എഴുത്തച്ഛന്‍പുരസ്കാരം നേടിയ മേതില്‍ രാധാകൃഷ്ണന്റെ രചനാലോകത്തെ സാഹിത്യ നിരൂപകനായ സജയ്. കെ.വി നോക്കിക്കാണുന്നു

'ആകത്തുകകളിലേ നിങ്ങൾക്കുകഴിയൂ അർത്ഥങ്ങളറിയാൻ;
അംശങ്ങളുടെയും ശിഷ്ടങ്ങളുടെയും കവി ഞാൻ,
സൂക്ഷ്മങ്ങളുടെയും വിശദാംശങ്ങളുടെയും കവി ഞാൻ...' എന്ന് 'ദൈവത്തിന്റെ ഫോസിൽ' എന്ന കവിതയിൽ മേതിൽ എഴുതുന്നുണ്ട്. മേതിൽക്കവിതകളിലെ അംശങ്ങളിലും ശിഷ്ടങ്ങളിലുമാണ് വായനക്കാർ അഭിരമിക്കുന്നത്.
'വാൻഗോഗിന്റെ ചെവി' എന്ന കവിതയിലെ ഈ അവസാനവരികളിൽ ആദ്യത്തെ രണ്ടുവരികൾക്ക് ലേഖനഗദ്യത്തോട് അടുത്തുനിൽക്കുന്ന നിർജലീകരിക്കപ്പെട്ട നിസ്സംഗഭാവമാണുള്ളതെങ്കിൽ അതിനെത്തുടർന്നുവരുന്ന വരികളിൽ കവിതയുടെ ഒരു വെള്ളച്ചാട്ടംതന്നെ ദൃശ്യമാകുന്നു. ആ വരികൾ ഇങ്ങനെ:
'എന്നെ സംബന്ധിച്ചിടത്തോളം, എല്ലാറ്റിലുമുപരി
വിൻസന്റ് വാൻഗോക്കിന്റെ നേട്ടം ഇതായിരുന്നു:
മഞ്ഞയെ-നിറങ്ങളിൽവെച്ച് കാട്ടുകുതിരയായ മഞ്ഞയെ-
അദ്ദേഹം മെരുക്കിയെടുത്തു!'
വാൻഗോഗിന്റെ മഞ്ഞയ്ക്ക് അത്യപൂർവമായ ഒരുതരം ദൃശ്യത സമ്മാനിക്കുന്നുണ്ട്, നിറങ്ങളിൽ കാട്ടുകുതിരയായ മഞ്ഞ എന്ന ആ കല്പന. മെരുങ്ങാത്ത അശ്വപേശികളുള്ള, കുതിക്കുന്ന, കുതറുന്ന മഞ്ഞ. അതിനെ കാൻവാസിൽ മെരുക്കിയടക്കി ആ സൂര്യമൃഗ(solar animal)ത്തിനുമേൽ സവാരിചെയ്യുന്ന വന്യനായ വാൻഗോഗ്. ഇത്രയും ഇതിലുമേറെയും ഭാവനചെയ്യാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. അതാണ് ഈ മേതിലിയൻ കവിതാവരിയുടെ സാഫല്യം.
'കല്ലിൽ ഒരു കവാടം' എന്ന കവിതയിലേതാണ് ഈ വരികൾ:
'കല്ലിനുള്ളിൽ ഒരു ദേവാലയമുണ്ട്-
മണിയൊച്ച പുറത്തുവരുന്നതേയില്ല'
'ഞാൻ കല്ലിനോടുരിയാടിയപ്പോൾ അതൊരു മണിപോലെ മുഴങ്ങി' (When I spoke to the stone, it rang like a bell) എന്ന് നെരൂദ. ഇവിടെ ആ ക്രമം തിരിച്ചിടപ്പെട്ടിരിക്കുന്നു. കല്ലിനുള്ളിലാണ് ദേവാലയം. അവിടെ ആരാധന നടക്കുകയും ആളുകൾ ശിരസ്സുകുനിക്കുകയും ധൂപക്കൂട്ടുകളുടെ മണമുയരുകയും മണി മുഴങ്ങുകയുംചെയ്യുന്നു. ഒന്നും പുറത്തുവരുന്നില്ല. എന്തൊരു ഗംഭീരദേവാലയത്തെയാണ് ഗൂഹനം ചെയ്യുന്നത് ഓരോ കല്ലും!
