വ്യര്‍ത്ഥതയെ അതിജീവിക്കാന്‍ പ്രേരണയാകുന്ന മകനിലേക്കും സമസ്യയായി പരിണമിക്കുന്നു. 

''തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടിച്ചവിട്ടി ഞങ്ങള്‍ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കേ ഒരു കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലില്‍ ചെരുപ്പ് ഉരയുന്നപോലെ. ഞങ്ങളോടൊപ്പം ആ കാലടിശബ്ദം നടക്കുന്നപോലെ.'' 
വല്ലാത്തൊരു നെഞ്ചു പിടപ്പോടെയല്ലാതെ ഭാര്യയുടെ മരണശേഷം ഭാര്യയുടെ വീട്ടിലേക്ക് മകനെയും കൂട്ടിച്ചെല്ലുന്ന ഈ അച്ഛന്റെ കഥ വായിച്ചുതീര്‍ക്കാനാവില്ല. മലയാളത്തിലെ മികച്ച കഥകളിലൊന്നാണ് മൂന്നാമതൊരാള്‍. 

അച്ഛനെ പലവിധത്തില്‍ ആവിഷ്‌കരിക്കുന്ന സാഹിത്യത്തില്‍ വേറിട്ട നിലയില്‍ മക്കളുടെ ജീവിതത്തില്‍ ഇടപെടുന്ന അച്ഛന്മാരെയും കാണാന്‍ സാധിക്കും. സി.വി. ബാലകൃഷ്ണന്റെ 'മക്കള്‍' എന്ന കഥയിലെ അച്ഛനെ നോക്കൂ. 
''അച്ഛന്റെ വരവ് കാത്ത് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ ഇരുന്നു.'' 
ഇങ്ങനെയാണ് കഥയാരംഭിക്കുന്നത്. ഈ കഥയിലെ അച്ഛന്‍ കാര്‍ക്കശക്കാരനാണ്. ജീവിതത്തില്‍ വിജയം വരിക്കേണ്ടതെങ്ങനെയെന്ന് വാ തോരാതെ മക്കളോട് പറയുന്നൊരാള്‍. അല്ലെങ്കില്‍ അവധിക്കു വരുമ്പോള്‍ അതുമാത്രം പറയാനായി മക്കള്‍ക്കുമുന്നില്‍ വാ തുറക്കുന്നൊരാള്‍. മക്കളെന്നാല്‍ ആറുപേരുണ്ട്. അതിലെ മുതിര്‍ന്ന രണ്ടാണ്‍കുട്ടികളാണ് അച്ഛനെക്കുറിച്ച് വിവരിക്കുന്നത്. അച്ഛന്റെ സ്വഭാവമെന്തായിരുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് കഥയിലെ ആറുമക്കള്‍. അതിനിടയില്‍ പിടഞ്ഞുജീവിക്കുന്ന അമ്മ ഒരു ദിനം മരിച്ചുപോകുന്നു. അച്ഛന്‍ കൊന്നതാണ് അമ്മയെ എന്ന് കഥയിലെ മൂത്തമകന്‍ താഴെയുള്ള അനിയനോട് പറയുന്നു. എങ്ങനെയാണ് അച്ഛന്‍ അമ്മയെ കൊന്നത്? 
''സ്നേഹിക്കാതെ... ഒരിറ്റു സ്നേഹം പോലും കൊടുക്കാതെ...ഒരു നല്ല വാക്കുപോലും പറയാതെ... ഞാനിത് ഒരു ദിവസം അച്ഛനോട് പറയും... ഉറക്കെ, മുഖത്തുനോക്കി..'' 

placeholder
സി.വി. ബാലകൃഷ്ണന്‍
സി.വി. ബാലകൃഷ്ണന്‍

കുടുംബത്തിന്റെ അധികാരം തന്റെ കാര്‍ക്കശ്യത്തിലാണിരിക്കുന്നതെന്നും സമ്പൂര്‍ണമായ പുരുഷമേധാവിത്വമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞുറപ്പിക്കുന്ന അച്ഛന്‍ ലോകത്തെവിടെയും മക്കളുടെ പേടിസ്വപ്നമായി മാറുന്നത് നാം ഒട്ടേറെയിടങ്ങളില്‍ കാണുന്നുണ്ട്. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. അമ്മ സ്നേഹത്തിന്റെയും സഹനത്തിന്റെയും രക്തസാക്ഷിയായി ചിതയിലൊടുങ്ങുന്നു. മക്കള്‍ അത് തിരിച്ചറിയുന്നു. പക്ഷേ വിറയലാര്‍ന്ന സ്വരത്തില്‍ അമ്മയുടെ അശരീരി ശബ്ദം മക്കള്‍ കേള്‍ക്കുന്നു. 
''അരുത് മക്കളേ... അരുത്... അരുത്... അരുത്...'' 

ജീവിതത്തില്‍ ഒരച്ഛന്‍ എന്നാലെന്തായിരിക്കണം? ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളായിരിക്കാം. സാഹിത്യത്തില്‍ നമ്മള്‍ പലതരം അച്ഛന്മാരെ കണ്ടുമുട്ടുന്നു. വായിച്ചു വളരുന്ന കുട്ടി അച്ഛനാകുമ്പോള്‍ വായന അവനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അവന്‍ വായിച്ച കഥാപാത്രങ്ങളുടെ സ്വാധീനം കൂടി അവന്റെ മക്കളുടെ ജീവിതത്തിലുണ്ടാകും. 
ഞാന്‍ വായിക്കുന്ന പുസ്തകങ്ങളിലെ പിതൃബിംബങ്ങള്‍ ഞാന്‍ കണ്ടുമുട്ടുന്ന ഓരോ പിതാക്കന്മാരെക്കുറിച്ചും ഓര്‍മിക്കാന്‍ എന്നെ പ്രേരിപ്പിക്കാറുണ്ട്. തെറ്റുകുറ്റങ്ങളോ നന്മതിന്മകളോ കണ്ടെത്താനല്ല അവ സഹായിക്കുന്നത്. നേരെ മറിച്ച് ഓരോ പിതാവും ജീവിതത്തിലും അതുവഴി സാഹിത്യത്തിലും ഏതുവിധത്തില്‍ അടയാളപ്പെടുന്നു എന്നന്വേഷിക്കാനാണ്. ഓരോ ആണ്‍കുട്ടിയും പിതാവാകാന്‍ വിധിക്കപ്പെട്ട് പിറന്നുവീഴുകയും അത് സാധ്യമായോ സാധ്യമാകാതെയോ മരിച്ചുപോകുകയും ചെയ്യുന്നിടത്ത് ഗ്രന്ഥങ്ങളിലെ അച്ഛന്മാര്‍ ചിരഞ്ജീവികളായി മാറുന്നത് ഞാനറിയുന്നു.