'ഹരിതവും സ്വർണ്ണവും' എന്ന കവിതയുടെ ഒടുവിലാണ് ഈ വരികളുള്ളത്:
'ഒരു ചിതയുടെ സ്വർണ്ണത്തിൽ നാം ആളിക്കത്തുന്നു-
എത്ര ക്രൂരമായ ധൂർത്ത്!' ശരത്കാലത്തെ ഇലകൾക്ക് മരണം മഞ്ഞലോഹത്തിന്റെ ദീപ്തവർണം നൽകുന്നു എന്നതിനാലോ അടർന്നുവീഴുന്ന പഴുത്ത പ്ലാവിലകളെ നോക്കി ധ്യാനിച്ചതിനാലോ ആവണം മരണവും സ്വർണവും തമ്മിലുള്ള ഈ ആകസ്മികമായ ചേർപ്പ്. 'Nothing gold can stay' എന്ന ഫ്രോസ്റ്റിന്റെ മനോഹരമായ കാവ്യവരിയുമുണ്ട്. അഗ്‌നി ഹിരണ്യരേതസ്സായതിനാലാവാം അതിനെ കവി ചിതത്തീയുമായിണക്കുന്നത്. അതെന്തായാലും ആകസ്മികമായവയുടെ ഈ ഒത്തിരിപ്പിൽ കവിതയുടെ തീയാളുന്നു, അത്യുജ്ജ്വലമായി!
'മലർത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ കുളം പിടയ്ക്കുന്നു' എന്ന വരിയിലാണ്, 'കുളം' എന്ന കവിത വിസ്മയനീയമായ ഒരു കാവ്യാനുഭവമായിമാറി, അതിന്റെ ആകാശോന്മുഖമായ രജതദർപ്പണം നിവർത്തിക്കാട്ടുന്നത്.
കഥകളിലും ശില്പസങ്കീർണത
കവിതയെന്നപോലെ ശില്പസങ്കീർണതയാൽ വശീകരിക്കുന്നവയാണ് മേതിലിന്റെ കഥകളും. കാല്പനിക കഥാകാരന്മാരിൽ ഭാവഗീതതുല്യമായ ഒറ്റത്തന്ത്രിയുടെ മീട്ടലായിരുന്നത് ഒരോർക്കസ്ട്ര പോലെ ധ്വനിമുഖരമായി മാറി മേതിലിൽ. ആഖ്യാനാംശങ്ങളുടെ ഒട്ടേറെ തന്തുക്കളാണ്, ശതതന്ത്രിയായ ഒരു വിപഞ്ചിയിലെന്നോണം, കെട്ടുപിണയുന്നത് മേതിലിൽ. 'ഉടൽ ഒരു ചൂഴ്‌നില' എന്ന കഥയിൽ കോകില എന്നവൾ, നച്ചിലൻ എന്ന പുതുപ്പണക്കാരനാൽ കന്യത്വം കവർന്നെടുക്കപ്പെട്ടവൾ, വിൽക്കുന്നത് 'വിർഗോ' സോപ്പാണ് എന്നതിലെ ധ്വനിപോലെ സൂക്ഷ്മമാണത്. 'സംഗീതം ഒരു സമയകലയാണ്' എന്ന കഥയിലെ ആ തകർപ്പൻ ട്വിസ്റ്റു പോലൊന്ന്, പ്ലേഗും പൈഡ്‌പൈപ്പറും ഒരാളാകുന്നത്,
മേതിലിൽമാത്രം, ഒരുപക്ഷേ, സംഭവിക്കുന്നത്! ഡിലൻ തോമസിന്റെ പന്തും തന്റെ കയററ്റത്തുനിന്ന് പിന്നീടൊരിക്കലും താഴെ വരാത്ത പുലവന്റെ തിരോധാനവും തമ്മിൽ അന്വയിക്കാനും ഇത്തരമൊരു മേതിലിയൻ മനോവേഗത്തിനുമാത്രമേ സാധിക്കൂ.
അപസർപ്പകാഖ്യാനത്തിന്റെ ചില പരിശിഷ്ടങ്ങൾ-vestiges- കാണാം മേതിലിന്റെ പല കഥയിലും. 'തൂങ്ങിക്കിടക്കുന്ന റിസീവറി'ന്റെ തുടക്കം അത്തരത്തിലൊന്നാണ്. അവിടെനിന്ന് അത് പടർന്നെത്തുന്ന ദിശകളും ഇടങ്ങളും അത്രമേൽ അവിചാരിതവും.
മേതിലെഴുത്തിന്റെ ചാരുതയാൽക്കൂടിയാണ് ആ കഥകൾ കഥനത്തിന്റെ കാഴ്ചബംഗ്‌ളാവുകളായി മാറുന്നത്. കഥനമാണ് പ്രധാനം, കഥയെക്കാൾ എന്ന് മേതിൽ മലയാളിയെ ശീലിപ്പിച്ചു.
'കുമ്പസാരം കഴിഞ്ഞ ഓന്തിനെപ്പോലെ സ്വപ്നം നിറങ്ങളുപേക്ഷിക്കാൻ തുടങ്ങി' (വരമ്പിൽ ഒരു കൊറ്റി), 'ചോരയ്ക്കുമാത്രം നിറമുള്ള ഭൂദൃശ്യത്തിൽ സ്വപ്നങ്ങൾക്കുമാത്രം നടപ്പാക്കാൻ കഴിയുന്നൊരു ഭീതി വിങ്ങിനിന്നിരുന്നു'(അതേ കഥ) എന്നിങ്ങനെ മേതിലിൽ നമ്മൾ വായിക്കുന്നു. ഏതിലയിൽ കടിച്ചാലും മദിപ്പിക്കുന്ന മേതിൽലഹരി പകരുന്ന ഒരുദ്യാനത്തിലാണ് ആ കഥകളുടെയും നോവലിന്റെയും വായനക്കാർ. മധുരിക്കുന്ന മേതിലില (അതൊരു കഞ്ചാവിലയാണെന്ന് സുഭാഷ് ചന്ദ്രൻ!) ഒരിക്കൽ കടിച്ച മേഷക്കിടാവിന് മറ്റിലകൾ ചവർക്കുന്നതിനും അതാവാം കാരണം. 'പേടിയുടെ വാലുള്ളൊരു കൊള്ളിമീനിന്റെ ആവേശത്തിൽ ആ പന്തുമായി ഞാൻ പാഞ്ഞു'(കയറിന്റെ അറ്റം)- ഇത്തരമൊരു പാച്ചിൽ മറ്റെവിടെ കാണാനാവും മലയാളിക്ക്? കൊറ്റിയുടെ പറത്തവും പിന്നീടുള്ള, വരമ്പിലെ ഇരുത്തവും തായമ്പകയും അതിന്റെ കലാശവുമായാണ് ബിംബപ്പെടുന്നത് മേതിലിന്റെ എഴുത്തിൽ(വരമ്പിൽ ഒരു കൊറ്റി).
'കൊറ്റി വരമ്പിൽ ഇറങ്ങിനിന്ന് ഒരു കാൽ പിൻവലിക്കുമ്പോൾ ചെണ്ടക്കോൽ പിൻവാങ്ങുന്നു. മനസ്സിൽ ഉത്സവം നിലച്ച് മൗനം വാഴുന്നു. ഇരമ്പംനിന്ന് വീണ്ടും തുകലായ ഒച്ചയുടെ മൃഗംപോലെ ഭൂദൃശ്യങ്ങൾ ചലനമറ്റ് കിടക്കുന്നു.'
ആകസ്മിക സംയോഗങ്ങൾ
'സൂര്യവംശം'(1970) എന്ന ആധുനികതയുടെ ആ ഉച്ചസൂര്യനിലും കാണാം ഭാഷയുടെയും ഭാവനയുടെയും ഇത്തരം ആകസ്മിക സംയോഗങ്ങൾ. സൂര്യവംശം എന്നാൽ രാമന്റെയും ദശരഥന്റെയും രാജവംശമാണെന്നുകൂടി, മലയാളി വിസ്മരിച്ചത് ഈ നോവൽ വായിച്ചതോടെയാണ്. അതോടെ അത്, പ്രസാദും ചക്രപാണിയും യമുനയും ഗംഗയും ജയദേവനും ചുറ്റിക്കറങ്ങുന്ന ഭ്രമണപഥങ്ങളുള്ള ഒരു സൗരയൂഥമായും അവരുടെ വംശനാമമായും മാറി. ഡെഡ്ലി നൈറ്റ് ഷേഡ് എന്ന വിഷച്ചെടിയുടെ കായും ചക്രപാണിയും മായയും യമുനയും പ്രസാദും തമ്മിലെന്ത്, എന്നറിയണമെങ്കിൽ ഈ പ്രഹേളികാതുല്യമായ നോവൽ വായിച്ചാൽ മതി. യമുനയും യമനും സൂര്യപുത്രിയും സൂര്യപുത്രനുമാണെന്ന പുരാണജ്ഞാനം, ഇനിയുള്ള വായനകളിലെങ്കിലും, ഈ നോവലിന്റെ ഭാവമണ്ഡലത്തെയും തിളക്കിയേക്കും.
Published: 02 Nov 2026, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented